“ദൈവവചനത്തിന് ഒരു ആമുഖം” എന്ന ചെറുപുസ്തകം ഉപയോഗിക്കുക—സംഭാഷണം തുടങ്ങാൻ
1. ശുശ്രൂഷയ്ക്കായി ഏത് പുതിയ ഉപകരണമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്?
1 പുതിയ ലോക ഭാഷാന്തരത്തിന്റെ പരിഷ്കരിച്ച പതിപ്പിനോടൊപ്പം തുടക്കത്തിൽ “ദൈവവചനത്തിന് ഒരു ആമുഖം” എന്ന ഒരു ഭാഗമുണ്ട്. ശുശ്രൂഷയ്ക്കായി അവതരണങ്ങൾ തയ്യാറാകുമ്പോൾ ഈ പുതിയ ഉപകരണം നമുക്ക് എങ്ങനെ ഉപയോഗിക്കാം? ന്യായവാദം പുസ്തകത്തിലെപ്പോലെ ഇതിലും തിരുവെഴുത്തുകൾ വിവിധ വിഷയങ്ങൾക്ക് കീഴിൽ കൊടുത്തിട്ടുള്ളതിനാൽ അതുപയോഗിച്ചു സംഭാഷണങ്ങൾ തുടങ്ങുന്നത് എളുപ്പമാണ്.
2. “ദൈവവചനത്തിന് ഒരു ആമുഖം” എന്ന പ്രസിദ്ധീകരണം ശുശ്രൂഷയിൽ എങ്ങനെ ഉപയോഗിക്കാം?
2 ചോദ്യം 8 ഉപയോഗിച്ച് ഇപ്രകാരം പറയാം: “മനുഷ്യരുടെ കഷ്ടപ്പാടുകൾക്ക് ദൈവത്തെയാണോ പഴിക്കേണ്ടത് എന്ന് അനേകർ സംശയിക്കുന്നു. ഇതേപ്പറ്റി സംസാരിക്കാൻ ഞങ്ങൾ ഹ്രസ്വ സന്ദർശനം നടത്തുകയാണ്. (ചില പ്രദേശങ്ങളിൽ വീട്ടുകാർക്ക് ചോദ്യം ചെറുപുസ്തകത്തിൽനിന്നു കാണിച്ചുകൊടുക്കുന്നതാണ് ഫലപ്രദം.) എന്താണ് താങ്കളുടെ അഭിപ്രായം? (അഭിപ്രായം കേൾക്കുക.) ആ ചോദ്യത്തിനുള്ള തൃപ്തികരമായ ഉത്തരം ബൈബിളിലുണ്ട്.” ബൈബിളിൽനിന്ന് ഒന്നോ രണ്ടോ തിരുവെഴുത്തുകൾ വായിച്ച് ചർച്ച ചെയ്യുക. തുടർന്നും താത്പര്യമുണ്ടെങ്കിൽ ചെറുപുസ്തകത്തിന്റെ ആമുഖഭാഗത്തുള്ള 20 ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്ന് അദ്ദേഹം തിരഞ്ഞെടുക്കട്ടെ. അടുത്ത പ്രാവശ്യം അതിനെക്കുറിച്ചു വിശദീകരിക്കാമെന്നു പറയുക. അല്ലെങ്കിൽ ഇപ്പോൾ പരിചിന്തിച്ച വിഷയത്തെക്കുറിച്ചു കൂടുതൽ വിവരങ്ങളുള്ള നമ്മുടെ ഏതെങ്കിലും അധ്യയനപ്രസിദ്ധീകരണം കൊടുക്കാം.
3. അക്രൈസ്തവർ താമസിക്കുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുമ്പോൾ “ദൈവവചനത്തിന് ഒരു ആമുഖം” എന്ന പ്രസിദ്ധീകരണം എങ്ങനെ ഉപയോഗിക്കാം?
3 നാലാം ചോദ്യവും 13 മുതൽ 17 വരെയുള്ള ചോദ്യങ്ങളും അക്രൈസ്തവർ താമസിക്കുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുമ്പോൾ വിശേഷാൽ സഹായകമാണ്. ഉദാഹരണത്തിന്, 17-ാം ചോദ്യം ഉപയോഗിച്ച് ഇപ്രകാരം പറയാം: “കുടുംബാംഗങ്ങൾക്കുവേണ്ടി പൊതുജനസേവനത്തിന്റെ ഭാഗമായി ഞങ്ങൾ ഹ്രസ്വമായ സന്ദർശനം നടത്തുകയാണ്. കുടുംബങ്ങൾ ഇന്ന് അനേകം വെല്ലുവിളികൾ നേരിടുന്നു എന്നതിനോട് താങ്കൾ യോജിക്കുന്നില്ലേ? (അഭിപ്രായം കേൾക്കുക.) അനേകം ദമ്പതികൾ ഈ ജ്ഞാനമൊഴികൾ സഹായകരമായി കണ്ടെത്തിയിട്ടുണ്ട്: ‘ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കണം.’ (ഇത് എഫെസ്യർ 5:33-ൽനിന്നാണെന്ന് പറയേണ്ട ആവശ്യമില്ല. ഒരു സ്ത്രീയോടാണു സംസാരിക്കുന്നതെങ്കിൽ ഭർത്താവിനെ ബഹുമാനിക്കണമെന്നു പറയുന്നതിനു പകരം എഫെസ്യർ 5:28-ലെ വാക്കുകൾ പരാമർശിക്കാനാകും.) അത്തരം ഉപദേശം വിവാഹത്തിനു ഗുണം ചെയ്യുമെന്നു താങ്കൾ വിചാരിക്കുന്നില്ലേ?”
4. അക്രൈസ്തവനായ ഒരുവനോടുള്ള സംഭാഷണം അവസാനിപ്പിക്കുമ്പോൾ നമുക്ക് എന്തു ചെയ്യാനാകും?
4 സംഭാഷണം അവസാനിപ്പിക്കുമ്പോൾ മറ്റൊരു ദിവസം ചർച്ച തുടരാനായി ക്രമീകരണം ചെയ്യുക. മുമ്പത്തെ ചോദ്യത്തിലുള്ള മറ്റു തിരുവെഴുത്തുകളിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ചു സംസാരിക്കാൻ ലക്ഷ്യമിടാം. അനുയോജ്യമായ ഒരു സമയത്ത്, നമ്മൾ പറയുന്ന ജ്ഞാനമൊഴികൾ ബൈബിളിൽനിന്നാണെന്ന് അദ്ദേഹം അറിയട്ടെ. നേരത്തെ നടത്തിയ ചർച്ചയുടെയും ബൈബിളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ ആകർഷകമായ ഒരു പ്രസിദ്ധീകരണം നൽകുക.—2013 ഡിസംബറിലെ നമ്മുടെ രാജ്യശുശ്രൂഷയുടെ അനുബന്ധം കാണുക.