പഠനലേഖനം 20
ഗീതം 7 “യഹോവ നമ്മുടെ ബലം”
യഹോവ നമ്മളെ ആശ്വസിപ്പിക്കുന്നു
“നമ്മുടെ ദൈവം മനസ്സലിവുള്ള പിതാവും ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവവും ആണല്ലോ.”—2 കൊരി. 1:3.
ഉദ്ദേശ്യം
ബന്ദികളായ ജൂതന്മാരെ യഹോവ ആശ്വസിപ്പിച്ചതിൽനിന്ന് നമുക്കു പഠിക്കാനുള്ള പാഠങ്ങൾ.
1. ബന്ദികളായിരുന്ന ജൂതന്മാരുടെ സാഹചര്യം വിശദീരിക്കുക.
വർഷങ്ങളോളം ജൂതന്മാർ യഹോവയോട് അനുസരണക്കേടു കാണിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് യരുശലേമിനെ നശിപ്പിക്കാനും ജൂതന്മാരെ പിടിച്ചുകൊണ്ടുപോകാനും യഹോവ ബാബിലോൺകാരെ അനുവദിച്ചു. (2 ദിന. 36:15, 16, 20, 21) ബാബിലോണിൽ ജൂതന്മാരുടെ ജീവിതം എങ്ങനെയായിരുന്നു? ഒരു സാധാരണജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സ്വാതന്ത്ര്യം കുറയൊക്കെ അവർക്ക് ഉണ്ടായിരുന്നു എന്നതു ശരിയാണ്. (യിരെ. 29:4-7) എന്നാലും അവരുടെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. അവർ ആഗ്രഹിച്ചതുപോലുള്ള ഒന്നായിരുന്നില്ല അത്. ആ ജൂതന്മാരിൽ ഒരാൾ തങ്ങളുടെ സാഹചര്യത്തെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്: “ബാബിലോൺനദികളുടെ തീരത്ത് ഞങ്ങൾ ഇരുന്നു. സീയോനെക്കുറിച്ച് ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു.” (സങ്കീ. 137:1) മനസ്സിടിഞ്ഞ ആ ജൂതന്മാർക്ക് ആശ്വാസം വേണമായിരുന്നു. അത് അവർക്ക് എവിടെ കിട്ടുമായിരുന്നു?
2-3. (എ) ജൂതപ്രവാസികൾക്കുവേണ്ടി യഹോവ എന്താണ് ചെയ്തത്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 ‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവമാണ്’ യഹോവ. (2 കൊരി. 1:3) സ്നേഹമുള്ള ദൈവമായതുകൊണ്ട് തന്റെ അടുത്തേക്കു വരുന്നവരെ ആശ്വസിപ്പിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ബന്ദികളായിപ്പോയവരിൽ ചിലർ, തിരുത്തൽ സ്വീകരിച്ച് തന്നിലേക്കു മടങ്ങിവരുമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. (യശ. 59:20) അതുകൊണ്ട് അവർ ബാബിലോണിലേക്കു പോകുന്നതിന് 100-ലധികം വർഷങ്ങൾക്കു മുമ്പുതന്നെ യഹോവ യശയ്യയിലൂടെ അവർക്ക് ഒരു സന്ദേശം കൊടുത്തു. അതായിരുന്നു യശയ്യയുടെ പുസ്തകം. ആ പുസ്തകം അവരെ എങ്ങനെ സഹായിക്കുമായിരുന്നു? യശയ്യ ഇങ്ങനെ പറയുന്നു: “‘ആശ്വസിപ്പിക്കുക; എന്റെ ജനത്തെ ആശ്വസിപ്പിക്കുക’ എന്നു നിങ്ങളുടെ ദൈവം പറയുന്നു.” (യശ. 40:1) അതെ, യശയ്യ പുസ്തകത്തിലൂടെ അവർക്കു വേണ്ടിയിരുന്ന ആശ്വാസം യഹോവ കൊടുത്തു.
3 ജൂതപ്രവാസികളെപ്പോലെ നമുക്കും ഇടയ്ക്കൊക്കെ ആശ്വാസം ആവശ്യമാണ്. ഈ ലേഖനത്തിൽ യഹോവ അവരെ ആശ്വസിപ്പിച്ച മൂന്നു വിധങ്ങളെക്കുറിച്ച് നമുക്കു നോക്കാം: (1) പശ്ചാത്തപിക്കുന്നവരോടു ക്ഷമിക്കും എന്ന് യഹോവ വാക്കു കൊടുത്തു. (2) തന്റെ ജനത്തിന് യഹോവ പ്രത്യാശ നൽകി. (3) പേടിക്കാതിരിക്കാൻ യഹോവ അവരെ സഹായിച്ചു. ഇന്നു നമ്മളെ യഹോവ അതേ രീതിയിൽ എങ്ങനെയാണ് ആശ്വസിപ്പിക്കുന്നതെന്നും നമ്മൾ പഠിക്കും.
