വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w21 ജൂലൈ പേ. 26-29
  • യഹോവയുടെ സേവനത്തിൽ നിറഞ്ഞ സന്തോഷത്തോടെ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ സേവനത്തിൽ നിറഞ്ഞ സന്തോഷത്തോടെ
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സൗത്ത്‌ ആഫ്രിക്കയിലേക്ക്‌
  • വിവാഹവും പുതിയ നിയമനവും
  • വീണ്ടും ബഥേലിലേക്ക്‌
  • വീണ്ടും അച്ചടിശാലയിലേക്ക്‌
  • വീണ്ടും മറ്റൊരു നിയമനം
  • ബ്രാഞ്ചിൽനിന്നുള്ള കത്ത്‌
    നമ്മുടെ രാജ്യ ശുശ്രൂഷ—2006
  • ബെഥേൽ സേവനം—കൂടുതൽ സന്നദ്ധസേവകർ ആവശ്യം
    നമ്മുടെ രാജ്യ ശുശ്രൂഷ—1995
  • നിങ്ങളെത്തന്നെ ലഭ്യമാക്കാൻ കഴിയുമോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
  • നിങ്ങൾക്ക്‌ ഏറ്റവും നല്ല ജീവിതവൃത്തി ഇതായിരിക്കുമോ?
    2001 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
w21 ജൂലൈ പേ. 26-29
ജോൺ കിക്കോട്ടും ലോറയും.

ജീവിതകഥ

യഹോവയുടെ സേവനത്തിൽ നിറഞ്ഞ സന്തോഷത്തോടെ

ജോൺ കിക്കോട്ട്‌ പറഞ്ഞപ്രകാരം

എനിക്കു 18 വയസ്സുള്ളപ്പോഴാണു ഞാൻ കാനഡ ബഥേലിൽ എത്തുന്നത്‌, 1958-ൽ. അവിടെ അച്ചടിശാലയുടെ തറ അടിച്ചുവാരുന്ന പണിയാണ്‌ എനിക്ക്‌ ആദ്യം കിട്ടിയത്‌. ആ ജീവിതം നല്ല രസമായിരുന്നു. അടുത്തതായി മാസികകളുടെ അരികു മുറിക്കുന്ന മെഷീൻ പ്രവർത്തിപ്പിക്കാനുള്ള ജോലി കിട്ടി. ബഥേലിൽ ആയിരിക്കാൻ കഴിഞ്ഞതിൽ എനിക്ക്‌ ഒരുപാടു സന്തോഷംതോന്നി.

പിറ്റേ വർഷം ബഥേലിൽ ഒരു അറിയിപ്പു വായിച്ചു. സൗത്ത്‌ ആഫ്രിക്ക ബ്രാഞ്ചിൽ പുതിയ ഒരു റോട്ടറി പ്രസ്സ്‌ സ്ഥാപിക്കാൻ പോകുന്നു, അതിനുവേണ്ടി സ്വമേധാസേവകരെ ആവശ്യമുണ്ട്‌ എന്നതായിരുന്നു അത്‌. ഞാനും പേരു കൊടുത്തു. പോകാനായി തിരഞ്ഞെടുത്ത നാലു പേരുടെ കൂട്ടത്തിൽ എന്റെ പേരും ഉണ്ടായിരുന്നു. എനിക്ക്‌ ഒരുപാടു സന്തോഷം തോന്നി. കാനഡ ബഥേലിൽനിന്നുതന്നെയുള്ള ഡെന്നീസ്‌ ലീഷ്‌, ബിൽ മക്ലിലാൻ, കെൻ നോർഡിൻ എന്നിവരായിരുന്നു ബാക്കി മൂന്നു പേർ. “ഇനിയൊരു മടക്കയാത്ര പ്രതീക്ഷിക്കേണ്ടാ” എന്നു പറഞ്ഞാണു ഞങ്ങളെ യാത്രയാക്കിയത്‌.

ഞാൻ ഫോൺ ചെയ്‌ത്‌ എന്റെ അമ്മയോടു പറഞ്ഞു: “അമ്മേ, ഒരു സന്തോഷവാർത്ത പറയാനുണ്ട്‌. ഞാൻ സൗത്ത്‌ ആഫ്രിക്കയ്‌ക്കു പോകുകയാണ്‌.” എന്റെ അമ്മ അധികം സംസാരിക്കാത്ത പ്രകൃതമാണ്‌. അതുകൊണ്ട്‌ അമ്മ ഇതെക്കുറിച്ച്‌ കാര്യമായി ഒന്നും പറഞ്ഞില്ല. ശക്തമായ വിശ്വാസവും നല്ല ആത്മീയതയും ഉള്ള ആളായതുകൊണ്ട്‌ എനിക്ക്‌ അറിയാമായിരുന്നു അമ്മ ഇക്കാര്യത്തിൽ എന്നെ പിന്തുണയ്‌ക്കുമെന്ന്‌. ഞാൻ ഇത്ര ദൂരേക്ക്‌ പോകുന്നതിൽ സങ്കടമുണ്ടായിരുന്നെങ്കിലും ഞാൻ ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ എന്റെ അപ്പനോ അമ്മയോ ഒരു പരാതിയും പറഞ്ഞില്ല.

