ലോക സമാധാനത്തിനായുള്ള ശ്രമങ്ങൾ വിജയിക്കുമോ?
ഇന്നത്തെ ലോകത്ത് യുദ്ധങ്ങളും പോരാട്ടങ്ങളും കൂടിക്കൂടി വരുകയാണ്. അതുകൊണ്ട് ഐക്യരാഷ്ട്ര സംഘടനയും മറ്റു ചില സംഘടനകളും പ്രശ്നങ്ങളുള്ള സ്ഥലങ്ങളിൽ സമാധാനം നിലനിറുത്തുന്നതിനുവേണ്ടി പ്രതിനിധികളെ അയയ്ക്കുന്നു. ഇതുപോലുള്ള സ്ഥലങ്ങളിൽ സമാധാനം കൊണ്ടുവരാൻ ഇതിലൂടെ കഴിയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. യുഎൻ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് പറയുന്നു: “ലോകത്ത് സമാധാനം കൊണ്ടുവരാനുള്ള നമ്മുടെ ശ്രമങ്ങളിൽ ‘യു എൻ സമാധാനസേന’ വലിയൊരു പങ്കു വഹിക്കുന്നു.”
നാളിതുവരെ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ കുറച്ചൊക്കെ വിജയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പ്രശ്നങ്ങളുള്ള സ്ഥലത്തെ ജനങ്ങളെ സംരക്ഷിക്കാനും അഭയാർഥികളായ ആളുകളെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കാനും അതുപോലെ ആവശ്യമുള്ളവർക്കു ഭക്ഷണം നൽകാനും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനും ഒക്കെ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചില തടസ്സങ്ങൾ ഉള്ളതുകൊണ്ട് സമാധാനത്തിനുവേണ്ടിയുള്ള അവരുടെ ശ്രമങ്ങൾ എപ്പോഴും പ്രതീക്ഷിക്കുന്നത്ര വിജയിക്കുന്നില്ല. അങ്ങനെയെങ്കിൽ ലോകത്ത് എന്നെങ്കിലും നിലനിൽക്കുന്ന സമാധാനം ഉണ്ടാകുമോ? ബൈബിളിന് എന്താണ് പറയാനുള്ളത്?
സമാധാനം നിലനിറുത്തുന്നതിനുള്ള തടസ്സങ്ങളും ബൈബിൾ നൽകുന്ന പരിഹാരങ്ങളും
തടസ്സം: സഹകരണമില്ലായ്മ. സമാധാനം നിലനിറുത്തുന്നതിനുവേണ്ടി പല രാജ്യങ്ങളിൽനിന്നുള്ള പട്ടാളക്കാരും മറ്റു ഗവൺമെന്റ് ഏജൻസികളും ഐക്യത്തോടെ പ്രവർത്തിക്കുന്നത് അത്ര എളുപ്പമല്ല. ചില സമയങ്ങളിൽ തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസങ്ങളും കാരണം അവർക്ക് ഒരുമിച്ച് നന്നായി പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്.
ബൈബിൾ നൽകുന്ന പരിഹാരം: “ദൈവം . . . ഒരു രാജ്യം സ്ഥാപിക്കും. . . . ഈ രാജ്യങ്ങളെയെല്ലാം (മനുഷ്യഗവൺമെന്റുകളെയെല്ലാം) തകർത്ത് ഇല്ലാതാക്കിയിട്ട് അതു മാത്രം എന്നും നിലനിൽക്കും.”—ദാനിയേൽ 2:44.
പെട്ടെന്നുതന്നെ ദൈവം യുദ്ധം ഇല്ലാതാക്കുകയും ഭൂമി മുഴുവൻ സമാധാനം കൊണ്ടുവരുകയും ചെയ്യും. (സങ്കീർത്തനം 46:8, 9) ദൈവം ഭൂമിയിലുള്ള എല്ലാ ഗവൺമെന്റുകളെയും നീക്കംചെയ്ത് ഒരൊറ്റ ഗവൺമെന്റ് കൊണ്ടുവരും. അതാണ് ദൈവത്തിന്റെ രാജ്യം. സ്വർഗത്തിൽനിന്ന് പൂർണതയുള്ള ആ ഒരേ ഒരു ഗവൺമെന്റ് ഭരിക്കുമ്പോൾ ഭൂമിയിൽ പോരാട്ടങ്ങളൊന്നും ഉണ്ടായിരിക്കില്ല. അതുകൊണ്ട് സമാധാനം നിലനിറുത്തുന്നതിനുവേണ്ടിയുള്ള മനുഷ്യ ഏജൻസികളുടെ ആവശ്യം വരില്ല.
തടസ്സം: വിഭവങ്ങളുടെ കുറവും മറ്റു പരിമിതികളും. സമാധാനം നിലനിറുത്താനുള്ള പ്രവർത്തനങ്ങൾക്ക് എപ്പോഴും വേണ്ടത്ര ആളുകളും സാമ്പത്തിക സഹായങ്ങളും മറ്റു വിഭവങ്ങളും കിട്ടണമെന്നില്ല. അത് ആ പ്രവർത്തനങ്ങൾക്ക് ഒരു തടസ്സമാകുന്നു. അതുപോലെ സമാധാനപ്രവർത്തനങ്ങൾ ചെയ്യേണ്ടിവരുന്നത് ഒരുപാടു പ്രശ്നങ്ങളും അപകടങ്ങളും നിറഞ്ഞ സ്ഥലങ്ങളിലാണ്.
ബൈബിൾ നൽകുന്ന പരിഹാരം: ‘നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം (യേശുവിനെ) സ്വർഗത്തിൽ തന്റെ വലതുഭാഗത്ത് എല്ലാ ഗവൺമെന്റുകളെക്കാളും അധികാരങ്ങളെക്കാളും ശക്തികളെക്കാളും ഏറെ ഉന്നതമായി ഇരുത്തി.’—എഫെസ്യർ 1:17, 20, 21.
സർവശക്തനായ യഹോവa ദൈവരാജ്യത്തിന്റെ നിയമിത രാജാവായ യേശുവിന് ഏറ്റവും നല്ല രീതിയിൽ ഭരിക്കാൻ ആവശ്യമായതെല്ലാം കൊടുത്തിരിക്കുന്നു. (ദാനിയേൽ 7:13, 14b) ഏതൊരു മനുഷ്യ ഗവൺമെന്റുകൾക്കോ ഏജൻസികൾക്കോ ഉള്ളതിനെക്കാൾ അധികം ശക്തിയും അറിവും ജ്ഞാനവും വിവേകവും യേശുവിനു ദൈവം നൽകിയിരിക്കുന്നു. (യശയ്യ 11:2) അതുപോലെ യേശുവിനോടൊപ്പം ശക്തരായ ദൂതന്മാരുടെ ഒരു സൈന്യവുമുണ്ട്. (വെളിപാട് 19:14) ഒരു പ്രശ്നവും യേശുവിനു സങ്കീർണമോ ബുദ്ധിമുട്ടുള്ളതോ അല്ല.
ദൈവം കൊടുത്തിരിക്കുന്ന പ്രാപ്തികളും മറ്റെല്ലാ കാര്യങ്ങളും ഉപയോഗിച്ച് യേശു വെറുതെ യുദ്ധങ്ങൾ അവസാനിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. ദൈവരാജ്യത്തിൻകീഴിൽ താമസിക്കുന്ന എല്ലാവർക്കും യഥാർഥ ശാന്തതയും സുരക്ഷിതത്വവും സമാധാനവും യേശു കൊണ്ടുവരും.—യശയ്യ 32:17, 18.
തടസ്സം: നിയമതടസ്സങ്ങൾ. സമാധാനത്തിനുവേണ്ടി പ്രവർത്തിക്കുന്നവർക്കു ചില സമയങ്ങളിൽ തങ്ങൾ എന്താണു ചെയ്യേണ്ടതെന്നു വ്യക്തമായ നിർദേശങ്ങൾ കിട്ടാതെവരുന്നു. അല്ലെങ്കിൽ അവർക്കു നിയമതടസ്സങ്ങൾ നേരിടുന്നു. അതുകൊണ്ടുതന്നെ ആളുകളെ നന്നായി സംരക്ഷിക്കാനോ തങ്ങളുടെ ഉദ്ദേശ്യം പൂർണമായി നടപ്പാക്കാനോ കഴിയുന്നില്ല.
ബൈബിൾ നൽകുന്ന പരിഹാരം: “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും (യേശുവിന്) നൽകിയിരിക്കുന്നു.”—മത്തായി 28:18.
ലോകത്ത് സമാധാനം കൊണ്ടുവരാൻ വേണ്ട വ്യക്തമായ എല്ലാ നിർദേശങ്ങളും അതിനുള്ള അധികാരവും ദൈവം യേശുവിനു കൊടുത്തിട്ടുണ്ട്. (യോഹന്നാൻ 5:22) യേശു അന്യായമായി പെരുമാറുകയോ അഴിമതി കാണിക്കുകയോ ഇല്ല. (യശയ്യ 11:3-5) അതുകൊണ്ടുതന്നെ “നീതിയോടും ന്യായത്തോടും” ദൈവരാജ്യം ഭരിക്കുന്ന യേശുവിനെ “സമാധാനപ്രഭു” എന്ന് ബൈബിൾ വിളിച്ചതിൽ ഒരു അതിശയവുമില്ല.—യശയ്യ 9:6, 7.
ദൈവത്തിന്റെ രാജ്യം യഥാർഥസമാധാനം കൊണ്ടുവരും
സമാധാനം കൊണ്ടുവരാൻ പ്രവർത്തിക്കുന്ന മനുഷ്യസംഘടനകൾക്ക് ഒരു പരിധിവരെ അതിനു കഴിയും. അല്ലെങ്കിൽ ഒരു പ്രദേശത്തെ പോരാട്ടങ്ങൾ ഇല്ലാതാക്കാൻ അവർക്കു കഴിഞ്ഞേക്കും. എന്നാൽ അക്രമങ്ങളുടെ അടിസ്ഥാനകാരണമായ ആളുകളുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന പകയും വിദ്വേഷവും ഇല്ലാതാക്കാൻ അവർക്കു കഴിയില്ല.
“അടിസ്ഥാനപ്രശ്നം എന്താണെന്നുവെച്ചാൽ, സമാധാനം ഉള്ളിടത്തല്ലേ അത് നിലനിറുത്താൻ കഴിയൂ.”—ഡെന്നിസ് ജെറ്റ്, മുൻ യു. എസ്. അംബാസഡർ.
എന്നാൽ ദൈവരാജ്യത്തിനു ഭൂമിയിൽ യഥാർഥസമാധാനം കൊണ്ടുവരാൻ കഴിയും. കാരണം ദൈവരാജ്യം ആളുകളുടെ ഹൃദയത്തിൽനിന്ന് പകയും വിദ്വേഷവും എല്ലാം തുടച്ചുനീക്കും. ഉദാഹരണത്തിന്, യേശു ഭൂമിയിലായിരുന്നപ്പോൾ മറ്റുള്ളവരുമായി എങ്ങനെ സമാധാനത്തിൽ കഴിയാമെന്നും എങ്ങനെ സ്നേഹത്തോടെ ഇടപെടാമെന്നും തന്റെ വാക്കിലൂടെയും പ്രവൃത്തികളിലൂടെയും ശിഷ്യന്മാരെ പഠിപ്പിച്ചു:
പരസ്പരമുള്ള സ്നേഹം ദൈവരാജ്യത്തിലുള്ളവരെ തിരിച്ചറിയിക്കുമെന്നു യേശു പറഞ്ഞു. സഹമനുഷ്യരെ വെറുക്കുന്നവരെ ദൈവരാജ്യം വെച്ചുപൊറുപ്പിക്കില്ലെന്നും ബൈബിൾ പറയുന്നു.
മനുഷ്യരെ സൃഷ്ടിച്ച ദൈവമായ യഹോവയ്ക്കു മാത്രമേ ലോകത്ത് സമാധാനം കൊണ്ടുവരാനുള്ള ഏറ്റവും നല്ല ഒരേ ഒരു വഴി അറിയാവൂ. സമാധാനം കൊണ്ടുവരുന്നത് ഉൾപ്പെടെയുള്ള മനുഷ്യരുടെ ശ്രമങ്ങൾ പരാജയപ്പെടുന്നിടത്ത് ദൈവരാജ്യം വിജയിക്കും.
a ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.
b ദാനിയേൽ 7:13, 14-ൽ “മനുഷ്യപുത്രൻ” എന്നു പറഞ്ഞിരിക്കുന്ന പദം യേശുക്രിസ്തുവിനെയാണ് സൂചിപ്പിക്കുന്നത്.—മത്തായി 25:31; 26:63, 64.