യഹോവ നമ്മളോടു ക്ഷമിക്കുന്നു
4. താൻ കരുണയുള്ള ദൈവമാണെന്ന് യഹോവ എങ്ങനെയാണ് കാണിച്ചത്? (യശയ്യ 55:7)
4 ജൂതന്മാരോടു താൻ ക്ഷമിക്കുമെന്ന് യഹോവ യശയ്യയിലൂടെ ഉറപ്പുകൊടുത്തു. (യശയ്യ 55:7 വായിക്കുക) യഹോവ പറഞ്ഞു: “നിത്യമായ അചഞ്ചലസ്നേഹത്താൽ ഞാൻ നിന്നോടു കരുണ കാണിക്കും.” (യശ. 54:8) യഹോവ എങ്ങനെ അവരോടു കരുണ കാണിക്കുമായിരുന്നു? ആ ജൂതന്മാർക്കു തങ്ങൾ ചെയ്ത തെറ്റിന്റെ ശിക്ഷയായി അനേകം വർഷം ബാബിലോണിൽ കഴിയേണ്ടി വരുമായിരുന്നെങ്കിലും, എല്ലാ കാലത്തേക്കും അവിടെ ജീവിക്കേണ്ടിവരില്ലെന്ന് യഹോവ ഉറപ്പുകൊടുത്തു. (യശ. 40:2) പശ്ചാത്തപിക്കുകയും യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്ത ജൂതന്മാർക്ക് ഇത് എത്രയേറെ ആശ്വാസം കൊടുത്തുകാണും!
5. യഹോവയുടെ കരുണയെ വിലമതിക്കാൻ ജൂതന്മാർക്ക് ഉണ്ടായിരുന്നതിനെക്കാൾ എന്തു വലിയ കാരണം നമുക്കുണ്ട്?
5 നമുക്ക് എന്തു പഠിക്കാം? യഹോവ തന്റെ ദാസന്മാരോടു വലിയ അളവിൽ ക്ഷമിക്കാൻ മനസ്സുകാണിക്കുന്നു. ഈ കാര്യത്തിൽ നമുക്കു ബാബിലോണിലുണ്ടായിരുന്ന ജൂതന്മാരെക്കാൾ ഉറപ്പുണ്ട്. കാരണം നമ്മളോടു ക്ഷമിക്കുന്നതിനുവേണ്ടി യഹോവ എന്താണ് ചെയ്തിരിക്കുന്നതെന്നു നമുക്ക് അറിയാം. യശയ്യ തന്റെ പ്രവചനം രേഖപ്പെടുത്തി ഏതാണ്ട് 700 വർഷങ്ങൾക്കു ശേഷം യഹോവ തന്റെ പ്രിയമകനെ, പശ്ചാത്താപമുള്ള എല്ലാ പാപികൾക്കും ഒരു മോചനവിലയായി ഭൂമിയിലേക്ക് അയച്ചു. ആ ബലിയുടെ അടിസ്ഥാനത്തിൽ നമ്മുടെ പാപങ്ങൾ പൂർണമായും ‘മായ്ച്ചുകിട്ടുന്നു.’ (പ്രവൃ. 3:19; യശ. 1:18; എഫെ. 1:7) എത്ര കരുണയുള്ള ദൈവത്തെയാണ് നമ്മൾ സേവിക്കുന്നത്!
6. യഹോവ നമ്മളോടു ക്ഷമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് നമ്മളെ ആശ്വസിപ്പിക്കുന്നത് എങ്ങനെ? (ചിത്രവും കാണുക.)
