മാസികാ റൂട്ടുകൾ വഴി “രാജ്യവിത്തു വിതയ്ക്കൽ”
1 യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക എന്ന പാട്ടുപുസ്തകത്തിലെ 133-ാമത്തെ ഗീതത്തിന്റെ വിഷയം “രാജ്യവിത്തു വിതയ്ക്കൽ” എന്നാണ്. ശിഷ്യരാക്കൽ വേലയെ വിത്തു വിതയ്ക്കലിനോട് ഉപമിക്കുന്ന യേശുവിന്റെ ദൃഷ്ടാന്തത്തെ ആസ്പദമാക്കിയുള്ളതാണ് പ്രസ്തുത ഗീതം. (മത്താ. 13:4-8, 19-23) അതിലെ ഒരു വരി ഇങ്ങനെ വായിക്കുന്നു: “നല്ല മണ്ണിൽ വീഴും വിത്തെത്രയെന്ന്/ആശ്രിതം ഹാ നിന്നിൽ തന്നെ.” ശുശ്രൂഷയുടെ ഫലപ്രദത്വം നമുക്ക് എങ്ങനെ വർധിപ്പിക്കാനാകും? ഒരു മാസികാ റൂട്ട് തുടങ്ങി അതു നിലനിർത്തുന്നത് ഒരു മാർഗമാണ്.
2 ഒരു മാസികാ റൂട്ടിലൂടെ നിരവധി ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനാകും. (1) രണ്ടാഴ്ച കൂടുമ്പോഴുള്ള ക്രമമായ സന്ദർശനം താത്പര്യക്കാരനുമായി ഒരു സൗഹൃദ ബന്ധം വളർത്തിയെടുക്കുന്നതിനു നിങ്ങളെ സഹായിക്കുന്നു. (2) വീക്ഷാഗോപുരത്തിലും ഉണരുക!യിലും അടങ്ങിയിരിക്കുന്ന ജീവരക്ഷാകരമായ വിവരങ്ങൾ ആ വ്യക്തിക്ക് ക്രമമായി എത്തിച്ചു കൊടുക്കുന്നതിൽ തുടരാൻ നിങ്ങൾക്കു സാധിക്കുന്നു. (3) ബൈബിൾ അധ്യയനത്തിലേക്കു നയിച്ചേക്കാവുന്ന, തിരുവെഴുത്തു സത്യങ്ങളോടുള്ള ഒരു വാഞ്ഛ വളർത്തിയെടുക്കാൻ അദ്ദേഹത്തെ സഹായിക്കാൻ നിങ്ങൾക്കു നിങ്ങളുടെ സംഭാഷണത്തിലൂടെ ഒരുപക്ഷേ സാധിച്ചേക്കും.—1 പത്രൊ. 2:2, 3
3 മാസികാ റൂട്ട് തുടങ്ങേണ്ട വിധം: ഒരു വ്യക്തി മാസികയിൽ താത്പര്യം കാണിക്കുമ്പോൾ, ഓരോ ലക്കത്തിലും വളരെ നല്ല ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നെന്നും രണ്ടാഴ്ചയിൽ ഒരിക്കൽ അവ അയാൾക്ക് എത്തിച്ചുകൊടുക്കാൻ നിങ്ങൾക്കു സന്തോഷമുണ്ടെന്നും വിശദമാക്കുക. അവിടെനിന്നു പോന്ന ശേഷം ആ വ്യക്തിയുടെ പേര്, വിലാസം, സന്ദർശിച്ച തീയതി, സമർപ്പിച്ച മാസികാ ലക്കങ്ങൾ, വിശേഷവത്കരിച്ച ലേഖനം, ആ വ്യക്തി വിശേഷാൽ താത്പര്യം കാട്ടിയ വിഷയങ്ങൾ എന്നിവ കുറിച്ചുവെക്കുക.
