പഠനവൈകല്യവും പേറിയുള്ള ജീവിതം
ആറു വയസ്സുകാരൻ ഡേവിഡിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം കഥ കേൾക്കലാണ്. മമ്മി അതു വായിച്ചുകേൾപ്പിക്കുന്നത് അവനു വളരെ ഇഷ്ടമാണ്. താൻ കേൾക്കുന്നത് ഓർത്തിരിക്കാൻ അവനു ബുദ്ധിമുട്ടൊന്നുമില്ല. എന്നാൽ ഡേവിഡിന് യഥാർഥത്തിൽ ഒരു പ്രശ്നമുണ്ട്. അവന് തനിയെ വായിക്കാൻ സാധിക്കുകയില്ല. വാസ്തവത്തിൽ, ദൃശ്യസംബന്ധമായ കഴിവ് ആവശ്യമായ ഏതു ജോലിയും അവനെ നിരാശപ്പെടുത്തുന്നു.
സാറ സ്കൂളിൽ മൂന്നാം വർഷമാണ്. എന്നിട്ടും അസാധാരണമാംവിധം ചെരിഞ്ഞതാണ് അവളുടെ കയ്യക്ഷരം. അവൾക്ക് അക്ഷരങ്ങൾ ശരിക്കെഴുതാൻ സാധിക്കുന്നില്ല. ചില അക്ഷരങ്ങളാണെങ്കിൽ പിന്നോട്ടാണ് എഴുതുന്നത്. സ്വന്തം പേരുപോലും എഴുതാൻ സാറയ്ക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന വസ്തുത അവളുടെ മാതാപിതാക്കളുടെ ഉത്കണ്ഠ വർധിപ്പിക്കുന്നു.
കൗമാരപ്രായക്കാരനായ ജോഷ് കണക്കിലൊഴികെ മറ്റെല്ലാ വിഷയത്തിലും സമർഥനാണ്. സംഖ്യാമൂല്യങ്ങളെക്കുറിച്ചുള്ള ചിന്ത അവനെ ആകെ കുഴപ്പിക്കുന്നു. സംഖ്യകൾ കാണുമ്പോൾത്തന്നെ ജോഷിനു ദേഷ്യം വരും. കണക്കിന്റെ ഗൃഹപാഠം ചെയ്യാൻ ഇരിക്കുമ്പോൾ അവന്റെ ഉത്സാഹമെല്ലാം വേഗം കെട്ടടങ്ങും.
ഡേവിഡിനും സാറയ്ക്കും ജോഷിനും എന്താണു കുഴപ്പം? അവർ മടിപിടിച്ചവരോ ശാഠ്യക്കാരോ ബുദ്ധിമാന്ദ്യമുള്ളവരോ ആണോ? തീർച്ചയായും അല്ല. ഈ കുട്ടികളിൽ ഓരോരുത്തരും ശരാശരി ബുദ്ധിയുള്ളവരോ ശരാശരിയിൽ കവിഞ്ഞ ബുദ്ധിയുള്ളവരോ ആണ്. എങ്കിലും, ഇവരിൽ ഓരോരുത്തർക്കും ഓരോ പഠനവൈകല്യങ്ങൾ ഉണ്ടുതാനും. ഡേവിഡിന്റെ കുഴപ്പം പദാന്ധത (dyslexia) ആണ്. വായനാസംബന്ധമായ ഒട്ടേറെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരു പദമാണിത്. എഴുതുന്നതിൽ സാറയ്ക്ക് അനുഭവപ്പെടുന്ന കടുത്ത ബുദ്ധിമുട്ടാണ് ഡിസ്ഗ്രാഫിയ. കണക്കിലെ അടിസ്ഥാന കാര്യങ്ങൾ ഗ്രഹിക്കുന്നതിലുള്ള ജോഷിന്റെ കഴിവുകുറവ് ഡിസ്കാൽക്കുലിയ എന്നാണ് അറിയപ്പെടുന്നത്. പഠനവൈകല്യങ്ങളിൽ മൂന്നെണ്ണം മാത്രമാണിവ. ഇതിലുമധികം പ്രശ്നങ്ങളുണ്ട്. ഐക്യനാടുകളിൽ ചുരുങ്ങിയത് 10 ശതമാനം കുട്ടികൾക്കെങ്കിലും ഇവ ഉണ്ടെന്ന് ചില വിദഗ്ധർ പറയുന്നു.
പഠനവൈകല്യങ്ങളെ നിർവചിക്കൽ
മിക്ക യുവജനങ്ങൾക്കും ചിലപ്പോഴെല്ലാം പഠനം ഒരു വെല്ലുവിളിയായി കാണപ്പെടുന്നുവെന്നതു ശരിതന്നെ. എങ്കിലും, സാധാരണ ഇത് ഒരു പഠനവൈകല്യത്തെ സൂചിപ്പിക്കുന്നില്ല. മറിച്ച്, എല്ലാ കുട്ടികൾക്കും പഠനസംബന്ധമായ കഴിവുകളും കുറവുകളുമുണ്ടെന്നു പ്രകടമാക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ചിലർക്ക് അപാരമായ ശ്രവണശക്തിയുണ്ട്; ഒന്നു ശ്രദ്ധിച്ചാൽ അവർക്കു വിവരങ്ങൾ ഓർമയിൽ പതിപ്പിക്കാൻ കഴിയും. മറ്റു ചിലർ ദൃശ്യോന്മുഖരാണ്; അവർ വായനയിലൂടെ മെച്ചമായി പഠിക്കുന്നു. എങ്കിലും, സ്കൂളിലെ ക്ലാസ്മുറിയിൽ കുട്ടികൾ കൂട്ടമായിട്ടായിരിക്കും ഉള്ളത്. അവിടെ ഉപയോഗിക്കുന്ന പഠിപ്പിക്കൽരീതി ഏതാണെങ്കിലും എല്ലാവരും പഠിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. അതുകൊണ്ട്, ചിലർക്കു പഠനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നത് ഉറപ്പാണ്.