6 അമിതമായ കുറ്റബോധത്താൽ നീറുന്ന ഒരാളാണ് നിങ്ങളെങ്കിൽ യശയ്യ 55:7-ലെ യഹോവയുടെ വാക്കുകൾ നിങ്ങളെ ആശ്വസിപ്പിക്കും. പശ്ചാത്തപിച്ചെങ്കിലും നമ്മളിൽ ചിലർക്ക്, മുമ്പ് ചെയ്തുപോയ തെറ്റിനെക്കുറിച്ച് ഓർത്ത് വളരെയധികം വിഷമം തോന്നുന്നുണ്ടാകും. ആ തെറ്റു ചെയ്തതുകൊണ്ടുണ്ടായ പ്രശ്നങ്ങൾ നമ്മൾ ഇപ്പോഴും അനുഭവിക്കുന്നുണ്ടെങ്കിൽ കുറ്റബോധം മനസ്സിൽനിന്ന് പോകാനുള്ള സാധ്യത കുറവായിരിക്കും. എന്നാൽ തെറ്റുകൾ തുറന്നുപറയുകയും അതു തിരുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ യഹോവ നിങ്ങളോടു ക്ഷമിച്ചെന്ന് ഉറപ്പാണ്. യഹോവ ക്ഷമിക്കുമ്പോൾ, ആ തെറ്റിനെക്കുറിച്ച് വീണ്ടും ഓർക്കേണ്ടാ എന്ന് യഹോവ തീരുമാനിക്കുന്നു. (യിരെമ്യ 31:34 താരതമ്യം ചെയ്യുക.) യഹോവ നമ്മുടെ തെറ്റുകളെക്കുറിച്ച് വീണ്ടും ചിന്തിക്കുന്നില്ലെങ്കിൽപ്പിന്നെ നമ്മൾ അതെക്കുറിച്ച് ചിന്തിക്കണോ? യഹോവ നോക്കുന്നത് നമ്മൾ മുമ്പ് ചെയ്ത തെറ്റുകളിലേക്കല്ല, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്കാണ്. (യഹ. 33:14-16) അതുപോലെ തെറ്റ് ചെയ്തതു കാരണം നമ്മൾ അനുഭവിക്കുന്ന പ്രശ്നങ്ങളെല്ലാം കരുണാമയനായ ദൈവം പെട്ടെന്നുതന്നെ, എന്നേക്കുമായി നീക്കിക്കളയും.
യഹോവ നോക്കുന്നത് നമ്മൾ മുമ്പ് ചെയ്ത തെറ്റുകളിലേക്കല്ല, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്കാണ് (6-ാം ഖണ്ഡിക കാണുക)
7. നമ്മൾ ഒരു തെറ്റ് മറച്ചുവെച്ചിട്ടുണ്ടെങ്കിൽ സഹായം സ്വീകരിക്കാൻ നമ്മളെ എന്തു പ്രേരിപ്പിക്കും?
7 ഗുരുതരമായ ഒരു തെറ്റ് മറച്ചുവെച്ചതുകൊണ്ട് മനസ്സാക്ഷി നിങ്ങളെ കുറ്റപ്പെടുത്തുന്നെങ്കിലോ? ബൈബിൾ പ്രോത്സാഹിപ്പിക്കുന്നതു മൂപ്പന്മാരുടെ സഹായം തേടാനാണ്. (യാക്കോ. 5:14, 15) പറ്റിയ തെറ്റിനെക്കുറിച്ച് തുറന്നുപറയുന്നത് അത്ര എളുപ്പമല്ല. എന്നാൽ യഥാർഥ പശ്ചാത്താപമുണ്ടെങ്കിൽ മൂപ്പന്മാരുടെ അടുത്തുപോകാൻ നിങ്ങൾക്കു തോന്നും. അതുപോലെ, നമ്മളെ സഹായിക്കുന്നതിനുവേണ്ടി യഹോവ നിയമിച്ചിരിക്കുന്ന ഈ മൂപ്പന്മാർ യഹോവയെപ്പോലെ കരുണയും സ്നേഹവും കാണിക്കുമെന്ന് ഓർക്കുന്നതും അവരോട് എല്ലാം തുറന്നുപറയാൻ നിങ്ങളെ പ്രേരിപ്പിക്കും. ചെയ്ത തെറ്റിനെക്കുറിച്ച് ഓർത്ത് വല്ലാത്ത കുറ്റബോധം തോന്നിയ ആർഥർa സഹോദരനെ യഹോവയുടെ കരുണ ആശ്വസിപ്പിച്ചത് എങ്ങനെയെന്നു നോക്കുക. സഹോദരൻ പറയുന്നു: “ഏകദേശം ഒരു വർഷത്തോളം ഞാൻ അശ്ലീലം കണ്ടുകൊണ്ടിരുന്നു. എന്നാൽ മനസ്സാക്ഷിയെക്കുറിച്ച് ഒരു പ്രസംഗം കേട്ടപ്പോൾ ഞാൻ എന്റെ തെറ്റ് ഭാര്യയോടും മൂപ്പന്മാരോടും ഏറ്റുപറഞ്ഞു. ആ സമയത്ത് എനിക്കു വലിയ ആശ്വാസം തോന്നി. എങ്കിലും ചെയ്തതിനെക്കുറിച്ച് ഓർത്ത് ഞാൻ പിന്നീടും ദുഃഖിച്ചുകൊണ്ടിരുന്നു. യഹോവ എന്നെ തള്ളിക്കളഞ്ഞിട്ടില്ല എന്ന കാര്യം മൂപ്പന്മാർ എന്നെ ഓർമിപ്പിച്ചു. കാരണം താൻ സ്നേഹിക്കുന്നവരെയാണ് യഹോവ ശിക്ഷിക്കുന്നത്. കരുണയോടെയുള്ള അവരുടെ വാക്കുകൾ എന്റെ ഹൃദയത്തിലെത്തി. എന്റെ ചിന്തയ്ക്കു മാറ്റം വരുത്താൻ അതു സഹായിച്ചു.” ഇന്ന് ആർഥർ സഹോദരൻ ഒരു മുൻനിരസേവകനായും ശുശ്രൂഷാദാസനായും സേവിക്കുന്നു. നമ്മൾ പശ്ചാത്തപിക്കുമ്പോൾ യഹോവ കരുണ കാണിക്കുമെന്ന് അറിയുന്നത് എത്ര ആശ്വാസം നൽകുന്ന ഒരു കാര്യമാണ്.
