ആത്മവിദ്യയുടെ നുകം കുടഞ്ഞുകളയൽ
വിപത്ത് എന്റെ കുടുംബത്തെ പ്രഹരിച്ചത് ഞാൻ 14 വയസ്സുള്ള ഒരു ബാലിക ആയിരുന്നപ്പോഴായിരുന്നു. ആ സമയത്ത് ഒരു ദുഷ്ടഘാതകൻ എന്റെ ബന്ധുക്കളെ ഒന്നൊന്നായി കൊന്നൊടുക്കാൻ തുടങ്ങി. അവന്റെ ആദ്യ ഇരകൾ എന്റെ സഹോദരിയുടെ കുട്ടികളായിരുന്നു—അവർ ഒമ്പതു പേരും തന്നെ. തുടർന്നവൻ അവളുടെ ഭർത്താവിനുനേർക്ക് തിരിഞ്ഞു. അതിനുശേഷം ഉടനെ അവൻ എന്റെ സഹോദരിമാരിൽ ഒരാളെക്കൂടെ കൊലപ്പെടുത്തി. ഒടുവിൽ ഞാനും എന്റെ അമ്മയും മാത്രം ജീവനോടെ ശേഷിക്കുവോളം എന്റെ സഹോദരൻമാരിൽ നാലുപേരെയും എന്റെ മററു സഹോദരിമാരെയും അവൻ കൊന്നു. ഹോ, ഞാനെന്ത് ഭയന്നെന്നോ!
തുടർന്ന് വന്ന വർഷങ്ങളിൽ ദൈനംദിനം ഭീതിയോടെയാണ് ഞാൻ ഭക്ഷണം കഴിച്ചതും ജോലിചെയ്തതും ഉറങ്ങിയതും. ഞാൻ ഇങ്ങനെ ആശ്ചര്യപ്പെട്ടു: ‘അവനെപ്പോൾ പ്രഹരിക്കും? അടുത്ത ആൾ ആരായിരിക്കും—ഞാനോ അതോ എന്റെ അമ്മയോ?
എന്റെ പശ്ചാത്തലം
അതിനുശേഷം എന്തുണ്ടായി എന്ന് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഞാൻ എന്റെ കുടുംബപശ്ചാത്തലം നിങ്ങളോട് വിവരിക്കാം. സുറിനാമിലെ മറോണി നദിയിലുള്ള ഒരു ദ്വീപിൽ പരമക്കാനാർ ബുഷ്-നീഗ്രോ വർഗ്ഗത്തിലെ ഒരംഗമായി ഞാൻ 1917-ൽ പിറന്നു. എന്റെ പൂർവ്വ പിതാമഹൻമാർ യാതനയേറിയതാണെങ്കിലും സ്വാതന്ത്ര്യമുള്ള ജീവിതം നയിക്കാൻ വനാന്തരങ്ങളിലേക്ക് പലായനം ചെയ്ത അഭയാർത്ഥികളായ അടിമകളായിരുന്നു. ആകട്ടെ, അത് മനുഷ്യരുടെ അടിമത്തത്തിൽ നിന്ന് വിമുക്തമായ ഒരു ജീവിതമായിരുന്നെങ്കിലും ഭൂതങ്ങളിൽ നിന്ന് സ്വതന്ത്രമായ ഒന്നായിരുന്നില്ല.
ഞങ്ങളുടെ ഗ്രാമത്തിലെ അനുദിനജീവിതത്തെ ഭരിച്ചിരുന്നത് ഭൂതാരാധനയും പൂർവ്വപിതാക്കളുടെ ആരാധനയും ആയിരുന്നു. മററുള്ളവരെ ഭൂതസ്വാധീനവലയത്തിലാക്കുന്നതിനും സഹമനുഷ്യരുടെമേൽ രോഗവും മരണവും വരുത്തുന്നതിനും ചില ആളുകൾ വിസി (wisi) അഥവാ ബ്ലാക്ക് മാജിക്ക് ഉപയോഗിക്കുകയോ അല്ലെങ്കിൽ ഒരു ഉപദ്രവി അഥവാ കൂനു (koenoe) വിന്റെ സഹായം വാടകയ്ക്കെടുക്കുകയോ ചെയ്തിരുന്നു. ഈ ഉപദ്രവികൾ ഒരു കുടുംബാംഗത്താൽ ദ്രോഹിക്കപ്പെട്ട വ്യക്തികൾ ആണെന്ന് കരുതപ്പെട്ടിരുന്നു. അവർ, തങ്ങളുടെ മരണശേഷം പ്രതികാരം ചെയ്യുന്നതിന് കുടുംബത്തിലേക്ക് മടങ്ങി വരുന്നതായി കരുതപ്പെട്ടുപോന്നു. വാസ്തവത്തിൽ, പക്ഷെ, ഈ ഉപദ്രവികൾ, തങ്ങളെ ആരാധിക്കാൻ ആളുകളെ നിർബ്ബന്ധിക്കുന്ന അധമരായ ഭൂതങ്ങളായിരുന്നു.
