ഒരു വെടിയുണ്ട എന്റെ ജീവിതത്തെ മാറ്റിമറിച്ചു
സ്രഷ്ടാവിനെക്കുറിച്ചുള്ള അറിവും അവനെ സേവിക്കാനുള്ള ആഗ്രഹവും തങ്ങളുടെ മക്കൾക്കു പടിപടിയായി പകർന്നു കൊടുക്കുക എന്നതാണ് അവർക്കു വേണ്ടി മാതാപിതാക്കൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം. കേവലമൊരു കൗമാരപ്രായക്കാരിയായിരുന്നപ്പോൾ എനിക്കു നേരിട്ട ഒരു ദുരന്തം ഈ സത്യം വിലമതിക്കാൻ എന്നെ സഹായിച്ചു.
അന്ന്, 20-ലധികം വർഷങ്ങൾക്കു മുമ്പ്, സംഭവിച്ചതെന്താണെന്നു വിശദീകരിക്കുന്നതിനു മുമ്പ് തെക്കൻ ഐക്യനാടുകളിൽ ഞാൻ വളർന്നുവന്ന സാഹചര്യങ്ങളെപ്പറ്റി അല്പം ചിലതു പറയട്ടെ. തടയാനാവാത്ത പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാൻ എനിക്കു കഴിഞ്ഞതിൽ അവയുടെ നേരിട്ടുള്ള സ്വാധീനമുണ്ട്.
എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ സംഗതി
ഐക്യനാടുകളിലെ വർഗീയമായി ഒറ്റപ്പെടുത്തപ്പെട്ട തെക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഒരു ഭാഗമായ അലബാമയിലെ ബർമിങ്ഹാമിൽ 1955 ജനുവരിയിലാണു ഞാൻ ജനിച്ചത്. എനിക്ക് എട്ടു വയസ് മാത്രം പ്രായമുണ്ടായിരുന്നപ്പോൾ ഞങ്ങളുടെ വീടിനടുത്തുണ്ടായ ഒരു ബോംബുസ്ഫോടനം വേദപാഠ ക്ലാസുകൾ നടന്നുകൊണ്ടിരുന്ന ഒരു പള്ളി തകർത്തുകളഞ്ഞു. പേടിച്ചരണ്ട കറുത്ത വർഗക്കാരായ കുട്ടികൾ അലറിക്കരഞ്ഞുകൊണ്ടു പുറത്തേക്കോടി, മിക്കവരും എന്റെ പ്രായക്കാരായിരുന്നു. മറ്റുള്ളവർ രക്തത്തിൽ കുളിച്ചു ഞരങ്ങുകയായിരുന്നു. നാലു പേർ മരണമടഞ്ഞു—വെള്ളക്കാരായിരുന്നു ഈ കൊലയ്ക്കു പിന്നിൽ.
തെക്കൻ സംസ്ഥാനങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ഒറ്റപ്പെട്ടവയായിരുന്നില്ല. തൊട്ടടുത്ത വേനൽക്കാലത്ത് മിസ്സിസ്സിപ്പി സംസ്ഥാനത്ത് മൂന്നു പൗരാവകാശ പ്രവർത്തകർ കൊല ചെയ്യപ്പെട്ടു. ഞങ്ങളെ എല്ലാവരെയും ബാധിച്ച ഭീതിജനകമായ വർഗീയ അസ്വാസ്ഥ്യങ്ങളുടെ ദിനങ്ങളായിരുന്നു അവ.
അന്ന്, എന്റെ മാതാവ് ഒരു യഹോവയുടെ സാക്ഷിയായിരുന്നു, പിതാവ് 1966-ൽ ഒരു സാക്ഷിയായിത്തീർന്നു. പെട്ടെന്നു തന്നെ ഞങ്ങളുടെ കുടുംബം മുഴുവനും സമാധാനപരമായ ഒരു പുതിയ ലോകത്തെക്കുറിച്ചു ഞങ്ങൾക്കുള്ള ബൈബിളധിഷ്ഠിത പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കാൻ തുടങ്ങി. (സങ്കീർത്തനം 37:29; സദൃശവാക്യങ്ങൾ 2:21, 22; വെളിപ്പാടു 21:3, 4) 1960-കളുടെ അവസാനത്തിലെ വേനൽക്കാലങ്ങളിൽ എല്ലാ ശനിയാഴ്ചയും ബർമിങ്ഹാമിനു വെളിയിലുള്ള പ്രവർത്തിക്കാത്ത പ്രദേശങ്ങളിൽ പ്രസംഗിക്കുന്നതിനു ഞങ്ങൾ പോയിരുന്നു. അവിടെ, ആളുകൾ യഹോവയുടെ സാക്ഷികളെക്കുറിച്ചോ ഞങ്ങൾ പ്രസംഗിച്ച രാജ്യസന്ദേശത്തെക്കുറിച്ചോ ഒരിക്കലും കേട്ടിട്ടുണ്ടായിരുന്നില്ല. അവർ യഹോവ എന്ന ദൈവനാമം അറിഞ്ഞിരുന്നു പോലുമില്ല. (സങ്കീർത്തനം 83:18) ആ പ്രക്ഷുബ്ധ നാളുകളിൽ ദുഷിച്ച ഈ പഴയ ലോകത്തെ മാറ്റി ഒരു ഭൗമിക പറുദീസ സ്ഥാപിക്കാനുള്ള യഹോവയുടെ ഉദ്ദേശ്യത്തെപ്പറ്റി ആളുകളോടു സംസാരിക്കുന്നതു ഞാൻ ശരിക്കും ആസ്വദിച്ചു.—ലൂക്കൊസ് 23:43.
