പുരോഗമിക്കുന്ന ശുശ്രൂഷകനായിരിക്കുക
1 തന്റെ ദാസന്മാർ ആത്മീയ പുരോഗതി വരുത്തുമ്പോൾ നമ്മുടെ സ്വർഗീയ പിതാവ് സന്തോഷിക്കുന്നു. പക്വതയും ഫലപ്രാപ്തിയുമുള്ള സുവാർത്താഘോഷകരായിത്തീരുന്നത് ആ പുരോഗതിയിൽ ഉൾപ്പെടുന്നു. തന്റെ “അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു” തുടർന്നും പരിശ്രമിക്കാൻ മേൽവിചാരകനായ തിമൊഥെയൊസിനെ പൗലൊസ് പ്രോത്സാഹിപ്പിച്ചു. (1 തിമൊ. 4:13-15) നാം അനുഭവസമ്പന്നരായ പ്രസാധകരാണെങ്കിൽപ്പോലും വ്യക്തിപരമായ ശുശ്രൂഷയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ നാമോരോരുത്തരും ശ്രമിക്കണം.
2 ലാക്കുകൾ വെക്കുക: പുരോഗതി വരുത്താൻ വ്യക്തിപരമായ ലാക്കുകൾ വെക്കേണ്ടത് ആവശ്യമാണ്. അത്തരം ചില ലാക്കുകൾ എന്തൊക്കെയാണ്? നമ്മുടെ ആത്മീയ വാളാകുന്ന ബൈബിൾ ഉപയോഗിക്കുന്നതിൽ കൂടുതൽ വിദഗ്ധരായിത്തീരാൻ ശ്രമിക്കാവുന്നതാണ്. (എഫെ. 6:17) തെരുവു സാക്ഷീകരണം, ടെലിഫോൺ സാക്ഷീകരണം, ബിസിനസ്സ് പ്രദേശത്തുള്ള സാക്ഷീകരണം എന്നിവപോലെ ശുശ്രൂഷയുടെ ഏതെങ്കിലുമൊരു വശത്തു നാം പുരോഗമിക്കേണ്ടതുണ്ടായിരിക്കാം. കൂടുതൽ ഫലപ്രദമായ മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ നമുക്കു പുരോഗമിക്കാനായേക്കും. ബൈബിളധ്യയനങ്ങൾ തുടങ്ങാനും നടത്താനുമുള്ള പ്രാപ്തി മെച്ചപ്പെടുത്തുകയെന്നതാണ് ഉത്തമമായ മറ്റൊരു ലക്ഷ്യം.
3 സഹായങ്ങൾ: ശുശ്രൂഷകരെന്ന നിലയിൽ വളരുന്നതിനു നമ്മെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ് സഭായോഗങ്ങൾ, പ്രത്യേകിച്ച് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും സേവനയോഗവും. ആ യോഗങ്ങൾക്കായി തയ്യാറാകാനും അവയിൽ പങ്കെടുക്കാനും അതിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ ബാധകമാക്കാനും നാം എത്രയധികം ശ്രമിക്കുന്നുവോ അത്രയധികം പ്രയോജനങ്ങൾ നമുക്കു ലഭിക്കും.—2 കൊരി. 9:6.
4 പുരോഗമിക്കാൻ നാം അന്യോന്യം സഹായിക്കുകയും വേണം. (സദൃ. 27:17) ശുശ്രൂഷയിൽ നമ്മോടൊപ്പം പ്രവർത്തിക്കുന്നവരുടെ അവതരണം സുസൂക്ഷ്മം ശ്രദ്ധിക്കുന്നത് പുരോഗമിക്കാൻ നമ്മെ സഹായിക്കും. കൂടാതെ നമുക്കു വ്യക്തിപരമായ സഹായം ലഭിക്കാൻ പുസ്തകാധ്യയന നിർവാഹകൻ ക്രമീകരണം ചെയ്തേക്കാം. ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരായിരിക്കാനും പൂർവാധികം സന്തോഷം കണ്ടെത്താനും അനുഭവസമ്പന്നനായ ഒരു പയനിയറോ മറ്റൊരു പ്രസാധകനോ നമ്മെ സഹായിക്കാനുണ്ടായിരിക്കുന്നത് എന്തൊരനുഗ്രഹമാണ്! നമ്മുടെ പുസ്തകാധ്യയനക്കൂട്ടത്തിൽ ഒരു പുതിയ പ്രസാധകനുണ്ടോ? നമ്മോടൊപ്പം പ്രവർത്തിക്കാൻ ഒരുപക്ഷേ അദ്ദേഹത്തെ ക്ഷണിക്കാനാകും.
5 ഇന്നു ചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വേലയാണ് ക്രിസ്തീയ ശുശ്രൂഷ. യഹോവയ്ക്കു “സ്തോത്രയാഗം” അർപ്പിക്കവേ നമുക്കുള്ളതിൽ ഏറ്റവും നല്ലത് അവനു കൊടുക്കാൻ നാമാഗ്രഹിക്കുന്നു. (എബ്രാ. 13:15) ശുശ്രൂഷയിൽ പുരോഗമിക്കാൻ പരിശ്രമിക്കുന്നെങ്കിൽ “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി”ത്തീരാൻ നമുക്കോരോരുത്തർക്കും കഴിയും.—2 തിമൊ. 2:15.