ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—സമർപ്പണവും സ്നാനവും എന്ന പടിയിലേക്കു വരാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക
എന്തുകൊണ്ട് പ്രധാനം?: യഹോവയുടെ അംഗീകാരം നേടുന്നതിന് ബൈബിൾവിദ്യാർഥികൾ തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്യേണ്ടതുണ്ട്. (1 പത്രോ. 3:21) ആ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നവർക്ക് ആത്മീയസുരക്ഷിതത്വം ലഭിക്കും. (സങ്കീ. 91:1, 2) ഒരു ക്രിസ്ത്യാനി ജീവിതം സമർപ്പിക്കുന്നത് യഹോവയ്ക്കാണ്, ഒരു മനുഷ്യനോ തൊഴിലിനോ സംഘടനയ്ക്കോ അല്ല. അതുകൊണ്ട് ദൈവത്തോടുള്ള സ്നേഹവും വിലമതിപ്പും വർധിപ്പിക്കാൻ വിദ്യാർഥികൾ ശ്രമിക്കണം.—റോമ. 14:7, 8.
എങ്ങനെ ചെയ്യാം?:
പഠനസമയത്ത്, അതിലെ വിവരങ്ങൾ യഹോവയെക്കുറിച്ച് എന്താണു വെളിപ്പെടുത്തുന്നതെന്നു ചർച്ച ചെയ്യുക. ബൈബിൾ ദിവസവും വായിക്കേണ്ടതിന്റെയും യഹോവയോട് “ഇടവിടാതെ” പ്രാർഥിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുപറയുക.—1 തെസ്സ. 5:17; യാക്കോ. 4:8.
സമർപ്പണവും സ്നാനവും എന്ന ആത്മീയലക്ഷ്യം വെക്കാൻ നിങ്ങളുടെ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. യോഗങ്ങളിൽ ഉത്തരം പറയുക, അയൽക്കാരോടും കൂടെ ജോലി ചെയ്യുന്നവരോടും സാക്ഷീകരിക്കുക തുടങ്ങിയ ചില ഇടക്കാലലക്ഷ്യങ്ങൾ വെക്കാനും വിദ്യാർഥിയെ സഹായിക്കുക. തന്നെ ആരാധിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ലെന്ന് ഓർക്കുക. സമർപ്പണം എന്നതു വ്യക്തിപരമായ ഒരു തീരുമാനമാണ്.—ആവ. 30:19, 20.
യഹോവയെ പ്രസാദിപ്പിക്കാനും സ്നാനത്തിനു യോഗ്യത നേടാനും വേണ്ട മാറ്റങ്ങൾ വരുത്താൻ വിദ്യാർഥിയെ പ്രചോദിപ്പിക്കുക. (സദൃ. 27:11) എന്നാൽ ചില ശീലങ്ങളും ന്യൂനതകളും വിദ്യാർഥിയുടെ ഉള്ളിൽ വേരുറച്ചിട്ടുണ്ടാകാം. ആ പഴയ വ്യക്തിത്വം വേരോടെ പിഴുതെടുത്ത് തത്സ്ഥാനത്ത് പുതിയ വ്യക്തിത്വം ഉൾനടാൻ വിദ്യാർഥിക്കു തുടർച്ചയായ സഹായം നൽകേണ്ടതുണ്ടായിരുന്നേക്കാം. (എഫെ. 4:22-24) “ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു” എന്ന വീക്ഷാഗോപുരപരമ്പരയിലെ ലേഖനങ്ങളിൽ വരുന്ന അനുഭവങ്ങൾ അവരുമായി പങ്കുവെക്കുക.
യഹോവയെ സേവിച്ചപ്പോൾ നിങ്ങൾക്കു ലഭിച്ച സന്തോഷത്തെക്കുറിച്ച് അവരോടു പറയുക.—യശ. 48:17, 18.