4 വളരെ കുറച്ച് ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് നിങ്ങൾക്ക് ഒരു മാസികാ റൂട്ട് തുടങ്ങാനാകും. തുടർന്ന്, നിങ്ങൾ മാസിക സമർപ്പിക്കുന്ന മറ്റുള്ളവരെ ഉൾപ്പെടുത്തി അതു വിപുലപ്പെടുത്താൻ ശ്രമിക്കുക. മാസികാ റൂട്ടു വളരുന്നതോടെ നിങ്ങൾക്ക് അത് പ്രദേശ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്താൻ സാധിക്കും. അപ്പോൾ അതു കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കും. ഓരോ സന്ദർശന സമയത്തും സമർപ്പിച്ച ലക്കങ്ങളുടെയും സന്ദർശന സമയത്തിന്റെയും കൃത്യമായ രേഖ സൂക്ഷിക്കുക. നിങ്ങളുടെ സംഭാഷണങ്ങളെ കുറിച്ചും വ്യക്തിക്കു സത്യത്തിലുള്ള താത്പര്യം അടുത്ത സന്ദർശനത്തിൽ എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ചും ഉള്ള കുറിപ്പുകൾ അതിൽ ചേർക്കുക.
5 വ്യാപാരികളെയും തൊഴിലാളികളെയും ഉൾപ്പെടുത്തുക: കടക്കാരും മറ്റു തൊഴിലാളികളും നമ്മുടെ മാസികകൾ ഒരു ക്രമമായ അടിസ്ഥാനത്തിൽ സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. ഒരു മൂപ്പൻ സഹോദരന്റെ മാസികാ റൂട്ടിൽ അദ്ദേഹത്തിന്റെ നഗരത്തിലെ മേയറും ഉണ്ടായിരുന്നു. കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന ഒരു കമ്പനിയുടെ 80 വയസ്സുള്ള ഉടമയ്ക്ക് പത്തു വർഷം ക്രമമായി മാസികകൾ എത്തിച്ചു കൊടുത്ത ശേഷമാണ് ഒരു പ്രസാധകൻ അദ്ദേഹത്തിന് ഒരു അധ്യയനം ആരംഭിച്ചത്!
6 ഒരു കടയിൽ ചെന്ന ഒരു പയനിയർ സഹോദരി തന്നെ ഊഷ്മളമായി സ്വീകരിക്കാതിരുന്ന ഒരു ദമ്പതികളെ കണ്ടുമുട്ടി. എന്നിരുന്നാലും അവർ മാസിക സ്വീകരിച്ചതിനാൽ അവരെ തന്റെ മാസികാ റൂട്ടിൽ ഉൾപ്പെടുത്താൻ ഈ സഹോദരി തീരുമാനിച്ചു. എന്നാൽ, അവർ വളരെ പരുക്കൻ രീതിയിൽ ഇടപെട്ടതിനാലും വീക്ഷണ ചോദ്യങ്ങൾ ചോദിച്ചിട്ടുകൂടി മറുപടി പറയാതിരുന്നതിനാലും അവരെ സന്ദർശിക്കുന്നത് നിർത്തുന്നതിനെ കുറിച്ച് ആ സഹോദരി ആലോചിച്ചു. എന്നാൽ ഈ കാര്യത്തെക്കുറിച്ച് സഹോദരി പ്രാർഥിക്കുകയും ഒടുവിൽ എന്നേക്കും ജീവിക്കാൻ പുസ്തകം അവർക്കു സമർപ്പിക്കുകയും ചെയ്തു. അതു വായിച്ച ശേഷം ഭാര്യ ആശ്ചര്യപ്പെട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു: “അവസാനം ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു!” ഒരു ബൈബിൾ അധ്യയനം ആരംഭിക്കുകയും തുടർന്ന് അവർ സ്നാപനമേൽക്കുകയും ചെയ്തു. ആ പയനിയർ സഹോദരിയുടെ സ്ഥിരോത്സാഹം തീർച്ചയായും നല്ല ഫലം ഉളവാക്കി.
