മാസികാറൂട്ട്—ബൈബിളധ്യയനം തുടങ്ങാൻ ഉതകുന്നു
1. ദീർഘനാളായി യഹോവയുടെ സംഘടന മാസികാറൂട്ട് തുടങ്ങാൻ പ്രസാധകരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട്?
1 മിക്കയാളുകൾക്കും നമ്മോടൊപ്പം ബൈബിൾ പഠിക്കാൻ താത്പര്യമില്ലെങ്കിലും അവർ നമ്മുടെ മാസികകളുടെ വായന ആസ്വദിക്കുന്നു. അതുകൊണ്ട്, നാളുകളായി യഹോവയുടെ സംഘടന പ്രസാധകരെ മാസികാറൂട്ട് ആരംഭിക്കുന്നതിനു പ്രോത്സാഹിപ്പിച്ചിരിക്കുന്നു. നമ്മുടെ മാസികകൾ ക്രമമായി വായിക്കുമ്പോൾ ദൈവവചനത്തോടുള്ള വാഞ്ഛ വളരാൻ ഇടയായേക്കാം. (1 പത്രോ. 2:2) കാലക്രമത്തിൽ വായിക്കുന്ന എന്തെങ്കിലും അവരെ ആകർഷിച്ചേക്കാം, അത് ഒരു ബൈബിളധ്യയനത്തിലേക്കു നയിച്ചേക്കാം.
2. മാസികാറൂട്ടിലുള്ളവരുടെ താത്പര്യം എങ്ങനെ വളർത്താം?
2 സത്യത്തിന്റെ വിത്ത് ‘നനയ്ക്കൽ’: മാസിക വെറുതെ കൊടുക്കുന്നതിനു പകരം വീട്ടുകാരനുമായി സംഭാഷണത്തിലേർപ്പെട്ടുകൊണ്ട് ഒരു ബന്ധം സ്ഥാപിക്കുക. ഇത് അദ്ദേഹത്തിന്റെ സാഹചര്യങ്ങൾ, താത്പര്യങ്ങൾ, വിശ്വാസങ്ങൾ എന്നിവ മനസ്സിലാക്കി ഉൾക്കാഴ്ചയോടെ സംസാരിക്കാൻ നിങ്ങളെ സഹായിക്കും. (സദൃ. 16:23) ഓരോ സന്ദർശനത്തിനു മുമ്പും തയ്യാറാകുക. സാധ്യമെങ്കിൽ മാസികയിലുള്ള ഒരു ആശയവും ബന്ധപ്പെട്ട തിരുവെഴുത്തും ചുരുക്കമായി വിശേഷവത്കരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഹൃദയത്തിലുള്ള സത്യത്തിന്റെ വിത്ത് നനയ്ക്കുക. (1 കൊരി. 3:6) സന്ദർശിച്ച ദിവസം, കൊടുത്ത സാഹിത്യം, ചർച്ച ചെയ്ത വിഷയങ്ങൾ, തിരുവെഴുത്തുകൾ എന്നിവയുടെ രേഖ എഴുതിയുണ്ടാക്കുക.
3. മാസികാറൂട്ടിലുള്ളവരുടെ അടുത്ത് എത്ര കൂടെക്കൂടെ മടങ്ങിച്ചെല്ലണം?
3 എത്ര കൂടെക്കൂടെ മടങ്ങിച്ചെല്ലണം? മാസികാറൂട്ടിലുള്ളവരുടെ അടുത്ത് മാസത്തിലൊരിക്കലോ പുതിയ ലക്കങ്ങളുള്ളപ്പോഴോ മടങ്ങിച്ചെല്ലണം. എന്നിരുന്നാലും, അതിലും കൂടെക്കൂടെ സന്ദർശിക്കണമോ എന്നത് നമ്മുടെ സാഹചര്യം, വീട്ടുകാരന്റെ താത്പര്യം എന്നിവയെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, മാസിക കൊടുത്ത് ഒന്നോ രണ്ടോ ആഴ്ചക്കു ശേഷം മടങ്ങിച്ചെന്ന് ഇങ്ങനെ പറയാം, “താങ്കൾക്കു നൽകിയ മാസികയിലെ ഒരു ആശയം ചുരുക്കമായി പറയാനാണ് ഞാൻ ഇതുവഴി വന്നത്.” ഇത് ആ പ്രത്യേകലേഖനം വായിക്കാനുള്ള അദ്ദേഹത്തിന്റെ താത്പര്യം ഉണർത്തും. ആ ലേഖനം ഇതിനോടകം വായിച്ചുകഴിഞ്ഞെങ്കിൽ അതിനെക്കുറിച്ച് അദ്ദേഹം എന്തു ചിന്തിക്കുന്നുവെന്നു ചോദിച്ചുകൊണ്ട് ചുരുക്കമായി ചർച്ച ചെയ്യുക. നമ്മുടെ സാഹിത്യങ്ങളുടെ വായന ആസ്വദിക്കുന്ന ഒരാളാണു വീട്ടുകാരനെങ്കിൽ ആ മാസത്തെ സമർപ്പണമായ ലഘുലേഖയോ ലഘുപത്രികയോ പുസ്തകമോ കൊടുക്കാനായി മടങ്ങിച്ചെല്ലാനാകും.
4. മാസികാറൂട്ടിലുള്ളവർക്ക് ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടോ എന്ന് തിരിച്ചറിയാൻ ഇടയ്ക്കിടെ നമുക്ക് എന്തു ചെയ്യാനാകും?
4 വീട്ടുകാരൻ ഒരു അധ്യയനം ആവശ്യപ്പെടുന്നതുവരെ കാത്തിരിക്കുന്നതിനു പകരം നിങ്ങൾതന്നെ അതിനു മുൻകൈയെടുക്കുക. മുമ്പ് ബൈബിളധ്യയനം നിരസിച്ചിട്ടുള്ള വ്യക്തിയാണെങ്കിലും ഇടയ്ക്കിടെ വീക്ഷാഗോപുരത്തിലെ “ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും” എന്ന പംക്തി ഉപയോഗിച്ചുകൊണ്ട് ചർച്ചക്കു തയ്യാറാണോ എന്നു വിലയിരുത്തുക. ഒരുപക്ഷേ, വീട്ടുവാതിൽക്കൽവെച്ച് അധ്യയനം നടത്താനായേക്കും. എന്നാൽ ഒരു ബൈബിളധ്യയനം തുടങ്ങാൻ കഴിയുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ താത്പര്യം വളർത്താൻ തുടർന്നും മാസികകൾ നൽകാനാകും.