ഒരു പ്രോട്ടസ്ററൻറ് സഭയുടെ ഇവാഞ്ചലിക്കൽ ബ്രദർ സമുദായ അംഗം എന്ന നിലയിൽ ഞാൻ ദൈവത്തെക്കുറിച്ചും ചിലതൊക്കെ ഗ്രഹിച്ചിരുന്നു. അവനെ എങ്ങനെ ആരാധിക്കണം എന്നത് സംബന്ധിച്ച് ഞാൻ ഇരുട്ടിലായിരുന്നുവെങ്കിലും എനിക്ക് ചുററുമുണ്ടായിരുന്ന മഴക്കാട്, അവൻ നല്ലവനായൊരു ദാതാവാണ് എന്നതിന്റെ സമൃദ്ധമായ തെളിവ് എനിക്കു നൽകി. ‘ഞാൻ കഷ്ടതവരുത്തുന്ന ഒരു ദുഷ്ടാത്മാവിനെ അല്ല മറിച്ച് ഒരു നല്ല ദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കുന്നു,’ എന്ന് ഞാൻ ഉള്ളിൽ ന്യായവാദം ചെയ്തു. ഉപദ്രവികൾ (teasers) തങ്ങൾക്ക് വഴങ്ങാത്ത ഇരകളെ മരണത്തോളം ദണ്ഡിപ്പിക്കുന്നതിൽ ആനന്ദിച്ചിരുന്നു എന്ന് എനിക്കറിയാമായിരുന്നു. ഞങ്ങളുടെ കുടുംബശത്രുക്കൾ ഞങ്ങളുടെ അടുത്തേക്ക് ഒരു കൂനു (koenoe) വിനെ അയച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ അത് എനിക്കെന്തു ഞെട്ടൽ ഉളവാക്കിയെന്ന് ഊഹിച്ചുനോക്കൂ.
ആദ്യപ്രഹരം
എന്റെ അമ്മ ഒരു കഠിനാദ്ധ്വാനി ആയിരുന്നു. ഒരു ദിവസം തന്റെ വയലിലോട്ട് നടന്നു പോകുമ്പോൾ അവൾ ഒരു അടിയേററ് താഴെ വീണു, പിന്നെ അവൾക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. കൂനു (koenoe) എന്റെ അമ്മയെ ലക്ഷ്യം വച്ചു കഴിഞ്ഞു. അവളുടെ ആരോഗ്യം ക്ഷയിക്കുകയും അവൾക്ക് തളർവാതം പിടിപെടുകയും ചെയ്തു. അവൾക്ക് സഹായം ആവശ്യമുണ്ടായിരുന്നു. എന്റെ സഹായം. പക്ഷെ, അവളോടുള്ള സ്നേഹത്തിനും അവളെ ആക്രമിച്ച ഭൂതത്തിലുള്ള ഭയത്തിനും മദ്ധ്യെ ഞാൻ ഒന്നും ചെയ്യാനാകാതെ വലഞ്ഞു. കൂനുവിന്റെ ആക്രമണവേളകളിൽ പാവം അമ്മ വേദനയുടെ ആധിക്യം നിമിത്തം ഉറക്കെ നിലവിളിക്കുമ്പോഴൊക്കെ എനിക്ക് അതു സഹിക്കാനാകാതെ, അവളുടെ ശിരസ്സ് ഞാൻ എന്റെ മടിയിൽ എടുത്തുവച്ച് ആശ്വസിപ്പിക്കുമായിരുന്നു. അവൾ അപ്പോൾ സാവകാശം ശാന്തയാകും, പക്ഷെ, ഏതോ “കൈകൾ” എന്റെ ശരീരത്തെ പിടിച്ച് ഞെരിക്കുന്നതുപോലെ അപ്പോൾ എനിക്ക് അനുഭവപ്പെട്ടിരുന്നു.