സൗത്ത്‌ ആഫ്രിക്കയിലേക്ക്‌

1959-ൽ കേപ്‌ടൗണിൽനിന്ന്‌ ജോഹന്നാസ്‌ബർഗിലേക്കുള്ള ട്രെയിൻ യാത്രയ്‌ക്കിടെ ഡെന്നീസ്‌ ലീഷ്‌, കെൻ നോർഡിൻ, ബിൽ മക്ലിലാൻ എന്നിവരോടൊപ്പം

സൗത്ത്‌ ആഫ്രിക്കയിൽ എത്തിയതിന്റെ 60-ാം വാർഷികത്തിന്‌ അവിടത്തെ ബ്രാഞ്ചിൽ ഞങ്ങൾ നാലു പേരും ഒന്നിച്ചപ്പോൾ, 2019-ൽ

ആദ്യം ഞങ്ങൾ ബ്രൂക്‌ലിൻ ബഥേലിലേക്കാണു പോയത്‌. അവിടെ ഞങ്ങൾക്ക്‌ അച്ചടിയുമായി ബന്ധപ്പെട്ട ചില ജോലികളിൽ മൂന്നു മാസത്തെ പരിശീലനം കിട്ടി. അവിടെനിന്ന്‌ ഞങ്ങൾ സൗത്ത്‌ ആഫ്രിക്കയിലെ കേപ്‌ടൗണിലേക്ക്‌ പോകുന്ന ഒരു ചരക്കുകപ്പലിൽ യാത്രയായി. എനിക്ക്‌ അപ്പോൾ 20 വയസ്സ്‌ തികഞ്ഞിട്ടേ ഉള്ളൂ. കേപ്‌ടൗണിൽനിന്ന്‌ ജോഹന്നാസ്‌ബർഗിലേക്കുള്ള നീണ്ട യാത്ര ട്രെയിനിലായിരുന്നു. യാത്ര തുടങ്ങിയതു വൈകുന്നേരമായതുകൊണ്ട്‌ പിറ്റേന്നു രാവിലെ കാരൂ എന്ന ചെറിയ പട്ടണത്തിൽ വണ്ടി നിറുത്തുമ്പോഴാണു ഞങ്ങൾക്ക്‌ ആ പ്രദേശമൊക്കെ ഒന്നു കാണാനായത്‌. ജനലിൽക്കൂടി പുറത്തേക്കു നോക്കിയപ്പോൾ ഞങ്ങൾ ആകെ പകച്ചുപോയി. പൊടിപടലങ്ങൾ നിറഞ്ഞ, നല്ല ചൂടുള്ള, മരുഭൂമിപോലെ ഒരു പ്രദേശം. ഇങ്ങനെയൊരു സ്ഥലത്ത്‌ പിടിച്ചുനിൽക്കാൻ പറ്റുമോ? ഞങ്ങളുടെ പുതിയ നിയമനം എന്തായിത്തീരുമെന്നു ഞങ്ങൾ ചിന്തിച്ചു. എന്നാൽ പിന്നീടു ഞങ്ങൾ ആ കൊച്ചുപട്ടണങ്ങൾ സന്ദർശിച്ചപ്പോഴാണു മനസ്സിലായത്‌, ശാന്തമായ ജീവിതത്തിനു പറ്റിയ ഒരു സ്ഥലമാണ്‌ അതെന്ന്‌.

വീക്ഷാഗോപുരം, ഉണരുക! മാസികകൾ അച്ചടിക്കാൻവേണ്ടി അച്ചുനിരത്തുന്നതിനുള്ള സങ്കീർണമായ ലൈനോടൈപ്പ്‌ മെഷീൻ പ്രവർത്തിപ്പിക്കുന്ന പണിയായിരുന്നു കുറച്ച്‌ വർഷത്തേക്ക്‌ എനിക്ക്‌. സൗത്ത്‌ ആഫ്രിക്കയ്‌ക്കുവേണ്ടി മാത്രമല്ല പല ആഫ്രിക്കൻ രാജ്യങ്ങൾക്കുംവേണ്ടി അനേകം ആഫ്രിക്കൻ ഭാഷകളിൽ ഞങ്ങൾ മാസികകൾ അച്ചടിച്ചിരുന്നു. ഈ പുതിയ പ്രസ്സ്‌ ഇത്ര നന്നായി ഉപയോഗിക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്ക്‌ ഒരുപാട്‌ സന്തോഷം തോന്നി. ശരിക്കും ഈ പ്രസ്സ്‌ കാരണമാണല്ലോ അങ്ങ്‌ ദൂരെ കാനഡയിൽനിന്ന്‌ ഞങ്ങൾ ഇവിടെ എത്തിയത്‌.

പിന്നീട്‌, ഫാക്ടറി ഓഫീസിലായി എന്റെ ജോലി. ഈ ഓഫീസിനാണ്‌ പരിഭാഷ, അച്ചടി, പ്രസിദ്ധീകരണങ്ങൾ കയറ്റി അയയ്‌ക്കൽ എന്നീ ജോലികളുടെ ചുമതല. നല്ല തിരക്കുള്ള ഒരു ജീവിതമായിരുന്നു അത്‌. എങ്കിലും എനിക്ക്‌ ഒരുപാട്‌ സന്തോഷവും സംതൃപ്‌തിയും തോന്നി.

