നിങ്ങൾക്കും ബൈബിൾ പഠിപ്പിക്കാം!
1. ഓരോ രാജ്യപ്രസാധകനും എന്തിനുള്ള വിശിഷ്ട അവസരമാണുള്ളത്?
1 ശുശ്രൂഷയിലെ ഏറ്റവും പ്രതിഫലദായകമായ കാര്യങ്ങളിൽ ഒന്നാണ് ഒരാളെ സത്യം പഠിപ്പിക്കുക എന്നത്. അദ്ദേഹം രാജ്യസന്ദേശം സ്വീകരിക്കുന്നത് കാണുന്നതും അഖിലാണ്ഡ പരമാധികാരിയോട് അടുത്തുചെല്ലാൻ അദ്ദേഹത്തെ സഹായിക്കുന്നതും ഹൃദ്യമായ ഒരു അനുഭവമാണ്. (യാക്കോ. 4:8) സത്യത്തിനായി ദാഹിക്കുന്ന ഒരാളെ പഠിപ്പിക്കുകയെന്നതും അദ്ദേഹം വ്യക്തിത്വത്തിലും വീക്ഷണത്തിലും നടത്തയിലും സമൂലമായ മാറ്റംവരുത്തുന്നത് കാണുകയെന്നതും ഓരോ രാജ്യപ്രസാധകന്റെയും ലക്ഷ്യമായിരിക്കണം.—മത്താ. 28:19, 20.
2. ബൈബിളധ്യയനം നടത്തുന്നതിൽനിന്ന് ചിലർ പിന്മാറി നിൽക്കുന്നത് എന്തുകൊണ്ട്, ഈ പ്രശ്നം മറികടക്കാൻ എന്തു സഹായിക്കും?
2 യഹോവയിൽ ആശ്രയിക്കുക: മുൻകാലങ്ങളിൽ, യഹോവ നൽകിയ നിയമനം നിറവേറ്റാനുള്ള പ്രാപ്തി തങ്ങൾക്കില്ലെന്ന് വിശ്വസ്ത ദൈവദാസർക്ക് തോന്നിയിരുന്നു. യഹോവയിലുള്ള ആശ്രയമാണ് മോശെയെയും യിരെമ്യാവിനെയും ആമോസിനെയും മറ്റു സാധാരണക്കാരായ ആളുകളെയും അവരുടെ സംശയങ്ങളെയും അരക്ഷിതത്വത്തെയും മറികടന്നുകൊണ്ട് സുപ്രധാനമായ ആ വേല നിർവഹിക്കാൻ സഹായിച്ചത്. (പുറ. 4:10-12; യിരെ. 1:6, 7; ആമോ. 7:14, 15) പൗലൊസും സുവിശേഷം പ്രസംഗിക്കാൻ ധൈര്യം സംഭരിച്ചു. എങ്ങനെയാണ് അവനത് സാധിച്ചത്? ‘ദൈവത്തിന്റെ സഹായത്താൽ’ എന്ന് അവൻ വെളിപ്പെടുത്തി. (1 തെസ്സ. 2:2, NW) അതെ, ഫലപ്രദമായ ബൈബിളധ്യയനങ്ങൾ നടത്താൻ ആവശ്യമായ സഹായത്തിനും ജ്ഞാനത്തിനും ശക്തിക്കുമായി നമുക്ക് യഹോവയിൽ ആശ്രയിക്കാനാകും.—യെശ. 41:10; 1 കൊരി. 1:26, 27; 1 പത്രൊ. 4:11.
3, 4. ദൈവവചനം പഠിപ്പിക്കാൻ ഏതു പരിശീലനം നമ്മെ സജ്ജരാക്കും?
3 പരിശീലനം നേടുക: അധ്യാപകരെന്നനിലയിൽ നാം തികവുറ്റവരാകാൻ മഹാപ്രബോധകനായ യഹോവയാം ദൈവം തുടർച്ചയായ ബൈബിളധിഷ്ഠിത വിദ്യാഭ്യാസ പരിപാടിയിലൂടെ നമുക്കു പരിശീലനം നൽകുന്നു. (യെശ. 54:13; 2 തിമൊ. 3:16, 17) തിരുവെഴുത്തുഗ്രാഹ്യം വർധിപ്പിക്കാനും ബൈബിൾ സത്യം പഠിപ്പിക്കാനുള്ള പ്രാപ്തി മെച്ചപ്പെടുത്താനുമായി ലഭിക്കുന്ന അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് പരിശീലനം നേടുക. ഇത്തരം പരിശീലനം നൽകാനാണ് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും സേവനയോഗവും മുഖ്യമായി നടത്തുന്നത്. എങ്കിലും, ദൈവവചനം പഠിപ്പിക്കാനുള്ള പരിശീലനം മറ്റു യോഗങ്ങളിൽനിന്നും നമുക്കു ലഭിക്കുന്നു.
