പഠനലേഖനം 29
ഗീതം 121 നമുക്ക് ആത്മനിയന്ത്രണം വേണം
എപ്പോഴും ജാഗ്രതയോടിരുന്നാൽ പാപത്തിൽനിന്ന് അകന്നുനിൽക്കാം
“പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ എപ്പോഴും ഉണർന്നിരുന്ന് പ്രാർഥിക്കണം.”—മത്താ. 26:41.
ഉദ്ദേശ്യം
പാപം ചെയ്യാതിരിക്കേണ്ടതും അതിലേക്കു നയിക്കുന്ന പടികൾ ഒഴിവാക്കേണ്ടതും എത്ര പ്രധാനമാണെന്നു നമ്മളെ ഓർമിപ്പിക്കും.
1-2. (എ) യേശു ശിഷ്യന്മാർക്ക് എന്തു മുന്നറിയിപ്പാണു കൊടുത്തത്? (ബി) ശിഷ്യന്മാർ യേശുവിനെ ഉപേക്ഷിച്ചുപോയത് എന്തുകൊണ്ടാണ്? (ചിത്രങ്ങളും കാണുക.)
“ആത്മാവ് തയ്യാറാണെങ്കിലും ശരീരം ബലഹീനമാണ്.”a (മത്താ. 26:41ബി) നമ്മൾ അപൂർണരാണെന്നും നമുക്ക് തെറ്റുകളൊക്കെ പറ്റുമെന്നും യേശുവിന് അറിയാമെന്നാണ് ഈ വാക്കുകൾ കാണിക്കുന്നത്. എന്നാൽ അതിൽ ഒരു മുന്നറിയിപ്പും കൂടെയുണ്ട്: നമ്മൾ അമിത ആത്മവിശ്വാസം കാണിക്കരുത്. യേശു ഈ വാക്കുകൾ പറയുന്നതിന് ഏതാനും മണിക്കൂർ മുമ്പാണ് ശിഷ്യന്മാർ തങ്ങളുടെ ഗുരുവിനെ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന് ഉറപ്പിച്ചുപറഞ്ഞത്. (മത്താ. 26:35) അവരുടെ ആഗ്രഹം നല്ലതായിരുന്നു. എന്നാൽ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം ഉണ്ടായാൽ പെട്ടെന്ന് അതിൽ വീണുപോകാൻ സാധ്യതയുണ്ടെന്ന് അവർ ഓർത്തില്ല. അതുകൊണ്ടാണ് യേശു അവർക്ക് ഈ മുന്നറിയിപ്പു കൊടുത്തത്: “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ എപ്പോഴും ഉണർന്നിരുന്ന് പ്രാർഥിക്കണം.”—മത്താ. 26:41എ.
2 എന്നാൽ യേശുവിനെ അറസ്റ്റ് ചെയ്തപ്പോൾ ശിഷ്യന്മാർ എന്താണു ചെയ്തത്? അവർ യേശുവിന്റെ കൂടെ നിന്നോ? അതോ പേടിച്ച് ഓടിപ്പോയോ? അവർ യേശു പറഞ്ഞതുപോലെ ഉണർന്നിരിക്കാൻ അഥവാ ജാഗ്രതയോടിരിക്കാൻ പരാജയപ്പെട്ടു. അതുകൊണ്ട് തങ്ങൾ ഒരിക്കലും ചെയ്യില്ലെന്നു പറഞ്ഞ കാര്യംതന്നെ ശിഷ്യന്മാർ ചെയ്തു; യേശുവിനെ ഉപേക്ഷിച്ചുപോയി.—മത്താ. 26:56.
യേശു ശിഷ്യന്മാരോടു പ്രലോഭനങ്ങൾക്ക് എതിരെ ജാഗ്രതയോടിരിക്കാനും ഉണർന്നിരിക്കാനും പറഞ്ഞെങ്കിലും അവർ യേശുവിനെ വിട്ടുപോയി (1-2 ഖണ്ഡികകൾ കാണുക)
3. (എ) യഹോവയോടു വിശ്വസ്തരായി തുടരാൻ അമിത ആത്മവിശ്വാസം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തെല്ലാം പഠിക്കും?