വിവാഹവും പുതിയ നിയമനവും

ലോറയും ഞാനും, 1968-ൽ പ്രത്യേക മുൻനിരസേവകരായിരിക്കുമ്പോൾ

1968-ൽ ഞാൻ ലോറ ബോവനെ വിവാഹം കഴിച്ചു. ബഥേലിന്‌ അടുത്ത്‌ താമസിച്ചിരുന്ന ഒരു മുൻനിരസേവികയായിരുന്നു അവൾ. കൂടാതെ പരിഭാഷാവിഭാഗത്തിനുവേണ്ടി ടൈപ്പ്‌ ചെയ്യുന്ന ജോലിയും അവൾ ചെയ്‌തിരുന്നു. അക്കാലത്ത്‌ ബഥേൽ സേവനത്തിലുള്ള ഒരാൾ കല്യാണം കഴിച്ചാൽ പിന്നെ ബഥേലിൽ തുടരാനാകില്ലായിരുന്നു. അതുകൊണ്ട്‌ ഞങ്ങളെ പ്രത്യേക മുൻനിരസേവകരായി നിയമിച്ചു. എനിക്ക്‌ അൽപ്പം ടെൻഷൻ തോന്നി. പത്തു വർഷമായി ബഥേലിൽ ആയിരുന്നതുകൊണ്ട്‌ ആഹാരത്തിന്റെയോ താമസത്തിന്റെയോ കാര്യത്തിൽ ഒന്നും ചിന്തിക്കേണ്ടതില്ലായിരുന്നു. എന്നാൽ ഇനിയങ്ങോട്ട്‌ പ്രത്യേക മുൻനിരസേവകർക്കു കിട്ടുന്ന അലവൻസുംകൊണ്ട്‌ എങ്ങനെ ജീവിക്കുമെന്നു ഞാൻ ആലോചിച്ചു. കാരണം അന്ന്‌ അവർക്കു മാസംതോറും കിട്ടിയിരുന്നത്‌ ചെറിയ ഒരു തുകയാണ്‌. ആ തുക മുഴുവൻ കിട്ടണമെങ്കിൽ മണിക്കൂറിന്റെയും മടക്കസന്ദർശനങ്ങളുടെയും സമർപ്പണങ്ങളുടെയും വ്യവസ്ഥയിൽ എത്തിച്ചേരുകയും വേണമായിരുന്നു. ആ ചെറിയ തുകയിൽനിന്ന്‌ വേണമായിരുന്നു വാടകയ്‌ക്കും ഭക്ഷണത്തിനും യാത്രയ്‌ക്കും മരുന്നിനും മറ്റു ചെലവുകൾക്കും ഉള്ള പണം കണ്ടെത്താൻ.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഡർബൻ നഗരത്തിന്‌ അടുത്തുള്ള ഒരു ഗ്രൂപ്പിനോടൊപ്പമാണു ഞങ്ങളെ നിയമിച്ചത്‌. ഏതാണ്ട്‌ 1875-ൽ കരിമ്പുകൃഷിയോടു ബന്ധപ്പെട്ട ജോലികൾക്കായി ഇന്ത്യയിൽനിന്ന്‌ സൗത്ത്‌ ആഫ്രിക്കയിലേക്കു പോയ ആളുകളുടെ പിൻതലമുറക്കാരായിരുന്നു അവിടെയുണ്ടായിരുന്നവരിൽ ഭൂരിപക്ഷവും. ഇപ്പോൾ അവർ മറ്റു പല ജോലികളും ചെയ്യുന്നുണ്ടെങ്കിലും അവരുടെ സംസ്‌കാരത്തിനും രുചികരമായ കറികൾ ഉൾപ്പെടെയുള്ള ഭക്ഷണരീതിക്കും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. അവർക്ക്‌ ഇംഗ്ലീഷ്‌ അറിയാമായിരുന്നതുകൊണ്ട്‌ ഞങ്ങൾക്ക്‌ എളുപ്പമായി, വേറൊരു ഭാഷ പഠിക്കേണ്ടി വന്നില്ല.

പ്രത്യേക മുൻനിരസേവകർ ഓരോ മാസവും 150 മണിക്കൂർ പ്രവർത്തിക്കണമായിരുന്നു. അതുകൊണ്ട്‌ ആദ്യദിവസം ആറു മണിക്കൂർ പ്രവർത്തിക്കാൻ ലോറയും ഞാനും തീരുമാനിച്ചു. ഞങ്ങൾക്കു മടക്കസന്ദർശനങ്ങളോ ബൈബിൾപഠനങ്ങളോ ഒന്നും ഇല്ലായിരുന്നതുകൊണ്ട്‌ ആറു മണിക്കൂറും വീടുതോറുംതന്നെ പ്രവർത്തിക്കണം. നല്ല ചൂടുള്ള ദിവസം. രാവിലെ പ്രവർത്തനം തുടങ്ങി കുറച്ച്‌ കഴിഞ്ഞപ്പോൾ ഞാൻ വാച്ചിലൊന്നു നോക്കി, വെറും 40 മിനിട്ടേ കഴിഞ്ഞിട്ടുള്ളൂ! എങ്ങനെ ഈ 150 മണിക്കൂർ എത്തിക്കുമെന്നു ഞാൻ ചിന്തിച്ചു.

