വായനാപ്രാപ്തി കുറവുള്ളവരെ പഠിപ്പിക്കുക
1. ശുശ്രൂഷയിൽ നാം എന്തു വെല്ലുവിളി നേരിട്ടേക്കാം?
1 ശുശ്രൂഷയിലായിരിക്കെ, വായിക്കാൻ ബുദ്ധിമുട്ടുള്ളവരെ സത്യം പഠിപ്പിക്കുകയെന്ന വെല്ലുവിളി ചിലപ്പോഴൊക്കെ നാം നേരിട്ടേക്കാം. നമുക്കെന്തു ചെയ്യാൻ കഴിയും?
2. പരിമിതമായ വായനാപ്രാപ്തിയുള്ളവരോട് നാം എങ്ങനെ, എന്തുകൊണ്ട് ആദരവ് കാണിക്കുന്നു?
2 ആദരവോടെ: ഒരു വ്യക്തിയുടെ വിദ്യാഭ്യാസമല്ല, പിന്നെയോ ഹൃദയനിലയാണ് യഹോവയ്ക്കു പ്രധാനം. (1 ശമൂ. 16:7; സദൃ. 21:2) അതുകൊണ്ട് പരിമിതമായ വായനാപ്രാപ്തിയുള്ളവരെ നാം കുറഞ്ഞവരായി വീക്ഷിക്കുന്നില്ല. ഒരു വാക്യമോ ഖണ്ഡികയോ വായിക്കാൻ നിർബന്ധിക്കാതിരുന്നുകൊണ്ടും മറ്റും ആദരവോടെയും ക്ഷമയോടെയും ഇടപെടുന്നപക്ഷം അത്തരക്കാർ എളുപ്പം നമ്മുടെ സഹായം സ്വീകരിച്ചേക്കാം. (1 പത്രോ. 3:15) വിലയേറിയ ബൈബിൾസത്യങ്ങൾ ഒന്നൊന്നായി പഠിക്കവേ, വായനാപ്രാപ്തി മെച്ചപ്പെടുത്താനും ദൈവവചനം “രാപ്പകൽ മന്ദസ്വരത്തിൽ” (NW) വായിക്കുന്നതിന്റെ സന്തോഷം രുചിച്ചറിയാനും ഒരാൾ കൂടുതൽ പ്രേരിതനായേക്കാം.—സങ്കീ. 1:2, 3.
3. പരിമിതമായ വായനാപ്രാപ്തിയുള്ളവരെ പഠിപ്പിക്കാൻ ഏത് അധ്യയന രീതികൾ ഉപയോഗിക്കാം?
3 വിവിധ അധ്യയന രീതികൾ: പഠിക്കാനും കാര്യങ്ങൾ ഓർത്തിരിക്കാനും ചിത്രങ്ങൾ വലിയ സഹായമാണ്. അധ്യയനത്തിന് ഉപയോഗിക്കുന്ന പ്രസിദ്ധീകരണത്തിലെ ഒരു ചിത്രത്തെക്കുറിച്ച് വിദ്യാർഥിയോട് അഭിപ്രായം ചോദിക്കാവുന്നതാണ്. തുടർന്ന്, അത് എന്താണു പഠിപ്പിക്കുന്നതെന്നു കാണാൻ സഹായിക്കുന്ന ചോദ്യങ്ങൾ ചോദിക്കുക. കൂടാതെ, ചിത്രത്തിന്റെ ചില വശങ്ങൾ വ്യക്തമാക്കുന്ന തിരുവെഴുത്തുകൾ ഉപയോഗിക്കുക. അധ്യായത്തിന്റെ പുനരവലോകനത്തിനും ചിത്രങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഒരു അധ്യയനത്തിൽ വളരെക്കൂടുതൽ പാഠ്യഭാഗം ഉൾപ്പെടുത്തരുത്. പാഠത്തിന്റെ വിഷയവും മുഖ്യപോയിന്റുകളും ഊന്നിപ്പറയുകയും പാഠ്യഭാഗത്തോടു പറ്റിനിൽക്കുകയും ചെയ്യുക. തിരുവെഴുത്തുകൾ ബൈബിളിൽനിന്നു നേരിട്ടു വായിക്കുകയും വായിക്കുന്ന കാര്യങ്ങൾ വിദ്യാർഥിക്കു മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുക. വായനാപ്രാപ്തി മെച്ചപ്പെടുത്തിക്കൊണ്ട് കൂടുതൽ ബൈബിൾസത്യങ്ങൾ സ്വന്തമായി തേടിക്കണ്ടെത്താനുള്ള വിദ്യാർഥിയുടെ ആഗ്രഹത്തെ അതു ശക്തമാക്കിയേക്കാം.
4. വായനാപ്രാപ്തി മെച്ചപ്പെടുത്താൻ വിദ്യാർഥിയെ നമുക്കെങ്ങനെ സഹായിക്കാം?
4 വായന മെച്ചപ്പെടുത്താനുള്ള സഹായികൾ: പരിമിതമായ വായനാപ്രാപ്തിയുള്ളവരോ ഒഴുക്കോടെ വായിക്കാൻ പഠിക്കുന്നതിന് അവസരം ലഭിച്ചിട്ടില്ലാത്തവരോ ആയവർക്ക് വിവരങ്ങൾ എളുപ്പം ഗ്രഹിക്കാനും ഓർത്തിരിക്കാനും കഴിഞ്ഞെന്നുവരും. നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ ലഭ്യമായിട്ടുള്ള ഓഡിയോ റെക്കോർഡിങ്ങുകൾ ഉപയോഗിക്കാൻ നിങ്ങൾക്കവരെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. പ്രസിദ്ധീകരണത്തിൽ നോക്കിക്കൊണ്ട് വായന ശ്രദ്ധിക്കുന്നതും—അതോടൊപ്പം മന്ദസ്വരത്തിൽ അത് വായിക്കുന്നതും—വായനാപ്രാപ്തി മെച്ചപ്പെടുത്താൻ സഹായിക്കും. ചില സഭകളിൽ മൂപ്പന്മാർ വായനാക്ലാസ്സുകൾ ഏർപ്പെടുത്താറുണ്ട്. “രക്ഷ പ്രാപിക്കുന്നതിനു . . . ജ്ഞാനിയാക്കാൻ പര്യാപ്തമായ തിരുവെഴുത്തുകൾ” മനസ്സിലാക്കുന്നതിന് പരിമിതമായ വായനാപ്രാപ്തിയുള്ളവരെ സഹായിക്കാൻ ഈ പ്രായോഗിക നിർദേശങ്ങൾ പരീക്ഷിച്ചുനോക്കുക.—2 തിമൊ. 3:15.