യഹോവ നമുക്കു പ്രത്യാശ തരുന്നു
8. (എ) ജൂതപ്രവാസികൾക്ക് യഹോവ എന്തു പ്രത്യാശ നൽകി? (ബി) യശയ്യ 40:29-31 അനുസരിച്ച് പ്രത്യാശ, പശ്ചാത്താപമുള്ള ജൂതന്മാരെ എങ്ങനെ സഹായിക്കുമായിരുന്നു?
8 മനുഷ്യരുടെ വീക്ഷണത്തിൽ, ജൂതപ്രവാസികൾക്കു യാതൊരു പ്രത്യാശയ്ക്കും വകയില്ലായിരുന്നു. കാരണം, ബന്ദികളെ വിട്ടയയ്ക്കുന്ന രീതി ബാബിലോൺകാർക്ക് ഉണ്ടായിരുന്നില്ല. (യശ. 14:17) എന്നാൽ യഹോവ അവർക്ക് ഒരു പ്രത്യാശ നൽകി. തന്റെ ജനത്തെ മോചിപ്പിക്കുമെന്നും അതിൽനിന്ന് തന്നെ തടയാൻ ആർക്കും കഴിയില്ലെന്നും യഹോവ ജനത്തിന് ഉറപ്പുകൊടുത്തു. (യശ. 44:26; 55:12) യഹോവയുടെ കണ്ണിൽ ബാബിലോൺകാർ വെറും പൊടിപോലെയായിരുന്നു; ഒന്ന് ഊതിയാൽ പറന്നുപോകുന്ന വെറും പൊടി! (യശ. 40:15) യഹോവ നൽകിയ ഈ പ്രത്യാശ ജൂതന്മാരെ എങ്ങനെ സഹായിക്കുമായിരുന്നു? അത് അവരെ ആശ്വസിപ്പിക്കുമായിരുന്നു. എന്നാൽ അതു മാത്രമല്ല, യശയ്യ ഇങ്ങനെ എഴുതി: “യഹോവയിൽ പ്രത്യാശ വെച്ചിരിക്കുന്നവർ ശക്തി വീണ്ടെടുക്കും.” (യശയ്യ 40:29-31 വായിക്കുക.) ‘അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരുമായിരുന്നു;’ കാരണം പ്രത്യാശ അവർക്കു വലിയ ഊർജം പകരും.
9. യഹോവയുടെ വാക്കുകളിൽ വിശ്വാസം അർപ്പിക്കാൻ പ്രവാസികൾക്ക് എന്തു കാരണമുണ്ടായിരുന്നു?
