യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ—2009
1. (എ) മൂന്നു ദിവസവും കൺവെൻഷനിൽ സംബന്ധിക്കുന്നതുകൊണ്ട് നമുക്ക് എന്ത് അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും? (ബി) ഇപ്പോൾ നാം എന്ത് ആസൂത്രണം ചെയ്യണം?
1 നാമെല്ലാവരും 2009-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കാനും “ആത്മാവിൽ ദരിദ്രരായ” സഹാരാധകരോടൊപ്പം ഒന്നിച്ചുകൂടാനും ഉള്ള അവസരത്തിനായി നോക്കിപ്പാർത്തിരിക്കുകയാണ്. (മത്താ. 5:3) യഹോവയുടെ ദിവസം സത്വരം സമീപിക്കുന്നതിനാൽ ഊഷ്മളമായ ക്രിസ്തീയ സഹവാസം ആസ്വദിക്കാനും സത്യത്തിൽ ഉറച്ചുനിൽക്കാൻ ആവശ്യമായ പ്രോത്സാഹനം ലഭിക്കാനും പരിപാടികൾക്ക് മൂന്നു ദിവസവും ഹാജരാകുന്നതിനു ഞങ്ങൾ എല്ലാവരെയും ഉദ്ബോധിപ്പിക്കുന്നു. (സെഫ. 1:14) നിങ്ങളുടെ ആരാധനയുടെ അവിഭാജ്യ ഘടകമാണ് കൺവെൻഷൻ എന്ന് അധ്യാപകരോടും തൊഴിലുടമകളോടും പറയുക. സധൈര്യം കാര്യങ്ങൾ മുന്നമേ ആസൂത്രണം ചെയ്യുക; യഹോവ പിന്തുണയ്ക്കും, നിശ്ചയം.—യെശ. 50:10.
2. (എ) അന്താരാഷ്ട്ര കൺവെൻഷനുകളിൽ ആർക്കു ഹാജരാകാം? (ബി) എപ്പോൾ, എവിടെയെല്ലാം വലിയ കൺവെൻഷനുകൾ ക്രമീകരിച്ചിരിക്കുന്നു?
2 ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും അന്താരാഷ്ട്ര കൺവെൻഷനുകൾ ക്രമീകരിച്ചിട്ടില്ലാത്തതിനാൽ അവ നടക്കുന്ന സ്ഥലങ്ങളിൽ ക്ഷണിക്കപ്പെടാത്തവർ ഹാജരായാൽ സ്ഥലപരിമിതിയുടെ പ്രശ്നം ഉണ്ടായേക്കാം. അതുകൊണ്ട് അന്താരാഷ്ട്ര കൺവെൻഷനുകളിൽ നിയമിതരായവർ മാത്രമേ സംബന്ധിക്കാവൂ. (1 കൊരി. 14:40; എബ്രാ. 13:17) ഇന്ത്യയിലെ മിക്കവാറും എല്ലാ കൺവെൻഷനുകളും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായിരിക്കും. എന്നാൽ ഡിസംബറിൽ രണ്ടു വലിയ കൺവെൻഷനുകൾ ചെന്നൈയിലും കൊച്ചിയിലും ക്രമീകരിക്കുന്നുണ്ട്. പല സ്ഥലങ്ങളിൽനിന്നുള്ള സഹോദരങ്ങളുമൊത്തു സഹവസിക്കുന്നതിന് ഇത് അവസരമൊരുക്കും.
3. സഭയിലെ ചിലരോട് നമുക്കെങ്ങനെയാണ് ക്രിസ്തീയ സ്നേഹം കാണിക്കാനാകുന്നത്?
3 ഹാജരാകാൻ മറ്റുള്ളവരെ സഹായിക്കുക: ഡിസ്ട്രിക്റ്റ് കൺവെൻഷനു സംബന്ധിക്കാൻ സഹായം ആവശ്യമുള്ള ആരെങ്കിലും നിങ്ങളുടെ സഭയിലുണ്ടോ? അത്തരം സഹോദരങ്ങളെ സഹായിക്കുമ്പോൾ നിങ്ങൾ “സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ” നോക്കുകയാണ്.—ഫിലി. 2:4.
