യേശുവെച്ച മാതൃക പിന്തുടരുക
1. യേശു എന്തു മാതൃകവെച്ചു?
1 നമ്മുടെ മാതൃകയ്ക്ക് നിരീക്ഷകരുടെമേൽ ശക്തമായ സ്വാധീനമുണ്ടെന്ന കാര്യം ശിഷ്യരാക്കൽ വേലയിൽ ഏർപ്പെടുമ്പോൾ നാം ഓർക്കേണ്ടതാണ്. യേശു വാക്കിനാലും പ്രവൃത്തിയാലും ആളുകളെ പഠിപ്പിച്ചു. അവനെ നിരീക്ഷിച്ചവർക്ക് അവന്റെ തീക്ഷ്ണത, ആളുകളോടുള്ള സ്നേഹം, പിതാവിന്റെ നാമം വിശുദ്ധീകരിക്കാനുള്ള അടങ്ങാത്ത ആഗ്രഹം, പിതാവിന്റെ ഹിതം നിറവേറ്റാനുള്ള ദൃഢനിശ്ചയം എന്നിവ ദർശിക്കാനായി.—1 പത്രൊ. 2:21.
2. ശുശ്രൂഷയിൽ നമ്മോടൊപ്പം പ്രവർത്തിക്കുന്നവരെ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കാൻ നമ്മുടെ മാതൃകയ്ക്കാകും?
2 വീടുതോറുമുള്ള വേലയിൽ: യേശുവിനോടൊപ്പം പ്രവർത്തിച്ചവരുടെ കാര്യത്തിലെന്നപോലെ നമ്മുടെ മാതൃക നമ്മോടൊപ്പം പ്രവർത്തിക്കുന്നവരെ സ്വാധീനിക്കുന്നു. നാം ശുശ്രൂഷയിൽ തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നതു കാണുന്ന പുതിയവരും അനുഭവപരിചയം കുറഞ്ഞവരുമായ പ്രസാധകർ, പ്രസംഗവേലയിലെ തങ്ങളുടെ പങ്കിന്റെ ഗുണമേന്മയെക്കുറിച്ചു ചിന്തിക്കും. നമ്മുടെ സന്തോഷവും മറ്റുള്ളവരിലുള്ള ആത്മാർഥമായ താത്പര്യവും നിരീക്ഷിക്കുമ്പോൾ അത്തരം ഗുണങ്ങൾ തങ്ങളുടെ ശുശ്രൂഷയിൽ പ്രകടമാക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് അവർ ഓർമിപ്പിക്കപ്പെടും. തിരുവെഴുത്തുകൾ ഉപയോഗിക്കുന്നതിലും, മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്തുന്നതിലും ഉള്ള നമ്മുടെ ഉത്സാഹം കാണുമ്പോൾ അങ്ങനെ ചെയ്യാൻ അവർക്കും പ്രചോദനം തോന്നും.
3. നമ്മുടെ മാതൃകയിൽനിന്നു ബൈബിൾവിദ്യാർഥികൾ എന്തു പഠിച്ചേക്കാം, എങ്ങനെ?
