‘സകലവും സുവിശേഷം നിമിത്തം ചെയ്യുവിൻ’
1. ഒരു രാജ്യഘോഷകൻ മറ്റുള്ളവർക്കായി എന്തു ചെയ്യാൻ സന്നദ്ധനായിരിക്കണം, എന്തുകൊണ്ട്?
1 മറ്റുള്ളവരോട് സുവിശേഷം ഘോഷിക്കാനുള്ള കടപ്പാട് തനിക്കുണ്ടെന്ന് അപ്പൊസ്തലനായ പൗലൊസിനു തോന്നി. (1 കൊരി. 9:16, 19, 23) സമാനമായി, മറ്റാളുകൾക്കു നിത്യജീവൻ ലഭിക്കണമെന്ന നമ്മുടെ ആഗ്രഹം, എന്തു ശ്രമം ചെയ്തിട്ടായാലും അവരുമായി സുവിശേഷം പങ്കുവെക്കാൻ നമ്മെ പ്രേരിപ്പിക്കും.
2. പ്രസംഗവേലയിൽ ഏതെല്ലാം പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നമുക്കാകും, എന്തുകൊണ്ട്?
2 ആളുകളെ കണ്ടെത്താൻ കഴിയുന്ന സ്ഥലത്തും സമയത്തും പ്രസംഗിക്കുക: ഒരു നല്ല മീൻപിടിത്തക്കാരൻ തനിക്ക് സൗകര്യമുള്ള സ്ഥലത്തും സമയത്തും ആയിരിക്കില്ല വലയിറക്കുന്നത്; മറിച്ച് മത്സ്യത്തെ കണ്ടെത്താൻ ഏറ്റവും സാധ്യതയുള്ള സ്ഥലത്തും സമയത്തുമായിരിക്കും. “മനുഷ്യരെ പിടിക്കുന്ന”വരായ നാമും, നമ്മുടെ പ്രദേശത്തെ ആളുകളെ കണ്ടെത്താൻ തക്കവിധം ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടായിരിക്കാം. അങ്ങനെയാകുമ്പോൾ “എല്ലാവക മീനും” ശേഖരിച്ചുകൊണ്ട് നമ്മുടെ പ്രസംഗവേല ആസ്വദിക്കാൻ നമുക്കാകും. (മത്താ. 4:19; 13:47) സായാഹ്നങ്ങളിൽ ആളുകൾ വീട്ടിൽ കാണാൻ ഏറെ സാധ്യതയുള്ളതുകൊണ്ട് ആ സമയത്ത് നിങ്ങൾക്ക് സാക്ഷീകരണവേലയിൽ ഏർപ്പെടാൻ കഴിയുമോ? അതുപോലെ രാവിലെ സമയങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിലും ബസ്സ് സ്റ്റാൻഡുകളിലും അനൗപചാരികമായി സാക്ഷീകരിക്കാൻ നിങ്ങൾക്കു സാധിക്കുമോ? സുവിശേഷത്തിനു സമഗ്രസാക്ഷ്യം വഹിക്കുക എന്നതായിരുന്നു പൗലൊസിന്റെ ലക്ഷ്യം. ലഭ്യമായ അവസരങ്ങളെല്ലാം അവൻ ഉചിതമായി ഉപയോഗിക്കുകയും ചെയ്തു.—പ്രവൃ. 17:17; 20:20, 24.
3, 4. ശുശ്രൂഷയിലായിരിക്കെ അവതരണങ്ങളോടുള്ള ബന്ധത്തിൽ എന്തു ചെയ്യാൻ കഴിയും, അതിന് എന്തു ഫലങ്ങൾ ഉണ്ടാകും?
3 ആവശ്യാനുസരണം അവതരണങ്ങളിൽ മാറ്റംവരുത്തുക: ഏതുതരം മത്സ്യത്തെ പിടിക്കണം എന്നതനുസരിച്ച് മീൻപിടിത്തക്കാർ മീൻ പിടിക്കുന്ന രീതിക്കു മാറ്റംവരുത്താറുണ്ട്. നമ്മുടെ പ്രദേശത്തെ ആളുകൾക്ക് ആകർഷകമായ വിധത്തിൽ നമുക്കെങ്ങനെ രാജ്യസുവാർത്ത അവതരിപ്പിക്കാൻ കഴിയും? ആളുകൾക്ക് പൊതുവെ താത്പര്യമുള്ള വിഷയത്തെക്കുറിച്ച് പരാമർശിച്ചശേഷം അവരുടെ അഭിപ്രായം ശ്രദ്ധിച്ചുകേൾക്കുക. (യാക്കോ. 1:19) അവരുടെ മനസ്സിലുള്ളത് അറിയാൻ ഒരു വീക്ഷണചോദ്യം ചോദിക്കുക. (സദൃ. 20:5) അതനുസരിച്ച് വ്യക്തിപരമായി അവരെ ആകർഷിക്കുന്ന വിധത്തിൽ നമ്മുടെ അവതരണത്തിൽ മാറ്റംവരുത്താൻ കഴിയും. നാം സംസാരിച്ചുതുടങ്ങുമ്പോൾത്തന്നെ വീട്ടുകാരൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി തോന്നുന്നെങ്കിൽ സൗഹൃദത്തോടെ സംഭാഷണം അവസാനിപ്പിച്ച് പെട്ടെന്ന് അവിടെനിന്നു പോകുക. താൻ “എല്ലാവർക്കും എല്ലാമായിത്തീർന്നു” എന്ന് പൗലൊസ് പറയുകയുണ്ടായി. (1 കൊരി. 9:22) മേൽപ്പറഞ്ഞവിധം അവതരണത്തിൽ മാറ്റംവരുത്തുന്നത് ആളുകളുടെ ഹൃദയത്തെ സ്പർശിക്കുകതന്നെ ചെയ്യും.
4 ആളുകളോട് ‘നന്മ സുവിശേഷിക്കുന്നത്’ എത്ര ആനന്ദദായകമായ ഒരു വേലയാണ്! (യെശ. 52:7) “സകലവും സുവിശേഷം നിമിത്തം” ചെയ്തുകൊണ്ട് നമുക്ക് കഴിയുന്നത്ര ആളുകളുടെ പക്കൽ ആ സദ്വാർത്ത എത്തിക്കാം.—1 കൊരി. 9:23.