3 ‘ഞാൻ എപ്പോഴും ശരിയേ ചെയ്യൂ’ എന്നൊരു അമിത ആത്മവിശ്വാസം നമുക്കുണ്ടാകരുത്. ഒരിക്കലും യഹോവയെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യരുത് എന്നാണ് നമ്മുടെ തീരുമാനമെങ്കിലും, നമ്മൾ അപൂർണരും തെറ്റിലേക്കു ചായ്വുള്ളവരും ആണ്. (റോമ. 5:12; 7:21-23) പ്രതീക്ഷിക്കാതെ ആയിരിക്കാം തെറ്റായ ഒരു കാര്യം ചെയ്യാനുള്ള പ്രലോഭനം നമ്മുടെ മുന്നിലേക്കു വരുന്നത്. അപ്പോൾ യഹോവയോടും യേശുവിനോടും വിശ്വസ്തരായിരിക്കാൻ നമ്മൾ എന്തു ചെയ്യണം? പ്രലോഭനത്തിൽ വീണുപോകാതിരിക്കാൻ എപ്പോഴും ജാഗ്രതയോടിരിക്കണമെന്ന യേശുവിന്റെ നിർദേശം നമ്മൾ അനുസരിക്കണം. ഈ ലേഖനം അതിനു നമ്മളെ സഹായിക്കും. ആദ്യം, ഏതു മേഖലകളിൽ നമ്മൾ പ്രത്യേകം ജാഗ്രത കാണിക്കണമെന്നു ചിന്തിക്കും. തുടർന്ന്, എങ്ങനെ ജാഗ്രത കാണിക്കാമെന്നു പഠിക്കും. അവസാനം, ജാഗ്രത കാണിക്കുന്നതിൽ തുടരാൻ എങ്ങനെ പറ്റുമെന്നും നോക്കും.
ദൗർബല്യങ്ങൾ തിരിച്ചറിയുക, ജാഗ്രത കാണിക്കുക
4-5. ചെറിയ തെറ്റുകൾ ചെയ്യുന്നതുപോലും നമ്മൾ ഒഴിവാക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
4 ചില തെറ്റുകൾ മറ്റുള്ളവയെ അപേക്ഷിച്ച് ഗൗരവം കുറഞ്ഞതായിരിക്കാം. പക്ഷേ അതുപോലും യഹോവയുമായുള്ള നമ്മുടെ ബന്ധം ദുർബലമാക്കും. മാത്രമല്ല, ഗുരുതരമായ തെറ്റു ചെയ്യുന്നതിലേക്ക് അതു നമ്മളെ കൊണ്ടെത്തിച്ചേക്കാം.
5 നമുക്കെല്ലാം തെറ്റു ചെയ്യാനുള്ള പ്രലോഭനം നേരിടും. എന്നാൽ ഓരോരുത്തരുടെയും ദൗർബല്യങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ട് ചിലർക്കു ചില പ്രലോഭനങ്ങൾ കൂടുതൽ ശക്തമായിരുന്നേക്കാം. ഉദാഹരണത്തിന്, ഒരു വ്യക്തിക്കു ലൈംഗിക അധാർമികത പോലുള്ള ഗുരുതരമായ ഒരു തെറ്റു ചെയ്യാൻ ശക്തമായ പ്രലോഭനം തോന്നിയേക്കാം. മറ്റൊരാൾക്കു സ്വയംഭോഗമോ അശ്ലീലം കാണുന്നതോ പോലുള്ള അശുദ്ധമായ ശീലങ്ങളോടായിരിക്കാം പോരാടേണ്ടിവരുന്നത്. ഇനി, വേറെ ചിലർക്ക് മനുഷ്യരോടുള്ള പേടിയോ അഹങ്കാരമോ പെട്ടെന്നു ദേഷ്യം വരുന്നതോ ഒക്കെയായിരിക്കാം ഒരു പ്രശ്നം. യാക്കോബ് പറഞ്ഞതുപോലെ “സ്വന്തം മോഹങ്ങളാണ് ഓരോരുത്തരെയും ആകർഷിച്ച് മയക്കി പരീക്ഷണങ്ങളിൽ അകപ്പെടുത്തുന്നത്.”—യാക്കോ. 1:14.
6. നമ്മൾ ഏതു കാര്യത്തിൽ സത്യസന്ധരായിരിക്കണം?
6 ഏതുതരം പ്രലോഭനത്തിലാണ് നിങ്ങൾ എളുപ്പം വീണുപോകാൻ സാധ്യതയുള്ളത് എന്നു നിങ്ങൾക്ക് അറിയാമോ? നമ്മുടെ ദൗർബല്യങ്ങൾ അവഗണിച്ചുകൊണ്ട് ‘എനിക്കു തെറ്റൊന്നും പറ്റില്ല’ എന്നു ചിന്തിക്കുന്നത് മണ്ടത്തരമാണ്. (1 യോഹ. 1:8) ജാഗ്രത കൈവിട്ടാൽ ‘ആത്മീയയോഗ്യതയുള്ളവർ’ പോലും തെറ്റിൽ വീണുപോകാൻ സാധ്യതയുണ്ട് എന്നു പൗലോസ് മുന്നറിയിപ്പു നൽകി. (ഗലാ. 6:1) നമ്മൾ സത്യസന്ധമായി സ്വയം വിലയിരുത്തുകയും ഏതു കാര്യങ്ങളിലാണു നമുക്കു ദൗർബല്യം ഉള്ളതെന്നു തിരിച്ചറിയുകയും വേണം.—2 കൊരി. 13:5.
