ക്രിസ്ത്യാനികളായി ജീവിക്കാം
സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽ സന്തോഷം കണ്ടെത്തുക
പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നത് ഒരു മടുപ്പായി നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഉണ്ടെന്നായിരിക്കാം നമ്മിൽ പലരുടെയും ഉത്തരം. എന്തുകൊണ്ട്? ചിലപ്പോൾ നമ്മുടെ പ്രദേശത്തെ ആളുകളുടെ തണുപ്പൻ മനോഭാവവും എതിർപ്പും ഒക്കെയായിരിക്കാം കാരണം. അല്ലെങ്കിൽ നമുക്ക് അപരിചിതരോടു സംസാരിക്കാൻ ഭയമായിരിക്കാം. ഇതൊക്കെ നമ്മുടെ സന്തോഷം കെടുത്തിക്കളയും. എന്നിരുന്നാലും നമ്മൾ ആരാധിക്കുന്നതു സന്തുഷ്ടനായ ദൈവത്തെയാണ്. നമ്മൾ സന്തോഷത്തോടെ തന്നെ ആരാധിക്കാനാണ് ആ ദൈവം ആഗ്രഹിക്കുന്നത്. (സങ്ക 100:2; 1തിമ 1:11) പ്രസംഗവേലയിൽ നമുക്കു സന്തോഷം കണ്ടെത്താൻ സഹായിക്കുന്ന മൂന്ന് കാര്യങ്ങൾ ഏതൊക്കെയാണ്?
ഒന്നാമതായി, പ്രത്യാശയുടെ സന്ദേശമാണ് നമ്മൾ ഘോഷിക്കുന്നത്. നമ്മൾ ജീവിക്കുന്നത് പ്രത്യാശ ഒളിമങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ്. എങ്കിലും, ‘ഏറെ മെച്ചമായ ഒന്നിനെക്കുറിച്ചുള്ള ശുഭവാർത്ത’ അറിയിച്ചുകൊണ്ട് ആളുകളുടെ മനസ്സിൽ പ്രതീക്ഷ നിറയ്ക്കാൻ നമുക്കാകും. (യശ 52:7) ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത നമ്മളിലും സന്തോഷം നിറയ്ക്കും. പ്രസംഗപ്രവർത്തനത്തിനു പോകുന്നതിനു മുമ്പ്, ദൈവരാജ്യം ഭൂമിയിൽ വരുത്താൻപോകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ധ്യാനിക്കുക.
രണ്ടാമതായി, നമ്മൾ അറിയിക്കുന്ന സന്തോഷവാർത്ത ശാരീരികമായും ആത്മീയമായും ആളുകളെ സംരക്ഷിക്കും. ചീത്ത ശീലങ്ങൾ ഉപേക്ഷിക്കാനും നിത്യജീവന്റെ പ്രത്യാശയോടെ ജീവിക്കാനും അവർ പഠിക്കും. (യശ 48:17, 18; റോമ 1:16) ആളുകളെ തിരഞ്ഞുകണ്ടുപിടിച്ച് നടത്തുന്ന രക്ഷാപ്രവർത്തനത്തിലാണ് നമ്മളെന്നു സങ്കൽപ്പിക്കുക. ചിലർക്കു രക്ഷപ്പെടാൻ ഒരു താത്പര്യവും കാണില്ലായിരിക്കും. എങ്കിലും നമ്മൾ അന്വേഷണം തുടരും.—മത്ത 10:11-14.
മൂന്നാമതായി, നമ്മുടെ പ്രസംഗപ്രവർത്തനം യഹോവയെ മഹത്ത്വപ്പെടുത്തും. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. നമ്മുടെ സുവിശേഷവേലയെ യഹോവ വളരെ മൂല്യമുള്ളതായി കാണുന്നു. (യശ 43:10; എബ്ര 6:10) ഇതുകൂടാതെ ഈ പ്രവർത്തനം ചെയ്യാൻ ദൈവം ഉദാരമായി പരിശുദ്ധാത്മാവിനെ നൽകും. അതുകൊണ്ട് പരിശുദ്ധാത്മാവിന്റെ ഫലത്തിന്റെ ഒരു വശമായ സന്തോഷത്തിനുവേണ്ടി യഹോവയോടു യാചിക്കുക. (ഗല 5:22) ദൈവത്തിന്റെ സഹായത്തോടെ നമുക്കുള്ള ഉത്കണ്ഠകൾ മറികടക്കാനും ധൈര്യത്തോടെ പ്രസംഗിക്കാനും നമുക്കാകും. (പ്രവൃ 4:31) അതുകൊണ്ട് നമ്മുടെ പ്രദേശത്തെ ആളുകൾ എങ്ങനെ പ്രതികരിച്ചാലും പ്രസംഗവേല നമുക്കു സന്തോഷത്തോടെ ചെയ്യാൻ കഴിയും.—യഹ 3:3.
ശുശ്രൂഷയിലായിരിക്കുമ്പോൾ ഏതു മനോഭാവമുണ്ടായിരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? സന്തോഷം എങ്ങനെ പ്രതിഫലിപ്പിക്കാം?
പഠനത്തിലൂടെയും ധ്യാനത്തിലൂടെയും സന്തോഷം വീണ്ടെടുക്കുക എന്ന വീഡിയോ കാണുക. തുടർന്ന് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ഓരോ മാസവും ശുശ്രൂഷയിൽ അനേകം മണിക്കൂർ പ്രവർത്തിച്ചാൽപ്പോലും ആത്മീയഭക്ഷണം കഴിക്കുന്നതിനു നമ്മൾ വളരെ പ്രാധാന്യം കൊടുക്കേണ്ടത് എന്തുകൊണ്ട്?
ഇക്കാര്യത്തിൽ നമുക്ക് മറിയയെ എങ്ങനെ അനുകരിക്കാം?
ദൈവവചനം ധ്യാനിക്കാൻ നിങ്ങൾ സമയം മാറ്റിവെച്ചിരിക്കുന്നത് എപ്പോഴാണ്?
സന്തോഷവാർത്ത അറിയിക്കുമ്പോൾ നിങ്ങൾക്കു സന്തോഷം തോന്നുന്നത് എന്തുകൊണ്ടാണ്?