ചോദ്യപ്പെട്ടി
◼ കൂപ്പണുകളും ഇന്റർനെറ്റ് അപേക്ഷകളും പൂരിപ്പിക്കേണ്ടത് ആരാണ്?
ബൈബിൾ സാഹിത്യങ്ങളോ യഹോവയുടെ സാക്ഷികളുമായുള്ള ബൈബിൾ ചർച്ചകളോ ആഗ്രഹിക്കുന്നവർക്ക് പൂരിപ്പിച്ച് അയയ്ക്കാൻവേണ്ടിയുള്ള കൂപ്പണുകൾ നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ പുറംപേജിൽ പലപ്പോഴും കൊടുക്കാറുണ്ട്. കൂടാതെ, ബൈബിളധ്യയനം ആഗ്രഹിക്കുന്നവരുടെ ഉപയോഗാർഥം, www.watchtower.org എന്ന വെബ്സൈറ്റും നമുക്കുണ്ട്. സത്യം പഠിക്കാൻ ഈ ഉപാധികൾ പലരെയും സഹായിച്ചിരിക്കുന്നു. എന്നാൽ ബന്ധുക്കളെയും മറ്റുള്ളവരെയും ആത്മീയമായി സഹായിക്കുക എന്ന ഉദ്ദേശ്യത്തിൽ ചിലപ്പോൾ പ്രസാധകർതന്നെ ഇവ പൂരിപ്പിച്ച് അയയ്ക്കാറുണ്ട്. ഇത് ചില പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ആവശ്യപ്പെടാതെ ബ്രാഞ്ചിൽനിന്ന് സാഹിത്യങ്ങൾ ലഭിച്ചത് ചിലരെ പ്രകോപിപ്പിച്ചിട്ടുണ്ട്. നമ്മുടെ സംഘടന അവരെ ശല്യം ചെയ്യുന്നതായിട്ടാണ് അവർക്കു തോന്നുന്നത്. തുടർന്നും തങ്ങളുടെ പേരിൽ സാഹിത്യങ്ങൾ വന്നുകൊണ്ടിരിക്കുമോ എന്ന് അവർ ഭയക്കുന്നു. ഇനി, ബ്രാഞ്ചിന്റെ നിർദേശപ്രകാരം ‘താത്പര്യക്കാരനെ’ തേടിച്ചെല്ലുന്ന പ്രസാധകരും ചിലപ്പോൾ പ്രതിസന്ധിയിലാകാറുണ്ട്. വീട്ടിൽ ചെല്ലുമ്പോഴായിരിക്കും അറിയുന്നത്, ആ വ്യക്തി അങ്ങനെയൊരു കൂപ്പണേ അയച്ചിട്ടില്ലെന്ന്. വീട്ടുകാരന്റെ ദേഷ്യം, ചെന്ന പ്രസാധകനോടായിരിക്കും. അതുകൊണ്ട് വെബ്സൈറ്റിലൂടെയോ കൂപ്പണുകൾവഴിയോ അപേക്ഷകൾ അയയ്ക്കേണ്ടത് താത്പര്യക്കാർതന്നെ ആയിരിക്കണം. അവർക്കുവേണ്ടി പ്രസാധകർ അത് അയയ്ക്കാൻ പാടില്ല. താത്പര്യക്കാർ നേരിട്ടല്ല അപേക്ഷ അയച്ചിരിക്കുന്നത് എന്നു തിരിച്ചറിയുന്നപക്ഷം ബ്രാഞ്ച് ഓഫീസ് തുടർനടപടികൾ കൈക്കൊള്ളില്ല.
നമ്മുടെ ബന്ധുക്കളെയോ പരിചയക്കാരെയോ ആത്മീയമായി സഹായിക്കാൻ നമുക്ക് പിന്നെ എന്താണ് ചെയ്യാനാകുക? അവർ നമ്മുടെ സാഹിത്യങ്ങൾ വായിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഒരു സമ്മാനമെന്നനിലയിൽ അവ നിങ്ങൾക്കുതന്നെ അയച്ചുകൊടുക്കാനാകും. സാക്ഷികളിൽ ആരെങ്കിലും തന്നെ സന്ദർശിക്കാൻ ആ വ്യക്തി താത്പര്യപ്പെടുന്നെങ്കിലോ? അദ്ദേഹം താമസിക്കുന്ന പ്രദേശത്തുള്ള സഭയിലെ മൂപ്പന്മാരുമായി ബന്ധപ്പെടാൻ നിങ്ങൾക്കു സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക. ഇല്ലെങ്കിൽ, ദയവായി ബന്ധപ്പെടുക (S-43) ഫാറം പൂരിപ്പിച്ച് നിങ്ങളുടെ സഭയുടെ സെക്രട്ടറിക്കു കൈമാറുക. അദ്ദേഹം അത് വായിച്ച് ബ്രാഞ്ച് ഓഫീസിന് അയച്ചുതരുന്നതായിരിക്കും. ഇനി, താത്പര്യക്കാരൻ ജയിലിലോ പുനരധിവാസകേന്ദ്രത്തിലോ കഴിയുന്ന ആളാണെങ്കിൽ അദ്ദേഹത്തിനുവേണ്ടി നിങ്ങൾ ബ്രാഞ്ച് ഓഫീസിലേക്ക് അപേക്ഷ അയയ്ക്കരുത്. പകരം, അങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്ന സഹോദരന്മാരെ നിങ്ങൾക്ക് അറിയാമെങ്കിൽ അവരുമായി ബന്ധപ്പെടാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക; അല്ലെങ്കിൽ ആ വ്യക്തിയോട് നേരിട്ട് ബ്രാഞ്ച് ഓഫീസിലേക്ക് എഴുതാൻ പറയുക.