7. ഏതു കാര്യത്തിനു നമ്മൾ പ്രത്യേകം ശ്രദ്ധകൊടുക്കണം? ഒരു ഉദാഹരണം പറയുക.
7 നമുക്ക് ഏറ്റവും കൂടുതൽ പ്രലോഭനം തോന്നുന്നത് ഏതു കാര്യത്തിലാണ് എന്നു മനസ്സിലാക്കിയാൽ, പിന്നെ നമ്മൾ എന്തു ചെയ്യണം? പ്രതിരോധം ശക്തമാക്കണം. ഉദാഹരണത്തിന്, ബൈബിൾക്കാലങ്ങളിലെ ഒരു നഗരമതിലിന്റെ കാര്യമെടുത്താൽ അതിന്റെ ഏറ്റവും ദുർബലമായ ഭാഗം കവാടങ്ങളായിരുന്നു. കാരണം, അതിലൂടെ ശത്രുക്കൾക്ക് എളുപ്പം അകത്തുകടക്കാൻ പറ്റും. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ കാവൽക്കാർ നിന്നിരുന്നതും കവാടങ്ങളിലാണ്. അതുപോലെ നമ്മളും, നമുക്ക് ഏറ്റവും ദൗർബല്യമുണ്ടെന്നു തോന്നുന്ന കാര്യങ്ങൾക്കു പ്രത്യേകം ശ്രദ്ധകൊടുക്കേണ്ടതു പ്രധാനമാണ്.—1 കൊരി. 9:27.
എങ്ങനെ ജാഗ്രത കാണിക്കാം?
8-9. സുഭാഷിതങ്ങൾ 7-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന ചെറുപ്പക്കാരനു ഗുരുതരമായ ഒരു തെറ്റു ചെയ്യുന്നത് എങ്ങനെ ഒഴിവാക്കാമായിരുന്നു? (സുഭാഷിതങ്ങൾ 7:8, 9, 13, 14, 21)
8 നമുക്ക് എങ്ങനെ നമ്മളെത്തന്നെ സംരക്ഷിക്കാം? സുഭാഷിതങ്ങൾ 7-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന ചെറുപ്പക്കാരനിൽനിന്ന് എന്തു പഠിക്കാമെന്നു നോക്കാം. അവൻ അസാന്മാർഗിയായ ഒരു സ്ത്രീയുമായി ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടു. 22-ാം വാക്യം പറയുന്നത്, അവളുടെ പുറകേ ആ ചെറുപ്പക്കാരൻ “പെട്ടെന്ന്” പോയി എന്നാണ്. എന്നാൽ പെട്ടെന്നല്ല, പല പടികളും കടന്ന് പതിയെയാണ് അവൻ ആ തെറ്റിലേക്കു വീണതെന്നു തൊട്ടുമുമ്പുള്ള വാക്യങ്ങളിൽനിന്ന് മനസ്സിലാക്കാം.
9 ഈ തെറ്റിലേക്കു നയിച്ചത് എന്താണ്? ആദ്യം അവൻ, വൈകുന്നേരം ആയപ്പോൾ തെരുവിലൂടെ നടന്ന് “അവളുടെ വീടിന് അരികിലെ കവലയിൽ എത്തി.” എന്നിട്ട് അവളുടെ വീടിനു നേർക്കു നടന്നു. (സുഭാഷിതങ്ങൾ 7:8, 9 വായിക്കുക.) ആ സ്ത്രീയെ കണ്ടിട്ടും അവൻ തിരിഞ്ഞുനടന്നില്ല. പകരം അവൾ തന്നെ ചുംബിക്കാൻ അവൻ അനുവദിച്ചു. ഇനി, ഒരുപക്ഷേ താൻ അത്ര മോശം സ്ത്രീയല്ല എന്നു കാണിക്കാനായിരിക്കാം സഹഭോജനബലികൾ അർപ്പിച്ചതിനെക്കുറിച്ചൊക്കെ അവൾ പറഞ്ഞത്. അതും അവൻ കേട്ടുകൊണ്ടുനിന്നു. (സുഭാഷിതങ്ങൾ 7:13, 14, 21 വായിക്കുക.) തെറ്റിലേക്കു നയിച്ച ഈ കാര്യങ്ങളൊക്കെ ആ ചെറുപ്പക്കാരൻ ഒഴിവാക്കിയിരുന്നെങ്കിൽ അവനു തെറ്റു ചെയ്യാനുള്ള പ്രലോഭനം തോന്നില്ലായിരുന്നു, അവൻ തെറ്റിലേക്കു വീഴുകയുമില്ലായിരുന്നു.
10. സുഭാഷിതങ്ങളിലെ ചെറുപ്പക്കാരനു സംഭവിച്ചതുപോലെ ഇന്നും ഒരാൾ തെറ്റിലേക്ക് എങ്ങനെ വീണേക്കാം?