4, 5. സാഹചര്യവശാൽ നിങ്ങൾ നിയമിത കൺവെൻഷനല്ല പോകുന്നതെങ്കിൽ താമസസൗകര്യം സംബന്ധിച്ച് എന്തു ചെയ്യും?
4 വിവരങ്ങൾ: കൺവെൻഷൻ സ്ഥലവും തീയതിയും തിരക്കിക്കൊണ്ട് ബ്രാഞ്ചോഫീസിലേക്ക് ഫോൺ ചെയ്യുന്നതിനുമുമ്പ് സഭയിലെ സെക്രട്ടറിയുടെ പക്കൽ ഈ വിവരങ്ങൾ ലഭ്യമാണോ എന്നു ചോദിക്കുക.
5 സഭയുടെ നിയമിത കൺവെൻഷനല്ല നിങ്ങൾ സംബന്ധിക്കുന്നതെങ്കിൽ, താമസസൗകര്യത്തിനായുള്ള വിവരങ്ങൾക്കുവേണ്ടി കൺവെൻഷൻ ഹെഡ്ക്വാർട്ടേഴ്സ് അഡ്രസ്സിൽ എഴുതാവുന്നതാണ്. 2009 ജൂൺ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ അതു പ്രസിദ്ധീകരിക്കുന്നതായിരിക്കും. മറുപടിക്കായി, നിങ്ങളുടെ മേൽവിലാസമെഴുതി സ്റ്റാമ്പ് ഒട്ടിച്ച ഒരു കവർ കത്തിനോടൊപ്പം വെക്കുക.
6. പ്രത്യേക ആവശ്യങ്ങളുള്ള ഒരു സഹോദരനോ സഹോദരിയോ താമസസൗകര്യം ക്രമീകരിക്കാൻ സഹായംതേടുമ്പോൾ എന്തു ചെയ്യണം?
6 പ്രത്യേക ആവശ്യങ്ങൾ: താമസസൗകര്യത്തോടു ബന്ധപ്പെട്ട് ഒരു പ്രസാധകൻ സഹായം ആവശ്യപ്പെടുന്നെങ്കിൽ, അദ്ദേഹത്തിന് പ്രത്യേക ആവശ്യ മുറി അപേക്ഷ ഫാറം ഉപയോഗിക്കാനുള്ള അർഹതയുണ്ടോ എന്ന് സേവനക്കമ്മിറ്റി തീരുമാനിക്കുന്നതായിരിക്കും. റൂമിങ് ഡിപ്പാർട്ടുമെന്റിന് സെക്രട്ടറി ഈ അപേക്ഷ അയയ്ക്കുന്നതിനു മുമ്പ് സേവനക്കമ്മിറ്റി, അപേക്ഷാഫാറത്തിലെ നിർദേശങ്ങളും മൂപ്പന്മാരുടെ സംഘങ്ങൾക്കുള്ള 2009 ഫെബ്രുവരി 14-ലെ കത്തും പരിശോധിച്ചിരിക്കണം.
7. (എ) എങ്ങനെയാണ് ഹോട്ടൽ മുറി ബുക്കുചെയ്യുക? (ബി) ഹോട്ടലുകാരുമായി നല്ലൊരു ബന്ധം നിലനിറുത്താൻ ഏത് ഓർമിപ്പിക്കലുകൾ സഹായിക്കും? (“പിൻപറ്റേണ്ട നിർദേശങ്ങൾ” എന്ന ചതുരം കാണുക.)