അധികം ക്ഷീണവും മടുപ്പും ഒന്നും തോന്നാത്തരീതിയിൽ എങ്ങനെ പ്രവർത്തിക്കാമെന്നു പെട്ടെന്നുതന്നെ ഞങ്ങൾ കണ്ടെത്തി. രാവിലെ ഇറങ്ങുമ്പോൾത്തന്നെ ഞങ്ങൾ ഇടയ്‌ക്കു കഴിക്കാനുള്ള എന്തെങ്കിലും ലഘുഭക്ഷണവും ഫ്‌ലാസ്‌കിൽ കുറച്ച്‌ കാപ്പിയും കൂടെക്കരുതുമായിരുന്നു. ഒന്നു വിശ്രമിക്കണമെന്നു തോന്നുമ്പോൾ കാർ ഒരു മരത്തണലിൽ പാർക്ക്‌ ചെയ്‌തിട്ട്‌ ഞങ്ങൾ അതിൽ ഇരിക്കും. അത്തരം ചില സമയങ്ങളിൽ അന്നാട്ടിലെ കുട്ടികൾ വണ്ടിയുടെ ചുറ്റുംകൂടി കൗതുകത്തോടെ ഞങ്ങളെ നോക്കിനിൽക്കുമായിരുന്നു, കാരണം ഞങ്ങൾ കാഴ്‌ചയ്‌ക്കു വ്യത്യസ്‌തരാണല്ലോ! എന്തായാലും, കുറച്ച്‌ ദിവസങ്ങൾകൊണ്ട്‌ ഞങ്ങൾക്ക്‌ ഒരു കാര്യം മനസ്സിലായി: ആദ്യത്തെ രണ്ടോ മൂന്നോ മണിക്കൂറേ ബുദ്ധിമുട്ടുള്ളൂ, അതു കഴിയുമ്പോൾ ദിവസം പെട്ടെന്നാണു തീരുന്നത്‌.

ആ പ്രദേശത്തെ സത്‌കാരപ്രിയരായ ആളുകളോടു ബൈബിൾസത്യങ്ങൾ അറിയിക്കുന്നതു ശരിക്കും രസമായിരുന്നു. നല്ല ആദരവും മര്യാദയും ഒക്കെയുള്ള ദൈവഭയമുള്ള ആളുകളായിരുന്നു അവർ പൊതുവേ. പല ഹിന്ദുക്കളും സന്തോഷവാർത്ത കേൾക്കാൻ മനസ്സുകാണിച്ചു. യഹോവയെക്കുറിച്ചും യേശുവിനെക്കുറിച്ചും ബൈബിളിനെക്കുറിച്ചും സമാധാനം കളിയാടുന്ന പുതിയ ലോകത്തെക്കുറിച്ചും മരിച്ചവരുടെ അവസ്ഥയെക്കുറിച്ചും ഒക്കെ പഠിക്കാൻ അവർക്ക്‌ ഇഷ്ടമായിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ ബൈബിൾ പഠനങ്ങളുടെ എണ്ണം 20 ആയി. ദിവസവും ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചിരുന്നത്‌ ഞങ്ങൾ ബൈബിൾപഠനം നടത്തുന്ന ആളുകളുടെ വീട്ടിൽനിന്നായിരുന്നു. അവിടത്തെ പ്രവർത്തനം ഞങ്ങൾക്ക്‌ ഒരുപാട്‌ ഇഷ്ടമായി.

പെട്ടെന്നുതന്നെ ഞങ്ങൾക്കു മറ്റൊരു നിയമനം കിട്ടി. ഇത്തവണ സർക്കിട്ട്‌ വേലയായിരുന്നു. മനോഹരമായ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തുള്ള സഭകളാണു ഞങ്ങൾക്കു സന്ദർശിക്കേണ്ടിയിരുന്നത്‌. ആഴ്‌ചതോറും ഓരോ സഭയും സന്ദർശിക്കുമ്പോൾ ഞങ്ങൾ അവിടെയുള്ള ഏതെങ്കിലും ഒരു കുടുംബത്തോടൊപ്പമാണു താമസിച്ചിരുന്നത്‌. സഭയിലെ പ്രചാരകരോടൊപ്പം വയൽസേവനത്തിനും മറ്റും പോയിക്കൊണ്ട്‌ ഞങ്ങൾ അവരെ പ്രോത്സാഹിപ്പിച്ചു. സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ്‌ അവർ ഞങ്ങളെ കരുതിയിരുന്നത്‌. അവരുടെ കുട്ടികളുടെയും ഓമനമൃഗങ്ങളുടെയും കൂടെ ഞങ്ങൾ കളിക്കുകപോലും ചെയ്യുമായിരുന്നു. അങ്ങനെ നല്ല രസമുള്ള രണ്ടു വർഷങ്ങൾ കടന്നുപോയി. അപ്പോഴാണു ബ്രാഞ്ചോഫീസിൽനിന്ന്‌ ഒരു ഫോൺ വന്നത്‌. “തിരിച്ചു ബഥേലിലേക്ക്‌ വരുന്നോ” എന്ന്‌ അവർ ഞങ്ങളോടു ചോദിച്ചു. “ശരിക്കും പറഞ്ഞാൽ, ഞങ്ങളുടെ ഇപ്പോഴത്തെ നിയമനം ഞങ്ങൾക്ക്‌ ഒരുപാട്‌ ഇഷ്ടമാ” എന്നു ഞാൻ പറഞ്ഞു. എങ്കിലും കിട്ടുന്ന ഏതു നിയമനവും ചെയ്യാൻ ഞങ്ങൾ തയ്യാറായിരുന്നു.

