നമ്മൾ സദാ സമയവും സാക്ഷികളാണ്
1. യേശു കിണറ്റുകരയിലെ സ്ത്രീയോടു സാക്ഷീകരിച്ചതിന്റെ രേഖയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
1 മണിക്കൂറുകൾ നടന്ന് യേശു നന്നേ ക്ഷീണിതനായിരുന്നു. നല്ല ദാഹവും. ശിഷ്യന്മാർ ഭക്ഷണം വാങ്ങാൻ പോയ നേരത്ത് അവൻ, ഒരു ശമര്യനഗരത്തിനു വെളിയിലുള്ള കിണറിനു സമീപം ഇരുന്നു വിശ്രമിക്കാൻ തീരുമാനിച്ചു. ശമര്യയിൽ പ്രസംഗിക്കാൻ യേശുവിന് ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ല; കാരണം, ഗലീലയിൽ തന്റെ ശുശ്രൂഷ തുടരുന്നതിനായി അവൻ അപ്പോൾ അങ്ങോട്ടു പോകുകയായിരുന്നു. എന്നിരുന്നാലും വെള്ളം കോരാൻ വന്ന ഒരു സ്ത്രീയോടു സാക്ഷീകരിക്കാൻ അവൻ ആ അവസരം ഉപയോഗപ്പെടുത്തി. (യോഹ. 4:5-14) എന്തുകൊണ്ട്? യേശു എല്ലായ്പോഴും യഹോവയുടെ “വിശ്വസ്തനും സത്യവാനുമായ സാക്ഷി”യായിരുന്നു. (വെളി. 3:14) സദാ യഹോവയുടെ സാക്ഷികൾ ആയിരുന്നുകൊണ്ട് നാം യേശുവിനെ അനുകരിക്കുന്നു.—1 പത്രോ. 2:21.
2. അനൗപചാരിക സാക്ഷീകരണത്തിനായി നമുക്ക് എങ്ങനെ തയ്യാറായിരിക്കാം?
2 തയ്യാറായിരിക്കുക: എല്ലായ്പോഴും സാഹിത്യങ്ങൾ കൂടെ കരുതിക്കൊണ്ട് അനൗപചാരികമായി സാക്ഷീകരിക്കാൻ നമുക്ക് ഒരുങ്ങിയിരിക്കാം. പല പ്രസാധകരും ലഘുലേഖകളോ മാസികകളുടെ അനുയോജ്യമായ ലക്കങ്ങളോ കൈവശം വെക്കുകയും കടയിൽ സാധനം എടുത്തു തരുന്നവർക്കോ പെട്രോൾ അടിച്ചുതരുന്നവർക്കോ കണ്ടുമുട്ടുന്ന മറ്റാർക്കെങ്കിലുമോ ഒക്കെ അവ കൊടുക്കുകയും ചെയ്യുന്നു. (സഭാ. 11:6) എന്നാൽ പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ശരിക്കും താത്പര്യമുള്ളവർക്കു മാത്രമേ സാഹിത്യങ്ങൾ നൽകുന്നുള്ളുവെന്ന് ഉറപ്പുവരുത്താൻ നാം പ്രത്യേകം ശ്രദ്ധിക്കണം.
3. നമുക്ക് എങ്ങനെ സംഭാഷണത്തിനു തുടക്കമിടാനായേക്കും?
3 സംഭാഷണത്തിനു തുടക്കമിടുക: അനൗപചാരികമായി സാക്ഷീകരിക്കുമ്പോൾ ആദ്യംതന്നെ ഒരു തിരുവെഴുത്തു വിഷയം അവതരിപ്പിക്കേണ്ടതില്ല. താൻ മിശിഹായാണെന്നു പറഞ്ഞുകൊണ്ടല്ല യേശു കിണറിങ്കൽവെച്ച് ആ സ്ത്രീയോടു സംസാരിച്ചു തുടങ്ങിയത്. വെറുതെ കുടിക്കാൻ വെള്ളം ചോദിച്ചുകൊണ്ട് അവൻ അവളിൽ ജിജ്ഞാസ ഉണർത്തി. (യോഹ. 4:7-9) ഒരു സംഭാഷണത്തിനു തുടക്കമിടുന്നതിന് സമാനമായ ഒരു സമീപനം ഫലകരമാണെന്ന് ഒരു സഹോദരി കണ്ടെത്തി. ഏതെങ്കിലും ഒരു വിശേഷദിവസത്തിന്റെ ആഘോഷം എങ്ങനെയുണ്ടായിരുന്നു എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ താൻ യഹോവയുടെ സാക്ഷിയായതുകൊണ്ട് ഇത്തരം ആഘോഷങ്ങളൊന്നും തനിക്കില്ല എന്നു പറയുന്നതിനു പകരം, “ഇത്തരം ആഘോഷങ്ങളൊന്നും നടത്തേണ്ട എന്നതാണ് എന്റെ വ്യക്തിപരമായ തീരുമാനം” എന്ന് അവർ പറയും. അതു കേൾക്കുന്നയാൾ സ്വാഭാവികമായും ‘അതെന്താ അങ്ങനെ’ എന്നു ചോദിക്കും. അത് സാക്ഷീകരണത്തിനുള്ള അവസരമേകുന്നു.
4. മത്തായി 28:18-20 നിങ്ങൾക്കു പ്രചോദനമായിരിക്കുന്നത് എന്തുകൊണ്ട്?
4 യേശു തന്റെ തീക്ഷ്ണമായ ഭൗമിക ശുശ്രൂഷ അവസാനിപ്പിച്ചെങ്കിലും താൻ ചെയ്തതുപോലെ പ്രസംഗവേല നടക്കുന്നതു കാണാൻ അവൻ അതിയായി ആഗ്രഹിക്കുന്നു. (മത്താ. 28:18-20) അതുകൊണ്ട് നമ്മുടെ നായകനായ യേശുവിനെപ്പോലെ, ഏതു സമയത്തും നമ്മുടെ വിശ്വാസം പരസ്യമായി ഘോഷിക്കാൻ തയ്യാറുള്ള സാക്ഷികളായിരിക്കാം നമുക്കും.—എബ്രാ. 10:23.