വായിക്കാൻ പ്രയാസമുള്ളവരെ എങ്ങനെ സഹായിക്കാം?
1. വായിക്കാൻ പ്രയാസമുള്ളവരെ ബൈബിൾ പഠിപ്പിക്കുന്നതിൽ എന്തു വെല്ലുവിളിയാണ് ഉള്ളത്?
1 ചില വീട്ടുകാർക്കു വായിക്കാൻ പ്രയാസമുണ്ടെങ്കിലും ആത്മീയകാര്യങ്ങളിൽ താത്പര്യം കണ്ടേക്കാം. എന്നാൽ ബൈബിളും മറ്റു പുസ്തകങ്ങളും കാണുന്നത് അവരെ ഭയപ്പെടുത്തിയേക്കാം. ഇങ്ങനെയുള്ളവർക്കു ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കുന്നതുകൊണ്ട് തുടക്കത്തിൽ വലിയ ഫലം ലഭിച്ചേക്കില്ല. അത്തരക്കാരെ ആത്മീയമായി നമുക്കെങ്ങനെ സഹായിക്കാം? 20 രാജ്യങ്ങളിൽനിന്നുള്ള അനുഭവപരിചയമുള്ള പ്രസാധകരോട് അവർ ചെയ്യുന്നതെന്താണെന്നു ഞങ്ങൾ ചോദിച്ചു. അവരുടെ അഭിപ്രായങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
2. വായിക്കാൻ പ്രയാസമുള്ള ഒരുവനെ സഹായിക്കുന്നതിൽ ഏത് ഉപകരണങ്ങളാണ് ഫലപ്രദം?
2 ഒരു വിദ്യാർഥിക്കു വായനാപ്രാപ്തി കുറവായിരിക്കുകയോ തീർത്തും ഇല്ലാതിരിക്കുകയോ ആണെങ്കിൽ, ദൈവം പറയുന്നതു കേൾക്കുവിൻ!, ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്നതിൽ ഏതെങ്കിലും ഒരു ലഘുപത്രിക ഉപയോഗിച്ചുകൊണ്ട് തുടങ്ങാവുന്നതാണ്. ഐക്യനാടുകളിൽനിന്നുള്ള ഒരു പയനിയർ ഈ രണ്ടു ലഘുപത്രികകളും കാണിച്ചിട്ട് ഏതാണ് അവർക്കു കൂടുതൽ ഇഷ്ടപ്പെട്ടത് എന്നു ചോദിക്കുന്നു. കെനിയയിലെ ബ്രാഞ്ചോഫീസ് റിപ്പോർട്ട് ചെയ്യുന്ന പ്രകാരം ഈ ഉപകരണങ്ങൾ ആഫ്രിക്കൻ സമൂഹത്തിൽ വളരെ ഫലപ്രദമാണ്, കാരണം പരമ്പരാഗതമായി ആളുകൾ പഠിപ്പിക്കപ്പെട്ടിരിക്കുന്നത് ചോദ്യോത്തര ചർച്ചകളിലൂടെയല്ല മറിച്ച് കഥ പറച്ചിലിലൂടെയാണ്. വിദ്യാസമ്പന്നനായ ഒരുവൻ വായനയും ചോദ്യോത്തരരീതിയും എളുപ്പത്തിൽ സ്വീകരിച്ചേക്കാമെങ്കിലും അത്, കാര്യമായ വിദ്യാഭ്യാസമില്ലാത്ത വ്യക്തിക്ക് അസ്വസ്ഥത ഉളവാക്കിയേക്കാം. വിദ്യാർഥിക്കു കുറച്ചെങ്കിലും വായനാപ്രാപ്തി ഉണ്ടെങ്കിൽ തുടക്കത്തിൽത്തന്നെ പല പ്രസാധകരും ദൈവത്തിൽനിന്നുള്ള സുവാർത്ത!, എന്റെ ബൈബിൾ കഥാപുസ്തകം എന്നീ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു.
3. വായിക്കാൻ കഴിയാത്തവരെ സംബന്ധിച്ച് എന്ത് മനസ്സിലാക്കുന്നതാണ് ഫലപ്രദമായി പഠിപ്പിക്കാൻ നമ്മെ സഹായിക്കുന്നത്?
3 അഭിനന്ദിക്കുക: വായിക്കാൻ പഠിച്ചിട്ടില്ലാത്തവർക്കു ലജ്ജ തോന്നിയേക്കാം, അവരിൽ അനേകരും ആത്മവിശ്വാസം ഇല്ലാത്തവരുമാണ്. സത്യം പഠിപ്പിക്കുന്നതിലെ ആദ്യ പടി അവരുടെ ഭയങ്ങൾ അകറ്റാൻ സഹായിക്കുകയെന്നതാണ്. വായിക്കാൻ അറിയാത്ത മിക്കവരും ബുദ്ധിയുള്ളവരും പഠിക്കാൻ കഴിവുള്ളവരും ആണ്. അർഹിക്കുന്ന ബഹുമാനം കൊടുത്തുകൊണ്ട് അവരോടു മാന്യമായി പെരുമാറുക. (1 പത്രോ. 3:15) തങ്ങളുടെ ശ്രമങ്ങൾ അർഥപൂർണവും ആത്മീയ പുരോഗതി കൈവരുത്തുന്നതും ആണെന്നു കാണുമ്പോൾ അവർ അധ്യയനം തുടരാൻ പ്രേരിതരാകും. അതിനാൽ അവരെ അകമഴിഞ്ഞ് അഭിനന്ദിക്കുക.