വീണ്ടും ബഥേലിലേക്ക്‌

ഇത്തവണ ബഥേലിലെ സർവീസ്‌ ഡിപ്പാർട്ടുമെന്റിലായിരുന്നു എന്റെ നിയമനം. അവിടെ അനുഭവപരിചയമുള്ള സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള അവസരവും എനിക്കു കിട്ടി. അക്കാലത്ത്‌ സർക്കിട്ട്‌ മേൽവിചാരകൻ സഭ സന്ദർശിച്ചശേഷം ബ്രാഞ്ചിലേക്ക്‌ ഒരു റിപ്പോർട്ട്‌ അയയ്‌ക്കുമ്പോൾ അതിന്റെ അടിസ്ഥാനത്തിൽ ബ്രാഞ്ചിൽനിന്ന്‌ സഭയിലേക്ക്‌ ഒരു കത്ത്‌ അയയ്‌ക്കുമായിരുന്നു. സഭയെ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ ചില നിർദേശങ്ങൾ നൽകാനും ആയിരുന്നു ആ കത്ത്‌. ഞങ്ങളുടെ ഡിപ്പാർട്ടുമെന്റിലെ സെക്രട്ടറിമാർക്കു നല്ല പണിയായിരുന്നു. കാരണം, സർക്കിട്ട്‌ മേൽവിചാരകന്മാർ ഹൗസ, സുലു പോലുള്ള മറ്റു ഭാഷകളിൽ എഴുതുന്ന കത്തുകൾ ഇംഗ്ലീഷിലേക്ക്‌ ആക്കുന്നതും തിരിച്ച്‌ ഇംഗ്ലീഷിലുള്ള കത്തുകൾ ആഫ്രിക്കൻ ഭാഷകളിലേക്ക്‌ ആക്കുന്നതും അവരുടെ ജോലിയായിരുന്നു. കറുത്തവർഗക്കാരായ ആഫ്രിക്കൻ സഹോദരങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ എന്താണെന്നു ശരിക്കും മനസ്സിലാക്കാൻ ഈ പരിഭാഷകർ എന്നെ സഹായിച്ചു. അവരുടെ കഠിനാധ്വാനത്തിന്‌ എനിക്ക്‌ ഒരുപാടു നന്ദിയുണ്ട്‌.

അക്കാലത്ത്‌ ഓരോ ഗോത്രവർഗത്തിനും താമസിക്കാൻ ഗവൺമെന്റ്‌ പ്രത്യേക സ്ഥലം നിയമിച്ചുകൊടുത്തിരുന്നു. ഒരു ഗോത്രവിഭാഗക്കാർ മറ്റൊരു ഗോത്രവിഭാഗക്കാരുമായി ഇടപഴകുന്ന രീതി പൊതുവേ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ കറുത്തവർഗക്കാരായ നമ്മുടെ ആഫ്രിക്കൻ സഹോദരങ്ങൾ അവരുടെ ഭാഷകൾ മാത്രമാണു സംസാരിച്ചിരുന്നത്‌. അവരുടെ ഭാഷക്കാരോടു മാത്രം അവർ സന്തോഷവാർത്ത അറിയിക്കുകയും അവരുടെ ഭാഷയിലുള്ള മീറ്റിങ്ങുകൾ മാത്രം കൂടുകയും ചെയ്‌തിരുന്നു.

ഞാൻ എന്നും ഇംഗ്ലീഷ്‌ സഭയോടൊപ്പം പ്രവർത്തിച്ചിരുന്നതുകൊണ്ട്‌ കറുത്തവർഗത്തിൽപ്പെട്ട ആഫ്രിക്കക്കാരെക്കുറിച്ച്‌ എനിക്കു കാര്യമായ അറിവൊന്നും ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക്‌ അവരെക്കുറിച്ചും അവരുടെ സംസ്‌കാരത്തെയും ആചാരങ്ങളെയും കുറിച്ചും ഒക്കെ പഠിക്കാനുള്ള അവസരം കിട്ടി. പ്രാദേശിക ആചാരങ്ങളും മതവിശ്വാസങ്ങളും കാരണം നമ്മുടെ സഹോദരങ്ങൾ എന്തെല്ലാം പ്രശ്‌നങ്ങൾ നേരിടുന്നെന്ന്‌ എനിക്കു മനസ്സിലായി. അവർ ശരിക്കും ധൈര്യശാലികളായിരുന്നു. കുടുംബാംഗങ്ങളിൽനിന്നും നാട്ടുകാരിൽനിന്നും കടുത്ത എതിർപ്പും ഉപദ്രവവും ഒക്കെ നേരിട്ടിട്ടും അവർ തിരുവെഴുത്തു വിരുദ്ധമായ ആചാരങ്ങൾ പിൻപറ്റാനോ ഭൂതവിദ്യയിൽ ഏർപ്പെടാനോ തയ്യാറായില്ല. നാട്ടിൻപുറത്തെ ആളുകൾ ആഹാരത്തിനുപോലും വകയില്ലാത്ത പട്ടിണിപ്പാവങ്ങളായിരുന്നു. പലർക്കും കാര്യമായ വിദ്യാഭ്യാസവും ഉണ്ടായിരുന്നില്ല. എങ്കിലും അവരെല്ലാം ബൈബിളിനെ ആദരിച്ചിരുന്നു.