9 യഹോവ പറഞ്ഞ കാര്യങ്ങൾ നടക്കുമെന്നു വിശ്വസിക്കാൻ ശക്തമായ കാരണവും യഹോവ ജൂതന്മാർക്കു നൽകി. അതിനോടകം നിറവേറിയ പ്രവചനങ്ങളായിരുന്നു അത്. ഏതൊക്കെയായിരുന്നു അത്? അസീറിയക്കാർ പത്തു ഗോത്ര രാജ്യമായ ഇസ്രായേലിനെ കീഴടക്കുകയും അവിടത്തെ ആളുകളെ ബന്ദികളായി കൊണ്ടുപോകുകയും ചെയ്ത കാര്യം ജൂതന്മാർക്ക് അറിയാമായിരുന്നു. (യശ. 8:4) ബാബിലോൺകാർ യരുശലേമിനെ നശിപ്പിക്കുകയും അതിലുള്ളവരെ പ്രവാസികളായി കൊണ്ടുപോകുകയും ചെയ്യുന്നതും അവർ കണ്ടു. (യശ. 39:5-7) സിദെക്കിയ രാജാവിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ച് അദ്ദേഹത്തെ ബാബിലോണിലേക്കു കൊണ്ടുപോയത് അവർക്ക് അറിയാമായിരുന്നു. (യിരെ. 39:7; യഹ. 12:12, 13) യഹോവ പറഞ്ഞതെല്ലാം അന്നു നിറവേറുന്നത് അവർ കണ്ടു. (യശ. 42:9; 46:10) തങ്ങളെ ബാബിലോണിൽനിന്ന് വിടുവിക്കുമെന്ന യഹോവയുടെ വാക്കിൽ ശക്തമായ വിശ്വാസമുണ്ടായിരിക്കാൻ ഇതെല്ലാം ഉറപ്പായും ജൂതന്മാരെ സഹായിച്ചിട്ടുണ്ടാകും.
10. ഈ അവസാനനാളുകളിൽ നമ്മുടെ പ്രത്യാശ ശക്തമാക്കിനിറുത്താൻ എന്തു ചെയ്യാം?
10 നമുക്ക് എന്തു പഠിക്കാം? നമ്മൾ സങ്കടപ്പെട്ടിരിക്കുമ്പോൾ പ്രത്യാശ നമുക്ക് ആശ്വാസം തരും; ശക്തി വീണ്ടെടുക്കാൻ സഹായിക്കും. ഈ ലോകത്തിന്റെ അവസ്ഥ വളരെയധികം മോശമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ദൈവത്തിന്റെ ശക്തരായ ശത്രുക്കൾ നമുക്ക് എതിരെ പ്രവർത്തിക്കുന്നു. എന്നാൽ നമ്മൾ തളർന്നുപോകേണ്ടതില്ല. കാരണം യഹോവ നമുക്കു സമാധാനത്തോടെ, സുരക്ഷിതമായി ഈ ഭൂമിയിൽ എന്നും ജീവിക്കാമെന്ന മനോഹരമായ പ്രത്യാശ തന്നിട്ടുണ്ട്. ആ പ്രത്യാശ നമ്മുടെ ഉള്ളിൽ എപ്പോഴും തെളിഞ്ഞുനിൽക്കാൻ വേണ്ടത് നമ്മൾ ചെയ്തുകൊണ്ടിരിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ മനോഹരമായ ഒരു സ്ഥലം ഒരു ജനലിന്റെ ചില്ലിലൂടെ നോക്കുമ്പോൾ മങ്ങിയിരിക്കുന്നതുപോലെ ആയിരിക്കും. കാരണം ആ ജനലിൽ ആകെ അഴുക്കും പൊടിയും ആണ്. എങ്കിൽ നമുക്ക് എങ്ങനെ ആ ‘ജനൽ വൃത്തിയാക്കാം,’ നമ്മുടെ പ്രത്യാശ തെളിച്ചമുള്ളതാക്കി നിറുത്താം? പുതിയ ലോകത്തിലെ നമ്മുടെ ജീവിതം എത്ര മനോഹരമായിരിക്കുമെന്നു ഭാവനയിൽ കാണാൻ പതിവായി സമയം മാറ്റിവെക്കാം. അതുപോലെ നമ്മുടെ പ്രത്യാശയെക്കുറിച്ച് പറയുന്ന ലേഖനങ്ങൾ വായിക്കുകയും വീഡിയോകൾ കാണുകയും പാട്ടുകൾ കേൾക്കുകയും ഒക്കെ ചെയ്യാം. ഇനി, നമ്മൾ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന വാഗ്ദാനങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞ് നമുക്കു ദൈവത്തോടു പ്രാർഥിക്കാം.
11. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ഒരു സഹോദരിയെ ശക്തി വീണ്ടെടുക്കാൻ സഹായിച്ചത് എന്താണ്?