4. വായനാപ്രാപ്തി കുറഞ്ഞവരെ അധ്യയനത്തിനു തയ്യാറാകാൻ നമുക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും?
4 വിദ്യാർഥിക്കു വായനാപ്രാപ്തി പരിമിതമാണെങ്കിലും അധ്യയനത്തിന് തയ്യാറാകാൻ പ്രോത്സാഹിപ്പിക്കുക. നന്നായി വായിക്കാൻ അറിയുന്ന ഒരു കുടുംബാംഗത്തിന്റെയോ സുഹൃത്തിന്റെയോ സഹായം തേടാൻ സൗത്ത് ആഫ്രിക്കയിലെ ചില പ്രസാധകർ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു. ബ്രിട്ടനിലുള്ള ഒരു പ്രസാധകൻ അധ്യയനത്തിനിടെ ഏതാനും ഖണ്ഡികകൾ നോക്കാനായി അടിവരയിട്ട തന്റെ പുസ്തകം വിദ്യാർഥിക്കു കൊടുക്കുന്നു. അങ്ങനെ, അടിവര ഇട്ടിരിക്കുമ്പോൾ ഉത്തരങ്ങൾ കണ്ടെത്തുക എത്ര എളുപ്പമാണെന്നു വിദ്യാർഥികളെ കാണിച്ചുകൊടുത്തുകൊണ്ട് അതുപോലെ തയ്യാറാകാൻ പ്രചോദിപ്പിക്കുന്നു. ഇന്ത്യയിലുള്ള ഒരു സഹോദരൻ, പിറ്റെ ആഴ്ചയിൽ പഠിക്കേണ്ട പാഠത്തിലെ ചിത്രങ്ങൾ നോക്കിക്കൊണ്ടുവരാനും അവയെക്കുറിച്ചു മുന്നമേ ധ്യാനിക്കാനും തന്റെ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു.
5. അധ്യയനം നിർവഹിക്കുമ്പോൾ നമുക്ക് എങ്ങനെ ക്ഷമ കാണിക്കാനാകും?
5 ക്ഷമ കാണിക്കുക: നിങ്ങൾ ഏത് പ്രസിദ്ധീകരണം ഉപയോഗിച്ചാലും, മുഖ്യ ആശയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക, അത് നന്നായി മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക. തുടക്കത്തിൽ, 10 മുതൽ 15 മിനിറ്റു വരെയുള്ള ചർച്ചകളാണ് ഉചിതം. ഓരോ അധ്യയനത്തിലും കൂടുതൽ പഠന ഭാഗം ഉൾപ്പെടുത്താതെ കുറച്ചു ഖണ്ഡികകൾ മാത്രം പഠിപ്പിക്കുക. വിദ്യാർഥി സാവധാനമാണു വായിക്കുന്നതെങ്കിൽ ക്ഷമ കാണിക്കുക. യഹോവയോടുള്ള വിലമതിപ്പ് വർധിച്ചു വരുന്നതനുസരിച്ച് തന്റെ വായനാപ്രാപ്തി മെച്ചപ്പെടുത്താൻ അദ്ദേഹം പ്രചോദിതനായേക്കാം. അതിന് അദ്ദേഹത്തെ സഹായിക്കാൻ ആരംഭത്തിൽതന്നെ യോഗങ്ങൾക്കു ക്ഷണിക്കുന്നതു നല്ലതാണ്.
6. വായിക്കാൻ പഠിക്കാൻ വ്യക്തികളെ നമുക്കെങ്ങനെ സഹായിക്കാനാകും?