ജീവിതത്തിൽ ഒരു ലക്ഷ്യം വെക്കുന്നു
1969 ഡിസംബറിൽ യഹോവയ്ക്കുള്ള എന്റെ സമർപ്പണം ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. ഞാൻ യഹോവയോടു പ്രാർഥിച്ച് മുഴുസമയസേവനം ഒരു ജീവിതവൃത്തിയായി തുടർന്നുകൊണ്ടു പോകാനുള്ള എന്റെ ആത്മാർഥമായ ആഗ്രഹം വെളിപ്പെടുത്തി. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ അച്ഛൻ ബർമിങ്ഹാമിൽനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള ആഡംസ്വില്ലിലെ ഒരു ചെറിയ സഭയെ സഹായിക്കാൻ നിയമിതനായി. ഈ പ്രദേശമാറ്റം ഒരു പയനിയർ അഥവാ മുഴുസമയസേവക ആയിരിക്കാനുള്ള എന്റെ ആഗ്രഹത്തെ കൂടുതൽ തീവ്രമാക്കി. ഞാൻ ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന വർഷങ്ങളിൽ കിട്ടിയ അവസരങ്ങളിലെല്ലാം താത്ക്കാലിക പയനിയറായി പ്രവർത്തിക്കുമായിരുന്നു. ഓരോ മാസത്തിലും കുറഞ്ഞത് 75 മണിക്കൂറെങ്കിലും സേവനത്തിൽ ചെലവഴിക്കുന്നത് ഇതിൽ ഉൾപ്പെട്ടിരുന്നു.
സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മുഴുസമയസേവനത്തിനായി എന്നെ ഒരുക്കുന്ന ഏതെങ്കിലും തൊഴിലിൽ വൈദഗ്ധ്യം നേടാൻ ഞാൻ തീരുമാനിച്ചു. എന്നാൽ ഹൈസ്കൂളിലെ അവസാനവർഷത്തിൽ, ഞാനൊരു വെല്ലുവിളിയെ അഭിമുഖീകരിച്ചു. ഞാൻ സ്കൂളിൽ ഉന്നതവിജയം നേടിയവരുടെ കൂട്ടത്തിലുൾപ്പെട്ടിരുന്നതുകൊണ്ട് ഒരു ദിവസം ചില സർവകലാശാലാ പരീക്ഷകൾക്കായി എന്നെ അടുത്തുള്ള കോളെജിലേക്കു കൊണ്ടുപോയി. അതുകഴിഞ്ഞ് എന്നെ കൗൺസിലറുടെ ഓഫീസിലേക്കു വിളിപ്പിച്ചു. ആ സ്ത്രീ എന്റെ കാര്യത്തിൽ ഉത്സാഹവതിയും സന്തുഷ്ടയുമായിരുന്നു. “നീ മികവു കാട്ടിയിരിക്കുന്നു!” അവർ വിസ്മയപൂർവം പറഞ്ഞു. “നീ തിരഞ്ഞെടുക്കുന്ന ഏതു കോളെജിലും നിനക്കു ചേരാം!” അപ്പോൾതന്നെ സ്കോളർഷിപ്പിനുള്ള അപേക്ഷകൾ പൂരിപ്പിക്കാൻ അവർ എന്നോടാവശ്യപ്പെട്ടു.
ഇതു ഞാൻ പ്രതീക്ഷിച്ചിരുന്നതല്ലാത്തതുകൊണ്ടു പരിഭ്രമിച്ചുപോയി. പെട്ടെന്നുതന്നെ, ഒരു മുഴുസമയസേവകയാകുക, സേവനത്തിൽ എന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒരു അംശകാല ജോലി തുടർന്നുകൊണ്ടുപോകുക തുടങ്ങി എനിക്കുള്ള ഉദ്ദേശ്യങ്ങളെപ്പറ്റി ഞാൻ അവരോടു വിവരിച്ചു. പിന്നീട്, മറ്റു സാക്ഷികൾ ചെയ്തിട്ടുള്ളതു പോലെ ഒരു വിദേശരാജ്യത്ത് മിഷനറിയായി സേവനമനുഷ്ഠിക്കാൻ എനിക്കു കഴിഞ്ഞേക്കുമെന്നു പോലും ഞാൻ അവരോടു പറഞ്ഞു. പക്ഷേ അവർ ഞാൻ പറഞ്ഞതു കേട്ടതായി തോന്നിയില്ല. ഞാൻ സയൻസിൽ മികച്ചു നിൽക്കുന്നതുകൊണ്ട് ഒരു പ്രാദേശിക കോളെജിൽ ചേർന്നു പഠിച്ചാൽ അവർ ഒരു സയൻസ് സെന്ററിൽ എനിക്കു ജോലി ഉറപ്പാക്കാമെന്നു നിർദേശിച്ചു.
“ഗ്ലോറിയ, നിന്റെ മതപ്രവർത്തനങ്ങൾ വാരാന്ത്യങ്ങളിലാക്കി ചുരുക്കുക, എന്നാലും നിന്റെ മാതാപിതാക്കൾ നിന്നെപ്പറ്റി അഭിമാനംകൊള്ളും” അവർ പറഞ്ഞു. മുഴുസമയസേവനം ചെയ്യാനുള്ള എന്റെ ലക്ഷ്യം മാതാപിതാക്കളുടെ പ്രേരണയുടെ ഫലമാണെന്ന് അവർ ധരിച്ചു കാണുമെന്നതിൽ എനിക്കാക്ഷേപം തോന്നി. ഈ സുവർണാവസരം നിരസിച്ചുകൊണ്ട് ഞാൻ കറുത്ത വർഗത്തെ മൊത്തത്തിൽ അവഗണിക്കുകയാണെന്ന രീതിയിൽ അവരെന്റെ മേൽ വളരെയധികം സമ്മർദം ചെലുത്തി. എങ്കിലും എന്റെ തീരുമാനത്തിൽ ഞാനുറച്ചുനിന്നു. സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തുടർന്നു കോളെജു വിദ്യാഭ്യാസം ചെയ്യുന്നതിനു പകരം, ഞാൻ ഒരു സെക്രട്ടറിയായി അംശകാലജോലി ചെയ്യാൻ തുടങ്ങി.