11 ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ജോയ് സഹോദരിക്കു പ്രത്യാശ ആശ്വാസവും ബലവും നൽകിയത് എങ്ങനെയാണെന്നു നോക്കാം. സഹോദരി പറയുന്നു: “യഹോവ എന്നെ മനസ്സിലാക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ട്, വല്ലാത്ത വിഷമം തോന്നുമ്പോൾ ഞാൻ ഉള്ളിലുള്ളതെല്ലാം യഹോവയോടു തുറന്നുപറയും. അപ്പോൾ യഹോവ എനിക്ക് ‘അസാധാരണശക്തി’ തരുന്നു.” (2 കൊരി. 4:7) ‘“എനിക്കു രോഗമാണ്” എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ലാത്ത’ ആ കാലത്ത് ജീവിക്കുന്നതായി സഹോദരി ഭാവനയിൽ കാണുകയും ചെയ്യുന്നു. (യശ. 33:24) സഹോദരിയെപ്പോലെ നമ്മളും ഹൃദയം യഹോവയുടെ മുന്നിൽ പകരുകയും പ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നെങ്കിൽ നമുക്കു ശക്തി വീണ്ടെടുക്കാനാകും.
12. യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാൻ എന്തു കാരണങ്ങളാണ് നമുക്കുള്ളത്? (ചിത്രവും കാണുക.)
12 ബാബിലോണിലായിരുന്ന ജൂതന്മാർക്കു കൊടുത്തതുപോലെ യഹോവ നമുക്കും തന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാനുള്ള അനേകം കാരണങ്ങൾ തരുന്നു. നമ്മുടെ നാളിൽ നിറവേറിക്കൊണ്ടിരിക്കുന്ന പ്രവചനങ്ങളെക്കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന്, “ഭാഗികമായി ബലമുള്ളതും ഭാഗികമായി ദുർബലവും” ആയ ഒരു ലോകശക്തിയെ നമ്മൾ ഇപ്പോൾ കാണുന്നു. (ദാനി. 2:42, 43) ‘ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭൂകമ്പങ്ങൾ’ ഉണ്ടാകുന്നതിനെക്കുറിച്ച് കേൾക്കുന്നു. ഇനി, ‘എല്ലാ ജനതകളെയും’ സന്തോഷവാർത്ത അറിയിക്കുന്നതിൽ നമ്മളും ഉൾപ്പെടുന്നു. (മത്താ. 24:7, 14) ഇതും ഇതുപോലുള്ള മറ്റു പ്രവചനങ്ങളും നിറവേറുന്നതു കാണുമ്പോൾ, യഹോവയുടെ ആശ്വാസം തരുന്ന വാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തമാകും.
ഇന്ന് നിറവേറിക്കൊണ്ടിരിക്കുന്ന പ്രവചനങ്ങൾ യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാൻ നമുക്കു കാരണങ്ങൾ തരുന്നു (12-ാം ഖണ്ഡിക കാണുക)
പേടിക്കാതിരിക്കാൻ യഹോവ നമ്മളെ സഹായിക്കുന്നു
13. (എ) വിടുതലിനോട് അടുത്ത സമയത്ത് ജൂതന്മാർക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ടാകുമായിരുന്നു? (ബി) യശയ്യ 41:10-13 അനുസരിച്ച് ബന്ദികളായിപ്പോയ ജൂതന്മാരെ യഹോവ എങ്ങനെയാണ് ആശ്വസിപ്പിച്ചത്?
13 ബന്ദികളായിപ്പോയ ജൂതന്മാരെ, മനോഹരമായ ഒരു പ്രത്യാശ നൽകി യഹോവ ആശ്വസിപ്പിച്ചു. എങ്കിലും അവർ ബാബിലോണിൽനിന്ന് വിടുവിക്കപ്പെടുന്ന സമയമാകുമ്പോഴേക്കും അവർക്കു പല പ്രശ്നങ്ങളും നേരിടേണ്ടിവരുമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. പ്രവാസകാലത്തിന്റെ അവസാനമാകുമ്പോഴേക്കും ശക്തനായ ഒരു രാജാവ് ബാബിലോണിന്റെ ചുറ്റുമുള്ള ദേശങ്ങളെ ആക്രമിച്ച് കീഴപ്പെടുത്തുമെന്നും അതിനു ശേഷം ബാബിലോണിനെയും ആക്രമിക്കുമെന്നും യഹോവ മുൻകൂട്ടിപ്പറഞ്ഞു. (യശ. 41:2-5) ജൂതന്മാർ ആ സമയത്ത് പേടിക്കേണ്ടതുണ്ടായിരുന്നോ? ഇതു സംഭവിക്കുന്നതിനു വർഷങ്ങൾക്കു മുമ്പുതന്നെ “പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്. ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം” എന്നു പറഞ്ഞുകൊണ്ട് യഹോവ അവരെ ആശ്വസിപ്പിച്ചു. (യശയ്യ 41:10-13 വായിക്കുക) “ഞാനല്ലേ നിന്റെ ദൈവം” എന്നു പറഞ്ഞപ്പോൾ യഹോവ എന്താണ് ഉദ്ദേശിച്ചത്? ജൂതന്മാർ ആരാധിക്കേണ്ടത് തന്നെയാണെന്ന് യഹോവ അവരോടു പറയുകയായിരുന്നില്ല. കാരണം, അത് അപ്പോൾത്തന്നെ അവർക്ക് അറിയാമായിരുന്നു. പകരം, സഹായിക്കാനായി താൻ അപ്പോഴും അവരുടെ പക്ഷത്തുണ്ട് എന്ന കാര്യം യഹോവ അവരെ ഓർമിപ്പിക്കുകയായിരുന്നു.—സങ്കീ. 118:6.