ആരാധനാസ്വാതന്ത്ര്യത്തോടും നിഷ്‌പക്ഷതയോടും ബന്ധപ്പെട്ട ചില കേസുകളിൽ സഹായിക്കാനും എനിക്ക്‌ അവസരം കിട്ടി. സ്‌കൂളിലെ പ്രാർഥനയിലും ഭക്തിഗാനം പാടുന്നതിലും പങ്കെടുക്കാത്തതിന്റെ പേരിൽ സാക്ഷികളായ ചില കുട്ടികളെ അവിടെനിന്ന്‌ പുറത്താക്കിയിരുന്നു. ആ സമയത്ത്‌ അവർ കാണിച്ച ധൈര്യവും വിശ്വസ്‌തതയും ശരിക്കും എന്റെ വിശ്വാസം ബലപ്പെടുത്തി.

സ്വാസിലാൻഡ്‌ എന്നു മുമ്പ്‌ അറിയപ്പെട്ടിരുന്ന കൊച്ച്‌ ആഫ്രിക്കൻ രാജ്യത്തെ നമ്മുടെ സഹോദരങ്ങൾ മറ്റൊരു പ്രതിസന്ധി നേരിട്ടു. അവിടത്തെ സൊബൂസ രണ്ടാമൻ രാജാവ്‌ മരിച്ചപ്പോൾ രാജ്യത്തെ എല്ലാവരും നിർബന്ധമായും ദുഃഖാചരണത്തിൽ പങ്കുചേരണമെന്ന്‌ ആവശ്യപ്പെട്ടു. അതിന്റെ ഭാഗമായി പുരുഷന്മാർ തല വടിക്കുകയും സ്‌ത്രീകൾ മുടി മുറിക്കുകയും ചെയ്യണമായിരുന്നു. മരിച്ചുപോയ പൂർവികരെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ആചാരമായിരുന്നു ഇത്‌. അതുകൊണ്ടുതന്നെ നമ്മുടെ സഹോദരങ്ങൾ അതിൽ പങ്കുചേരാൻ വിസമ്മതിച്ചു. അതിന്റെ പേരിൽ അവർക്ക്‌ കടുത്ത ഉപദ്രവം സഹിക്കേണ്ടി വന്നു. ആ സാഹചര്യത്തിൽ അവർ യഹോവയോടു വിശ്വസ്‌തരായി നിൽക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്ക്‌ എത്ര സന്തോഷം തോന്നിയെന്നോ! ദൈവത്തോടുള്ള അവരുടെ സ്‌നേഹവും വിശ്വസ്‌തതയും അവർ കാണിച്ച ക്ഷമയും ഞങ്ങളെ പലതും പഠിപ്പിച്ചു. ഞങ്ങളുടെ വിശ്വാസം ഒരുപാടു ശക്തമായി.

വീണ്ടും അച്ചടിശാലയിലേക്ക്‌

1981-ൽ കമ്പ്യൂട്ടറിന്റെ സഹായത്തോടെയുള്ള അച്ചടിരീതി പരീക്ഷിക്കാൻ തീരുമാനിച്ചു. അതിൽ സഹായിക്കുകയായിരുന്നു എന്റെ അടുത്ത നിയമനം. അങ്ങനെ വീണ്ടും ഞാൻ അച്ചടിശാലയിലെത്തി. വളരെ ആവേശം നിറഞ്ഞ ഒരു സമയം. അച്ചടിരംഗത്ത്‌ ഒരു പുതിയ യുഗം പിറക്കുകയായിരുന്നു. ഈ പുതിയ രീതി ഒന്നു പരീക്ഷിക്കാൻവേണ്ടി ഒരു കമ്പനിയുടെ സെയിൽസ്‌മാൻ അതിനുള്ള ഒരു മെഷീൻ ഫ്രീയായി ബ്രാഞ്ചോഫീസിനു നൽകി. ആ പരീക്ഷണം ഒരു വിജയമായിരുന്നു. അങ്ങനെ ഒൻപത്‌ ലൈനോടൈപ്പ്‌ മെഷീന്റെ സ്ഥാനത്ത്‌ ഇത്തരം അഞ്ചു പുതിയ മെഷീൻ വന്നു. കൂടാതെ പുതുതായി ഒരു റോട്ടറി ഓഫ്‌സെറ്റ്‌ പ്രസ്സും സ്ഥാപിച്ചു. അങ്ങനെ അച്ചടി അതിവേഗം മുന്നേറാൻതുടങ്ങി.

കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഓരോ പേജിലെയും വിവരങ്ങൾ ക്രമീകരിക്കുന്ന പുതിയ സംവിധാനവും നിലവിൽ വന്നു. മെപ്‌സ്‌ (മൾട്ടി ലാംഗ്വേജ്‌ ഇലക്ട്രോണിക്‌ പബ്ലിഷിങ്‌ സിസ്റ്റം) എന്നാണ്‌ അതിനെ വിളിക്കുന്നത്‌. അതോടെ കാര്യങ്ങൾ എളുപ്പത്തിൽ പെട്ടെന്നു തീർക്കാമെന്ന സ്ഥിതിയായി. കാനഡ ബഥേലിൽനിന്നുള്ള നാലു സഹോദരന്മാരെ സൗത്ത്‌ ആഫ്രിക്കയിൽ എത്തിച്ച അന്നത്തെ ആ ലൈനോടൈപ്പ്‌ മെഷീനും അച്ചടിയന്ത്രവും ഒക്കെ വിട്ട്‌ നമ്മൾ എത്ര ദൂരം മുന്നോട്ടു പോയിരിക്കുന്നു! (യശ. 60:17) ഞങ്ങൾ നാലു പേരും കല്യാണം കഴിച്ചു. നല്ല ആത്മീയ ചിന്താഗതിയുള്ള മുൻനിരസേവകരായിരുന്നു ഞങ്ങളുടെ ഭാര്യമാർ. മാറ്റങ്ങളുടെ ഈ സമയത്ത്‌ ബില്ലും ഞാനും ബഥേലിലാണ്‌. എന്നാൽ കെന്നും ഡെന്നീസും കുടുംബവും കുട്ടികളും ഒക്കെയായി ബഥേലിന്‌ അടുത്തുതന്നെ താമസിച്ചിരുന്നു.

ബ്രാഞ്ചിലെ ജോലികൾ കൂടുകയായിരുന്നു. പ്രസിദ്ധീകരണങ്ങൾ കൂടുതൽക്കൂടുതൽ ഭാഷകളിലേക്ക്‌ പരിഭാഷ ചെയ്‌ത്‌ അച്ചടിച്ച്‌ മറ്റു ബ്രാഞ്ചുകളിലേക്കുംകൂടി അയയ്‌ക്കണമായിരുന്നു. അതുകൊണ്ട്‌ ബഥേലിൽ അപ്പോഴുള്ള സൗകര്യങ്ങൾ പോരാതെവന്നു. അങ്ങനെ ജോഹന്നാസ്‌ബർഗിനു പടിഞ്ഞാറുള്ള മനോഹരമായ ഒരു സ്ഥലത്ത്‌ പുതിയ ഒരു കെട്ടിടം പണിതു. അതിന്റെ സമർപ്പണം 1987-ലായിരുന്നു. ഈ പ്രവർത്തനങ്ങളൊക്കെ നടക്കുമ്പോൾ അവിടെയായിരിക്കാനായതും വർഷങ്ങളോളം സൗത്ത്‌ ആഫ്രിക്ക ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി സേവിക്കാനായതും ഒരുപാടു സന്തോഷത്തോടെയാണു ഞാൻ ഓർക്കുന്നത്‌.

വീണ്ടും മറ്റൊരു നിയമനം

2001-ൽ ഒട്ടും പ്രതീക്ഷിക്കാതെ ഒരു ക്ഷണം എനിക്കു കിട്ടി. ഐക്യനാടുകളിൽ പുതുതായി നിയമിക്കുന്ന ബ്രാഞ്ച്‌ കമ്മിറ്റിയിൽ ഒരു അംഗമായി സേവിക്കാനുള്ള നിയമനമായിരുന്നു അത്‌. സൗത്ത്‌ ആഫ്രിക്കയിലെ ഞങ്ങളുടെ ജോലിയും അതുപോലെ അവിടത്തെ കൂട്ടുകാരെയും വിട്ടുപോരുന്നതിന്റെ സങ്കടം ഉണ്ടായിരുന്നെങ്കിലും ഐക്യനാടുകളിലെ ബഥേൽ കുടുംബത്തോടൊപ്പം ഒരു പുതിയ ജീവിതം തുടങ്ങുന്നതിന്റെ സന്തോഷവും ഞങ്ങൾക്കുണ്ടായിരുന്നു.

ലോറയുടെ പ്രായമായ അമ്മയെ വിട്ട്‌ ഇത്ര ദൂരേക്കു പോകുന്നതിൽ ഞങ്ങൾക്കു ശരിക്കും ടെൻഷനുണ്ടായിരുന്നു. ന്യൂയോർക്കിൽനിന്ന്‌ അമ്മയ്‌ക്കുവേണ്ടി കാര്യമായൊന്നും ചെയ്യാൻ ഞങ്ങൾക്കു പറ്റുമായിരുന്നില്ല. എന്നാൽ ലോറയുടെ മൂന്ന്‌ അനിയത്തിമാർ അമ്മയുടെ ശാരീരികവും വൈകാരികവും സാമ്പത്തികവും ആയ ആവശ്യങ്ങൾ നോക്കിക്കൊള്ളാമെന്ന്‌ ഏറ്റു. അവർ പറഞ്ഞു: “ഞങ്ങൾക്കോ മുഴുസമയസേവനം പറ്റുന്നില്ല, മമ്മിയുടെ കാര്യം ഞങ്ങൾ നോക്കുകയാണെങ്കിൽ നിങ്ങൾക്കെങ്കിലും നിയമനത്തിൽ തുടരാനാകുമല്ലോ.” അവരോടു ഞങ്ങൾക്ക്‌ ഒത്തിരി നന്ദിയുണ്ട്‌.