ഒരിക്കൽ ഞാൻ വിട്ടോടാൻ ഒരുങ്ങിയപ്പോൾ, അമ്മ വീണ്ടും നിലവിളിച്ചു: അതുകൊണ്ട് ഞാൻ അമ്മയെപ്രതി അവിടെത്തന്നെ ഇരുന്ന് ഈ കൊലപാതകിയെ വിറയലോടെ നേരിട്ട എന്റെ ആദ്യ അനുഭവം ഞാൻ സഹിച്ചു. അന്നെനിക്ക് 40 വയസ്സായിരുന്നു പ്രായം.
രൂക്ഷമായ ആക്രമണങ്ങൾ
അമ്മ മരിച്ചു. വെറും മൂന്നു ദിവസങ്ങൾക്കുശേഷം ഒരു സൗഹൃദം നിറഞ്ഞ സ്വരം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ലിൻറിനാ, ലിൻറിനാ, നീ എന്നെ കേൾക്കുന്നില്ലേ? ഞാൻ നിന്നെ വിളിക്കുകയാണ്.” അത് ഒരു കൊടുംയാതനയുടെ ആരംഭമായിരുന്നു, പെട്ടെന്നുള്ള ഒരു മരണത്തിനായി ഞാൻ ആഗ്രഹിക്കുകപോലും ചെയ്തു.
ആദ്യമാദ്യം ഞാൻ ഉറങ്ങാൻ കിടക്കുമായിരുന്നപ്പോൾ മാത്രമേ ഭൂതം എന്നെ ശല്യം ചെയ്തുള്ളു. എനിക്ക് മയക്കം പിടിക്കുമ്പോൾ ആ സ്വരം എന്നെ ഉണർത്തി എന്നോട് ശ്മശാന സ്ഥലങ്ങളെയും മരണത്തെയും കുറിച്ച് സംസാരിക്കുമായിരുന്നു. ഉറക്കനഷ്ടം എന്നെ ക്ഷീണിതയാക്കി, പക്ഷെ ഞാൻ എന്റെ മക്കൾക്കായി കരുതുന്നതിൽ തുടർന്നു.
അനന്തരം ഭൂതം തന്റെ ആക്രമണങ്ങളുടെ തീവ്രത കൂട്ടി. പലപ്രാവശ്യം അവൻ എന്നെ കഴുത്തുഞെരിച്ച് കൊല്ലുന്നതുപോലെ എനിക്ക് തോന്നി. ഞാൻ ഓടിരക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഒരു വലിയ ഭാരം എന്നെ പിടിച്ചമർത്തിയിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടതുകൊണ്ട് എനിക്ക് അതിന് കഴിഞ്ഞില്ല. ശബ്ദം പുറപ്പെടുവിക്കാൻ എനിക്ക് കഴിയാഞ്ഞതു നിമിത്തം എനിക്ക് നിലവിളിക്കാനും സാധിച്ചിരുന്നില്ല. ഇത്രയെല്ലാമായിരുന്നിട്ടും ഞാൻ എന്റെ ആക്രമണകാരിയെ ആരാധിക്കാൻ വിസമ്മതിച്ചു.
ഓരോ ആക്രമണവും കഴിഞ്ഞ് സുഖം പ്രാപിക്കുമ്പോൾ ഞാൻ കൃഷിപ്പണി തുടർന്നു. ഞാൻ കരിമ്പും കസ്സാവയും കൃഷി ചെയ്ത് ഒരു ചെറിയ തീരദേശ പട്ടണത്തിലെ ചന്തയിൽ കൊണ്ട് വിൽക്കുമായിരുന്നു. ഒരു ജീവിതം പുലർത്തിക്കൊണ്ടുപോവുക എളുപ്പമായിരുന്നെങ്കിലും എന്റെ ഏററവും കഠിനയാതനകൾ ഭാവിയിൽ നടക്കാനിരുന്നതേ ഉണ്ടായിരുന്നുള്ളു.