14. പേടിയെ മറികടക്കാൻ പ്രവാസികളെ സഹായിക്കുന്നതിന് യഹോവ വേറെ എന്തുകൂടെ ചെയ്തു?
14 തന്റെ അളവറ്റ ശക്തിയെയും ജ്ഞാനത്തെയും കുറിച്ച് ഓർമിപ്പിച്ചുകൊണ്ടും യഹോവ പേടിയെ മറികടക്കാൻ അവരെ സഹായിച്ചു. യഹോവ അവരോട് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കാൻ പറഞ്ഞു. താൻ അവയെ സൃഷ്ടിക്കുക മാത്രമല്ല ഓരോന്നിനെയും പേരെടുത്ത് വിളിക്കുകയും ചെയ്യുന്നെന്ന് യഹോവ അവരെ ഓർമിപ്പിച്ചു. (യശ. 40:25-28) അങ്ങനെ ചെയ്യുന്ന യഹോവയ്ക്കു തന്റെ ഓരോ ദാസന്മാരുടെയും പേരുകൾ എത്ര നന്നായി അറിയാമായിരിക്കും! അതുപോലെ ഈ നക്ഷത്രങ്ങളെ സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെങ്കിൽ യഹോവയ്ക്ക് ഉറപ്പായും തന്റെ ജനത്തെ സഹായിക്കാനുമാകും. അതുകൊണ്ടുതന്നെ ആ ജൂതപ്രവാസികൾക്കു പേടിക്കാൻ ഒരു കാരണവുമില്ലായിരുന്നു.
15. സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾക്കായി യഹോവ ജൂതപ്രവാസികളെ എങ്ങനെയാണ് ഒരുക്കിയത്?
15 സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾക്കായി യഹോവ തന്റെ ജനത്തെ ഒരുക്കുകയും ചെയ്തു. യശയ്യ പുസ്തകത്തിന്റെ തുടക്കഭാഗത്ത് ദൈവം ജനത്തോട് ഇങ്ങനെ പറഞ്ഞു: “ചെന്ന് നിങ്ങളുടെ ഉൾമുറികളിൽ കയറി, വാതിൽ അടയ്ക്കുക. ക്രോധം കടന്നുപോകുന്നതുവരെ അൽപ്പനേരത്തേക്ക് ഒളിച്ചിരിക്കുക!” (യശ. 26:20) കോരശ് രാജാവ് ബാബിലോണിനെ കീഴ്പ്പെടുത്തിയപ്പോൾ ഈ വാക്കുകൾക്ക് ഒരു ആദ്യ നിവൃത്തിയുണ്ടായിക്കാണും. പഴയ ഒരു ഗ്രീക്ക് ചരിത്രകാരൻ പറയുന്നതനുസരിച്ച്, കോരശ് ബാബിലോണിൽ പ്രവേശിച്ചപ്പോൾ “വാതിലിനു വെളിയിൽ കാണുന്ന എല്ലാവരെയും കൊന്നുകളയാൻ (തന്റെ പടയാളികൾക്ക്) ഉത്തരവ് കൊടുത്തിരുന്നു.” ബാബിലോണിലെ ആളുകൾക്ക് ആ സമയത്ത് എത്ര പേടി തോന്നിയിട്ടുണ്ടാകും! എന്നാൽ യഹോവ നൽകിയ നിർദേശങ്ങൾ അനുസരിച്ചതുകൊണ്ട് ജൂതപ്രവാസികൾ രക്ഷപ്പെട്ടിട്ടുണ്ടാകണം.
