മറുവിലയാഗം നന്ദിയോടെ സ്മരിക്കുക
1, 2. മറുവിലയാഗത്തെ നാം നന്ദിയോടെ സ്മരിക്കേണ്ടതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്?
1 യേശുവിന്റെ കൽപ്പനയ്ക്കു ചേർച്ചയിൽ, ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ അവന്റെ മരണത്തിന്റെ സ്മാരകം 2008 മാർച്ച് 22 ശനിയാഴ്ച സൂര്യാസ്തമയശേഷം ആചരിക്കുന്നതായിരിക്കും. (ലൂക്കൊ. 22:19; 1 കൊരി. 11:23-26) 1,975 വർഷം മുമ്പായിരുന്നു ആ ത്യാഗപൂർണമായ മരണം. അത് സാധ്യമാക്കിത്തീർത്ത സകലതിനോടുമുള്ള അകമഴിഞ്ഞ നന്ദിയാണ് സ്മാരകാചരണത്തിനു കൂടിവരാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ദണ്ഡനസ്തംഭത്തിലെ മരണം അങ്ങേയറ്റം വേദനാകരമായിരുന്നിട്ടും യേശു നിർമലത കൈവിട്ടില്ല. അങ്ങനെ, സാത്താന്റെ പരിഹാസങ്ങൾക്ക് ആത്യന്തികമായ ഉത്തരം നൽകിക്കൊണ്ട് അവൻ തന്റെ പിതാവിന്റെ നാമം വിശുദ്ധീകരിച്ചു.—ഇയ്യോ. 1:11; സദൃ. 27:11.
2 യേശുവിന്റെ ചൊരിയപ്പെട്ട രക്തമാണ് പുതിയ ഉടമ്പടിയെ സാധൂകരിച്ചത്. അപൂർണ മനുഷ്യർക്ക് ദൈവത്തിന്റെ ദത്തുപുത്രന്മാരായിത്തീരുന്നതിനും സ്വർഗരാജ്യത്തിൽ യേശുവിനോടൊപ്പം ഭരിക്കുന്നതിനുമുള്ള അവസരം അത് തുറന്നുകൊടുത്തു. (യിരെ. 31:31-34; മർക്കൊ. 14:24) മാത്രമല്ല, പ്രിയ പുത്രനെ ബലിയായി നൽകിയതിലൂടെ ദൈവത്തിനു മനുഷ്യവർഗത്തോടുള്ള സ്നേഹത്തിന്റെ ആഴമാണ് വെളിവായത്. നിക്കോദേമൊസിനോടുള്ള യേശുവിന്റെ വാക്കുകൾ തെളിയിക്കുന്നത് അതാണ്.—യോഹ. 3:16.
3. സ്മാരകാചരണത്തിൽ സംബന്ധിക്കുന്നവർക്കു എന്തു പ്രയോജനം ലഭിക്കും?
3 മറ്റുള്ളവരെ ക്ഷണിക്കുക: പരിചയക്കാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി, അവരെ വ്യക്തിപരമായി ക്ഷണിക്കാനുള്ള ഒരു നിർദേശം ഈ ലക്കത്തിലെതന്നെ “‘സുവിശേഷത്തിനു സമഗ്രസാക്ഷ്യം’ നൽകുക” എന്ന ലേഖനത്തിലുണ്ട്. നിങ്ങൾ അത്തരമൊരു ലിസ്റ്റ് തയ്യാറാക്കി, ആളുകളെ ക്ഷണിച്ചുതുടങ്ങിയോ? സ്മാരകാചരണത്തിൽ സംബന്ധിക്കാൻ ആളുകളെ ക്ഷണിക്കുന്നതിനായി മാർച്ച് 1 മുതൽ ആരംഭിക്കുന്ന പ്രത്യേക പരിപാടിയിൽ ഒരു പൂർണ പങ്കുണ്ടായിരിക്കാൻ നിങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടോ? മറുവിലയിലുള്ള വിശ്വാസമാണ് ഒരാളെ നിത്യജീവനിലേക്കു നയിക്കുന്നത്. ആ വിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കുന്ന തിരുവെഴുത്ത് ആശയങ്ങൾ സ്മാരകത്തിനു ഹാജരാകുന്നവർക്കു കേൾക്കാനാകും.—റോമ. 10:17.
4. സ്മാരകാചരണത്തിന് നേരത്തെ എത്തേണ്ടത് എന്തുകൊണ്ട്?
4 ക്ഷണം സ്വീകരിച്ചെത്തുന്നവരെ സ്വാഗതം ചെയ്യാനായി സാധ്യമാകുന്ന എല്ലാവരും നേരത്തെതന്നെ ഹാളിൽ എത്തിച്ചേരാൻ ശ്രമിക്കണം. സാധാരണഗതിയിൽ, സ്മാരകാചരണത്തിനു കൂടുതൽ ആളുകൾ വരുമെന്നതിനാൽ പുതിയവർക്കും വല്ലപ്പോഴും മാത്രം യോഗങ്ങൾക്കു വരുന്നവർക്കും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
5. ഈ ആചരണത്തിനായി നമ്മുടെ മനസ്സിനെ എങ്ങനെ ഒരുക്കാം?
5 നിങ്ങളുടെ മനസ്സിനെ ഒരുക്കുക: തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2008-ലും കലണ്ടർ—2008-ലും, മാർച്ച് 17-ന് ആരംഭിക്കുന്ന ഒരു പ്രത്യേക ബൈബിൾ വായനാ പട്ടിക നൽകിയിട്ടുണ്ട്. ഭൂമിയിൽ യേശുവിന്റെ അവസാന നാളുകളിൽ നടന്ന സുപ്രധാന സംഭവങ്ങൾ പരിചിന്തിക്കുന്നതു സ്മാരകാചരണത്തിനായി നമ്മുടെ മനസ്സിനെ ഒരുക്കാൻ സഹായിക്കും. (എസ്രാ 7:10) ഈ ബൈബിൾ വിവരണങ്ങളെക്കുറിച്ചു പ്രാർഥനാപൂർവം ധ്യാനിക്കുന്നത്, മറുവില പ്രദാനം ചെയ്തതിലൂടെ യഹോവയും യേശുക്രിസ്തുവും കാണിച്ച സ്നേഹത്തോടുള്ള നമ്മുടെ വിലമതിപ്പ് വർധിപ്പിക്കും.—സങ്കീ. 143:5.
6. മറുവിലയോടുള്ള വിലമതിപ്പ് വർധിപ്പിക്കുന്നത് എന്തു പ്രയോജനം ചെയ്യും?
6 ഈ സുപ്രധാന ആചരണം അടുത്തുവരവേ, നമുക്ക് അതിനായി ഒരുങ്ങാം, മറ്റുള്ളവരെ അതിന് സഹായിക്കുകയും ചെയ്യാം. നന്ദിയോടെ മറുവിലയെക്കുറിച്ചു സ്മരിക്കുന്നത് യഹോവയുമായും യേശുക്രിസ്തുവുമായുമുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തും. (2 കൊരി. 5:14, 15) അവരെ അനുകരിച്ചുകൊണ്ട് മറ്റുള്ളവരോട് ആത്മത്യാഗ സ്നേഹം കാണിക്കാനും അതു നമ്മെ പ്രേരിപ്പിക്കും.—1 യോഹ. 4:11.