3 ബൈബിളധ്യയനങ്ങൾ നടത്തുമ്പോൾ: നമ്മുടെ ബൈബിൾവിദ്യാർഥികൾ വിശേഷാൽ നമ്മുടെ പെരുമാറ്റം നിരീക്ഷിക്കും. ഉദാഹരണത്തിന്, അധ്യയനത്തിനായി തയ്യാറാകുകയും തിരുവെഴുത്തുകൾ എടുത്തുനോക്കുകയും മുഖ്യ ആശയങ്ങളുടെ അടിയിൽ വരയ്ക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അവരോടു വിശദീകരിക്കുമ്പോൾ, നാം അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അവർ നിരീക്ഷിക്കും. (റോമ. 2:21) ബൈബിളധ്യയനത്തിന്റെ കാര്യത്തിൽ നാം സമയനിഷ്ഠ പാലിക്കുന്നെങ്കിൽ, മറ്റെന്തെങ്കിലും കാരണംകൊണ്ട് അവർ അതു മുടക്കാനുള്ള പ്രവണത കുറവായിരിക്കും. നമ്മുടെ ശക്തമായ വിശ്വാസവും ശുശ്രൂഷയിലെ ആത്മത്യാഗ മനോഭാവവും അവർ നിരീക്ഷിക്കും എന്നതിൽ സംശയമില്ല. യേശുവിന്റെ മാതൃക അടുത്തു പിന്തുടരുന്നവരുടെ ബൈബിൾവിദ്യാർഥികൾ തീക്ഷ്ണതയുള്ള, ഫലപ്രദരായ സുവിശേഷകരായിത്തീരുന്നതിൽ അത്ഭുതമില്ല.
4. സഭായോഗങ്ങളിൽ സംബന്ധിക്കുമ്പോൾ നമ്മുടെ മാതൃകയാൽ നാം എന്തു പഠിപ്പിക്കുന്നു?
4 സഭായോഗങ്ങളിൽ സംബന്ധിക്കുമ്പോൾ: ക്രിസ്തീയ സഭയുടെ ഭാഗമായ എല്ലാവർക്കും സഭായോഗങ്ങളിൽ തങ്ങളുടെ മാതൃകയാൽ പഠിപ്പിക്കാനാകും. യോഗങ്ങളിൽ സംബന്ധിച്ചു തുടങ്ങുന്ന പുതിയവർ സഭയിൽ തങ്ങൾ നിരീക്ഷിക്കുന്ന നല്ല മാതൃകയിൽനിന്നു പ്രയോജനമനുഭവിക്കും. ഊഷ്മള സാഹോദര്യവും ക്രിസ്തീയ ഐക്യവും മാന്യമായ വസ്ത്രധാരണവും ചമയവും അവർ നിരീക്ഷിക്കും. (സങ്കീ. 133:1) സഭായോഗങ്ങളിൽ നാം വിശ്വസ്തമായി ഹാജരാകുന്നതും വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്തുന്നതും അവർ ശ്രദ്ധിക്കും. ഒരു കൊച്ചുപെൺകുട്ടി എത്ര പെട്ടെന്നാണു സ്വന്തം ബൈബിളിൽനിന്ന് ഒരു വാക്യം കണ്ടുപിടിച്ചതെന്നും പ്രസംഗകൻ അതു വായിച്ചപ്പോൾ എത്ര ശ്രദ്ധയോടെയാണ് അവൾ അതു നോക്കിയതെന്നും നമ്മുടെ ഒരു യോഗത്തിൽ സംബന്ധിച്ച സന്ദർശകൻ നിരീക്ഷിച്ചു. ആ കുട്ടിയുടെ മാതൃക സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
5. നമ്മുടെ മാതൃകയുടെ മൂല്യം നാം ഒരിക്കലും വിലകുറച്ചു കാണരുതാത്തത് എന്തുകൊണ്ട്?
5 മറ്റുള്ളവരുടെ നല്ല മാതൃക അനുകരിക്കാൻ തിരുവെഴുത്തുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (ഫിലി. 3:17; എബ്രാ. 13:7) അതുകൊണ്ട്, ക്രിസ്തുവെച്ച മാതൃക നാം അടുത്തു പിന്തുടരുമ്പോൾ അതു മറ്റുള്ളവർ നിരീക്ഷിക്കുമെന്നും അതിന് അവരെ ക്രിയാത്മകമായ വിധത്തിൽ സ്വാധീനിക്കാനാകുമെന്നും നാം ഓർക്കണം. അതുകൊണ്ട്, “നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക” എന്ന 1 തിമൊഥെയൊസ് 4:16-ലെ വാക്കുകൾ നമുക്കു മനസ്സിൽപ്പിടിക്കാം.