16. ഭാവിയക്കുറിച്ച് ഓർത്ത് നമ്മൾ അമിതമായി ഉത്കണ്ഠപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
16 നമുക്ക് എന്തു പഠിക്കാം? ഭൂമിയിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ഒരു മഹാകഷ്ടത നമ്മൾ പെട്ടെന്നുതന്നെ നേരിടേണ്ടിവരും. ആ സമയത്ത് ലോകത്തുള്ള ആളുകളെല്ലാം എന്തു ചെയ്യണമെന്നറിയാതെ പേടിച്ചുപോകും. എന്നാൽ യഹോവയുടെ ജനം അങ്ങനെയായിരിക്കില്ല. നമ്മുടെ ദൈവം യഹോവയാണെന്നു നമുക്ക് അറിയാം. ‘മോചനം അടുത്തുവരുന്നെന്ന്’ അറിയാവുന്നതുകൊണ്ട് നമ്മൾ ധൈര്യത്തോടെ നിവർന്ന് നിൽക്കും. (ലൂക്കോ. 21:28) രാഷ്ട്രങ്ങളുടെ ഒരു കൂട്ടം നമ്മളെ ആക്രമിക്കുമ്പോഴും നമ്മൾ ഉറച്ചുനിൽക്കും. ആ സമയത്ത് യഹോവ നമുക്കു ദൂതന്മാരുടെ സംരക്ഷണവും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന നിർദേശങ്ങളും തരുമെന്നു നമുക്ക് അറിയാം. ആ നിർദേശങ്ങൾ എവിടെനിന്നായിരിക്കും കിട്ടുന്നത്? അതു കാത്തിരുന്ന് കാണണം. സാധ്യതയനുസരിച്ച് അതു കിട്ടുന്നതു നമ്മുടെ സഭകളിലൂടെയായിരിക്കും. സംരക്ഷണത്തിനായി ഒളിച്ചിരിക്കേണ്ട ‘ഉൾമുറികൾ’ ചിലപ്പോൾ സഭകളായിരിക്കാം. എങ്കിൽ വരാനിരിക്കുന്ന കാര്യങ്ങൾക്കായി നമുക്ക് ഇപ്പോൾത്തന്നെ എങ്ങനെ ഒരുങ്ങാം? നമ്മൾ സഹോദരങ്ങളോടു കൂടുതൽ അടുക്കുകയും സംഘടനയിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ മനസ്സോടെ അനുസരിക്കുകയും യഹോവയാണ് സംഘടനയെ നയിക്കുന്നതെന്ന ബോധ്യം ശക്തമാക്കുകയും വേണം.—എബ്രാ. 10:24, 25; 13:17.
നമ്മളെ രക്ഷിക്കാനുള്ള യഹോവയുടെ ശക്തിയെയും കഴിവിനെയും കുറിച്ച് ചിന്തിക്കുകയാണെങ്കിൽ മഹാകഷ്ടതയുടെ സമയത്ത് നമ്മൾ വല്ലാതെ പേടിച്ചുപോകില്ല (16-ാം ഖണ്ഡിക കാണുക)b
17. ആശ്വാസത്തിനായി നിങ്ങൾക്ക് എങ്ങനെ യഹോവയിലേക്കു നോക്കാം?
17 ജൂതന്മാർക്കു ബാബിലോണിൽ കഴിയാൻ അത്ര എളുപ്പമല്ലായിരുന്നെങ്കിലും യഹോവ അവർക്കുവേണ്ട ആശ്വാസം കൊടുത്തു. നമുക്കുവേണ്ടിയും യഹോവ അതുതന്നെ ചെയ്യും. അതുകൊണ്ട്, നാളെ എന്തൊക്കെ നേരിടേണ്ടിവന്നാലും ആശ്വാസത്തിനായി നമുക്ക് എപ്പോഴും യഹോവയിലേക്കു നോക്കാം. തന്റെ വിശ്വസ്തദാസരോട് യഹോവ പൂർണമായി ക്ഷമിക്കുമെന്നും അവർക്കായി കരുതുമെന്നും ഉറപ്പുള്ളവരായിരിക്കുക. നിങ്ങളുടെ പ്രത്യാശ തെളിച്ചമുള്ളതാക്കി നിറുത്തുക. യഹോവയാണ് നിങ്ങളുടെ ദൈവമെന്ന് ഓർക്കുന്നെങ്കിൽ നിങ്ങൾക്ക് ഒന്നിനെയും പേടിക്കേണ്ടിവരില്ല!
ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ശക്തി
a ചില പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.
b ചിത്രത്തിന്റെ വിവരണം: കുറച്ച് സഹോദരങ്ങൾ ഒരുമിച്ച് കൂടിയിരിക്കുന്നു. തന്റെ ജനം എവിടെയാണെങ്കിലും അവരെ രക്ഷിക്കാനുള്ള ശക്തിയും കഴിവും യഹോവയ്ക്കുണ്ടെന്ന് അവർക്ക് ഉറപ്പുണ്ട്.