ഞാനൊരു പയനിയർ പങ്കാളിക്കു വേണ്ടി അന്വേഷണം നടത്തിയെങ്കിലും അതു ഫലവത്തായില്ല. ഒരു സഞ്ചാരമേൽവിചാരകൻ ഞങ്ങളുടെ സഭ സന്ദർശിച്ചപ്പോൾ അദ്ദേഹത്തോടു ഞാൻ എന്റെ പ്രശ്നം പറഞ്ഞു. “നിനക്കൊരു പങ്കാളിയുടെ ആവശ്യമില്ല,” അദ്ദേഹം പറഞ്ഞു. പിന്നീട് എന്റെ ജോലിസംബന്ധമായ ഉത്തരവാദിത്വങ്ങൾ ചെയ്തു തീർക്കാൻ കഴിയുന്നതും അതിനുശേഷം പയനിയറിങ് ചെയ്യാൻ ആവശ്യത്തിനു സമയം ലഭിക്കുന്നതുമായ വിധത്തിൽ അദ്ദേഹം ഒരു പട്ടിക എഴുതിയുണ്ടാക്കി. ആ പട്ടിക തികച്ചും തൃപ്തികരമാണെന്ന് എനിക്കു തോന്നി. 1975 ഫെബ്രുവരി 1 പയനിയറിങ് തുടങ്ങാനുള്ള തീയതിയായി തിരഞ്ഞെടുക്കാൻ മാത്രം അത്ര ആഹ്ലാദത്തിമർപ്പിലായിരുന്നു ഞാൻ.
എന്നാൽ, ഏതാനും ദിവസങ്ങൾക്കു ശേഷം 1974 ഡിസംബർ 20-ാം തീയതി ഒരു പലചരക്കുകടയിൽനിന്നു (കൺവീനിയൻസ് സ്റ്റോർ) വീട്ടിലേക്കു നടക്കുമ്പോൾ, ലക്ഷ്യം തെറ്റിവന്ന ഒരു വെടിയുണ്ട എന്റെമേൽ കൊണ്ടു.
മരണത്തിന്റെ പടിവാതിൽക്കൽ
തറയിൽ കിടക്കവേ, എന്റെ ജീവരക്തം പുറത്തേക്കൊഴുകുന്നത് അക്ഷരീയമായി കാണാൻ എനിക്കു കഴിഞ്ഞു. ഞാൻ മരിക്കാൻ പോവുകയാണെന്നു ചിന്തിക്കുന്നതു ഞാനോർക്കുന്നു. പൂർണമായി യഹോവയുടെ സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കുടുംബത്തിനു പോലും ഇത്തരം വിനാശകരമായ അപകടങ്ങൾ സംഭവിച്ചേക്കാമെന്ന് അമ്മയ്ക്കു മനസ്സിലാക്കിക്കൊടുക്കാൻ എനിക്കു കഴിയുന്ന അത്രയും നാളത്തേക്കു കൂടി ജീവിച്ചിരിക്കാൻ അനുവദിക്കണമേയെന്നു ഞാൻ യഹോവയോടപേക്ഷിച്ചു. “അവരുടെ മേലെല്ലാം കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളുമാണ് വന്നു ഭവിക്കുന്നത്” എന്ന ബൈബിൾ വാക്യം ഞങ്ങൾക്കു പരിചിതമായിരുന്നെങ്കിലും ഇത്ര ഘോരമായ ഒരു ദുരന്തത്തെ കൈകാര്യം ചെയ്യാൻ ഞങ്ങൾ തയ്യാറായിരുന്നുവെന്ന് എനിക്കു തോന്നിയില്ല.—സഭാപ്രസംഗി 9:11, NW.
സുഷുമ്നയിലെ നാഡികളെ മുറിച്ചുകൊണ്ട് എന്റെ കഴുത്തിന്റെ ഇടതുവശത്താണു വെടിയേറ്റത്. എന്റെ സംസാരപ്രാപ്തിയേയും ശ്വസനത്തേയും അതു പ്രതികൂലമായി ബാധിച്ചു. രണ്ടു ദിവസത്തിൽ കൂടുതൽ ഞാൻ ജീവിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നു. പിന്നീട്, “രണ്ടാഴ്ച” എന്നവർ പറഞ്ഞു. പക്ഷേ ഞാൻ ജീവിച്ചിരുന്നു. ന്യൂമോണിയ ബാധിച്ചപ്പോൾ എന്നെ കുറേക്കൂടെ സങ്കീർണമായ ഒരു ശ്വസനോപകരണത്തിലേക്കു മാറ്റി. ക്രമേണ എന്റെ അവസ്ഥ സ്ഥിരമായി, പുനരധിവാസത്തിനുള്ള ആസൂത്രണങ്ങൾ ചെയ്തു.
പുനരധിവാസ പരീക്ഷണങ്ങൾ
ആദ്യത്തെ ചില ആഴ്ചകളിൽ എനിക്കു നിരാശ തോന്നിയില്ല. വെറുമൊരു മരവിപ്പു മാത്രമേ അനുഭവപ്പെട്ടുള്ളു. ബർമിങ്ഹാമിലെ സ്പെയിൻ പുനരധിവാസകേന്ദ്രത്തിലുള്ള എല്ലാവരും ദയയുള്ളവരായിരുന്നു, അവർ എനിക്കു വേണ്ടി കഠിനപ്രയത്നം ചെയ്തു. ഇനിയുള്ള എന്റെ ജീവിതകാലത്ത് ഞാൻ പൂർണമായി തളർന്ന് കിടക്കയിൽ മലർന്നു കിടക്കുകയേ ഉള്ളുവെന്നാണു ഡോക്ടർമാർ പ്രതീക്ഷിച്ചതെന്ന് ആശുപത്രി ജീവനക്കാരിൽനിന്നു ഞാൻ മനസ്സിലാക്കിത്തുടങ്ങി. എന്നെ കൈകാലുകൾ തളർന്ന സി2 വിഭാഗത്തിലുള്ള വികലാംഗരുടെ ഗണത്തിൽ പെടുത്തി. അതിന്റെ അർഥം വെറുതെ മന്ത്രിക്കുന്നതിലപ്പുറം സംസാരിക്കാനാവാതെ ജീവിതകാലം മുഴുവനും ഞാനൊരു ശ്വസനോപകരണവുംവെച്ച് കഴിയേണ്ടിവരുമെന്ന് അവർക്കു തോന്നി എന്നാണ്.
