സ്മാരകാചരണത്തിനായി സന്തോഷത്തോടെ ഒരുങ്ങാം
1. സ്മാരകകാലം എന്തിനുള്ള സവിശേഷാവസരമാണ്?
1 ദൈവം നമുക്കു നൽകിയിരിക്കുന്ന രക്ഷാമാർഗത്തിൽ ആനന്ദിക്കാനുള്ള സവിശേഷാവസരമാണ് മാർച്ച് 26 ചൊവ്വാഴ്ച. (യെശ. 61:10) എന്നാൽ ഇപ്പോൾത്തന്നെ സന്തോഷത്തോടെ ആ ആചരണത്തിനായി നമുക്ക് ഒരുങ്ങാനാകും. എങ്ങനെ?
2. സ്മാരകാചരണത്തിനായി ഒരുക്കങ്ങൾ നടത്താൻ നമ്മെ പ്രേരിപ്പിക്കേണ്ടത് എന്താണ്?
2 ആചരണത്തിനുവേണ്ട ഒരുക്കങ്ങൾ ചെയ്യുക: ഏറെ വിശേഷപ്പെട്ട ആചരണമാണ് കർത്താവിന്റെ സന്ധ്യാഭക്ഷണമെങ്കിലും അത് വളരെ ലളിതമാണ്. എങ്കിലും മുന്നമേ ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്; അങ്ങനെയാകുമ്പോൾ പ്രധാനപ്പെട്ട ചില കാര്യങ്ങൾ വിട്ടുപോകില്ല. (സദൃ. 21:5) ഉദാഹരണത്തിന്, ആചരണം നടത്തേണ്ട സമയവും അനുയോജ്യമായ സ്ഥലവും തിരഞ്ഞെടുക്കേണ്ടതുണ്ട്. ഉചിതമായ സ്മാരകചിഹ്നങ്ങൾ തയ്യാറാക്കണം. ഹാളും പരിസരവും വൃത്തിയാക്കുകയും വേണ്ട ഒരുക്കങ്ങൾ നടത്തുകയും വേണം. സേവകന്മാരെയും സ്മാരകചിഹ്നങ്ങൾ വിതരണം ചെയ്യുന്നവരെയും തിരഞ്ഞെടുത്ത് വേണ്ട നിർദേശങ്ങൾ നൽകണം. ഇനി, സ്മാരകപ്രസംഗം നടത്തേണ്ട വ്യക്തി സശ്രദ്ധം തയ്യാറാകേണ്ടതുണ്ട്. ഈ ഒരുക്കങ്ങളിൽ മിക്കതും ഇതിനോടകം പൂർത്തിയായിട്ടുണ്ട് എന്നതിനു സംശയമില്ല. മറുവിലയോടുള്ള വിലമതിപ്പ് പരിപാവനമായ ഈ ആചരണത്തിനായി നന്നായി ഒരുങ്ങാൻ നമുക്ക് പ്രചോദനമേകുന്നു.—1 പത്രോ. 1:8, 9.
3. കർത്താവിന്റെ സന്ധ്യാഭക്ഷണത്തിനായി നമ്മുടെ ഹൃദയത്തെ എങ്ങനെ ഒരുക്കാം?
3 ഹൃദയത്തെ ഒരുക്കുക: സ്മാരകാചരണത്തിന്റെ പ്രാധാന്യം പൂർണമായി ഗ്രഹിക്കാൻ നമ്മുടെ ‘ഹൃദയത്തെയും ഒരുക്കേണ്ടതുണ്ട്.’ (എസ്രാ 7:10, വിശുദ്ധ സത്യവേദ പുസ്തകം, മോഡേൺ മലയാളം വേർഷൻ) അതിനുവേണ്ടി, സ്മാരക ബൈബിൾ വായനാഭാഗം പരിചിന്തിക്കാനും യേശുവിന്റെ ഭൂമിയിലെ അവസാനദിനങ്ങളെക്കുറിച്ച് ധ്യാനിക്കാനും സമയം മാറ്റിവെക്കുക. യേശു കാണിച്ച ആത്മത്യാഗമനോഭാവത്തെക്കുറിച്ച് ധ്യാനിക്കുന്നത് അവനെ അനുകരിക്കാൻ നമുക്ക് പ്രചോദനമേകും.—ഗലാ. 2:20.
4. മറുവിലയുടെ ഏതു പ്രയോജനമാണ് നിങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നത്?
4 ക്രിസ്തുവിന്റെ മരണം യഹോവയുടെ പരമാധികാരം സംസ്ഥാപിക്കും. അത് പാപത്തിൽനിന്നും മരണത്തിൽനിന്നും നമുക്ക് വിമോചനമേകും. (1 യോഹ. 2:2) ദൈവവുമായുള്ള ഒരു സമാധാനബന്ധത്തിലേക്കും അനന്തമായ ഒരു ജീവിതത്തിലേക്കും അതു വഴിതുറക്കും. (കൊലോ. 1:21, 22) സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനുള്ള നമ്മുടെ തീരുമാനത്തെ ദൃഢമാക്കാനും ക്രിസ്തുവിന്റെ അനുഗാമികളായി ഉറച്ചുനിൽക്കാനും മറുവില നമ്മെ പ്രാപ്തരാക്കും. (മത്താ. 16:24) സ്മാരകാചരണത്തിനായി ഒരുങ്ങുകയും അതിൽ സന്നിഹിതരാകുകയും ചെയ്യുമ്പോൾ നിങ്ങളുടെ സന്തോഷം വർധിക്കട്ടെ!