ചോദ്യപ്പെട്ടി
◼ പ്രചാരകർ വിപുലമായി ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ട് മറ്റൊരു രാജ്യത്തുള്ള അപരിചിതരോട് സാക്ഷീകരിക്കുകയോ അധ്യയനം നടത്തുകയോ ചെയ്യണമോ?
ചില പ്രചാരകർക്ക് ഇന്റർനെറ്റ് ഉപയോഗിച്ച് നമ്മുടെ വേല നിരോധിച്ചിരിക്കുന്നതോ അധികം പ്രചാരകർ ഇല്ലാത്തതോ ആയ നാടുകളിൽ ബൈബിളധ്യയനം ലഭിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ നല്ല ഫലങ്ങളും കിട്ടിയിട്ടുണ്ട്. എന്നാൽ പ്രചാരകർ ഇ-മെയിൽ വഴിയോ ചാറ്റ്റൂമിലൂടെയോ അപരിചിതരുമായി ചർച്ചകൾ നടത്തുമ്പോൾ അതിൽ അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. (2007 ജൂലൈയിലെ നമ്മുടെ രാജ്യശുശ്രൂഷ, പേജ് 3 കാണുക.) ദൈവരാജ്യ സന്ദേശം ആത്മാർഥഹൃദയരായ ആളുകളിലേക്ക് എത്തിക്കുകയെന്നതാണ് ഉദ്ദേശ്യമെങ്കിലും അങ്ങനെയുള്ള ചർച്ചകൾ ഒരു സഹോദരനെയോ സഹോദരിയെയോ വിശ്വാസത്യാഗികൾ ഉൾപ്പെടെയുള്ള ചീത്ത സഹവാസത്തിലേക്ക് നയിച്ചേക്കാം. (1 കൊരി. 1:19-25; കൊലോ. 2:8) കൂടാതെ, പ്രസംഗവേലയ്ക്ക് നിരോധനമോ തടസ്സമോ ഉള്ള നാടുകളിലേക്ക് നെറ്റിലൂടെയുള്ള ആശയവിനിമയം അവിടത്തെ അധികാരികൾ പരിശോധിക്കുന്നതിനാൽ ഇത് അവിടെയുള്ള സഹോദരീസഹോദരന്മാരെ അപകടത്തിൽ ആക്കിയേക്കാം. അതിനാൽ, പ്രചാരകർ ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ട് മറ്റൊരു രാജ്യത്തെ ആളുകളുമായി ദൈവരാജ്യ സുവാർത്ത പങ്കുവെക്കാൻ ശ്രമിക്കരുത്.
പ്രാദേശിക ബ്രാഞ്ചോഫീസ് നിർദേശം നൽകാത്തപക്ഷം വേറെ രാജ്യത്തുനിന്നുള്ള സന്ദർശകരായ ആരെയെങ്കിലും നിങ്ങൾ കണ്ടുമുട്ടുകയും അവരോട് അനൗപചാരികമായി സാക്ഷീകരിക്കുകയും ചെയ്യുന്നുവെങ്കിൽ അവരുടെ താത്പര്യം വളർത്തിയെടുക്കാൻ ശ്രമിക്കരുത്. മറിച്ച് അവർ മടങ്ങിപ്പോയ ശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കാനായി എങ്ങനെ jw.org ഉപയോഗിക്കാമെന്നും പ്രാദേശിക ബ്രാഞ്ചോഫീസിനെ ബന്ധപ്പെടാമെന്നും അറിയിക്കുക. അദ്ദേഹത്തിന്റെ വീടിന്റെ അടുത്തുള്ള രാജ്യഹാൾ സന്ദർശിക്കാമെന്നു പറഞ്ഞുകൊണ്ട് പ്രോത്സാഹിപ്പിക്കുക. ചില രാജ്യങ്ങളിൽ രാജ്യഹാൾ ഇല്ല എന്നത് ശരിയാണ്. സ്വന്തം പ്രദേശത്തുനിന്നുള്ള സാക്ഷികൾ ആരെങ്കിലും തന്നെ സന്ദർശിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നെങ്കിൽ ദയവായി ബന്ധപ്പെടുക (S-43) ഫാറം പൂരിപ്പിച്ച് സെക്രട്ടറിക്ക് കൊടുക്കുക. സെക്രട്ടറി അത് jw.org ഉപയോഗിച്ച് അയയ്ക്കണം. താത്പര്യമുള്ള വ്യക്തി താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് ആ രാജ്യത്തിന്റെ മേൽനോട്ടമുള്ള ബ്രാഞ്ചോഫീസിന് ഏറെ നന്നായി അറിയാവുന്നതിനാൽ ആത്മീയ സഹായം പ്രദാനം ചെയ്യാൻ അവർക്കായിരിക്കും ഏറ്റവും എളുപ്പം.—2011 നവംബർ നമ്മുടെ രാജ്യശുശ്രൂഷ, പേ. 2 കാണുക.
നമ്മൾ സന്ദർശിച്ചുകൊണ്ടിരിക്കുന്ന വ്യക്തി മറ്റൊരു രാജ്യത്തേക്ക് മാറിത്താമസിക്കുകയോ നമ്മൾ ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യക്തി മറ്റൊരു രാജ്യക്കാരനായിരിക്കുകയും അദ്ദേഹത്തെ ഇന്റർനെറ്റ് വഴി മാത്രമാണ് നിങ്ങൾക്ക് പരിചയവും എങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ബാധകമാക്കണം. എന്നാൽ അദ്ദേഹത്തിന്റെ താത്പര്യം വളർത്താൻ അവിടെയുള്ള ഒരു പ്രചാരകൻ എത്തുന്നതുവരെ നിങ്ങൾക്ക് സഹായിക്കാവുന്നതാണ്. നമ്മുടെ വേലയ്ക്ക് തടസ്സമോ നിരോധനമോ ഉള്ള രാജ്യത്ത് ജീവിക്കുന്ന വ്യക്തിയുമായി കത്തോ ഫോണോ ഇലക്ട്രോണിക് മാധ്യമം വഴിയോ ബൈബിൾ ചർച്ച ചെയ്യുന്നതിൽ വളരെയധികം ജാഗ്രത പുലർത്തണം.—മത്താ. 10:16.