7 മുറി ബുക്കുചെയ്യൽ: താമസിക്കാൻ ശുപാർശ ചെയ്യുന്ന ലഭ്യമായ ഹോട്ടലുകളുടെ പട്ടിക കൺവെൻഷൻ തീയതിക്ക് വളരെ മുമ്പുതന്നെ നോട്ടീസ് ബോർഡിൽ ഇടുന്നതാണ്. മുറി ബുക്കുചെയ്യുന്നതിന് മുമ്പ് “പിൻപറ്റേണ്ട നിർദേശങ്ങൾ” എന്ന ചതുരം പരിശോധിക്കുക. മുറി ബുക്കുചെയ്യുമ്പോൾ:
◼ ലിസ്റ്റിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് പ്രവൃത്തിസമയത്ത് ഹോട്ടലിലേക്കു വിളിക്കുക.
◼ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ സംബന്ധിക്കാനാണ് മുറി ബുക്കുചെയ്യുന്നതെന്ന് ഹോട്ടലുകാരോടു പറയുക.
◼ നിങ്ങൾ അവിടെ എത്തുന്ന തീയതിയും തിരിച്ചു പോകുന്ന തീയതിയും കൃത്യമായി അറിയിക്കുക.
◼ അവിടെ മുറി ഇല്ലാത്തപക്ഷം ലിസ്റ്റിൽ കാണിച്ചിരിക്കുന്ന മറ്റൊരു ഹോട്ടലിലേക്കു വിളിക്കുക.
◼ ബുക്കുചെയ്തതിന്റെ വിശദാംശങ്ങൾ ചോദിച്ച് ഉറപ്പുവരുത്തുക.
◼ ബുക്കുചെയ്ത് പത്തു ദിവസത്തിനകം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ, ചെക്കോ മണിയോർഡറോ അയച്ചുകൊണ്ടോ ഡിപ്പോസിറ്റ് തുക നൽകുക. ഡിപ്പോസിറ്റ് അയയ്ക്കുന്നത് ചെക്കോ മണിയോർഡറോ ആയിട്ടാണെങ്കിൽ മുറി ബുക്കുചെയ്തതിന്റെ വിശദാംശങ്ങൾ ചെക്കിന്റെ പുറകിലോ മറ്റോ വ്യക്തമായി കാണിക്കണം. തുക ഒരിക്കലും പണമായി അയയ്ക്കരുത്.
8. ന്യായമായ നിരക്കിൽ എല്ലാവർക്കും മുറി ലഭിക്കാൻ നമുക്കെങ്ങനെ സഹായിക്കാം?
8 ചിലർക്ക് ചില പ്രത്യേക ഹോട്ടലുകളിൽ താമസിക്കാനായിരിക്കും ആഗ്രഹം എന്നു ഞങ്ങൾക്കറിയാം. എന്നാൽ, ലിസ്റ്റിൽ ഇല്ലാത്ത ഹോട്ടലിൽ താമസിക്കുകയോ ലിസ്റ്റിൽ കാണിച്ചിരിക്കുന്നതിലും ഉയർന്ന നിരക്കിൽ മുറി ബുക്കുചെയ്യുകയോ ആണെങ്കിൽ, നാം റൂമിങ് ക്രമീകരണത്തിനു തുരങ്കം വെക്കുകയായിരിക്കും. ആവശ്യമില്ലാതെ മുറി ബുക്കുചെയ്യുകയോ മറ്റൊരു ഹോട്ടലിൽ താമസിക്കാനായി അവസാന നിമിഷം ബുക്കിങ് റദ്ദാക്കുകയോ ചെയ്യരുത്. ഈ ക്രമീകരണത്തോടു സഹകരിക്കുമ്പോൾ, ന്യായമായ നിരക്കിൽ എല്ലാവർക്കും മുറി ലഭിക്കാൻ നിങ്ങൾ സഹായിക്കുകയായിരിക്കും.—1 കൊരി. 10:24.
9. 2009-ലെ കൺവെൻഷനുവേണ്ടി ക്രമീകരണങ്ങൾ ചെയ്യുമ്പോഴും അതിന് ഹാജരാകുമ്പോഴും നമ്മുടെ മുഖ്യ ചിന്ത എന്തായിരിക്കണം?