10 ശലോമോൻ എഴുതിയ ഈ ദൃഷ്ടാന്തത്തിൽനിന്ന്, യഹോവയുടെ ആരാധകനായ ഒരാൾക്ക് എന്തു സംഭവിക്കാൻ സാധ്യതയുണ്ടെന്നു നമുക്കു മനസ്സിലാക്കാം. ഒരാൾ ഗുരുതരമായ ഒരു തെറ്റു ചെയ്തിട്ട് ‘അറിയാതെ പെട്ടെന്നു പറ്റിപ്പോയതാണ്’ എന്നു ചിലപ്പോൾ പറയാനിടയുണ്ട്. എന്നാൽ ഒന്നു ചിന്തിച്ചാൽ, ബുദ്ധിശൂന്യമായ പല പടികളും കടന്നാണു താൻ ഈ തെറ്റിലേക്ക് എത്തിയതെന്ന് ഒരുപക്ഷേ അദ്ദേഹത്തിനു മനസ്സിലാകും. ആ പടികളിൽ എന്തൊക്കെ ഉൾപ്പെട്ട് കാണും? അദ്ദേഹത്തിന്റെ കൂട്ടുകാരോ അദ്ദേഹം തിരഞ്ഞെടുത്ത വിനോദങ്ങളോ സന്ദർശിച്ച വെബ്സൈറ്റുകളോ പോയ ഇടങ്ങളോ ഒന്നും അത്ര നല്ലതായിരിക്കില്ല. ഇനി അദ്ദേഹം, പ്രാർഥിക്കുന്നതും ബൈബിൾ വായിക്കുന്നതും മീറ്റിങ്ങുകൾക്കു പോകുന്നതും ശുശ്രൂഷയിൽ ഏർപ്പെടുന്നതും ഒക്കെ നിറുത്തിയിട്ടുമുണ്ടാകും. അതുകൊണ്ട് സുഭാഷിതങ്ങളിലെ ആ ചെറുപ്പക്കാരന്റെ കാര്യത്തിലെപ്പോലെ, അദ്ദേഹം ചെയ്ത തെറ്റും “പെട്ടെന്ന്” സംഭവിച്ച ഒന്നായിരിക്കില്ല.
11. തെറ്റിലേക്കു വീഴാതിരിക്കാൻ നമ്മൾ എന്ത് ഒഴിവാക്കണം?
11 നമുക്കുള്ള പാഠം എന്താണ്? തെറ്റു ചെയ്യുന്നതു മാത്രമല്ല, അതിലേക്കു നയിക്കുന്ന ബുദ്ധിശൂന്യമായ പടികളും നമ്മൾ ഒഴിവാക്കണം. അതുതന്നെയാണു ചെറുപ്പക്കാരനെയും സ്ത്രീയെയും കുറിച്ചുള്ള വിവരണത്തിനു ശേഷം ശലോമോൻ പറഞ്ഞത്: “അറിയാതെപോലും അവളുടെ പാതകളിൽ കടക്കരുത്.” (സുഭാ. 7:25) അദ്ദേഹം ഇങ്ങനെയും പറഞ്ഞിട്ടുണ്ട്: “അവളിൽനിന്ന് അകന്നുനിൽക്കുക; അവളുടെ വീട്ടുവാതിലിന് അരികിലേക്കു ചെല്ലരുത്.” (സുഭാ. 5:3, 8) അതുകൊണ്ട് തെറ്റിലേക്കു നയിക്കുന്ന സാഹചര്യങ്ങളിൽനിന്ന് അകന്നുനിന്നുകൊണ്ട് നമുക്കു ജാഗ്രത കാണിക്കാം.b ഒരു ക്രിസ്ത്യാനി ചെയ്യുന്നതിൽ തെറ്റില്ലാത്ത ചില കാര്യങ്ങൾപോലും നമ്മുടെ കാര്യത്തിൽ ഒരു പ്രലോഭനമാകാൻ സാധ്യതയുണ്ട് എന്നു തോന്നുന്നെങ്കിൽ നമ്മൾ അതു വേണ്ടെന്നുവെക്കും.—മത്താ. 5:29, 30.
12. ഇയ്യോബ് എന്ത് ഉറച്ച തീരുമാനമെടുത്തു, പ്രലോഭനത്തിന് എതിരെ ജാഗ്രതയോടിരിക്കാൻ അത് അദ്ദേഹത്തെ എങ്ങനെ സഹായിക്കുമായിരുന്നു? (ഇയ്യോബ് 31:1)
12 തെറ്റിലേക്കു നയിക്കുന്ന ഒരു സാഹചര്യം ഒഴിവാക്കണമെങ്കിൽ നമ്മൾ ഉറച്ച തീരുമാനമെടുക്കണം. ഇയ്യോബ് അങ്ങനെ ചെയ്തു. ഭാര്യയെ അല്ലാതെ ലൈംഗിക ആഗ്രഹത്തോടെ മറ്റൊരു സ്ത്രീയെ നോക്കില്ലെന്ന് ഇയ്യോബ് തന്റെ ‘കണ്ണുമായി ഒരു ഉടമ്പടി ചെയ്തു.’ (ഇയ്യോബ് 31:1 വായിക്കുക.) ആ ഒരു തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതു വ്യഭിചാരം എന്ന തെറ്റിൽനിന്ന് എപ്പോഴും അകന്നുനിൽക്കാൻ അദ്ദേഹത്തെ സഹായിക്കുമായിരുന്നു. അതുകൊണ്ട് ഒരു പ്രലോഭനത്തിലേക്കു നയിക്കുന്ന ഏതൊരു കാര്യവും ഒഴിവാക്കുമെന്ന് നമുക്കും ഉറച്ച തീരുമാനമെടുക്കാം.
