പ്രസംഗവേലയ്ക്കായി യഹോവ നമ്മെ പരിശീലിപ്പിക്കുന്നു
1. യഹോവ മനുഷ്യർക്ക് ഒരു നിയമനം കൊടുക്കുമ്പോൾ എന്തുംകൂടെ നൽകുന്നു?
1 മനുഷ്യർക്ക് എന്തെങ്കിലും പ്രത്യേക നിയമനം നൽകുമ്പോഴെല്ലാം അതിനുവേണ്ട സഹായങ്ങളും യഹോവ ലഭ്യമാക്കാറുണ്ട്. ഉദാഹരണത്തിന് നോഹയോട് അവൻ അതുവരെ ചെയ്യാത്ത ഒരു കാര്യം ചെയ്യാൻ, അതായത് ഒരു പെട്ടകം പണിയാൻ, ആവശ്യപ്പെട്ടപ്പോൾ അതിനുവേണ്ട നിർദേശങ്ങളും യഹോവ നൽകി. (ഉല്പ. 6:14-16) അതുപോലെ, ഇടയവേല ചെയ്തിരുന്ന മോശയോട് ഇസ്രായേൽ മൂപ്പന്മാരുടെയും ഫറവോന്റെയും മുമ്പാകെ ചെല്ലാൻ ആവശ്യപ്പെട്ടപ്പോൾ അവന് ഈ ഉറപ്പുംകൂടെ യഹോവ നൽകി: “ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും.” (പുറ. 4:12) ഇന്ന് യഹോവ നമുക്കും ഒരു നിയമനം തന്നിട്ടുണ്ട്, സുവാർത്ത ഘോഷിക്കാൻ. ആ നിയമനം നിർവഹിക്കാനുള്ള പരിശീലനവും യഹോവ നമുക്ക് നൽകുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലൂടെയും സേവനയോഗത്തിലൂടെയുമാണ് ആ പരിശീലനം നമുക്കു ലഭിക്കുന്നത്. അത് നന്നായി പ്രയോജനപ്പെടുത്താൻ എങ്ങനെ കഴിയും?
2. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്ന് എങ്ങനെ പ്രയോജനം നേടാം?
2 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ: ഓരോ വാരത്തിലും യോഗങ്ങൾക്കു പോകുന്നതിനുമുമ്പ്, പട്ടികപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ വായിക്കുകയും പരിചിന്തിക്കുകയും ചെയ്യുക. തുടർന്ന് യോഗത്തിൽ വിദ്യാർഥികൾ അവരുടെ പ്രസംഗങ്ങളിൽ ആ വിവരങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കുക. നിങ്ങളുടെ പഠിപ്പിക്കൽപ്രാപ്തി മെച്ചപ്പെടാൻ അത് ഇടയാക്കും. (സദൃ. 27:17) ശുശ്രൂഷാസ്കൂൾ പുസ്തകം എപ്പോഴും കൂടെ കരുതുക. വിദ്യാർഥിപ്രസംഗങ്ങൾക്കുശേഷം സ്കൂൾ മേൽവിചാരകൻ അതിലെ വിവരങ്ങൾ പ്രദീപ്തമാക്കുമ്പോൾ നിങ്ങൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രധാന പോയിന്റുകൾക്ക് അടിവരയിടുക. മാർജിനിൽ കുറിപ്പുകൾ എഴുതുകയും ചെയ്യാം. ഈ സ്കൂളിൽനിന്ന് പ്രയോജനം നേടാനുള്ള ഏറ്റവും നല്ല മാർഗം അതിൽ പേർ ചാർത്തുകയാണ്. നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടോ? നിങ്ങൾക്ക് ഒരു പ്രസംഗനിയമനം ലഭിക്കുമ്പോൾ നന്നായി തയ്യാറാകുക. മേൽവിചാരകൻ നൽകുന്ന ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുക. നിങ്ങൾ പഠിച്ചതെല്ലാം ശുശ്രൂഷയിൽ ഫലപ്രദമായി ഉപയോഗിക്കുക.
3. സേവനയോഗത്തിൽനിന്ന് എങ്ങനെ പ്രയോജനം നേടാം?
3 സേവനയോഗം: ഓരോ വാരത്തിലേക്കും പട്ടികപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ മുന്നമേ വായിച്ചു തയ്യാറായി പോകുന്നെങ്കിൽ പിന്നീട് അവ യോഗത്തിൽ പരിചിന്തിക്കപ്പെടുമ്പോൾ മനസ്സിൽ നന്നായി പതിയും. യോഗത്തിൽ ഹ്രസ്വമായ ഉത്തരങ്ങൾ പറയാൻ ശ്രദ്ധിക്കുക. അപ്പോൾ കൂടുതൽ പേർക്ക് പരിപാടിയിൽ പങ്കുപറ്റാൻ അവസരം ലഭിക്കും. അവതരണങ്ങൾക്ക് അടുത്ത ശ്രദ്ധ കൊടുക്കുകയും ശുശ്രൂഷയിൽ ഉപയോഗിക്കാൻ കഴിയുമെന്ന് തോന്നുന്ന പോയിന്റുകൾ ഓർത്തുവെക്കുകയും ചെയ്യുക. നമ്മുടെ രാജ്യ ശുശ്രൂഷയിൽ വരുന്ന പ്രധാന ലേഖനങ്ങൾ ശുശ്രൂഷയിൽ പിന്നീട് ഉപയോഗിക്കുന്നതിനുവേണ്ടി സൂക്ഷിച്ചു വെക്കുക.
4. ദിവ്യാധിപത്യ പരിശീലനം നാം നന്നായി ഉപയോഗപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
4 നോഹയ്ക്കും മോശയ്ക്കും ലഭിച്ച നിയമനങ്ങൾപോലെതന്നെ നമുക്കു ലഭിച്ചിരിക്കുന്ന സുവാർത്താപ്രസംഗ നിയമനവും വെല്ലുവിളി നിറഞ്ഞതാണ്. (മത്താ. 24:14) എങ്കിലും നമുക്കും അത് വിജയപ്രദമായി നിർവഹിക്കാനാകും; മഹാ ഉപദേഷ്ടാവായ യഹോവയിൽ ആശ്രയിക്കുകയും അവൻ നൽകുന്ന പരിശീലനം നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നെങ്കിൽ.—യെശ. 30:20.