9 ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന പ്രവൃത്തികൾ: എല്ലാറ്റിലും, പ്രത്യേകിച്ച് ഹോട്ടലുകാരോടും കൺവെൻഷൻ നഗരത്തിലെ മറ്റാളുകളോടും സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും ദൈവാത്മാവിന്റെ ഫലം പ്രകടിപ്പിക്കുന്നെങ്കിൽ നാം ദൈവജനത്തിനുള്ള സൽപ്പേരിനു മാറ്റുകൂട്ടും, മറ്റുള്ളവർക്ക് ഇടർച്ചയാകുകയുമില്ല. (1 കൊരി. 10:31; 2 കൊരി. 6:3, 4) ഈ രീതിയിലെല്ലാം 2009-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ നിങ്ങളുടെ നടത്ത ദൈവത്തിനു സ്തുതി കരേറ്റട്ടെ!—1 പത്രൊ. 2:12.
[3-ാം പേജിലെ ചതുരം]
പരിപാടിയുടെ സമയം:
വെള്ളി, ശനി
9:20 a.m. - 4:55 p.m.
ഞായർ
9:20 a.m. - 4:00 p.m.
[4-ാം പേജിലെ ചതുരം]
പിൻപറ്റേണ്ട നിർദേശങ്ങൾ:
◼ 2009 മാർച്ച് 2-ലെ സേവനയോഗത്തിനു മുമ്പ് ഹോട്ടൽ മുറി ബുക്കുചെയ്യരുത്.
◼ അതിനുശേഷം സാധ്യമാകുന്നത്ര നേരത്തേ മുറി ബുക്കുചെയ്യുക.
◼ ലിസ്റ്റിലുള്ള ഹോട്ടലുകളിൽ മാത്രം മുറി ബുക്കുചെയ്യുക.
◼ ലിസ്റ്റിൽ കാണിച്ചിരിക്കുന്നതിനെക്കാൾ കൂടുതൽ വാടകയ്ക്ക് ബുക്കുചെയ്യരുത്.
◼ താമസിക്കുന്ന ആളിന്റെ പേരിലായിരിക്കണം ഓരോ മുറിയും ബുക്കുചെയ്യേണ്ടത്.
◼ അഗ്നിശമന നിബന്ധനകൾ അനുസരിച്ച്, ലിസ്റ്റിൽ കാണിച്ചിരിക്കുന്നതുപോലെ, അനുവദിച്ചിരിക്കുന്നതിനെക്കാൾ കൂടുതൽ പേർ ഒരു മുറിയിൽ താമസിക്കാൻ പാടില്ല.
◼ ഒരിക്കൽ ബുക്കുചെയ്തിട്ട് പിന്നെ അതു മാറ്റാൻ ശ്രമിക്കരുത്.—മത്താ. 5:37.
◼ കൺവെൻഷൻ പ്രമാണിച്ച് ഇളവ് അനുവദിക്കുമോ എന്നു ചോദിച്ചുകൊണ്ട് ലിസ്റ്റിൽ ഇല്ലാത്ത ഹോട്ടലുകളിലേക്കു വിളിക്കരുത്.
◼ ലിസ്റ്റിൽ കാണിച്ചിരിക്കുന്ന എല്ലാ ഹോട്ടലുകളിലേക്കും വിളിച്ചിട്ടും മുറി കിട്ടാതെവരികയോ ഏതെങ്കിലും ഹോട്ടലിൽ ബുക്കുചെയ്യുന്നതിനോടു ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം നേരിടുകയോ ചെയ്യുന്നപക്ഷം സഭാ സെക്രട്ടറിയെ വിവരം അറിയിക്കുക. അദ്ദേഹം ലിസ്റ്റിൽ കാണിച്ചിരിക്കുന്ന മേൽവിലാസത്തിൽ റൂമിങ് ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെടേണ്ടതാണ്.
◼ ബുക്കുചെയ്ത മുറി വേണ്ടെന്ന് ഉറപ്പാണെങ്കിൽ എത്രയും വേഗം ഹോട്ടൽ അധികൃതരെ അറിയിക്കുക. ബുക്കിങ് റദ്ദാക്കിയതിന്റെ രേഖ കൈപ്പറ്റാൻ മറക്കരുത്.