സൗഖ്യവും തേടി
ഒരു ദിവസം, ഒരു ഭൂതശബ്ദം, “ഞാൻ നിന്റെ ഉദരം പന്തുപോലെ വീർപ്പിക്കും” എന്ന് പറഞ്ഞത് ഞാൻ കേട്ടു. അൽപ്പസമയം കഴിഞ്ഞ് എന്റെ വയററിൽ ഒരു കട്ടിയുള്ള മാംസപിണ്ഡം രൂപം കൊള്ളുകയും അത് വലുതായിത്തീർന്നിട്ട് ഞാൻ ഗർഭിണിയാണെന്ന് തോന്നിപ്പിക്കുകയും ചെയ്തു. വാസ്തവത്തിൽ ഭയചകിതയായിത്തീർന്ന ഞാൻ, “സ്രഷ്ടാവായ ദൈവത്തിന് ഈ കൂനുവിൽ നിന്ന് എന്നെ രക്ഷിക്കാനാകുമോ? അവനെ ആട്ടിപ്പായിക്കാൻ ശക്തിയേറിയവനായ ഒരു നല്ല ആത്മാവിനെ അയക്കാൻ കഴിയുമോ? എന്നെല്ലാം ആലോചിച്ചുപോയി. ഉത്തരം കണ്ടുപിടിക്കുന്നതിന് ഞാൻ ഒരു ബോനോമാന്റെ (bonoeman) അഥവാ ഭൂത ഡോക്ടറിന്റെ അരികെപ്പോയി.
ആദ്യത്തെ ഭൂത ഡോക്ടർ എനിക്ക് കയ്യിൽ അണിയുന്ന ടാപ്പോസ് (tapoes) അഥവാ മന്ത്രച്ചരട് തന്നു. പക്ഷെ വയററിലെ വീക്കം അങ്ങനെതന്നെ നിന്നു. ഒരു പരിഹാരം കാണാനുള്ള ദൃഢനിശ്ചയത്തിൽ ഞാൻ ഒരു ബോനോമാന്റെ അടുത്തുനിന്ന് മറെറാരാളിന്റെ അരികെപ്പോയി—എല്ലാം നിഷ്ഫലം. ഈ സന്ദർശനങ്ങൾക്കിടയിൽ ഞാൻ കൃഷി തുടർന്നുകൊണ്ട് ഭൂതഡോക്ടർമാർക്ക് ബീയർ, വീഞ്ഞ്, ഷാംപെയ്ൻ, അരയാടകൾ എന്നിവയെല്ലാം വാങ്ങിക്കൊടുക്കാനുള്ള വകതേടി. പലപ്രാവശ്യം അവർ എന്നെ ഉപദേശിച്ചു: “കൂനുവിന്റെ മുമ്പിൽ കുമ്പിടുക. നിന്റെ യജമാനൻ എന്നപോലെ അവനോട് യാചിക്കുക. അവനെ ആരാധിക്കുക, എന്നാൽ അവൻ നിന്നെ വിട്ടുപോകും.” പക്ഷെ എന്നെ ദണ്ഡിപ്പിച്ച് കൊല്ലാൻ ശ്രമിച്ച ഒരു ആത്മാവിന്റെ മുമ്പാകെ എനിക്ക് എങ്ങനെ മുട്ടുകുത്താനാകും? എനിക്ക് അതിന് കഴിഞ്ഞില്ല.
എങ്കിലും വിവശതയിൽ ഭൂതഡോക്ടർമാർ എന്നോട് ചെയ്യാൻ പറഞ്ഞ മറേറാരോന്നും ഞാൻ ചെയ്തു. അവരിൽ ഒരാൾ എന്നെ അഞ്ചുമാസക്കാലം ചികിത്സിച്ചു. അയാൾ എന്നെ മരുന്നുചെടികളുടെ നീരുചേർത്ത വെള്ളത്തിൽ കുളിപ്പിക്കുകയും ഒരിക്കൽ എന്റെ കണ്ണിൽ 11 വ്യത്യസ്ത സസ്യങ്ങളുടെ ചാറ് പിഴിഞ്ഞൊഴിക്കുകയും ചെയ്തു—ഞാൻ വേദനകൊണ്ട് നിലവിളിച്ചപ്പോൾ “അവയെ ശുദ്ധീകരിക്കാനാണത്” എന്നയാൾ പറഞ്ഞു. ചികിത്സകൾക്കെല്ലാം ശേഷം ഞാൻ ഒരു ചില്ലിക്കാശുപോലും ശേഷിപ്പില്ലാതെ ഉപദ്രവിക്കപ്പെട്ടവളും രോഗമേറിയവളുമായി വീട്ടിലേക്ക് പോയി.