ഡോക്ടർമാർ എന്റെ ശ്വാസനാളത്തിനുള്ളിൽ ഒരു ശ്വസനക്കുഴൽ കടത്തിവെച്ചു. അതിലൂടെയാണ് ഞാൻ ശ്വാസോച്ഛ്വാസം ചെയ്തത്. പിന്നീട് ശ്വാസകോശരോഗവിദഗ്ധൻ എനിക്കു സംസാരിക്കുവാൻ കഴിയുമോ എന്നറിയാൻവേണ്ടി കുറച്ചുകൂടി ചെറിയ കുഴൽ കടത്തി നോക്കി. എന്നാൽ കുഴലിന്റെ വലിപ്പവ്യത്യാസം യാതൊരു വ്യത്യാസവുമുളവാക്കിയില്ല. അതുകൊണ്ട് എന്റെ സംസാരശേഷിയില്ലായ്മ നാഡീക്ഷതം കൊണ്ടാണെന്ന് അവർ നിഗമനം ചെയ്തു. ഏതാണ്ട് ആ സമയം മുതൽ എനിക്കു നിരാശ തോന്നിത്തുടങ്ങി. എന്നെ ആശ്വസിപ്പിക്കാൻ ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. ദയാപുരസ്സരം പറഞ്ഞ ഓരോ വാക്കും ഒരു നിന്ദാവാക്കു പോലെ എന്നെ മുറിവേൽപ്പിച്ചു. അതുകൊണ്ടു ഞാൻ ഒരുപാടു കരയുമായിരുന്നു.
എന്തെങ്കിലും നിങ്ങളുടെ ആത്മീയതയ്ക്കു തടസ്സം സൃഷ്ടിച്ചാൽ രണ്ടു കാര്യങ്ങൾ സഹായകരമാണെന്നു ഞാൻ മനസ്സിലാക്കിയിരുന്നു—യഹോവയോടു തുടർച്ചയായി പ്രാർഥിക്കുന്നതും സേവനത്തിൽ കർമനിരതരായി മറ്റുള്ളവരോടു ബൈബിൾ സത്യങ്ങൾ പറയുന്നതും. (സദൃശവാക്യങ്ങൾ 3:5) പ്രാർഥിക്കുക എളുപ്പമായിരുന്നു. എനിക്കതു ചെയ്യാൻ കഴിഞ്ഞു. പക്ഷേ എന്റെ ആ അവസ്ഥയിൽ സേവനത്തിൽ കൂടുതൽ പ്രവർത്തനനിരതയാകാൻ എനിക്കെങ്ങനെ കഴിയുമായിരുന്നു?
വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളുടെയും നിത്യജീവനിലേക്കു നയിക്കുന്ന സത്യം, യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—ഏത് ഉറവിൽ നിന്ന്?, ഈ ജീവിതം മാത്രമാണോ ഉള്ളത്? എന്നിങ്ങനെ അന്നു ഞങ്ങൾ ശുശ്രൂഷയിൽ ഉപയോഗിച്ചു കൊണ്ടിരുന്ന ബൈബിൾ പഠനസഹായികളുടെയും പ്രതികൾ കൊണ്ടുവരുവാൻ ഞാൻ എന്റെ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. ഇവ എന്റെ മുറിയുടെ പല ഭാഗത്തായി വെച്ചു. ജീവനക്കാർ മിക്കപ്പോഴും എന്നെ നോക്കി അനുകമ്പാപൂർവം ചോദിച്ചു: “മോളേ, ഞാൻ എന്തെങ്കിലും ചെയ്തു തരണോ?”
ഞാൻ ഏതെങ്കിലും ഒരു പ്രസിദ്ധീകരണം കണ്ണുകൊണ്ടു കാണിച്ചിട്ട് ചുണ്ടുകൾകൊണ്ടു ശബ്ദമില്ലാത്ത വാക്കുകൾ ഉരുവിട്ട്, അതെന്നെ വായിച്ചു കേൾപ്പിക്കാൻ അവരോടാവശ്യപ്പെടുമായിരുന്നു. എനിക്കുവേണ്ടി ഒരാൾ വായിച്ച സമയം എന്റെ സേവനമണിക്കൂറുകളായി ഞാൻ കണക്കാക്കി. എനിക്കു വേണ്ടി വായിച്ചതിന് ആ വ്യക്തിയോടുള്ള നന്ദി പ്രകടിപ്പിക്കാൻ ആ മാസികയോ പുസ്തകമോ അവർക്കു പാരിതോഷികമായി നൽകുക പതിവായിരുന്നു. അവ എന്റെ സമർപ്പണങ്ങളായി ഞാൻ കണക്കാക്കി. ഒരാൾ തന്നെ രണ്ടാമത്തെ പ്രാവശ്യം എനിക്കു വേണ്ടി വായിക്കുമ്പോൾ അതൊരു മടക്കസന്ദർശനമായി ഞാൻ കണക്കാക്കി. ഇങ്ങനെ സേവനത്തിൽ പങ്കെടുത്തത് എനിക്കു പ്രോത്സാഹനമേകി. അതുപോലെതന്നെ അനവധി ക്രിസ്തീയ സഹോദരീസഹോദരന്മാരിൽനിന്നു ലഭിച്ച ഹൃദയോദ്ദീപകമായ കാർഡുകളും പൂക്കളും അവരുടെ സന്ദർശനങ്ങളും എനിക്കു പ്രോത്സാഹനത്തിന്റെ ഉറവായിരുന്നു.