4 ആഴമേറിയ തിരുവെഴുത്തു സത്യങ്ങൾ ലളിതമായ രീതിയിൽ പഠിപ്പിക്കാൻ ശ്രമിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 227-ാം പേജ് ഇങ്ങനെ വിശദീകരിക്കുന്നു: “വിഷയം മറ്റുള്ളവർക്കു മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കാൻ നിങ്ങൾക്കു കഴിയണമെങ്കിൽ നിങ്ങൾതന്നെ അതു വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.” യോഗങ്ങളിൽ അഭിപ്രായം പറയുന്നത് പ്രധാന ആശയങ്ങൾ മനസ്സിൽ പതിയാൻ ഇടയാക്കും. അതു പിന്നീട് നമുക്ക് പ്രയോജനപ്പെടുത്താനാകും. അതുകൊണ്ട് നന്നായി തയ്യാറാകുക, അപ്പോൾ മറ്റുള്ളവരെ പഠിപ്പിക്കാനുള്ള നമ്മുടെ ആത്മവിശ്വാസം വർധിക്കും.
5. അധ്യാപകരെന്ന നിലയിൽ പുരോഗമിക്കാൻ നമ്മെ സഹായിക്കുന്നതിന് സഭയിൽനിന്നു മറ്റെന്തു പരിശീലനവും ലഭ്യമാണ്?
5 ആദ്യകാലം തുടങ്ങി, ശിഷ്യരാക്കൽ വേലയിൽ ഏർപ്പെടവേ ക്രിസ്തീയ ശുശ്രൂഷകർ സഹപ്രവർത്തകരിൽനിന്നു പലതും പഠിച്ചിരുന്നു. (ലൂക്കൊ. 10:1) സാധിക്കുമെങ്കിൽ, പയനിയർമാരും മൂപ്പന്മാരും സഞ്ചാര മേൽവിചാരകന്മാരും ഉൾപ്പെടെ അനുഭവസമ്പന്നരായ പ്രസാധകരോടൊപ്പം ബൈബിളധ്യയനത്തിന് പോകുക. തിരുവെഴുത്തു സത്യങ്ങൾ വിശദീകരിക്കാൻ പഠന പ്രസിദ്ധീകരണങ്ങളിലെ ലളിതമായ ദൃഷ്ടാന്തങ്ങളും മറ്റു പഠനസഹായികളും അവർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നിങ്ങൾക്കു ശ്രദ്ധിക്കാനാകും. പഠിപ്പിക്കൽ പ്രാപ്തി മെച്ചപ്പെടുത്താൻ നിങ്ങൾക്ക് എന്തുചെയ്യാനാകും എന്ന് അവരോടു ചോദിക്കുക. (സദൃ. 1:5; 27:17) അത്തരം പരിശീലനം ദൈവത്തിൽനിന്നുള്ളതാണെന്നു കരുതി അവയെ വിലമതിക്കുക.—2 കൊരി. 3:5.
6. ദൈവവചനത്തിന്റെ ഒരു അധ്യാപകനാകാൻ എന്തുചെയ്യണം?
6 യഹോവയിൽ ആശ്രയിക്കുക, അവൻ നൽകുന്ന പരിശീലനത്തിൽനിന്നു പ്രയോജനം നേടുക. അഭിവൃദ്ധിപ്പെടാനുള്ള നിങ്ങളുടെ ആഗ്രഹം പ്രാർഥനയിൽ ഉൾപ്പെടുത്തുക. (സങ്കീ. 25:4, 5) അങ്ങനെ, നിങ്ങളെപ്പോലെതന്നെ, ദൈവവചനത്തിന്റെ ഒരു അധ്യാപകനാകാൻ മറ്റൊരാളെ സഹായിക്കുന്നതിലുള്ള സന്തോഷം നിങ്ങൾക്കും അനുഭവിക്കാനാകും!