യുവജനങ്ങൾ ചോദിക്കുന്നു . . .
വണ്ണത്തെ കുറിച്ചുള്ള ഉത്കണ്ഠ എനിക്ക് എങ്ങനെ ഇല്ലാതാക്കാനാകും?
“ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം ഇതാണ്: എന്റെ സാൻഡ്വിച്ചിൽ ഞാൻ മേയൊനെയ്സ്* പുരട്ടണോ വേണ്ടയോ. മേയൊനെയ്സ് എന്നെ ഇത്രമാത്രം ഉത്കണ്ഠാകുലയാക്കുമ്പോൾ, ഞാൻ എങ്ങനെയാണു മറ്റു കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുക? അവസാനം, എന്തു തീരുമാനിച്ചു? മേയൊനെയ്സോ, വേണ്ടേ വേണ്ട! അതിൽ കണക്കിലധികം കലോറിയുണ്ട്. വീണ്ടും അനൊറെക്സിയ ജയിച്ചു. ഞാൻ തോറ്റു.”—ജെയ്മി.
ലക്ഷക്കണക്കിനു യുവജനങ്ങൾക്ക് ആഹാരശീല വൈകല്യങ്ങൾ ഉണ്ട്.a തുടക്കത്തിൽ പക്ഷേ, സ്വയം പട്ടിണിക്കിടാനോ (അനൊറെക്സിയ) അല്ലെങ്കിൽ വലിച്ചുവാരി തിന്നിട്ട് അതു മുഴുവൻ പുറത്തു കളയുന്ന ശീലം (ബൂളിമിയ) വളർത്തിയെടുക്കാനോ മിക്കവരും ഉദ്ദേശിച്ചിരുന്നില്ല. നേരെ മറിച്ച്, തൂക്കം ഏതാനും കിലോ കുറയ്ക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടാണ് ഒട്ടുമിക്കവരും ഇത് ആരംഭിച്ചത്. എന്നിരുന്നാലും, സ്വയം തിരിച്ചറിയുന്നതിനു മുമ്പു തന്നെ, അവർ അനൊറെക്സിയയുടെയോ ബൂളിമിയയുടെയോ നീരാളിപ്പിടിത്തത്തിൽ അകപ്പെടുന്നു. “എന്റെ തൂക്കമൊന്നു നിയന്ത്രിക്കാനാണു ഞാൻ ഈ ആഹാരക്രമം പിൻപറ്റാൻ തുടങ്ങിയത്, എന്നാൽ ഇപ്പോൾ, ഇത് എന്നെ നിയന്ത്രിക്കുകയാണ്,” ജെയ്മി പറയുന്നു.
ആഹാരവും അതു നിങ്ങളുടെ വണ്ണത്തെ ബാധിക്കുന്ന വിധവും സംബന്ധിച്ചു നിങ്ങൾക്ക് ഉത്കണ്ഠ തോന്നുന്നെങ്കിൽ എന്തു ചെയ്യാൻ കഴിയും? ആദ്യം തന്നെ, ഇതേ പ്രശ്നത്തോടു മല്ലടിച്ചിട്ടുള്ള മറ്റനേകം യുവജനങ്ങൾ ഉണ്ടെന്നും അവർക്കതിൽ വിജയം വരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും തിരിച്ചറിയുക! പക്ഷേ, എങ്ങനെ?
സ്വയം നോക്കിക്കാണൽ
ഒരു ആഹാരശീല വൈകല്യത്തിന് എതിരെയുള്ള പോരാട്ടത്തിൽ വിജയിക്കാനുള്ള പ്രമുഖമായ ഒരു നടപടി, നിങ്ങളുടെ ആകാരം സംബന്ധിച്ച് വാസ്തവികമായ ഒരു വീക്ഷണം വളർത്തിയെടുക്കുക എന്നതാണ്. “ആഹാരശീല വൈകല്യങ്ങളുള്ള മിക്കവർക്കും തങ്ങളുടെ ശരീരത്തെക്കുറിച്ച് ഒരു വികലമായ വീക്ഷണമാണ് ഉള്ളത്” എന്ന് മാറുന്ന ശരീരങ്ങൾ, മാറുന്ന ജീവിതങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “അവർ യാഥാർഥ്യ ബോധത്തോടെ തങ്ങളുടെ ശരീരങ്ങളെ കാണുന്നില്ല എന്നുമാത്രമല്ല, തങ്ങളെ കുറിച്ച്, പ്രത്യേകിച്ചു തങ്ങളുടെ ബാഹ്യാകാരം സംബന്ധിച്ച് അമിത വിമർശന മനോഭാവം വെച്ചുപുലർത്തുന്നവരുമാണ്.”
ചില കൗമാരപ്രായക്കാർ സ്വയം അളക്കുന്നത് അവരുടെ ശാരീരിക ആകാരത്തിന്റെ അടിസ്ഥാനത്തിലാണ്. എന്തെങ്കിലും കുറവുണ്ടെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല എന്ന ചിന്തയാണ് ഇവരെ ഭരിക്കുന്നത്. പതിനേഴു വയസ്സുള്ള വിക്കി പറയുന്നു: “എന്റെ വണ്ണം കണ്ടിട്ട് എനിക്കു സഹിക്കാൻ കഴിയുന്നില്ല. അരവണ്ണം കാരണം ‘ഇൻ’ ചെയ്യേണ്ട വസ്ത്രങ്ങളൊന്നും എനിക്ക് ഇടാൻ സാധിക്കുന്നില്ല.” തൂക്കം പത്തു കിലോ കുറച്ചിട്ടും വിക്കി അതിൽ സംതൃപ്തയായിരുന്നില്ല. ഒന്നുകിൽ അവൾ പട്ടിണി കിടക്കുമായിരുന്നു അല്ലെങ്കിൽ വലിച്ചുവാരി തിന്നതിനു ശേഷം അതു മുഴുവൻ ഛർദ്ദിച്ചു കളയുമായിരുന്നു.
തീർച്ചയായും, നിങ്ങളുടെ ബാഹ്യാകാരം സംബന്ധിച്ച് ഒരളവോളം ചിന്ത ഉണ്ടായിരിക്കുന്നതു തെറ്റല്ല. രസകരമെന്നു പറയട്ടെ, സാറാ, റാഹേൽ, യോസേഫ്, ദാവീദ്, അബീഗയിൽ എന്നിവരുടെ ശാരീരിക സൗന്ദര്യത്തെയും ആകാരസൗഷ്ഠവത്തെയും കുറിച്ചു ബൈബിൾ പ്രശംസാപൂർവം സംസാരിക്കുന്നു.b ദാവീദിന്റെ പരിചാരികയായിരുന്ന അബീശഗ് “അതിസുന്ദരിയായിരുന്നു” എന്നു പോലും അതു പറയുന്നു.—1 രാജാക്കന്മാർ 1:4.
യഥാർഥ സൗന്ദര്യം
എന്നിരുന്നാലും, ഒരുവന്റെ ബാഹ്യപ്രകൃതിക്കോ ആകാരസൗഷ്ഠവത്തിനോ ബൈബിൾ പ്രഥമ സ്ഥാനം കൊടുക്കുന്നില്ല. മറിച്ച്, അതു ‘ഹൃദയത്തിന്റെ ഗൂഢമനുഷ്യനെ’ പ്രകീർത്തിച്ചു സംസാരിക്കുന്നു. (1 പത്രൊസ് 3:4) ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ ഒരുവനെ യഥാർഥത്തിൽ ആകർഷണീയനോ വെറുക്കത്തക്കവനോ ആക്കിത്തീർക്കുന്നത് ഒരുവന്റെ ആന്തരിക മനുഷ്യനാണ്.—സദൃശവാക്യങ്ങൾ 11:20, 22.
ദാവീദ് രാജാവിന്റെ പുത്രനായിരുന്ന അബ്ശാലോമിന്റെ കാര്യം പരിചിന്തിക്കുക. ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “എല്ലായിസ്രായേലിലും സൌന്ദര്യംകൊണ്ടു അബ്ശാലോമിനോളം ശ്ലാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടുമുടിവരെ അവന്നു ഒരു ഊനവും ഇല്ലായിരുന്നു.” (2 ശമൂവേൽ 14:25) പക്ഷേ, ഈ ചെറുപ്പക്കാരൻ ഒരു വഞ്ചകനായിരുന്നു. യഹോവയുടെ നിയുക്ത രാജാവിനെ അധികാരഭ്രഷ്ടനാക്കാൻ ശ്രമം നടത്തുന്നതിന് അഹങ്കാരവും അത്യാഗ്രഹവും അവനെ പ്രേരിപ്പിച്ചു. അതുകൊണ്ട്, ബൈബിൾ അബ്ശാലോമിന്റെ ഒരു സുന്ദര ചിത്രമല്ല വരച്ചു കാട്ടുന്നത്. പകരം, ഹിംസാത്മക വിദ്വേഷവും ലജ്ജ തൊട്ടുതീണ്ടാത്ത തരത്തിലുള്ള അവിശ്വസ്തയും പ്രകടമാക്കിയ ഒരുവനായി അവനെ വർണിച്ചിരിക്കുന്നു.
ഒരു വ്യക്തിയുടെ യഥാർഥ സൗന്ദര്യം അവന്റെ ബാഹ്യാകാരത്തെ ആശ്രയിച്ചിരിക്കുന്നില്ല. നല്ല കാരണത്തോടെയാണ് ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നത്: “ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക. അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം [“മനോഹര കിരീടം,” NW] ചൂടിക്കും.”—സദൃശവാക്യങ്ങൾ 4:7, 9.
എന്നിരുന്നാലും, ബാഹ്യാകാരത്തെ പ്രതിയുള്ള അതൃപ്തി മാത്രമല്ല ആഹാരശീല വൈകല്യങ്ങൾക്കു പലപ്പോഴും ഇടയാക്കുന്നത് എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ഒരു പരാമർശ കൃതി ഇപ്രകാരം പറയുന്നു: “ആഹാരത്തെ കുറിച്ച് അമിതമായി ഉത്കണ്ഠാകുലരായിത്തീരുകയും അനൊറെക്സിയ നെർവോസ, ബൂളിമിയ, അമിതമായി ആഹാരം കഴിക്കൽ എന്നീ ആഹാരശീല വൈകല്യങ്ങൾക്കു വശംവദരാകുകയും ചെയ്യുന്നവർക്കു പൊതുവെ ആത്മാഭിമാനം കുറവാണ്. അവർക്കുതന്നെ അവരെ കുറിച്ച് ഒരു നല്ല ധാരണയില്ല, മാത്രമല്ല മറ്റുള്ളവരും അവരെ വിലമതിക്കുന്നില്ലെന്ന് അവർ വിചാരിക്കുന്നു.”
ആത്മാഭിമാനം കുറഞ്ഞു പോകുന്നതിനു പല കാരണങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, താരുണ്യത്തിന്റെ തുടക്കത്തിൽ നിങ്ങളുടെ ഉള്ളിൽ സംശയങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായേക്കാം, വിശേഷിച്ച് സമപ്രായക്കാരെക്കാൾ നേരത്തേയാണ് നിങ്ങൾ താരുണ്യത്തിൽ എത്തുന്നതെങ്കിൽ. ഇനി, ചില യുവപ്രായക്കാർ വളർന്നു വരുന്നത് സദാ വഴക്കും ബഹളവുമുള്ള വീടുകളിലാണ്. അവർക്ക് ശാരീരികമോ ലൈംഗികമോ ആയ ദ്രോഹം പോലും സഹിക്കേണ്ടി വന്നേക്കാം. സംഗതി എന്തുതന്നെ ആയിരുന്നാലും, ആത്മാഭിമാന കുറവ് എന്ന പ്രശ്നം പരിഹരിക്കണമെങ്കിൽ സാധാരണഗതിയിൽ അതിലേക്കു നയിക്കുന്ന ഘടകങ്ങൾ തിരിച്ചറിയേണ്ടത് ആവശ്യമാണ്. ഒരു വ്യക്തി എന്ന നിലയിലുള്ള നിങ്ങളുടെ യഥാർഥ മൂല്യം മനസ്സിലാക്കുന്നത് അതിൽ ഉൾപ്പെടുന്നു. നിശ്ചയമായും, പ്രശംസനീയമായ ചില ഗുണങ്ങളെങ്കിലും എല്ലാവർക്കുമുണ്ട്. (1 കൊരിന്ത്യർ 12:14-18 താരതമ്യം ചെയ്യുക.) ഒരുപക്ഷേ നിങ്ങൾക്കതു സ്വയം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ഒരു പക്വതയുള്ള സുഹൃത്തിന് അവ നിങ്ങൾക്കു പറഞ്ഞുതരാൻ കഴിഞ്ഞേക്കും.
എന്നാൽ, ന്യായമായ ചില ആരോഗ്യ കാരണങ്ങളാൽ നിങ്ങൾക്കു യഥാർഥത്തിൽ വണ്ണം കുറയ്ക്കേണ്ടതുണ്ടെങ്കിലോ? ‘സംയമനമുള്ളവർ’ ആയിരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയൊസ് 3:11, പി. ഒ. സി ബൈബിൾ) അതുകൊണ്ട് ആഹാരക്രമം പാലിക്കുന്നതിൽ അങ്ങേയറ്റം പോകാതിരിക്കുക. ഒറ്റയടിക്കു വണ്ണം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കാതിരിക്കാനും ശ്രദ്ധിക്കുക. ആവശ്യത്തിലധികമുള്ള വണ്ണം കുറയ്ക്കുന്നതിന് ഏറ്റവും നല്ല മാർഗം ഒരുപക്ഷേ, ആരോഗ്യാവഹമായ ഭക്ഷണക്രമവും മിതമായ അളവിലുള്ള വ്യായാമവുമാണ്. എഫ്ഡിഎ കൺസ്യൂമർ മാസിക പറയുന്നു: “മിക്കവാറും മറ്റെല്ലാ സംഗതികളെയും പോലെ, വണ്ണം കുറയ്ക്കാനും ഒരു ശരിയായ മാർഗവും തെറ്റായ മാർഗവും ഉണ്ട്. ചില നേരം ആഹാരം കഴിക്കാതിരിക്കുന്നതും റൊട്ടിയും വെള്ളവും മാത്രം കഴിച്ചു വിശപ്പടക്കുന്നതും ഡയറ്റ് ഗുളികകൾ കഴിക്കുന്നതും അല്ലെങ്കിൽ കഴിച്ച ആഹാരം ഛർദ്ദിച്ചു കളയുന്നതും എല്ലാം തെറ്റായ മാർഗത്തിൽ പെടുന്നു.”
ആരോടെങ്കിലും പ്രശ്നങ്ങൾ തുറന്നു പറയുന്നതിന്റെ പ്രയോജനങ്ങൾ
സാമൂഹ്യ പ്രവർത്തകയായ നാൻസി കൊളൊഡ്നി ഒരു ആഹാരശീല വൈകല്യമുള്ളതിനെ “ഒരു മാപ്പോ വടക്കുനോക്കി യന്ത്രമോ കൈയിൽ കരുതാതെ ഒറ്റയ്ക്ക് കുടുക്കുവഴികൾ നിറഞ്ഞ ഒരു കോട്ടയിൽ പ്രവേശിക്കുന്നതിനോടു താരതമ്യപ്പെടുത്തുന്നു. പുറത്തേക്കുള്ള വഴികൾ എവിടെയാണെന്നു നിങ്ങൾക്കു യാതൊരു പിടിയുമില്ല. മാത്രമല്ല, നിങ്ങൾ അത് എപ്പോൾ കണ്ടുപിടിക്കുമെന്നോ അല്ലെങ്കിൽ കണ്ടുപിടിക്കാൻ സാധിക്കുമെന്നു തന്നെയോ ഉറപ്പില്ല. . . . എത്രയധികം സമയം അതിനകത്തു തങ്ങുന്നുവോ അത്രയധികം അതു നിങ്ങളെ കുഴപ്പിക്കുകയും അവിടെ നിന്നു രക്ഷപ്പെടാനുള്ള ശ്രമങ്ങളെ നിഷ്ഫലമാക്കിക്കൊണ്ട് നിങ്ങളെ നിരാശയിലാഴ്ത്തുകയും ചെയ്യും.” അതുകൊണ്ട്, അനൊറെക്സിയയുടെയോ ബൂളിമിയയുടെയോ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ, നിങ്ങൾ സഹായം തേടേണ്ടതുണ്ട്. നിങ്ങൾക്കു ‘കുടുക്കുവഴികൾ നിറഞ്ഞ ഈ കോട്ട’യിൽ നിന്നു തനിയെ രക്ഷപ്പെടാനാവില്ല. അതുകൊണ്ട്, മാതാപിതാക്കളോടോ അല്ലെങ്കിൽ നിങ്ങൾക്കു വിശ്വാസമുള്ള ഒരു മുതിർന്ന വ്യക്തിയോടൊ പ്രശ്നങ്ങൾ തുറന്നു പറയുക. ഒരു ബൈബിൾ സദൃശവാക്യം ഇപ്രകാരം പ്രസ്താവിക്കുന്നു: “സ്നേഹിതൻ [“ഒരു യഥാർഥ സ്നേഹിതൻ,” NW] എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.”—സദൃശവാക്യങ്ങൾ 17:17
യഹോവയുടെ സാക്ഷികളിൽ അനേകർ, ക്രിസ്തീയ സഭയിലെ മൂപ്പന്മാർക്കിടയിൽ ആശ്രയയോഗ്യരായ അത്തരം സ്നേഹിതരെ കണ്ടെത്തിയിരിക്കുന്നു. തീർച്ചയായും, മൂപ്പന്മാർ വൈദ്യന്മാരൊന്നുമല്ല, മാത്രമല്ല, അവരുടെ പിന്തുണ വൈദ്യസഹായം സ്വീകരിക്കുന്നതിന്റെ ആവശ്യം ഇല്ലാതാക്കുകയുമില്ല. എന്നിരുന്നാലും, ക്രിസ്തീയ മേൽവിചാരകന്മാർ “എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയു”കയില്ല. മാത്രമല്ല, അവരുടെ പ്രാർഥനകൾക്കും ബുദ്ധിയുപദേശത്തിനും “ദീനക്കാരനെ” ആത്മീയമായി “രക്ഷി”ക്കാനും കഴിയും.—സദൃശവാക്യങ്ങൾ 21:13; യാക്കോബ് 5:13-15.
എന്നാൽ പ്രശ്നങ്ങൾ ഒരാളോടു നേരിട്ടു പറയാൻ നിങ്ങൾക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ എന്ത്? നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ ഒരു കത്തിൽ പകർത്തിയ ശേഷം ഒരു മറുപടിക്കായി അഭ്യർഥിക്കുക. പ്രധാനപ്പെട്ട സംഗതി, മനസ്സിലുള്ളത് ആരെയെങ്കിലും അറിയിക്കുക എന്നതാണ്. നാൻസി കൊളൊഡ്നി ഇങ്ങനെ എഴുതുന്നു: “കാര്യങ്ങൾ ഇനിയും സ്വയം കൈകാര്യം ചെയ്യാൻ കഴിയുകയില്ല എന്നു സമ്മതിക്കുക വഴി, മറ്റുള്ളവർ നിങ്ങളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തുകയാവും ചെയ്യുന്നത്.” അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഈ പടികളൊക്കെ സ്വീകരിക്കുന്നതിനെ കുറിച്ചു ചിന്തിക്കാനോ അവ കൈക്കൊള്ളാനോ നിങ്ങൾക്കു ബുദ്ധിമുട്ടായിരുന്നേക്കാം. പക്ഷേ അവ ഫലകരമാണ്, ‘കുടുക്കുവഴികൾ നിറഞ്ഞ കോട്ടയിൽ’ നിന്നു പുറത്തുകടക്കുന്നതിനു നിങ്ങളെ സഹായിക്കുന്ന തരം പടികളാണ് അവ.”
ക്രിസ്തീയ യുവജനങ്ങൾക്ക് ആശ്വാസത്തിന്റെയും ശക്തിയുടെയും മറ്റൊരു ഉറവുണ്ട്—പ്രാർഥന. അനേകർ വിചാരിക്കുന്നതു പോലെ അതു കേവലം ഒരു മനഃശാസ്ത്രപരമായ ഊന്നുവടിയല്ല. അത് സ്രഷ്ടാവിനോടുള്ള യഥാർഥവും മർമപ്രധാനവുമായ ആശയവിനിമയമാണ്. നിങ്ങളെ നിങ്ങൾതന്നെ മനസ്സിലാക്കുന്നതിലും നന്നായി മനസ്സിലാക്കുന്ന ഒരുവനുമായുള്ള ആശയവിനിമയം! (1 യോഹന്നാൻ 3:19, 20) അതുകൊണ്ട്, എല്ലാ രോഗങ്ങളും തുടച്ചുനീക്കാനുള്ള യഹോവയുടെ നിയമിത സമയം ഇതുവരെ എത്തിച്ചേർന്നിട്ടില്ലെങ്കിൽ പോലും, നമ്മുടെ സ്നേഹനിധിയായ ദൈവത്തിന് നിങ്ങൾ കുലുങ്ങിപ്പോകാതിരിക്കാൻ തക്കവണ്ണം നിങ്ങളുടെ കാലടികളെ നയിക്കാൻ കഴിയും. (സങ്കീർത്തനം 55:22) സ്വന്തം അനുഭവത്തിൽ നിന്നു സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ എഴുതി: “ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.”—സങ്കീർത്തനം 34:4, 6.
അതുകൊണ്ട് ഏതു വിധേനയും, നിങ്ങളുടെ ഏറ്റവും ആഴമേറിയ വികാരങ്ങൾ പോലും യഹോവയാം ദൈവത്തെ അറിയിക്കുക. അപ്പൊസ്തലനായ പത്രൊസ് ഇങ്ങനെ എഴുതി, “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.” (1 പത്രൊസ് 5:7) യഹോവയുടെ സ്നേഹദയയെ പ്രതി വിലമതിപ്പു വളർത്തിയെടുക്കുന്നതിന്, 34, 77, 86, 103, 139 എന്നീ സങ്കീർത്തനങ്ങൾ എന്തുകൊണ്ട് ശ്രദ്ധാപൂർവം ഒന്നു വായിച്ചു കൂടാ? ഇവയെ കുറിച്ചുള്ള ധ്യാനം, യഹോവ വിശ്വസ്തനാണ് എന്നും നിങ്ങൾ വിജയം വരിക്കാൻ അവൻ ആഗ്രഹിക്കുന്നു എന്നും ഉള്ള നിങ്ങളുടെ ബോധ്യത്തെ ശക്തിപ്പെടുത്തും. അവന്റെ വചനം വായിക്കുന്നതിനാൽ, ദാവീദ് രാജാവിനെ പോലെ തന്നെ നിങ്ങൾക്കും അനുഭവപ്പെടും. അവൻ ഇങ്ങനെ എഴുതി: “എന്റെ ഹൃദയത്തിന്റെ ആകുലതകൾ വർധിക്കുമ്പോൾ അങ്ങ് നൽകുന്ന ആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു.”—സങ്കീർത്തനം 94:19, പി. ഒ. സി ബൈബിൾ.
ക്ഷമ പ്രകടമാക്കുക—പൂർവസ്ഥിതിയിലാകാൻ സമയമെടുക്കും
മറ്റുള്ളവരുടെ സഹായത്തോടെ ഒരു ആഹാരശീല വൈകല്യത്തിന് എതിരെ പോരാടുന്നവരിൽ മിക്കവരും ഒരൊറ്റ രാത്രി കൊണ്ട് പൂർവസ്ഥിതി പ്രാപിക്കുന്നില്ല. തുടക്കത്തിൽ പരാമർശിച്ച ജെയ്മിയുടെ കാര്യമെടുക്കുക. സഹായം ലഭിച്ചു തുടങ്ങിയതിനു ശേഷം പോലും ആഹാരം കഴിക്കാൻ അവൾക്കു ബുദ്ധിമുട്ടായിരുന്നു, ഒരു പാത്രം സിരീയൽ പോലും. അവൾ പറയുന്നു: “ഇത് എന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന് ഞാൻ കൂടെക്കൂടെ എന്നെത്തന്നെ ഓർമിപ്പിക്കേണ്ടിയിരുന്നു, അല്ലാത്തപക്ഷം ഞാൻ മരിച്ചുപോകുമെന്നും. ഓരോ സ്പൂൺ സിരീയലും ഞാൻ എത്ര കഷ്ടപ്പെട്ടാണ് ഇറക്കിയിരുന്നത് എന്നോ!”
ഒരവസരത്തിൽ മരണത്തിന്റെ വക്കോളംപോലും എത്തിയ ജെയ്മി തന്റെ ആഹാരശീല വൈകല്യം തരണംചെയ്യാൻതന്നെ നിശ്ചയിച്ചു. അവൾ ഇപ്രകാരം പറഞ്ഞു: “മരണത്തിനു കീഴടങ്ങാൻ ഞാൻ തയ്യാറല്ല. ഇതിനെതിരെ ഞാൻ പോരാടി ജയിക്കുകതന്നെ ചെയ്യും. അനൊറെക്സിയയെ ഞാൻ കീഴ്പെടുത്തും. അതു ബുദ്ധിമുട്ടാണ്, പക്ഷേ ഞാൻ അതു ചെയ്തിരിക്കും.” നിങ്ങൾക്കും അതിനാകും!
[അടിക്കുറിപ്പുകൾ]
a മുട്ടയുടെ മഞ്ഞക്കരു, സസ്യഎണ്ണ, വിനാഗിരി അല്ലെങ്കിൽ നാരങ്ങാനീര് ഇവ ചേർത്തു പതച്ചെടുത്ത കുഴമ്പ്.
ഉല്പത്തി 12:11; 29:17; 39:7; 1 ശമൂവേൽ 17:42; 25:3 എന്നിവ കാണുക.
[19-ാം പേജിലെ ചിത്രം]
ഒരു സമീകൃത ആഹാരക്രമത്തിനും മിതമായ അളവിലുള്ള വ്യായാമത്തിനും വണ്ണം നിയന്ത്രിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ കഴിയും