മാസങ്ങൾ നീണ്ടുനിന്ന പുനരധിവാസശ്രമങ്ങൾക്കുശേഷവും എനിക്കു തല അല്പം ഉയർത്താൻ മാത്രമേ കഴിഞ്ഞുള്ളു. എന്നാൽ കൂടുതൽ ചലനസ്വാതന്ത്ര്യം നേടിയെടുക്കാൻ ഞാനുറച്ചിരുന്നു. അതുകൊണ്ട് വ്യായാമചികിത്സ, പ്രവൃത്തിചികിത്സ എന്നിവയിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നു ഞാൻ ആവശ്യപ്പെട്ടു. എന്നെ ഒരു വീൽചെയറിലിരുത്താൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ, എനിക്ക് ഇരിക്കാൻ കഴിയുന്നത്ര തല ഉയർത്താൻ കഴിയില്ലാത്തതുകൊണ്ട് അത് അസാധ്യമാണെന്ന് അവർ പറഞ്ഞു. എന്തായാലും ശ്രമിച്ചുനോക്കാൻ ഞാനവരോടു പറഞ്ഞു.
ഡോക്ടർമാർ ഒന്നു സമ്മതം മൂളിക്കഴിഞ്ഞപ്പോൾ എഴുന്നേറ്റ് ഒരു വീൽചെയറിൽ ഇരിക്കാൻ മേൽനോട്ടം വഹിക്കുന്ന ചികിത്സക എന്നെ സഹായിച്ചു. അവരെന്നെ നെഞ്ചുമുതൽ അരക്കെട്ടുവരെയും തുടമുതൽ കാൽമുട്ടുവരെയും കാൽമുട്ടുമുതൽ പാദംവരെയും, ഇലാസ്റ്റിക് ഏയ്സ് ബാൻഡേജുകൾകൊണ്ടു പൊതിഞ്ഞു. ഞാനൊരു മമ്മി പോലിരുന്നു. ഇത് എന്റെ രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താനും ആഘാതം തടയുന്നതിനുമായിരുന്നു. അത് ഫലപ്രദമായിരുന്നു! എങ്കിലും ഒരു തവണ ഒരുമണിക്കൂർ നേരത്തേക്ക് ഇരിക്കാനേ എന്നെ അനുവദിച്ചുള്ളു. എന്നാലും 57 ദിവസം വെറുതെ മലർന്നു കിടക്കുക മാത്രം ചെയ്ത ശേഷം യഥാർഥത്തിൽ എഴുന്നേറ്റിരിക്കാൻ എനിക്കു സാധിച്ചു!
അവസാനം ഭവനത്തിൽ!
അവസാനം, നീണ്ട അഞ്ചു മാസങ്ങൾക്കു ശേഷം എന്റെ ശ്വാസനാളത്തിൽ കടത്തിവെച്ചിരുന്ന കുഴൽ നീക്കംചെയ്തു, എന്നെ വീട്ടിലേക്കു പോകാൻ അനുവദിച്ചു. അത് 1975 മേയ് മാസമായിരുന്നു. അതിനുശേഷം എനിക്കു ചികിത്സക്കായി പുനരധിവാസകേന്ദ്രത്തിൽ പോയിവരണമായിരുന്നു. 1975-ലെ വേനൽക്കാലാരംഭത്തിൽതന്നെ ഞാൻ എന്റെ വീൽചെയറിൽ ക്രിസ്തീയ ശുശ്രൂഷയ്ക്കു പോയിത്തുടങ്ങി. എനിക്ക് അധികമൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും കുറഞ്ഞത് സുഹൃത്തുക്കളുടെ കൂടെ പുറത്തായിരിക്കാൻ കഴിഞ്ഞു.
1976-ന്റെ ആരംഭത്തിലെപ്പോഴോ എന്റെ പുനരധിവാസത്തിനു പണം നൽകുന്ന വിആർഎസ് (തൊഴിലധിഷ്ഠിത പുനരധിവാസ സേവനങ്ങൾ) നടത്തുന്ന പുനഃപരിശോധനക്കായി പോകാൻ എന്നോടാവശ്യപ്പെട്ടു. ഞാൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നു ഞാൻ വിചാരിച്ചു. പല്ലുകൾ കൊണ്ടു കടിച്ചു പിടിച്ച ഒരു ബ്രഷ് ഉപയോഗിച്ചു പെയിന്റു ചെയ്യാൻ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. അതേ വിധത്തിൽ തന്നെ ഒരു ദണ്ഡ് ഉപയോഗിച്ചു ടൈപ്പു ചെയ്യാനും പെൻസിലുപയോഗിച്ച് അല്പമൊക്കെ എഴുതാൻ പോലും തുടങ്ങിയിരുന്നു. എന്റെ ചികിത്സാ ചെലവുകളിലധികവും വഹിച്ചിരുന്നത് വിആർഎസ് ആയിരുന്നതുകൊണ്ട് എനിക്കൊരു ജോലി ലഭിക്കാൻ സഹായിക്കാനും അങ്ങനെ സമൂഹത്തിലെ ഉത്പാദനക്ഷമതയുള്ള ഒരംഗമായിരിക്കാനുമുള്ള മാർഗം കണ്ടെത്താൻ അവർ ആഗ്രഹിച്ചു.
ഉപദേശകൻ ആദ്യമൊക്കെ പരിഗണനയുള്ളയാളാണെന്നു തോന്നി, പക്ഷേ പിന്നീട് അയാൾ എന്നോട് ഉച്ചത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടുതുടങ്ങി. ആ സമയത്ത് ഒന്നു മന്ത്രിക്കുന്നതിനെക്കാൾ അല്പം കൂടി ഉച്ചത്തിൽ സംസാരിക്കാനേ എനിക്കു കഴിഞ്ഞുള്ളു. പിന്നീടയാൾ ചോദിച്ചു: “നിങ്ങൾക്കു നേരേ ഇരിക്കാൻ കഴിയില്ലേ?”
എനിക്കു കഴിഞ്ഞില്ല.
“ഒരു വിരലെങ്കിലും ചലിപ്പിക്കൂ,” അയാൾ പറഞ്ഞു.