6 ബൈബിൾ വിദ്യാർഥികൾ വായിക്കാൻ പഠിക്കുമ്പോൾ, വേഗത്തിൽ ആത്മീയ പുരോഗതി കൈവരിക്കും. (സങ്കീ. 1:1-3) പലരും തങ്ങളുടെ വിദ്യാർഥികളെ ഓരോ അധ്യയനത്തിനുശേഷവും ഏതാനും മിനിറ്റുകൾ എടുത്തുകൊണ്ട് എഴുത്തും വായനയും പഠിക്കാൻ സഹായിക്കും. എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം തങ്ങളുടെ ഭാഷയിൽ ഉണ്ടെങ്കിൽ അതോ മറ്റേതെങ്കിലും ലൗകിക പ്രസിദ്ധീകരണമോ ഇതിനായി ഉപയോഗിക്കും. വിദ്യാർഥി നിരുത്സാഹിതനാകുന്നെങ്കിൽ, ആത്മവിശ്വാസം വർധിപ്പിക്കാനായി, ഇപ്പോൾത്തന്നെ അദ്ദേഹം ചെയ്യാൻ പഠിച്ച കാര്യങ്ങൾ കാണിച്ചുകൊടുക്കുക. അദ്ദേഹത്തിന്റെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമെന്ന് ഉറപ്പുകൊടുക്കുക, സഹായത്തിനായി പ്രാർഥിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. (സദൃ. 16:3; 1 യോഹ. 5:14, 15) ബ്രിട്ടനിലെ ചില പ്രസാധകർ ന്യായയുക്തവും എന്നാൽ പുരോഗമനാത്മകമായ ലക്ഷ്യങ്ങൾവെച്ചു പ്രവർത്തിക്കാൻ തങ്ങളുടെ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു—തുടക്കത്തിൽ ഒരുപക്ഷേ അക്ഷരമാലയിൽ പ്രാവീണ്യം നേടാനും തുടർന്ന് തിരഞ്ഞെടുത്ത തിരുവെഴുത്തുകൾ കണ്ടെത്താനും വായിക്കാനും അവസാനമായി ലളിതവത്കരിക്കപ്പെട്ട ബൈബിൾ പ്രസിദ്ധീകരണം വായിക്കാനും. വായിക്കാൻ പഠിപ്പിക്കുന്നതിൽ, അത് എങ്ങനെ ചെയ്യണം എന്ന് പഠിപ്പിക്കുന്നതിനെക്കാൾ വായിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുന്നതാണ് ഉൾപ്പെട്ടിരിക്കുന്നത്.
7. വായിക്കാൻ പ്രയാസമുള്ളവരുടെ മുമ്പാകെ സത്യം അവതരിപ്പിക്കുന്നതിൽനിന്നും പിന്മാറരുതാത്തത് എന്തുകൊണ്ട്?
7 ലൗകിക വിദ്യാഭ്യാസം കുറവുള്ളവരെ യഹോവ താഴ്ന്നവരായി കാണുന്നില്ല. (ഇയ്യോ. 34:19) യഹോവ പരിശോധിക്കുന്നത് വ്യക്തികളുടെ ഹൃദയത്തെയാണ്. (1 ദിന. 28:9) അതുകൊണ്ട് വായിക്കാൻ പ്രയാസമുള്ളവരുടെ മുമ്പാകെ സത്യം അവതരിപ്പിക്കുന്നതിൽനിന്നും പിന്മാറരുത്. നിങ്ങൾക്കു തുടക്കം കുറിക്കാനായി അനേകം ഫലപ്രദമായ ഉപകരണങ്ങളുണ്ട്. ക്രമേണ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലേക്ക് അധ്യയനം മാറ്റിക്കൊണ്ട് തിരുവെഴുത്തുകളെക്കുറിച്ച് ആകമാന ഗ്രാഹ്യം നൽകാനുമാകും.
[6-ാം പേജിലെ ആകർഷക വാക്യം]
വായിക്കാൻ പഠിച്ചിട്ടില്ലാത്തവർക്കു ലജ്ജ തോന്നിയേക്കാം, അവരിൽ അനേകരും ആത്മവിശ്വാസം ഇല്ലാത്തവരുമാണ്. സത്യം പഠിപ്പിക്കുന്നതിലെ ആദ്യ പടി അവരുടെ ഭയങ്ങൾ അകറ്റാൻ സഹായിക്കുകയെന്നതാണ്
[6-ാം പേജിലെ ചതുരം]
വീട്ടുകാരന് വായിക്കാനാകുന്നില്ലെങ്കിൽ, ഇതു പരീക്ഷിക്കുക:
• തുടക്കത്തിൽ ദൈവം പറയുന്നതു കേൾക്കുവിൻ!, ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്നതോ അല്ലെങ്കിൽ മറ്റ് ഉചിതമായ പ്രസിദ്ധീകരണമോ ഉപയോഗിക്കുക.
• അദ്ദേഹത്തോടു മാന്യമായി പെരുമാറുക, അകമഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്യുക.
• ചർച്ച ഹ്രസ്വമായി നടത്തുക, കൂടുതൽ പാഠഭാഗങ്ങൾ ഉൾപ്പെടുത്താതിരിക്കുക.
• അദ്ദേഹത്തിന്റെ വായനാപ്രാപ്തി വികസിപ്പിക്കാൻ സഹായിക്കുക.
അദ്ദേഹം സത്യത്തോടു വിലമതിപ്പും പഠിക്കാനുള്ള വാഞ്ഛയും പ്രകടമാക്കുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലേക്ക് അധ്യയനം മാറ്റാനാകും.