“ഇത് നിന്റെ അന്ത്യമാണ്”
സഹായാന്വേഷണം തുടരുന്നതിന് നെതർലൻറ്സിലുള്ള എന്റെ ആൺ മക്കളിലൊരാൾ എനിക്ക് പണം അയച്ചുതന്നു. അങ്ങനെ ഞാൻ തലസ്ഥാന നഗരിയിലുള്ള ഒരു ഡോക്ടറെ ചെന്നു കണ്ടു. ഒരു പരിശോധനയ്ക്കുശേഷം അയാൾ പറഞ്ഞു: “എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയുകയില്ല. പോയി ഒരു ബോനോമാനെ കാണുക.” അതുകൊണ്ട്, ഞാൻ പൂർവ്വേന്ത്യാക്കാരനായ ഒരു ആത്മമദ്ധ്യവർത്തിയുമായി ബന്ധപ്പെട്ടു—വീണ്ടും ഫലമൊന്നുമുണ്ടായില്ല. ഞാൻ വീട്ടിലേക്ക് യാത്ര തിരിച്ചു. പക്ഷെ തലസ്ഥാന നഗരിവരെ എത്താനെ എനിക്ക് കഴിഞ്ഞുള്ളു. അവിടെ ഞാൻ എന്റെ പെൺമക്കളിൽ ഒരാളുടെ വീട്ടിൽ എത്തിച്ചേർന്നു. അവിടെവച്ച് ഞാൻ ആകെ തകർന്ന് രോഗബാധിതയായി. അനാവശ്യമായി ഞാൻ ഒരു രോഗസൗഖ്യം തേടി 17 വർഷവും 1,50,00 ഗിൽഡറും (ഏകദേശം 75,000 രൂപ) ചെലവഴിച്ചു. എനിക്കപ്പോഴേക്ക് 57 വയസ്സ് പ്രായമായി.
അടുത്തതായി ഭൂതം ഇങ്ങനെ ഭീഷണി ഉയർത്തി: “ഞാൻ നിന്നെ ഒടുക്കിക്കളയും ഇത് നിന്റെ അന്ത്യമാണ്.”
“പക്തെ, നിങ്ങൾ ദൈവമല്ല, നിങ്ങൾ യേശുവല്ല,” ഞാൻ നിലവിളിച്ചു.
“ദൈവത്തിനുപോലും എന്നെ തടയാൻ കഴിയില്ല,” എന്ന് ഭൂതം മറുപടി നൽകി: “നിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു.”
അന്തിമ പോരാട്ടം
കുറെ ആഴ്ചകൾ കടന്നുപോയി. യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയശുശ്രൂഷകയായ മീന എന്ന് പേരുള്ള ഒരു അയൽക്കാരി സ്ത്രീ എന്റെ അവസ്ഥയെക്കുറിച്ചു എന്റെ മകളോട് ചോദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ അമ്മയെ ബൈബിളിന് മാത്രമേ സഹായിക്കാൻ കഴിയുകയുള്ളു.” ഈ സംസാരം കേട്ടുകൊണ്ട് ഞാൻ അടുത്തുചെന്നു. അവരുടെ അരികെ എത്തുന്നതിനു മുമ്പേ, പക്ഷെ, ഞാൻ നിലത്ത് വീണു. മീനാ ഉടനെ എന്റെ അരികെ വന്ന് പറഞ്ഞു: “ആ ഭൂതം നിങ്ങളെ വെറുതെ വിടുകയില്ല. നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഏകൻ യഹോവയല്ലാതെ മററാരുമല്ല.” തുടർന്നവൾ എന്നോടൊത്ത് യഹോവയാം ദൈവത്തോട് പ്രാർത്ഥിക്കുകയും എന്നെ സന്ദർശിക്കുകയും ചെയ്തു. പക്ഷെ അവൾ എന്നെ എത്രയധികം സന്ദർശിച്ചുവോ അത്രയധികം തന്നെ ഭൂതത്തിന്റെ ആക്രമണവും വർദ്ധിച്ചു. രാത്രികാലങ്ങളിൽ എന്റെ ശരീരം വല്ലാതെ ഉലയ്ക്കപ്പെട്ടിരുന്നതുകൊണ്ട് വീട്ടിലുള്ള ആർക്കുംതന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ ഭക്ഷണം നിർത്തി. എന്റെ ബോധം പരിപൂർണ്ണമായി അററുപോകുന്ന അനുഭവവും ഉണ്ടായിത്തുടങ്ങി.