ടൊറന്റോയിൽ താമസിക്കുന്ന എന്റെ ചേട്ടനും ഭാര്യയും ചെയ്‌തതും അതുതന്നെയാണ്‌. 20-ലേറെ വർഷമായി എന്റെ അമ്മയുടെ കാര്യം നോക്കിയിരുന്നത്‌ അവരാണ്‌. ഞങ്ങൾ ന്യൂയോർക്കിൽ എത്തി അധികം താമസിയാതെ അമ്മ മരിച്ചു. അതുവരെ ചേട്ടനും ഭാര്യയും സ്‌നേഹത്തോടെ വിധവയായ അമ്മയ്‌ക്കുവേണ്ടി ചെയ്‌ത കാര്യങ്ങളൊന്നും ഞങ്ങൾക്ക്‌ ഒരിക്കലും മറക്കാനാകില്ല. പ്രായമായ മാതാപിതാക്കളെ നോക്കുന്നതു ചിലപ്പോഴൊക്കെ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നിട്ടും അതിനുവേണ്ടി ജീവിതത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ തയ്യാറുള്ള കുടുംബാംഗങ്ങളുള്ളത്‌ എത്ര വലിയ അനുഗ്രഹമാണെന്നോ!

ഐക്യനാടുകളിൽ വന്ന ശേഷം ആദ്യത്തെ കുറെ വർഷത്തേക്ക്‌ എന്റെ ജോലി അച്ചടിവിഭാഗത്തിലായിരുന്നു. ആധുനിക സൗകര്യങ്ങളൊക്കെയുള്ളതുകൊണ്ട്‌ പണ്ടത്തെ അപേക്ഷിച്ച്‌ അവിടത്തെ ജോലി കൂടുതൽ എളുപ്പമാണ്‌. പർച്ചേസിങ്‌ ഡിപ്പാർട്ടുമെന്റിലാണ്‌ ഇപ്പോഴത്തെ എന്റെ നിയമനം. ഇപ്പോൾ ഇവിടെ 5,000-ത്തോളം ബഥേൽ അംഗങ്ങളും വന്നുപോയി സേവിക്കുന്ന 2,000-ത്തോളം കമ്മ്യൂട്ടർമാരും ഉണ്ട്‌. കഴിഞ്ഞ 20 വർഷമായി ഈ വലിയ ബ്രാഞ്ചിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക്‌ ഒരുപാടു സന്തോഷമുണ്ട്‌.

60 വർഷം മുമ്പ്‌ ഇവിടെയെത്തുന്നതിനെക്കുറിച്ച്‌ എനിക്ക്‌ ചിന്തിക്കാൻപോലും പറ്റില്ലായിരുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം ലോറയുടെ എല്ലാ പിന്തുണയും എനിക്കുണ്ടായിരുന്നു. വ്യത്യസ്‌ത നിയമനങ്ങളുടെ ഭാഗമായി ലോകത്തിന്റെ പല ഭാഗത്തുള്ള പല ബ്രാഞ്ചുകൾ സന്ദർശിക്കുന്നതിനു ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്‌. ഞങ്ങൾക്കു കിട്ടിയ എല്ലാ നിയമനങ്ങളും അതിന്റെ ഭാഗമായി ഞങ്ങൾ കണ്ടുമുട്ടിയ സഹോദരങ്ങളും ഒക്കെ ഞങ്ങൾക്കു വളരെ പ്രിയപ്പെട്ടതായിരുന്നു. എത്ര സന്തോഷവും സംതൃപ്‌തിയും നിറഞ്ഞ ഒരു ജീവിതം! ഇപ്പോൾ എനിക്ക്‌ വയസ്സ്‌ 80 കഴിഞ്ഞു. എന്റെ ജോലി ഭാരം കുറച്ചുതന്നിട്ടുണ്ട്‌. കാരണം കാര്യങ്ങൾ ചെയ്യാൻ നല്ല പരിശീലനം ലഭിച്ച ചെറുപ്പക്കാരായ ധാരാളം സഹോദരന്മാർ ഇന്നുണ്ട്‌.

സങ്കീർത്തനക്കാരൻ എഴുതി: “യഹോവ ദൈവമായുള്ള ജനത . . . സന്തുഷ്ടർ.” (സങ്കീ. 33:12) അത്‌ എത്ര സത്യമാണ്‌, അല്ലേ? സന്തോഷമുള്ള ദൈവജനത്തോടൊപ്പം ഇക്കാലമത്രയും യഹോവയെ സേവിക്കാൻ കഴിഞ്ഞതിൽ എനിക്ക്‌ ഒത്തിരി നന്ദിയുണ്ട്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക