ചോദ്യപ്പെട്ടി
◼ ഒരു മതസംഘടന നടത്തുന്ന ആശുപത്രിയിലോ ആതുരാലയത്തിലോ യഹോവയുടെ സാക്ഷികൾ ചികിത്സയോ ശുശ്രൂഷയോ തേടുന്നത് ഉചിതമാണോ?
വൈദ്യചികിത്സയോ ദീർഘകാല ശുശ്രൂഷയോ പ്രദാനംചെയ്യുന്ന ആശുപത്രികളോ ആതുരാലയങ്ങളോ നടത്തുന്ന പല മതസംഘടനകളുണ്ട്. മഹാബാബിലോണിന്റെ ഉപദേശങ്ങളുടെ ഉന്നമനത്തിനായിട്ടല്ല പൊതുവെ അത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. (വെളി. 18:2, 4) ഒരു മതസംഘടനയുടെ ധനസമ്പാദനമാർഗമായിട്ടായിരിക്കാം അവ സ്ഥാപിക്കപ്പെട്ടത്. ഇന്നു പല സ്ഥാപനങ്ങൾക്കും മതങ്ങളുമായി നാമമാത്ര ബന്ധമേയുള്ളൂ, എന്നാൽ മതശുശ്രൂഷകർ ഉൾപ്പെടുന്ന സ്റ്റാഫുകളാണ് ഇന്നും മറ്റു ചില സ്ഥാപനങ്ങളിലുള്ളത്.
വൈദ്യചികിത്സയോ ആതുരാലയസേവനമോ ആവശ്യമായിവരുമ്പോൾ ഏതെങ്കിലും മതസംഘടനയുമായി ബന്ധപ്പെട്ടതായിരിക്കാൻ സാധ്യതയുള്ള ഒരു സ്ഥാപനം തിരഞ്ഞെടുക്കുമോ എന്നത് യഹോവയുടെ സാക്ഷികളിൽ ഒരുവൻ സ്വന്തമായി തീരുമാനിക്കേണ്ടതാണ്. ഒരാളുടെ മനസ്സാക്ഷി അതിന് അനുവദിച്ചേക്കാമെങ്കിലും മറ്റൊരാൾക്ക് അത് അസ്വീകാര്യമായിരുന്നേക്കാം. (1 തിമൊ. 1:5) അത്തരം തീരുമാനത്തെ സ്വാധീനിച്ചേക്കാവുന്ന ചില സംഗതികൾ പരിചിന്തിക്കുന്നതു നല്ലതാണ്.
ഉദാഹരണത്തിന്, മതസംഘടനയുമായി ബന്ധപ്പെട്ട ഒരു ആശുപത്രിയോ ആതുരാലയമോ ആയിരിക്കാം അടുത്തുള്ള ഏക ആശ്രയം. അഥവാ മറ്റൊന്ന് ഉണ്ടെങ്കിൽത്തന്നെ മതസംഘടന നടത്തുന്ന സ്ഥാപനത്തിലായിരിക്കാം മെച്ചപ്പെട്ട സേവനം ലഭിക്കുന്നത്. ഒരു പ്രത്യേക ചികിത്സാ സൗകര്യമുള്ളതോ നിങ്ങളുടെ ഡോക്ടർക്കോ സർജനോ ചികിത്സിക്കാൻ അനുവാദമുള്ളതോ ആയ ഏക സ്ഥാപനവും അതായിരുന്നേക്കാം. കൂടാതെ, അവിടത്തെ അധികാരികൾ രക്തം സംബന്ധിച്ച നിങ്ങളുടെ ക്രിസ്തീയ നിലപാട് ആദരിക്കുന്നവരായിരിക്കാം, മറ്റു സ്വകാര്യ സ്ഥാപനങ്ങളും ഗവൺമെന്റ് ആശുപത്രികളും അങ്ങനെ ചെയ്യാതിരിക്കുമ്പോഴും. എവിടെ ചികിത്സിക്കണം എന്നു തീരുമാനിക്കേണ്ടിവരുമ്പോൾ പരിഗണിക്കാനാകുന്ന ചില വസ്തുതകളാണിവ.