7 മടക്ക സന്ദർശനങ്ങൾ നടത്തൽ: ഒരു പുതിയ ലക്കം മാസിക ലഭിക്കുമ്പോൾ എല്ലാ ലേഖനങ്ങളും വായിക്കുക. നിങ്ങളുടെ മാസികാ റൂട്ടിലുള്ള ഓരോ വ്യക്തിക്കും ആകർഷകമായ ആശയങ്ങൾക്കായി നോക്കുക. തുടർന്ന് മടങ്ങിച്ചെല്ലുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ഈ ലേഖനം വായിച്ചപ്പോൾ നിങ്ങളെക്കുറിച്ചും ഇത് നിങ്ങൾക്ക് എത്രത്തോളം താത്പര്യജനകമായിരിക്കും എന്നതിനെക്കുറിച്ചും ഞാൻ ചിന്തിക്കുകയുണ്ടായി.” എല്ലാ പ്രായത്തിലുള്ള പ്രസാധകർക്കും ഒരു മാസികാ റൂട്ട് ഉണ്ടായിരിക്കുന്നത് ആസ്വദിക്കാനാകും. പ്രായം കുറഞ്ഞ ഒരു കുട്ടിക്കുപോലും ഇങ്ങനെ പറയാനാകും: “നിങ്ങളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ എനിക്കു സന്തോഷമുണ്ട്. നിങ്ങൾക്കുള്ള വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഏറ്റവും പുതിയ പ്രതികൾ എത്തിച്ചേർന്നിരിക്കുന്നു. . . . എന്ന ഈ ലേഖനം താങ്കൾക്ക് ഇഷ്ടപ്പെടുമെന്നാണ് ഞാൻ കരുതുന്നത്.”
8 “ഞങ്ങളുടെ അടുത്ത ലക്കത്തിൽ” എന്ന ചതുരത്തിലേക്കു ശ്രദ്ധ ആകർഷിച്ചുകൊണ്ട് വരാൻ പോകുന്ന ലക്കങ്ങളിൽ താത്പര്യം ജനിപ്പിക്കുക. ലേഖനങ്ങൾ ഒരു പരമ്പര ആണെങ്കിൽ അതു ചൂണ്ടിക്കാട്ടി അതിന്റെ യാതൊരു ഭാഗവും വിട്ടുകളയാതിരിക്കാൻ വായനക്കാരനെ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ മാസികാ റൂട്ടിലുള്ള ഒരു വ്യക്തിക്ക് മാസിക എത്തിച്ചു കൊടുക്കുന്ന ഓരോ അവസരവും ഒരു മടക്കസന്ദർശനമായി കണക്കാക്കാമെന്നതു മറക്കരുത്. സർവോപരി, ഈ സന്ദർശനങ്ങൾ ഭവന ബൈബിൾ അധ്യയനങ്ങളായി വളർത്തിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യം എന്നതും വിസ്മരിക്കരുത്.
9 നിങ്ങളുടെ റൂട്ടിലുള്ള ആളുകളെ ക്രമമായി സന്ദർശിക്കുക: പ്രായോഗികമായ ഏതൊരു സമയത്തും—ഒരു പ്രവൃത്തി ദിവസം രാവിലെയോ ഉച്ചകഴിഞ്ഞോ സായാഹ്നത്തിലോ അല്ലെങ്കിൽ, വാരാന്തത്തിൽ വീടുതോറുമുള്ള വേലയിൽ സമയം ചെലവഴിച്ച ശേഷമോ—നിങ്ങൾക്കു നിങ്ങളുടെ മാസികാ റൂട്ടിലുള്ളവരെ സന്ദർശിക്കാൻ സാധിക്കും. അസുഖം മൂലമോ അവധിക്കു പോകുന്നതിനാലോ നിങ്ങൾക്ക് മാസികാ റൂട്ടിലുള്ളവരെ സന്ദർശിക്കാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിലോ സഭയിലോ ഉള്ള ഒരു പ്രസാധകനോട് നിങ്ങൾക്കായി മാസിക എത്തിച്ചുകൊടുക്കാൻ അഭ്യർഥിക്കാവുന്നതാണ്. അങ്ങനെ ചെയ്യുക വഴി, നിങ്ങളുടെ റൂട്ടിലുള്ള ആളുകൾക്ക് യഥാസമയം മാസിക ലഭിക്കും.
10 രാജ്യവിത്തു വിതയ്ക്കാനുള്ള ഒരു മാർഗം മാസികാ റൂട്ടിലുള്ള എല്ലാവർക്കും ക്രമമായി വീക്ഷാഗോപുരവും ഉണരുക!യും എത്തിച്ചുകൊടുക്കുക എന്നതാണ്. അവരെ തിരുവെഴുത്തു സത്യം പഠിപ്പിക്കുമ്പോൾ, രാജ്യ വചനത്തിന്റെ അർഥം ഗ്രഹിക്കാനും ഒടുവിൽ നിങ്ങളോടൊപ്പം രാജ്യ ഫലം പുറപ്പെടുവിക്കാനും അവർക്കു സാധിക്കും.—മത്താ. 13:8, 23.