ക്രിസ്ത്യാനികളായി ജീവിക്കാം
വിവാഹം—ജീവിതാവസാനം വരെയുള്ള ഒരു കൂട്ടുകെട്ട്
വിജയകരമായ വിവാഹബന്ധങ്ങൾ യഹോവയെ മഹത്ത്വപ്പെടുത്തും, ഭാര്യക്കും ഭർത്താവിനും സന്തോഷം തരും. (മർ 10:9) നിലനിൽക്കുന്ന, സന്തോഷം നിറഞ്ഞ വിവാഹബന്ധമാണ് ആഗ്രഹിക്കുന്നതെങ്കിൽ, ആദ്യംതന്നെ ഇണയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ബൈബിൾ പറയുന്ന തത്ത്വങ്ങൾ ക്രിസ്ത്യാനികൾ അനുസരിക്കണം.
“നവയൗവനം പിന്നിട്ട ശേഷം” മാത്രമേ എതിർലിംഗത്തിൽപ്പെട്ട ഒരാളെ അടുത്തറിയുക എന്ന ലക്ഷ്യത്തിൽ ആ വ്യക്തിയോടൊപ്പം സമയം ചെലവഴിക്കാവൂ. (1കൊ 7:36) അല്ലെങ്കിൽ ആ പ്രായത്തിലെ ശക്തമായ ലൈംഗികാഗ്രഹങ്ങൾ തെറ്റായ ഒരു തീരുമാനത്തിലേക്കു നിങ്ങളെ കൊണ്ടെത്തിച്ചേക്കാം. വിവാഹത്തിനു മുമ്പ് ഏകാകിയായിരിക്കുന്ന കാലം ദൈവവുമായുള്ള ബന്ധം ശക്തമാക്കാനും ദൈവികഗുണങ്ങൾ വളർത്തിയെടുക്കാനും ഉപയോഗിക്കുക. അതു നിങ്ങളുടെ വിവാഹജീവിതത്തിൽ വലിയൊരു മുതൽക്കൂട്ടായിരിക്കും.
വിവാഹം കഴിക്കാൻ ഒരാൾക്കു വാക്കു കൊടുക്കുന്നതിനു മുമ്പ് ‘ആന്തരികമനുഷ്യനെ’ അടുത്തറിയാൻ അതായത്, ആ വ്യക്തിയെ നന്നായി മനസ്സിലാക്കാൻ ശ്രമിക്കുക. (1പത്ര 3:4) ഏതെങ്കിലും ഒരു വശത്ത് കാര്യമായ പ്രശ്നമുണ്ടെന്നു തോന്നുന്നെങ്കിൽ ആ വ്യക്തിയോടു സംസാരിക്കുക. മനുഷ്യർ തമ്മിലുള്ള ഏതൊരു ബന്ധത്തിന്റെയും കാര്യത്തിലെന്നപോലെ വിവാഹത്തിന്റെ കാര്യത്തിലും ഇണയിൽനിന്ന് എന്തു കിട്ടുമെന്നല്ല, ഇണയ്ക്ക് എന്തു കൊടുക്കാം എന്നാണു ചിന്തിക്കേണ്ടത്. (ഫിലി 2:3, 4) വിവാഹത്തിനു മുമ്പുതന്നെ ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്ന ഒരു ശീലമുണ്ടെങ്കിൽ വിവാഹശേഷം അതു കൂടുതൽ എളുപ്പമായിരിക്കും, സന്തോഷമുള്ള ഒരു വിവാഹജീവിതം നയിക്കാനും കഴിയും.
വിവാഹത്തിനായി ഒരുങ്ങൽ—ഭാഗം 3: “ചെലവ് കണക്കുകൂട്ടിനോക്കുക” എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ഷെയ്നുമായി എങ്ങനെയാണ് സഹോദരി കൂടുതൽ അടുത്തത്?
ഷെയ്നിനെ അടുത്തറിഞ്ഞപ്പോൾ സഹോദരി എന്തു ശ്രദ്ധിച്ചു?
മാതാപിതാക്കൾ സഹോദരിയെ എങ്ങനെയാണു സഹായിച്ചത്, സഹോദരി എന്തു തീരുമാനമെടുത്തു?