എനിക്കതിനും കഴിയാതെ വന്നപ്പോൾ അയാൾ തന്റെ പേനകൊണ്ടു മേശമേൽ ഇടിച്ചിട്ടു നിരാശ നിറഞ്ഞ സ്വരത്തിൽ പറഞ്ഞു: “നിന്നെ ഒന്നിനും കൊള്ളുകയില്ല!”
എന്നോടു വീട്ടിലേക്കു പൊയ്ക്കൊള്ളാനും അയാളുടെ ഫോൺ വരുന്നതുവരെ കാത്തിരിക്കാനും പറഞ്ഞു. അയാളുടെ സന്ദിഗ്ധാവസ്ഥ എനിക്കു മനസ്സിലായി. സ്പെയിൻ പുനരധിവാസകേന്ദ്രത്തിൽ എന്നെപ്പോലെ ഇത്രയേറെ പരിമിതികളുള്ള ഒറ്റ രോഗി പോലും മുമ്പുണ്ടായിരുന്നിട്ടില്ല. അവിടെ ഉപയോഗിച്ചിരുന്ന ഉപകരണത്തിന്റെ വില വളരെ ഉയർന്നതായിരുന്നു. തീരുമാനങ്ങളെടുക്കാൻ ചുമതലയുണ്ടായിരുന്ന ആൾക്ക് എന്നെപ്പോലെ ചലനസ്വാതന്ത്ര്യമില്ലാത്ത ഒരു രോഗിയുടെ കാര്യത്തിൽ എന്തു ചെയ്യണമെന്നതിനെ സംബന്ധിച്ച നിർദേശങ്ങളില്ലായിരുന്നു. എങ്കിലും ഒന്നിനും കൊള്ളാത്തവൾ എന്നു വിളിക്കപ്പെട്ടപ്പോൾ നേരത്തേ തന്നെ അങ്ങനെ തോന്നിത്തുടങ്ങിയിരുന്നതുകൊണ്ട് എനിക്കു വേദന തോന്നി.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഇനിമുതൽ ഞാൻ പദ്ധതിയുടെ ഭാഗമല്ലെന്ന് അറിയിച്ചുകൊണ്ട് എനിക്കൊരു ഫോൺ സന്ദേശം ലഭിച്ചു. ഞാൻ ഉപേക്ഷിക്കപ്പെട്ടതുപോലെ എനിക്കു തോന്നി. അത് മറ്റൊരു തവണ കൂടി വിഷാദമഗ്നയാകുന്നതിൽ കലാശിച്ചു.
വിഷാദത്തെ തരണം ചെയ്യുന്നു
അപ്പോൾ, “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചു കൊൾക; അവൻ നിന്നെ പുലർത്തും” എന്നു പറയുന്ന സങ്കീർത്തനം 55:22-ലെ തിരുവെഴുത്തിനെപ്പറ്റി ഞാൻ ചിന്തിച്ചു. എനിക്കു വിഷമമുണ്ടാക്കിയ ഒരു സംഗതി എന്റെ മാതാപിതാക്കളുടെ മേലുള്ള സാമ്പത്തികഭാരമായിരുന്നു. അതേക്കുറിച്ചു ഞാൻ പ്രാർഥിച്ചു.
വിഷാദാവസ്ഥ എന്റെ ശരീരത്തെ പ്രതികൂലമായി ബാധിച്ചതുകൊണ്ട് ആ വേനൽക്കാലത്തെ ഡിസ്ട്രിക്ട് സമ്മേളനത്തിൽ എനിക്ക് എണീറ്റിരിക്കാൻ കഴിയുമായിരുന്നില്ല. കിടന്നുകൊണ്ടു തന്നെ ഞാൻ പരിപാടി ശ്രദ്ധിച്ചു. സഹായപയനിയർവേല ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1976-ലെ ആ സമ്മേളനത്തിലായിരുന്നു. അത് എന്റെ ശ്രദ്ധ പിടിച്ചുപറ്റി. സഹായപയനിയറാകാൻ മാസത്തിൽ 60 മണിക്കൂർ അതായത് ദിവസം ശരാശരി 2 മണിക്കൂർ സേവനത്തിൽ ചെലവഴിച്ചാൽ മതി. അതു ചെയ്യാൻ കഴിയുമെന്നെനിക്കു തോന്നി. സഹായപയനിയർ സേവനം ചെയ്യാൻ എന്നെ സഹായിക്കാൻ ഞാൻ എന്റെ സഹോദരി എലിസബത്തിനോട് ആവശ്യപ്പെട്ടു. ഞാൻ തമാശ പറയുകയാണെന്നാണ് അവൾ വിചാരിച്ചത്. പക്ഷേ ആഗസ്റ്റിൽ പയനിയർസേവനം ചെയ്യുന്നതിനുള്ള അപേക്ഷ ഞാൻ സമർപ്പിച്ചപ്പോൾ അവളും ഒന്നു സമർപ്പിച്ചു.
എലിസബത്ത് നേരത്തെ എഴുന്നേറ്റ് എന്റെ വ്യക്തിപരമായ ആവശ്യങ്ങളിൽ ശ്രദ്ധിക്കുമായിരുന്നു. എന്നിട്ടു ഞങ്ങൾ ടെലഫോൺ സാക്ഷീകരണം ആരംഭിക്കും. ഇതിൽ, ആളുകളെ ടെലഫോണിൽ വിളിച്ച് ദൈവം തന്റെ രാജ്യഭരണത്തിൻ കീഴിൽ മനുഷ്യർക്കു വേണ്ടി കരുതിയിരിക്കുന്ന അനുഗ്രഹങ്ങളെപ്പറ്റി അവരോടു സംഭാഷണം നടത്തുന്നതാണ് ഉൾപ്പെട്ടിരുന്നത്. ആശ്വാസം ആവശ്യമായിരുന്ന ആളുകൾക്കു ഞങ്ങൾ കത്തുകളുമെഴുതി. വാരാന്ത്യങ്ങളിൽ, കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ എന്നെ വീൽചെയറിൽ വീടുതോറുമുള്ള സേവനത്തിനു കൊണ്ടുപോയി. എന്റെ കൈകാലുകൾകൊണ്ടു യാതൊരു ഉപയോഗവുമില്ലാഞ്ഞതുകൊണ്ട് എനിക്ക് രാജ്യസന്ദേശം പറയുകയോ തിരുവെഴുത്തുകൾ ഉദ്ധരിക്കുകയോ അല്ലെങ്കിൽ മറ്റുള്ളവരോടു ബൈബിളിൽനിന്നു വായിക്കാൻ പറയുകയോ ചെയ്യാനല്ലാതെ മറ്റൊന്നിനും ആകുമായിരുന്നില്ലെന്നതു വാസ്തവമാണ്.