എന്റെ അവസ്ഥ അത്യന്തം ഗുരുതരമായതിനെത്തുടർന്ന് ഉൾപ്രദേശത്തു നിന്ന് എന്റെ ആൺമക്കൾ വന്ന് എന്നെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുപോകാൻ ഒരുങ്ങി. ഞാൻ അവിടെ വച്ച് മരിക്കാൻ അവർ ആഗ്രഹിച്ചു. യാത്ര ചെയ്യാൻ തീരെ കെല്പ്പില്ലായിരുന്നതുകൊണ്ട് ഞാൻ വിസമ്മതിച്ചു. പക്ഷെ മരണം സമീപിക്കുന്നു എന്ന തോന്നലുണ്ടായതോടെ സാക്ഷിയോട് യാത്ര ചോദിക്കാൻ ഞാൻ അവളെ വിളിച്ചു. അഥവാ, ഞാൻ മരിച്ചുപോയാൽത്തന്നെ പുനരുത്ഥാന പ്രത്യാശയുണ്ട് എന്ന് മീനാ വിശദീകരിച്ചു.
“പുനരുത്ഥാനമോ? നീ പറയുന്നതിന്റെ അർത്ഥമെന്താണ്?
“ദൈവത്തിന് നിങ്ങളെ പറുദീസയിലെ ജീവനിലേക്ക് ഉയർത്തെഴുന്നേൽപ്പിക്കാൻ കഴിയും!
അന്നേ ദിവസം രാത്രി ഭൂതം എന്നെ ആക്രമിച്ചു. ഒരു നിദ്രയിൽ കൂനു ഒരു വലിയ പരിവാരവുമായി വരുന്നതു കാണുന്നപോലെ എനിക്ക് തോന്നി. അവൻ പരിഹസിച്ചു: “അവളുടെ വിചാരം അവൾക്ക് ഒരു പുനരുത്ഥാനം ലഭിക്കുമെന്നാണ്.” ആൾക്കൂട്ടം അപ്പോൾ തുടരെത്തുടരെ പരിഹസിച്ച് ചിരിച്ചുകൊണ്ടിരുന്നു. പക്ഷെ ഞാൻ മുമ്പ് ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു കാര്യം അപ്പോൾ ചെയ്തു. ഞാൻ, “യഹോവേ! യഹോവേ!” എന്നു വിളിച്ചപേക്ഷിച്ചു. അത്രമാത്രമേ എനിക്ക് പറയാനറിയുമായിരുന്നുള്ളു. ഭൂതം ഉടനെ എന്നെ വിട്ടു പോവുകയും ചെയ്തു!
എന്റെ പുത്രൻമാർ വീണ്ടും വന്ന് എന്നോട് കെഞ്ചി: “അമ്മേ, ഈ നഗരത്തിൽ വച്ച് മരിക്കരുതേ. ഞങ്ങൾ അമ്മയെ നമ്മുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകട്ടെ.” ഞാൻ വിസമ്മതിച്ചു, കാരണം എനിക്ക് യഹോവയെക്കുറിച്ച് അധികം അറിയണമെന്നുണ്ടായിരുന്നു. “എന്തുമാകട്ടെ, ഒരുപക്ഷെ ഞാൻ മരിച്ചുപോയേക്കാം, എങ്കിലും അതിനോടകം എനിക്ക് സ്രഷ്ടാവിനെ സേവിച്ചുകഴിയാൻ സാധിക്കുമല്ലോ.”
ശക്തമായൊരു ഗോപുരം പോലെ
മീനയും മററു സാക്ഷികളും എന്നെ സന്ദർശിച്ചുകൊണ്ടേ ഇരുന്നു. അവർ യഹോവയോട് പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിച്ചു. മററ് കാര്യങ്ങളോടൊപ്പം യഹോവയ്ക്കും സാത്താനും മദ്ധ്യേയുള്ള വിവാദവിഷയം സംബന്ധിച്ചും ഇയ്യോബ് യഹോവയെ ഉപേക്ഷിക്കുന്നതിനുവേണ്ടി പിശാച് അവന്റെമേൽ യാതന വരുത്തിയതെങ്ങനെയെന്നും അവർ എന്നോട് പറഞ്ഞു. സാക്ഷികൾ വായിച്ച പിൻവരുന്ന തിരുവെഴുത്തു ഭാഗം എനിക്ക് പ്രിയങ്കരമായിത്തീർന്നു. “യഹോവയുടെ നാമം ബലമുള്ള ഒരു ഗോപുരം. നീതിമാൻ അതിലേക്ക് ഓടിച്ചെല്ലുകയും അവന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.”—സദൃശവാക്യങ്ങൾ 18:10.
