ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—മാസികാറൂട്ട് വികസിപ്പിച്ചുകൊണ്ട്
എന്തുകൊണ്ട് പ്രധാനം: നമ്മുടെ മാസികകൾ അനേകരും വായിച്ച് ആസ്വദിക്കുന്നുണ്ടെങ്കിലും അവർ ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്നില്ല. ഒരുപക്ഷേ അവർ സ്വന്തം മതത്തിൽ സന്തുഷ്ടരായിരിക്കാം അല്ലെങ്കിൽ പഠിക്കാൻ സമയമില്ലെന്ന് ആയിരിക്കാം അവർക്കു തോന്നുന്നത്. എന്നിരുന്നാലും നമ്മുടെ മാസികകൾ ക്രമമായി വായിക്കുന്നതിനാൽ അവർക്ക് ദൈവവചനത്തോട് ഒരു വാഞ്ഛ ഉണ്ടായേക്കാം. (1 പത്രോ. 2:2) ഒരു പ്രത്യേക ലേഖനം അവരുടെ ഹൃദയത്തെ സ്പർശിച്ചേക്കാം, അല്ലെങ്കിൽ അവരുടെ സാഹചര്യങ്ങൾ മാറിയിരിക്കാം. ക്രമമായി ഹ്രസ്വമായ സന്ദർശനങ്ങൾ നടത്തുന്നതിനാൽ അവരുമായി നല്ല ബന്ധത്തിലേക്കു വരാനും അങ്ങനെ അവരുടെ താത്പര്യങ്ങളും ഉത്കണ്ഠകളും അറിഞ്ഞ് സഹായിക്കാനും നമുക്കാകും. കാലാന്തരത്തിൽ ഒരു ബൈബിളധ്യയനം തുടങ്ങാനായേക്കും.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
മാസികാറൂട്ടിൽ ഉൾപ്പെടുത്താവുന്നവരുടെ ഒരു പട്ടിക തയ്യാറാക്കുക. പുതിയ ലക്കം മാസികകൾ കൊടുത്തിട്ട്, അടുത്ത ലക്കവുമായി വരാമെന്നു പറയുക.