നമുക്ക് പ്രാർഥനാനിരതരായിരിക്കാം
1. ശുശ്രൂഷ നിവർത്തിക്കാൻ നമുക്ക് എന്ത് ആവശ്യമാണ്?
1 നമ്മുടെ സ്വന്തം കഴിവിനാൽ ശുശ്രൂഷ നിവർത്തിക്കാൻ നമുക്കാവില്ല. യഹോവയാണ് നമുക്ക് അതിനുള്ള ശക്തി നൽകുന്നത്. (ഫിലി. 4:13) ആത്മാർഥ ഹൃദയരെ കണ്ടെത്താൻ അവൻ ദൂതന്മാരുടെ സഹായവും നമുക്ക് പ്രദാനംചെയ്യുന്നു. (വെളി. 14:6, 7) നാം നടുകയും നനയ്ക്കുകയും ചെയ്യുന്ന സത്യത്തിന്റെ വിത്തുകൾ വളരാൻ ഇടയാക്കുന്നത് യഹോവയാണ്. (1 കൊരി. 3:6, 9) അതുകൊണ്ട് ക്രിസ്തീയ ശുശ്രൂഷകരായ നാം പ്രാർഥനയിൽ നമ്മുടെ സ്വർഗീയ പിതാവിനെ സമീപിക്കേണ്ടത് എത്ര പ്രധാനമാണ്!
2. ഏതെല്ലാം കാര്യങ്ങൾക്കുവേണ്ടി നമുക്കു പ്രാർഥിക്കാം?
2 നമുക്കുവേണ്ടി: പ്രസംഗവേലയിൽ ഏർപ്പെടുമ്പോഴെല്ലാം നാം പ്രാർഥിക്കേണ്ടതുണ്ട്. (എഫെ. 6:18) ഏതെല്ലാം കാര്യങ്ങൾക്കുവേണ്ടി നാം പ്രാർഥിക്കണം? പ്രദേശത്തുള്ള ആളുകളെക്കുറിച്ച് ശരിയായ ഒരു മനോഭാവം ഉണ്ടായിരിക്കാനും അതുപോലെ ധൈര്യത്തിനായും നമുക്കു പ്രാർഥിക്കാം. (പ്രവൃ. 4:29, 30) ബൈബിൾ പഠിക്കാൻ താത്പര്യം കാണിച്ചേക്കാവുന്ന ആത്മാർഥഹൃദയരുടെ അടുക്കലേക്ക് നമ്മെ നയിക്കേണമേ എന്ന് നമുക്ക് അപേക്ഷിക്കാവുന്നതാണ്. വീട്ടുകാരൻ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം കൊടുക്കുന്നതിനുമുമ്പ് ഹ്രസ്വമായി മനസ്സിൽ പ്രാർഥിക്കാനാകും. ശരിയായ ഉത്തരം നൽകാൻ അതു നിങ്ങളെ സഹായിക്കും. (നെഹെ. 2:4) പ്രതികൂല സാഹചര്യങ്ങളിന്മധ്യേ ധൈര്യത്തോടും വിവേകത്തോടും കൂടെ പ്രസംഗിക്കാനുള്ള സഹായത്തിനായും പ്രാർഥിക്കാവുന്നതാണ്. (മത്താ. 10:16; പ്രവൃ. 4:29, 30) ശുശ്രൂഷയ്ക്ക് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാനുള്ള ജ്ഞാനത്തിനായും നമുക്ക് യാചിക്കാനാകും. (യാക്കോ. 1:5) ദൈവത്തിന്റെ ശുശ്രൂഷകരായിരിക്കാനുള്ള പദവിയെപ്രതി പ്രാർഥനയിലൂടെ അവന് നന്ദികരേറ്റാനും നമുക്കുകഴിയും. അത്തരം പ്രാർഥനകൾ യഹോവയ്ക്കു പ്രസാദകരമാണ്.—കൊലോ. 3:15.
3. മറ്റുള്ളവർക്കുവേണ്ടിയുള്ള പ്രാർഥനകൾ പ്രസംഗവേലയ്ക്ക് എങ്ങനെ ഗുണംചെയ്യും?
3 മറ്റുള്ളവർക്കുവേണ്ടി: “ഒരുവനുവേണ്ടി മറ്റൊരുവൻ പ്രാർഥിക്ക”ണമെന്ന് ബൈബിൾ പറയുന്നു. ഉചിതമായിരിക്കുമ്പോൾ മറ്റുള്ളവരുടെ പേരെടുത്തുപറഞ്ഞ് പ്രാർഥിക്കാനാകും. (യാക്കോ. 5:16; പ്രവൃ. 12:5) മോശമായ ആരോഗ്യംനിമിത്തം ശുശ്രൂഷയിൽ അധികമൊന്നും ചെയ്യാനാകാത്ത അവസ്ഥയിലാണോ നിങ്ങൾ? എങ്കിൽ ആരോഗ്യമുള്ള നിങ്ങളുടെ സഹശുശ്രൂഷകർക്കായി പ്രാർഥിക്കരുതോ? അത്തരം പ്രാർഥനകൾ അവരെ സഹായിക്കും എന്നകാര്യം മറക്കരുത്. പ്രസംഗവേലയോട് അനുഭാവം ഉള്ളവരായിരിക്കാൻ അധികാരികളെ പ്രേരിപ്പിക്കണമേ എന്ന് യഹോവയോടു പ്രാർഥിക്കുന്നതും ഉചിതമാണ്. അങ്ങനെ, “ശാന്തതയും സമാധാനവുമുള്ള ജീവിതം നയിക്കാൻ” നമ്മുടെ സഹോദരങ്ങൾക്കു സാധിക്കും.—1 തിമൊ. 2:1, 2.
4. നാം പ്രാർഥനയിൽ ഉറ്റിരിക്കേണ്ടത് എന്തുകൊണ്ട്?
4 മുഴുഭൂമിയിലും സുവാർത്ത പ്രസംഗിക്കുക എന്നത് അതിബൃഹത്തായ ഒരു വേലയാണ്. നാം ‘പ്രാർഥനയിൽ ഉറ്റിരിക്കുന്നെങ്കിൽ’ യഹോവയുടെ സഹായത്താൽ ഈ വേല പൂർത്തീകരിക്കാൻ നമുക്കാകും.—റോമ. 12:12.