സാവധാനം എന്റെ കരുത്ത് എനിക്ക് തിരിച്ചുകിട്ടി. എന്റെ മകൻ മടങ്ങിവന്നപ്പോൾ ഞാൻ അവനോട് വെളിയിൽ കടന്നു നിൽക്കാൻ പറഞ്ഞു. എന്റെ വയററിലെ വീക്കം മിക്കവാറും പൊയ്പ്പോയി എന്ന് കാണിക്കുന്നതിന് ഞാൻ വസ്ത്രം മാറി എന്റെ ബ്ളൗസ് സ്ക്കേർട്ടിനകത്തിട്ട് മുറുക്കിക്കൊണ്ട് പുറത്തു വന്നു.
“ഇതെന്റെ അമ്മ, ലിൻറിനാ തന്നെയോ? എന്ന് ആശ്ചര്യത്തിൽ എന്റെ മകൻ ചോദിച്ചു പോയി.
“അതെ, ഞാൻതന്നെ—എന്റെ ദൈവമായ യഹോവയ്ക്കു നന്ദി!”
ഞാൻ എടുത്ത നിലപാട്
എനിക്ക് അല്പാല്പം നടക്കാൻ കഴിഞ്ഞതോടെ ഞാൻ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലേക്ക് പോയി. എനിക്ക് അവിടെ സ്നേഹിതരിൽ നിന്ന് വർദ്ധിച്ച പ്രോത്സാഹനം ലഭിച്ചു. ഞാൻ പിന്നീടൊരിക്കലും യോഗങ്ങൾക്ക് സംബന്ധിക്കുന്നത് മുടക്കിയില്ല. ചുരുക്കം ചില മാസങ്ങൾക്കുശേഷം ഞാൻ പരസ്യപ്രസംഗവേലയിൽ സാക്ഷികളുടെ കൂടെ പോയി. അനന്തരം അധികം താമസിയാതെ ഞാൻ സ്നാനമേററു എന്റെ സ്നേഹമയിയായ രക്ഷകനാം യഹോവയുടെ ദാസിയായിത്തീർന്നു. എനിക്കപ്പോൾ പ്രായം 58 വയസ്സായിരുന്നു.
പക്തെ, ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എന്റെ ഗ്രാമത്തിലുള്ള വീട്ടിൽ എന്റെ പൂർവ്വീകർക്ക് ബലി അർപ്പിക്കുന്നതിന് ഞാൻ ഒരു പൂജാപീഠം പണിതിരുന്നു. ഞാൻ ആത്മീയമായി ശുദ്ധയായിത്തീരുന്നതിന് എനിക്ക് അത് നശിപ്പിക്കേണ്ടതുണ്ടായിരുന്നു. എന്റെ നടപടി ഗ്രാമീണരുടെ ഇടയിൽ വലിയ ഒച്ചപ്പാടുണ്ടാക്കാൻ സാദ്ധ്യതയുണ്ടായിരുന്നതുകൊണ്ട് ഞാൻ യഹോവയോട് സഹായമഭ്യർത്ഥിച്ചു. ഞാൻ എന്റെ കുടിലിൽ എത്തി വാതിൽ തുറന്നപ്പോൾ ആരോ ഇങ്ങനെ വിളിച്ചുപറയുന്നത് കേട്ടു: “പിൻഗോസ്!” (കാട്ടുപന്നികൾ!) ഒരു പന്നിക്കൂട്ടം അപ്പോൾ ദ്വീപിലൂടെ കടന്ന് പുഴയിൽ ചാടി നദിക്ക് കുറുകെ നീന്താൻ തുടങ്ങുകയായിരുന്നു. ഉടനെ, ആബാലവൃദ്ധം ജനങ്ങൾ അവയെ എളുപ്പം പിടിക്കാനായി ഗ്രാമം വിട്ടോടിപ്പോയി. ആനന്ദാതിരേകത്തിൽ ഞാൻ മുട്ടുകുത്തി. ഈ പെട്ടെന്നുണ്ടായ സംഭവത്തെപ്രതി യഹോവയ്ക്ക് നന്ദി പറഞ്ഞു. ഉടനെതന്നെ ഞാൻ പൂജാപീഠം വലിച്ച് പുറത്തിട്ട് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുകളഞ്ഞു. ആൾക്കൂട്ടം തിരികെ വരുന്നതിന് മുമ്പേ പൂജാപീഠം കത്തിയെരിഞ്ഞുപോയി. അവർ തീർച്ചയായും അതു കണ്ടുപിടിച്ചു. പക്ഷെ ആർക്കും ഒന്നും ഇനി ചെയ്യാൻ കഴിയുമായിരുന്നില്ല. അങ്ങനെ മനഃസ്സമാധാനത്തോടെ ഞാൻ തലസ്ഥാനനഗരിയിലേക്കു മടങ്ങി.
യാതനയിൽനിന്ന് സന്തുഷ്ടിയിലേക്ക്
എനിക്ക് ഏറിയ അനുഗ്രഹങ്ങൾ കൈവന്നു. എന്റെ നെതർലാൻറ്സിലുള്ള മകൻ എന്നെപ്പററി കേട്ട കഥകളൊന്നും വിശ്വസിക്കാതെ സ്വയം കണ്ടു മനസ്സിലാക്കാൻ സൂറിനാമിലേക്ക് വിമാനം കയറി. എന്നെ ആരോഗ്യവതിയായി കണ്ടതിൽ അത്യധികം സന്തോഷിച്ച് തലസ്ഥാനനഗരിയിൽ എനിക്കായി ഒരു നല്ല വീട് വാങ്ങിച്ചു. അവിടെയാണ് ഞാനിപ്പോൾ ജീവിക്കുന്നത്. എന്തൊരുമാററം ആണ് ഞാനനുഭവിച്ചത്—ചില്ലിക്കാശ് വകയില്ലാത്ത ഒരു ഭൂത അടിമയിൽ നിന്ന് ഇപ്പോൾ ഉത്തമമായി സംരക്ഷണം അനുഭവിക്കുന്ന യഹോവയുടെ ദാസി!
എന്റെ സ്നാനത്തിന് പതിനൊന്നു വർഷങ്ങൾക്കുശേഷം എനിക്ക് നന്ദിയുള്ളവളായിരിക്കാൻ ഇതിലുമധികം കാരണമുണ്ട്. എനിക്ക് ലഭിച്ച നിരവധി അനുഗ്രഹങ്ങൾ നിമിത്തം ഉണ്ടായ പ്രചോദനഫലമായി എന്റെ മക്കളിൽ മൂന്നുപേരും എന്റെ ഒരു മരുമകനും ബൈബിൾ സത്യത്തിൽ തൽപ്പരരായിത്തീർന്നു. ഒടുവിൽ യഹോവയാം ദൈവത്തിന് തങ്ങളുടെ ജീവിതം സമർപ്പിച്ചു. ഭൂതങ്ങളിൽ നിന്ന് വിട്ടുപോരാൻ പര്യാപ്തമായ ധൈര്യം ഇല്ലാതിരുന്ന ബൈബിൾ വിദ്യാർത്ഥികളെ കാണാൻ സഹോദരീസഹോദരൻമാർ എന്നെ കൂട്ടിക്കൊണ്ടുപോകുമായിരുന്നപ്പോഴെല്ലാം പല പ്രാവശ്യം ഞാൻ എന്റെ അനുഭവം വിവരിക്കുമായിരുന്നു. ആ വിധത്തിൽ ആ ഭയങ്കര വർഷങ്ങൾകൊണ്ട് പോലും രാജ്യപ്രസംഗവേലയിൽ ഉപയോഗമുണ്ടായിരുന്നു.
എന്റെ ദൈവമായ യഹോവയോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ പോരാ. തീർച്ചയായും, എനിക്കു വേണ്ടി ഉയർത്തിയ അവന്റെ സർവ്വശക്തിയുള്ള കൈകൾ ഞാൻ കണ്ടു. സുനിശ്ചിതമായും യഹോവ എനിക്കു നല്ലവനായിരുന്നു.—സങ്കീർത്തനം 18:17-19 താരതമ്യം ചെയ്യുക. (w87 9/1)
[7-ാം പേജിലെ ചിത്രം]
ലിൻറിനാ വാൻ ജീനെൻ ആത്മവിദ്യയിൽനിന്നും സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് “യഹോവയുടെ നാമം ഒരു ബലമുള്ള ഗോപുരം ആണ്” എന്നു ഗ്രഹിച്ചു
[9-ാം പേജിലെ ചിത്രം]
അനേകമാളുകളും ആത്മവിദ്യയുടെ അടിമകളായ ഉൾനാട്, സൂറിനാം