മാസത്തിന്റെ അവസാനദിവസമായപ്പോൾ ആവശ്യമായ 60 മണിക്കൂർ തികയാൻ എനിക്കു പിന്നെയും 6 മണിക്കൂർ കൂടി വേണമായിരുന്നു. എന്നെ സഹായിക്കാൻ എലിസബത്തുണ്ടായിരുന്നില്ല, അതുകൊണ്ട് എനിക്കു നേരെ ഇരിക്കാൻ സാധിക്കുന്ന വിധത്തിൽ വീൽചെയറിന്റെ പിൻവശം ക്രമീകരിക്കാൻ ഞാൻ അമ്മയോടു പറഞ്ഞു. എന്നിട്ട് വായിൽ കടിച്ചു പിടിച്ച ഒരു ദണ്ഡുപയോഗിച്ച് ആറു മണിക്കൂർ നേരത്തേക്കു ഞാൻ കത്തുകൾ ടൈപ്പു ചെയ്തു. യാതൊരു പ്രത്യാഘാതങ്ങളുമുണ്ടായില്ല! ഞാൻ ശരിക്കും ക്ഷീണിച്ചിരുന്നുവെന്നു മാത്രം എനിക്കറിയാം!
എന്റെ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുന്നു
അതേതുടർന്നുള്ള ആഴ്ചയിൽ, എന്റെ വീൽചെയറിൽ നിവർന്നിരുന്നുകൊണ്ട് ഒരു പരിശോധനക്കായി ഞാൻ സ്പെയിൻ പുനരധിവാസകേന്ദ്രത്തിൽ പോയി. എന്റെ ഡോക്ടർ എന്നെ കണ്ട് അതിശയിച്ചുപോയി. വർഷാരംഭത്തിൽ അവരെന്നെ പുനരധിവാസ പദ്ധതിയിൽനിന്നു പുറന്തള്ളിയതിനു ശേഷം അദ്ദേഹം എന്നെ കണ്ടിട്ടുണ്ടായിരുന്നില്ല. ഞാൻ ഇത്രയും പുരോഗമിച്ചുവെന്ന് അദ്ദേഹത്തിനു വിശ്വസിക്കാൻ കഴിഞ്ഞില്ല. “നിങ്ങൾ എന്താണു ചെയ്തുകൊണ്ടിരുന്നത്?” അദ്ദേഹം ചോദിച്ചു. എന്റെ ശുശ്രൂഷയെപ്പറ്റി പറഞ്ഞുതീർക്കാൻ എനിക്കു കഴിയുന്നതിനു മുൻപു തന്നെ അദ്ദേഹം എനിക്കൊരു ജോലി വാഗ്ദാനം ചെയ്തു.
അദ്ദേഹത്തിന്റെ അസിസ്റ്റൻറ് എന്നെ ഇൻറർവ്യൂ ചെയ്യുകയും എന്റെ ശുശ്രൂഷയിൽ ഞാൻ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളിൽ അവർക്കു മതിപ്പു തോന്നുകയും ചെയ്തു. രോഗികൾക്കുള്ള മാതൃകാ കർമപരിപാടി എന്നു വിളിക്കപ്പെടുന്ന ഒന്നിൽ പങ്കുചേരാൻ അവർ എന്നോടു പറഞ്ഞു. ഇത് എനിക്കു സഹായിക്കാൻ കഴിയുന്ന മറ്റൊരു രോഗിയുമായി എന്നെ ബന്ധപ്പെടുത്തുമായിരുന്നു. നമ്മുടെ ശുശ്രൂഷയെ പരാമർശിച്ചുകൊണ്ട് അവർ പറഞ്ഞു: “നിങ്ങളുടെ ആളുകൾ ചെയ്യുന്നത് ഇതുതന്നെയാണ് അല്ലേ?” ഏതാണ്ട് എന്നെപ്പോലെതന്നെ പരിമിതികളുള്ള ഒരു രോഗിയെ സഹായിക്കാൻ ഞാൻ നിയോഗിക്കപ്പെട്ടു.
എന്റെ കുടുംബത്തിന്റെ സഹായത്തോടെ ഞാൻ ശുശ്രൂഷയിൽ ചെയ്യുന്ന കാര്യങ്ങളെപ്പറ്റിയുള്ള വാർത്ത എങ്ങനെയോ വിആർഎസ്-ൽ എത്തി. അതിൽ അവർക്കു വളരെയധികം മതിപ്പു തോന്നിയതുകൊണ്ട് എനിക്കു പ്രസ്തുതപരിപാടിയിൽ പുനഃപ്രവേശനം നൽകാൻ നിർദേശമുണ്ടായി. എന്റെ പ്രവർത്തനം തുടർന്നുകൊണ്ടുപോകാനാവശ്യമായ പ്രത്യേക ഉപകരണത്തിനും പരിപാലനത്തിനും ആവശ്യമായ പണം എന്റെ കുടുംബത്തിനു ലഭിക്കുമെന്നായിരുന്നു അതിന്റെ അർഥം. ദൈവം എന്റെ പ്രാർഥനയ്ക്കുത്തരം നൽകി എന്നെനിക്കു തോന്നി.