13. നമ്മൾ എന്തു ചിന്തിക്കുന്നു എന്ന കാര്യത്തിൽ ജാഗ്രത കാണിക്കേണ്ടത് എന്തുകൊണ്ട്? (ചിത്രങ്ങളും കാണുക.)
13 നമ്മൾ എന്തു ചിന്തിക്കുന്നു എന്ന കാര്യത്തിലും ജാഗ്രത വേണം. (പുറ. 20:17) ‘മോശമായ കാര്യങ്ങൾ ഭാവനയിൽ കാണുന്നതിൽ തെറ്റൊന്നും ഇല്ല, അതു ചെയ്യാതിരുന്നാൽ മതി’ എന്നാണു ചിലർ വിശ്വസിക്കുന്നത്. എന്നാൽ അങ്ങനെ ചിന്തിക്കുന്നതു തെറ്റാണ്. തെറ്റായ ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കുന്ന ഒരാൾ അതു ചെയ്യാനുള്ള ആഗ്രഹത്തെ ആളിക്കത്തിക്കുകയാണ്. അങ്ങനെ ചെയ്യുന്ന ഒരാൾ സ്വയം ഒരു കുഴി കുഴിക്കുകയാണെന്നു പറയാം. ഇനിയിപ്പോൾ അതിൽ വീഴാതിരിക്കാൻ അയാൾ ശരിക്കും കഷ്ടപ്പെടേണ്ടിവരും! ശരിയാണ്, ചിലപ്പോൾ തെറ്റായ ചിന്തകൾ നമ്മുടെ മനസ്സിലേക്കുവന്നേക്കാം. എന്നാൽ അപ്പോൾത്തന്നെ ആ ചിന്തകൾ മാറ്റിയിട്ട് നല്ല ചിന്തകൾകൊണ്ട് മനസ്സു നിറയ്ക്കണം. അങ്ങനെ ചെയ്യുമ്പോൾ തെറ്റായ ചിന്തകൾ ശക്തമായ ഒരു ആഗ്രഹമായി വളരുന്നതു നമുക്കു തടയാനാകും. അതു വളരെ പ്രധാനമാണ്. കാരണം ഒരു കാര്യം ശക്തമായ ആഗ്രഹമായിത്തീർന്നാൽ അതിന് എതിരെ പോരാടാൻ ബുദ്ധിമുട്ടായിരിക്കും. അതു നമ്മളെ ഗുരുതരമായ ഒരു തെറ്റിലേക്കു കൊണ്ടെത്തിക്കുകയും ചെയ്തേക്കാം.—ഫിലി. 4:8; കൊലോ. 3:2; യാക്കോ. 1:13-15.
പ്രലോഭനത്തിലേക്കു നയിച്ചേക്കാവുന്ന എന്തും നമ്മൾ ഒഴിവാക്കണം (13-ാം ഖണ്ഡിക കാണുക)
14. പ്രലോഭനത്തിന് എതിരെ ജാഗ്രത കാണിക്കാൻ നമ്മളെ വേറെ എന്തു സഹായിക്കും?
14 പ്രലോഭനത്തിന് എതിരെ ജാഗ്രത കാണിക്കാൻ നമ്മളെ മറ്റ് എന്തു സഹായിക്കും? യഹോവയുടെ നിയമങ്ങൾ അനുസരിക്കുന്നതുകൊണ്ട് പ്രയോജനങ്ങളേ ഉള്ളൂ എന്ന ഉറച്ച ബോധ്യം ഉണ്ടായിരിക്കുന്നതു നമ്മളെ സഹായിക്കും. നമ്മുടെ ചിന്തകളും ആഗ്രഹങ്ങളും ഒക്കെ യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കൊണ്ടുവരുന്നത് എപ്പോഴും അത്ര എളുപ്പമല്ല. എന്നാൽ അങ്ങനെ ചെയ്യാൻ കഠിനശ്രമം ചെയ്യുമ്പോൾ നമുക്കു കിട്ടുന്ന സന്തോഷം വലുതായിരിക്കും.
15. ശരിയായ ആഗ്രഹങ്ങൾ വളർത്തിയെടുക്കുന്നതു പ്രലോഭനത്തിന് എതിരെ ജാഗ്രതയുള്ളവരായിരിക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
15 നമ്മൾ ശരിയായ ആഗ്രഹങ്ങൾ വളർത്തിയെടുക്കേണ്ടതുമുണ്ട്. ‘മോശമായതിനെ വെറുത്ത് നല്ലതിനെ സ്നേഹിക്കാൻ’ പഠിച്ചാൽ ശരിയായതു ചെയ്യാനും തെറ്റിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും ഉള്ള നമ്മുടെ തീരുമാനം ശക്തമാകും. (ആമോ. 5:15) നമ്മുടെ ഉള്ളിൽ ശരിയായ ആഗ്രഹങ്ങളാണ് ഉള്ളതെങ്കിൽ പെട്ടെന്ന് ഒരു പ്രലോഭനം വരുമ്പോഴും, ഇനി പ്രലോഭനമുണ്ടാകുമെന്ന് അറിയാവുന്ന ഒരു സാഹചര്യം ഒഴിവാക്കാൻ പറ്റാതെ വരുമ്പോഴും നമുക്കു ചെറുത്തുനിൽക്കാൻ എളുപ്പമായിരിക്കും.
16. ജാഗ്രതയുള്ളവരായിരിക്കാൻ ആത്മീയ പ്രവർത്തനങ്ങൾ നമ്മളെ സഹായിക്കുന്നത് എങ്ങനെ? (ചിത്രങ്ങളും കാണുക.)
16 ശരിയായതു ചെയ്യാനുള്ള ആഗ്രഹം നമുക്ക് എങ്ങനെ വളർത്തിയെടുക്കാം? അതിന് ആത്മീയകാര്യങ്ങളിൽ കഴിയുന്നത്ര ഉൾപ്പെടാൻ ശ്രമിക്കുക. ക്രിസ്തീയ യോഗങ്ങളിലും ശുശ്രൂഷയിലും ആയിരിക്കുമ്പോൾ തെറ്റു ചെയ്യാനുള്ള പ്രലോഭനങ്ങൾ നമുക്ക് അധികം നേരിടില്ല. മാത്രമല്ല, നമ്മൾ അവിടെ ആയിരിക്കുമ്പോൾ യഹോവയെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹം ശക്തമാക്കുകയുമാണ്. (മത്താ. 28:19, 20; എബ്രാ. 10:24, 25) ദൈവവചനം വായിക്കുകയും പഠിക്കുകയും അതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്യുന്നതു ശരിയായതിനോടുള്ള നമ്മുടെ സ്നേഹവും മോശമായതിനോടുള്ള വെറുപ്പും കൂട്ടും. (യോശു. 1:8; സങ്കീ. 1:2, 3; 119:97, 101) ഇനി, യേശു ശിഷ്യന്മാരോടു പറഞ്ഞതും ഓർക്കാം: “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ എപ്പോഴും ഉണർന്നിരുന്ന് പ്രാർഥിക്കണം.” (മത്താ. 26:41) പ്രാർഥിച്ചുകൊണ്ട് നമ്മുടെ സ്വർഗീയപിതാവുമായി സമയം ചെലവഴിക്കുമ്പോൾ യഹോവയെ സന്തോഷിപ്പിക്കാനുള്ള നമ്മുടെ തീരുമാനം ശക്തമാകും, യഹോവ നമ്മളെ സഹായിക്കുകയും ചെയ്യും.—യാക്കോ. 4:8.
നല്ലൊരു ആത്മീയ ദിനചര്യ പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ നമ്മളെ സഹായിക്കും (16-ാം ഖണ്ഡിക കാണുക)c
ജാഗ്രത കാണിക്കുന്നതിൽ തുടരുക
17. ഏതു ദൗർബല്യത്തെ പത്രോസിനു വീണ്ടുംവീണ്ടും നേരിടേണ്ടിവന്നു?
17 നമ്മുടെ ചില ദൗർബല്യങ്ങളെ നമുക്കു പൂർണമായി കീഴടക്കാൻ പറ്റിയേക്കും. എന്നാൽ വേറെ ചിലതിന് എതിരെ നമ്മൾ ഒരുപാടു കാലം പോരാടേണ്ടിവരും. അപ്പോസ്തലനായ പത്രോസിനെക്കുറിച്ച് ചിന്തിക്കുക. മനുഷ്യരോടുള്ള ഭയം കാരണം അദ്ദേഹം യേശുവിനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞു. (മത്താ. 26:69-75) എന്നാൽ കുറച്ച് നാളുകൾക്കു ശേഷം സൻഹെദ്രിനു മുമ്പാകെ അദ്ദേഹം ധൈര്യത്തോടെ ഒരു സാക്ഷ്യം നൽകി. ഈ സംഭവത്തെക്കുറിച്ച് കേൾക്കുമ്പോൾ അദ്ദേഹത്തിനു തന്റെ ദൗർബല്യത്തെ പൂർണമായി മറികടക്കാനായി എന്നു നമ്മൾ ചിന്തിച്ചേക്കാം. (പ്രവൃ. 5:27-29) പക്ഷേ കുറച്ച് വർഷങ്ങൾക്കു ശേഷം “പരിച്ഛേദനയേറ്റവരെ ഭയന്ന്” ജനതകളിൽപ്പെട്ടവരോടൊപ്പം ഭക്ഷണം കഴിക്കുന്നതു പത്രോസ് നിറുത്തി. (ഗലാ. 2:11, 12) മറികടന്നുവെന്ന് ഓർത്ത അദ്ദേഹത്തിന്റെ പ്രശ്നം വീണ്ടും തിരിച്ചുവന്നു. മനുഷ്യരോടുള്ള പേടി പത്രോസിന് ഒരിക്കലും പൂർണമായും മറികടക്കാനായില്ല എന്നു തോന്നുന്നു.
18. ചില ദൗർബല്യങ്ങളുടെ കാര്യത്തിൽ എന്തു സംഭവിച്ചേക്കാം?
18 പത്രോസിനു സംഭവിച്ചതു ചിലപ്പോൾ നമുക്കും സംഭവിച്ചേക്കാം. എങ്ങനെ? നമ്മൾ മറികടന്നു എന്നു ചിന്തിച്ച ഒരു ദൗർബല്യം ചിലപ്പോൾ വീണ്ടും പൊങ്ങിവന്നേക്കാം. ഉദാഹരണത്തിന് ഒരു സഹോദരൻ പറയുന്നതു ശ്രദ്ധിക്കുക: “ഞാൻ അശ്ലീലം കാണുന്നതു നിറുത്തിയിട്ട് പത്തു വർഷം ആയിരുന്നു. ഇനി ഒരിക്കലും ആ പ്രശ്നം ഉണ്ടാകില്ല എന്നാണു ഞാൻ ചിന്തിച്ചത്. എന്നാൽ തക്കം കിട്ടിയാൽ തലപൊക്കാൻ കാത്തിരിക്കുന്ന ഒരു ഭീകരജീവിയെപ്പോലെ അശ്ലീലത്തോടുള്ള ആഗ്രഹം എന്റെ ഉള്ളിൽ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു.” പക്ഷേ സഹോദരൻ വിട്ടുകൊടുത്തില്ല. അതിന് എതിരെ പോരാടാൻ ഓരോ ദിവസവും ശ്രമിക്കണമെന്നും ഒരുപക്ഷേ ഈ ദുഷ്ടലോകത്തിലെ തന്റെ ജീവിതാവസാനംവരെ അതിനു ശ്രമിക്കേണ്ടിവരുമെന്നും സഹോദരൻ തിരിച്ചറിഞ്ഞു. ഭാര്യയുടെയും സഭയിലെ മൂപ്പന്മാരുടെയും സഹായത്തോടെ അശ്ലീലത്തെ ചെറുത്തുനിൽക്കാനുള്ള ശക്തമായ പടികൾ അദ്ദേഹം സ്വീകരിച്ചു.
19. കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ദൗർബല്യത്തിന് എതിരെ എങ്ങനെ പോരാടാം?
19 നമ്മളെ കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ദൗർബല്യത്തിന് എതിരെ നമുക്ക് എങ്ങനെ പോരാടാം? പ്രലോഭനങ്ങളോടുള്ള ബന്ധത്തിൽ യേശു പറഞ്ഞതു നമുക്ക് അനുസരിക്കാം: “ഉണർന്നിരിക്കുക.” എന്തുവന്നാലും പിടിച്ചുനിൽക്കും എന്നൊരു തോന്നൽ ഉള്ള സമയങ്ങളിൽപ്പോലും തെറ്റിലേക്കു നയിച്ചേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. (1 കൊരി. 10:12) ആ ദൗർബല്യത്തെ നേരിടാൻ നിങ്ങളെ ഇതുവരെ സഹായിച്ച കാര്യങ്ങൾ തുടർന്നും ചെയ്യുക. സുഭാഷിതങ്ങൾ 28:14 പറയുന്നു: “എപ്പോഴും ജാഗ്രത കാണിക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.”—2 പത്രോ. 3:14.
ജാഗ്രതയോടിരിക്കുന്നതിന്റെ പ്രയോജനങ്ങൾ
20-21. (എ) പ്രലോഭനങ്ങൾക്ക് എതിരെ ജാഗ്രതയോടിരുന്നാൽ നമുക്ക് എന്തെല്ലാം പ്രയോജനങ്ങൾ കിട്ടും? (ബി) നമ്മുടെ ഭാഗം നമ്മൾ ചെയ്താൽ യഹോവ നമുക്കുവേണ്ടി എന്തു ചെയ്യും? (2 കൊരിന്ത്യർ 4:7)
20 എപ്പോഴും ജാഗ്രതയോടിരിക്കുന്നതു നമുക്ക് ഒരുപാടു പ്രയോജനങ്ങൾ നേടിത്തരും. പാപം ചെയ്യുമ്പോൾ കിട്ടുന്ന ‘താത്കാലിക സുഖത്തെക്കാൾ’ വളരെ വലുതാണ് യഹോവയുടെ നിലവാരങ്ങൾക്ക് അനുസരിച്ച് ജീവിക്കുമ്പോൾ കിട്ടുന്ന സന്തോഷം. (എബ്രാ. 11:25; സങ്കീ. 19:8) കാരണം യഹോവയുടെ വഴികൾക്ക് അനുസരിച്ച് ജീവിക്കാനാണ് യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. (ഉൽപ. 1:27) അങ്ങനെ ചെയ്യുമ്പോൾ നമുക്കു ശുദ്ധമായ ഒരു മനസ്സാക്ഷി ഉണ്ടായിരിക്കും; നിത്യജീവൻ നേടാനുമാകും.—1 തിമൊ. 6:12; 2 തിമൊ. 1:3; യൂദ 20, 21.
21 നമ്മുടെ “ശരീരം ബലഹീനമാണ്” എന്നതു ശരിയാണ്. പക്ഷേ അതിന്റെ അർഥം നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്നല്ല. നമുക്ക് ആവശ്യമായ ശക്തി തരാൻ യഹോവ തയ്യാറാണ്. (2 കൊരിന്ത്യർ 4:7 വായിക്കുക.) എന്നാൽ യഹോവ നമുക്കു തരുന്നതു സാധാരണ ശക്തി അല്ല, അസാധാരണ ശക്തി ആണ്. അപ്പോൾ സാധാരണ ശക്തി എന്താണ്? പ്രലോഭനങ്ങൾ നേരിടാൻ നമ്മൾ ഓരോ ദിവസവും ചെയ്യുന്ന ശ്രമങ്ങളാണ് അത്. ആ ശക്തി ഉപയോഗിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അങ്ങനെ നമ്മൾ ചെയ്യുമ്പോൾ പ്രലോഭനങ്ങൾ നേരിടാൻ നമുക്ക് എപ്പോഴാണോ കൂടുതലായ ശക്തി വേണ്ടിവരുന്നത് അപ്പോൾ അതു തന്നുകൊണ്ട് യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരും. (1 കൊരി. 10:13) അതെ, യഹോവയുടെ സഹായത്താൽ പ്രലോഭനങ്ങൾക്ക് എതിരെ എപ്പോഴും ജാഗ്രതയോടിരിക്കാൻ നമുക്കാകും.
ഗീതം 47 എല്ലാ ദിവസവും യഹോവയോടു പ്രാർഥിക്കുക
a പദപ്രയോഗങ്ങളുടെ വിശദീകരണം: മത്തായി 26:41-ലെ “ആത്മാവ്,” ഒരു പ്രത്യേകവിധത്തിൽ ചിന്തിക്കാനോ പ്രവർത്തിക്കാനോ നമ്മളെ പ്രേരിപ്പിക്കുന്ന നമ്മുടെ ഉള്ളിലെ പ്രചോദകശക്തിയാണ്. “ശരീരം” എന്നതു നമ്മുടെ പാപാവസ്ഥയെ കുറിക്കുന്നു. അതുകൊണ്ട് ശരിയായതു ചെയ്യാനുള്ള ആഗ്രഹം നമുക്ക് ഉണ്ടെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ ബൈബിൾ തെറ്റാണെന്നു പറയുന്ന കാര്യങ്ങൾ ചെയ്യാനുള്ള പ്രലോഭനത്തിൽ നമ്മൾ വീണുപോയേക്കാം.
b ഗുരുതരമായ ഒരു തെറ്റു ചെയ്ത വ്യക്തിക്കു സഹായകമായ വിവരങ്ങൾ ജീവിതം ആസ്വദിക്കാം! പുസ്തകത്തിന്റെ പാഠം 57, പോയിന്റ് 1-3-ലും 2020 നവംബർ ലക്കം വീക്ഷാഗോപുരത്തിലെ “പിന്നിലേക്കല്ല നേരെ മുന്നിലേക്കു നോക്കുക” എന്ന ലേഖനത്തിന്റെ പേ. 27-29, ഖ. 12-17-ലും കാണാം.
c ചിത്രത്തിന്റെ വിവരണം: ഒരു സഹോദരൻ രാവിലെ ദിനവാക്യം വായിക്കുന്നു. ഉച്ചയ്ക്കത്തെ ഇടവേളയ്ക്കു ബൈബിൾ വായിക്കുന്നു. വൈകുന്നേരം ഇടദിവസത്തെ യോഗത്തിൽ പങ്കെടുക്കുന്നു.