മതവുമായി ബന്ധമുള്ള ഒരു ആശുപത്രിയോ ആതുരാലയമോ തിരഞ്ഞെടുക്കുന്നപക്ഷം, അവരുടെ സേവനത്തെ നിങ്ങൾ നൽകുന്ന പണത്തിനു ലഭിക്കുന്ന പ്രതിഫലമായി കാണാവുന്നതാണ്. ആ മതസംഘടന ഒരു ബിസിനസ്സ് നടത്തുന്നതായി ചിന്തിച്ചാൽ മതിയാകും. അതിന്റെ സേവനം സ്വീകരിക്കുമ്പോൾ ഒരു വ്യാജമതത്തിന്റെ പിന്തുണയ്ക്കായി നിങ്ങൾ നേരിട്ടു സംഭാവന നൽകുകയാണെന്നും കരുതേണ്ടതില്ല. ലഭിക്കുന്ന സേവനത്തിനു പ്രതിഫലം നൽകുകമാത്രമാണു നിങ്ങൾചെയ്യുന്നത്.
അത്തരം സാഹചര്യങ്ങളിൽ, ഒരു തരത്തിലുമുള്ള വ്യാജാരാധനയിൽ ഏർപ്പെടാൻ ഇടവരുന്നില്ലെന്ന് ക്രിസ്ത്യാനിയെന്ന നിലയിൽ തീർച്ചയായും നിങ്ങൾ ഉറപ്പുവരുത്തണം. പ്രസ്തുത സ്ഥാപനത്തിൽ ജോലിനോക്കുകയോ അവിടം സന്ദർശിക്കുകയോ ചെയ്യുന്ന പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും “ഫാദർ,” “സിസ്റ്റർ” എന്നതുപോലുള്ള മതപരമായ സ്ഥാനപ്പേരുകൾ ഉപയോഗിച്ചു വിളിക്കാതിരിക്കാനും ശ്രദ്ധിക്കണം. (മത്താ. 23:9) ചികിത്സയും സേവനവും സ്വീകരിക്കുന്നതല്ലാതെ മറ്റൊന്നും ഉൾപ്പെട്ടിട്ടില്ലാത്ത, തികച്ചും ബിസിനസ്സ്പരമായ ഒരു ക്രമീകരണമായിരിക്കണം അത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ നിങ്ങൾ യഹോവയുടെ ഒരു സാക്ഷിയാണെന്നും പ്രാദേശിക മൂപ്പന്മാരുടെ സന്ദർശനം ലഭിക്കാൻ ആഗ്രഹിക്കുന്നെന്നും സൂചിപ്പിക്കാവുന്നതാണ്. ആശുപത്രിയിലായിരിക്കുന്ന സമയത്ത് നിങ്ങൾക്കാവശ്യമായ ആത്മീയ പിന്തുണ ലഭിക്കാൻ അതു സഹായിക്കും.—1 തെസ്സ. 5:14.
ആതുരാലയങ്ങളിൽ കഴിയുന്ന പ്രായമായ സഹോദരീസഹോദരന്മാരുടെ ആത്മീയാവശ്യങ്ങൾക്കായി കരുതാൻ വിശ്വാസികളായ കുടുംബാംഗങ്ങൾക്കും പ്രാദേശിക മൂപ്പന്മാർക്കും സഭയിലെ മറ്റുള്ളവർക്കും ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം സോത്സാഹം നിറവേറ്റുമ്പോൾ പ്രായമായവർക്ക് അതൊരു പ്രോത്സാഹനമായിരിക്കും, അവിടെ നടക്കുന്ന മതശുശ്രുഷകളിലോ ആഘോഷങ്ങളിലോ സമാനമായ മറ്റു പരിപാടികളിലോ അബദ്ധത്തിൽ ഉൾപ്പെട്ടുപോകുന്നതിൽനിന്ന് അതവരെ കാക്കുകയും ചെയ്യും.
ഇക്കാര്യങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട്, ഉൾപ്പെട്ടിരിക്കുന്ന എല്ലാ സാഹചര്യങ്ങളും പരിചിന്തിച്ചശേഷം ഏത് ആശുപത്രി അല്ലെങ്കിൽ ആതുരാലയം തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ഓരോ വ്യക്തിയും സ്വന്തമായി തീരുമാനമെടുക്കണം.—ഗലാ. 6:5.