എന്റെ അവസ്ഥ സ്ഥിരമാകുന്നു
എനിക്കു തല ഉയർത്താനും തിരിക്കാനും നേരെ ഇരിക്കാനും സാധിക്കുന്ന അളവോളം ഞാൻ ശാരീരികമായി സുഖം പ്രാപിച്ചു. എന്റെ സംസാരപ്രാപ്തി ഏതാണ്ടു പൂർണമായിത്തന്നെ തിരിച്ചുകിട്ടിയെന്നു ഞാൻ നന്ദിപൂർവം പറയട്ടെ. കടിച്ചു പിടിക്കുന്ന ഒരു ദണ്ഡുപയോഗിച്ച് എനിക്ക് എഴുതാനും ടൈപ്പു ചെയ്യാനും സ്പീക്കർഫോൺ കൈകാര്യം ചെയ്യാനും ചിത്രങ്ങൾ വരയ്ക്കാനും കഴിയും. ഞാൻ വരച്ച ചില ചിത്രങ്ങൾ അധരചിത്രരചനാ പ്രദർശനങ്ങളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. താടികൊണ്ടു നിയന്ത്രിച്ച് ഓടിക്കുന്നമോട്ടോർ ഘടിപ്പിച്ച ഒരു വീൽചെയറിൽ ഞാൻ സഞ്ചരിക്കുന്നു. ഒരു വൈദ്യുത ലിഫ്റ്റ് എന്റെ വീൽചെയർ ഉയർത്തി ഞങ്ങളുടെ വാനിന്റെ ഉള്ളിൽ വയ്ക്കും, അതുകൊണ്ട് എനിക്ക് ഞാൻ പോകാനാഗ്രഹിക്കുന്ന ഏതാണ്ടെല്ലായിടത്തും തന്നെ പോകാൻ കഴിയും.
എനിക്ക് ശ്വാസകോശസംബന്ധമായ പല തകരാറുകളുമുണ്ട്—ന്യൂമോണിയ ഒരു നിരന്തരഭീഷണിയാണ്. ചിലപ്പോൾ രാത്രിയിൽ ഓക്സിജൻ തരേണ്ടതായി വരാറുണ്ട്. 1984-ൽ ഒരു രോഗബാധയുടെ ഫലമായി ഉണ്ടായ സങ്കീർണതകൾ നിമിത്തം ഞാൻ മരിക്കാറായതായിരുന്നു. പല പ്രാവശ്യം ആശുപത്രിയിൽ കയറിയിറങ്ങി. എന്നാൽ അതിനുശേഷം എന്റെ ആരോഗ്യം മെച്ചപ്പെട്ടു. 1976 മുതൽ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം സഹായപയനിയർ സേവനം ചെയ്യാൻ എനിക്കു കഴിഞ്ഞു. പക്ഷേ ഞാൻ അതുകൊണ്ടു തൃപ്തയായില്ല. കൗമാരപ്രായത്തിൽ എനിക്കുണ്ടായിരുന്ന, ആ വെടിയുണ്ടയാൽ ഞെട്ടറ്റുപോയ, പദ്ധതികളെക്കുറിച്ചു ഞാൻ ചിന്തിച്ചുകൊണ്ടേയിരുന്നു.
എന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നു
അവസാനം 1990 സെപ്റ്റംബർ 1-ാം തീയതി എന്റെ ശൈശവാഭിലാഷം സാക്ഷാത്കരിച്ചുകൊണ്ട് ഞാൻ നിരന്തരപയനിയർമാരുടെ നിരയിൽ ചേർന്നു. തണുപ്പുള്ള ശൈത്യകാലമാസങ്ങളിൽ കത്തുകളെഴുതിയും സ്പീക്കർഫോണുപയോഗിച്ചും ഞാൻ സാക്ഷീകരണം നടത്തുന്നു. എന്നാൽ ചൂടുകാലമാകുമ്പോൾ ഞാനും വീടുതോറുമുള്ള സേവനത്തിൽ പങ്കുചേരുന്നു. വർഷത്തിലുടനീളം വീട്ടിലിരുന്നുകൊണ്ട് സ്പീക്കർഫോണുപയോഗിച്ചു ബൈബിളധ്യയനങ്ങൾ നടത്തുന്നു.
യേശുക്രിസ്തുവും യഹോവയാം ദൈവവും ചേർന്ന് ഈ വീൽചെയറിൽനിന്ന് എന്നെ സ്വതന്ത്രയാക്കുന്ന പറുദീസാഭൂമിയിലെ കൗതുകകരമായ ഭാവിക്കുവേണ്ടി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തുടിക്കുന്ന ആരോഗ്യവും “മാനിനെപ്പോലെ ചാടാ”നുള്ള കഴിവും നൽകുമെന്ന വാഗ്ദത്തത്തിനായി ഞാൻ ഓരോ ദിവസവും യഹോവക്കു നന്ദി കൊടുക്കുകയാണ്. (യെശയ്യാവു 35:6) എനിക്കുണ്ടായ കാലനഷ്ടം പരിഹരിക്കുന്നതിനു വേണ്ടി എനിക്കെത്ര ഓടാൻ കഴിയുമോ അത്രയും ഞാനോടും. പിന്നെ ഞാൻ കുതിരസവാരി ചെയ്യാൻ പഠിക്കും.
ആ കാലത്തിനായി കാത്തിരിക്കവേ, യഹോവയുടെ സന്തുഷ്ട ജനത്തിൽ ഒരാളായിരിക്കുന്നതിലും മുഴുസമയസേവനത്തിൽ ഒരു പൂർണപങ്കുണ്ടായിരിക്കുന്നതിലും, ഇപ്പോൾപോലും എനിക്കു വർണനാതീതമായ ആഹ്ലാദമാണുള്ളത്.—ഗ്ലോറിയ വില്യംസ് പറഞ്ഞപ്രകാരം.
[15-ാം പേജിലെ ചിത്രങ്ങൾ]
എന്റെ ക്രിസ്തീയ ശുശ്രൂഷ—വീടുതോറും, ടെലഫോൺ സാക്ഷീകരണം, കത്തുകളെഴുതിക്കൊണ്ട്
[16-ാം പേജിലെ ചിത്രം]
ഞാൻ വരച്ച ചിത്രങ്ങൾ അധരചിത്രരചനാ പ്രദർശനങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടു