പ്രസംഗിക്കാൻ 12 കാരണങ്ങൾ!
നാം സുവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് എന്തിനാണ്? ആത്മാർഥഹൃദയരായ ആളുകളെ ജീവന്റെ പാതയിലേക്കു നയിക്കുക എന്നതാണോ അതിന്റെ മുഖ്യലക്ഷ്യം? (മത്താ. 7:14) താഴെക്കൊടുത്തിരിക്കുന്ന കാരണങ്ങളിൽ ആദ്യം പട്ടികപ്പെടുത്തിയിരിക്കുന്നത് അതാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് അതല്ല. ശുശ്രൂഷയിൽ ഏർപ്പെടുന്നതിനുള്ള പിൻവരുന്ന 12 കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി നിങ്ങൾക്കു തോന്നുന്നത് ഏതാണ്?
1. ജീവൻ രക്ഷിക്കാൻ അതു സഹായിക്കുന്നു.—യോഹ. 17:3.
2. അതിലൂടെ ദുഷ്ടന്മാർക്ക് മുന്നറിയിപ്പു നൽകപ്പെടുന്നു.—യെഹെ. 3:18, 19.
3. അതു ബൈബിൾപ്രവചനം നിവർത്തിക്കുന്നു. —മത്താ. 24:14.
4. അത് ദൈവത്തിന്റെ നീതിയുടെ തെളിവാണ്. അനുതപിക്കാൻ അവസരം നൽകാതെ ദൈവം ദുഷ്ടന്മാരെ നശിപ്പിച്ചെന്ന് ആർക്കും പരാതിപറയാൻ സാധിക്കില്ല.—പ്രവൃ. 17:30, 31; 1 തിമൊ. 2:3, 4.
5. യേശുവിന്റെ രക്തത്താൽ വിലയ്ക്കു വാങ്ങിയവരെ ആത്മീയമായി സഹായിക്കാനുള്ള കടമ നിവർത്തിക്കാൻ അത് ഇടയാക്കുന്നു.—റോമ. 1:14, 15.
6. രക്തപാതകക്കുറ്റത്തിൽനിന്ന് അത് നമ്മെ ഒഴിവുള്ളവരാക്കുന്നു.—പ്രവൃ. 20:26, 27.
7. നമ്മുടെ സ്വന്തം രക്ഷയ്ക്ക് അത് അനിവാര്യമാണ്.—യെഹെ. 3:19; റോമ. 10:9, 10.
8. അയൽക്കാരോടുള്ള നമ്മുടെ സ്നേഹം അതിലൂടെ പ്രകടമാകുന്നു.—മത്താ. 22:39.
9. യഹോവയോടും അവന്റെ പുത്രനോടും ഉള്ള അനുസരണത്തിന്റെ തെളിവാണ് അത്.—മത്താ. 28:19, 20.
10. അത് നമ്മുടെ ആരാധനയുടെ ഭാഗമാണ്.—എബ്രാ. 13:15.
11. നാം ദൈവത്തെ സ്നേഹിക്കുന്നു എന്ന് അത് പ്രകടമാക്കുന്നു.—1 യോഹ. 5:3.
12. യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടുന്നതിന് അതു കാരണമാകുന്നു.—യെശ. 43:10-12; മത്താ. 6:9.
എന്നാൽ ഈ കാരണങ്ങൾ മാത്രമല്ല ശുശ്രൂഷയിൽ ഏർപ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ഉദാഹരണത്തിന്, പ്രസംഗവേല നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നു; ദൈവത്തിന്റെ കൂട്ടുവേലക്കാരായി പ്രവർത്തിക്കാനുള്ള വലിയൊരു പദവിയും നമുക്ക് കരഗതമാകുന്നു. (1 കൊരി. 3:9) എന്നിരുന്നാലും, നാം ശുശ്രൂഷയിൽ ഏർപ്പെടുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം പന്ത്രണ്ടാമത്തേതാണ്: ആളുകളുടെ പ്രതികരണം എന്തുതന്നെയായിരുന്നാലും പ്രസംഗവേല ദൈവത്തിന്റെ നാമവിശുദ്ധീകരണത്തിന് ഇടയാക്കുന്നു, അതിലൂടെ തന്നെ നിന്ദിക്കുന്നവന് തക്ക മറുപടി നൽകാനും യഹോവയ്ക്ക് സാധിക്കുന്നു. (സദൃ. 27:11) അതെ, ‘സുവിശേഷം അവിരാമം പഠിപ്പിക്കുകയും ഘോഷിക്കുകയും ചെയ്തുകൊണ്ടിരിക്കാൻ’ നമുക്കു കാരണങ്ങൾ ഏറെയാണ്!—പ്രവൃ. 5:42.