എങ്കിലും, ചില അഭിജ്ഞർ പറയുന്നതനുസരിച്ച് നിസ്സാര പഠനപ്രശ്നങ്ങളും പഠനവൈകല്യങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ക്ഷമയും ശ്രമവുംകൊണ്ട് പഠനപ്രശ്നങ്ങൾ തരണം ചെയ്യാൻ കഴിയുമെന്നു വിശദമാക്കിയിരിക്കുന്നു. ഇതിൽനിന്നു വ്യത്യസ്തമായി, പഠനവൈകല്യങ്ങൾ കൂടുതൽ ആഴത്തിൽ വേരുറച്ചതാണെന്നു പറയപ്പെടുന്നു. “പഠനവൈകല്യമുള്ള കുട്ടിയുടെ തലച്ചോർ, പ്രത്യേകതരത്തിലുള്ള മനോവൃത്തികൾ ഗ്രഹിക്കുന്നത്, പ്രവർത്തനവിധേയമാക്കുന്നത് അല്ലെങ്കിൽ ഓർമിക്കുന്നത് തെറ്റായ രീതിയിലാണ്,” ഡോക്ടർമാരായ പോൾ വെൻഡറും എസ്തർ വെൻഡറും എഴുതുന്നു.a
എങ്കിലും പഠനവൈകല്യമുള്ള കുട്ടി അവശ്യം മാനസിക വൈകല്യമുള്ളവനായിക്കൊള്ളണമെന്നില്ല. ഇതു വിവരിക്കാൻ വെൻഡർ ദമ്പതികൾ സംഗീത സ്ഥായികൾ തമ്മിലുള്ള വ്യത്യാസങ്ങൾ വേർതിരിച്ചറിയാൻ സാധിക്കാത്ത സ്വരഭേദ-ബധിരരായ ആളുകളെ ഉപയോഗിച്ച് ഒരു സാദൃശ്യം മെനയുന്നു. “സ്വരഭേദ-ബധിരരായ ആളുകളുടെ മസ്തിഷ്കത്തിനു കേടുപറ്റിയിട്ടില്ല അവരുടെ കേൾവിക്കു യാതൊരു തകരാറുമില്ല,” വെൻഡർ ദമ്പതികൾ എഴുതുന്നു. “മടി, മോശമായ പഠിപ്പിക്കൽ അല്ലെങ്കിൽ പ്രചോദനക്കുറവ് എന്നിവയാണു സ്വരഭേദ-ബധിരതയുടെ കാരണമെന്ന് ആരും പറയുകയില്ല.” പഠനവൈകല്യമുള്ളവരുടെ കാര്യത്തിലും സംഗതി ഇതുതന്നെയാണെന്ന് അവർ പറയുന്നു. മിക്കപ്പോഴും, ബുദ്ധിമുട്ടുള്ളതു പഠനപ്രാപ്തിയുടെ ഒരു പ്രത്യേക വശത്തിനു മാത്രമാണ്.
പഠനവൈകല്യമുള്ള കുട്ടികൾ ശരാശരി ബുദ്ധിയുള്ളവരോ ശരാശരിയിൽ കവിഞ്ഞ ബുദ്ധിയുള്ളവരോ ആയിരിക്കുന്നതിന്റെ കാരണം ഇതാണ്; തീർച്ചയായും, മറ്റു ചിലർ അതീവ ബുദ്ധിശാലികളാണ്. ഏതെങ്കിലുമൊരു പഠനവൈകല്യത്തിനു സാധ്യതയുണ്ടെന്നു ഡോക്ടർമാർക്കു മിക്കപ്പോഴും സൂചന നൽകുന്നത് ഈ വൈരുദ്ധ്യമാണ്. എന്റെ കുട്ടിക്കു സ്കൂളിൽ ബുദ്ധിമുട്ടുള്ളത് എന്തുകൊണ്ട്? (ഇംഗ്ലീഷ്) എന്ന പുസ്തകം വിവരിക്കുന്നു: “പഠനവൈകല്യമുള്ള ഒരു കുട്ടി അവന്റെ പ്രായവും നിർണയിക്കപ്പെട്ട ഐക്യുവും (IQ) വെച്ചുനോക്കുമ്പോൾ പ്രതീക്ഷിക്കപ്പെടുന്ന തലത്തിലും രണ്ടോ അതിലധികമോ വർഷം കുറവായാണു പ്രവർത്തിക്കുന്നത്.” മറ്റു വിധത്തിൽ പറഞ്ഞാൽ, കുട്ടിക്ക് തന്റെ സഹപാഠികളുടെ നിലവാരത്തിനൊത്തു പോകാൻ സാധിക്കുന്നില്ല എന്നതല്ല പ്രശ്നം. മറിച്ച്, അവൻ ചെയ്യുന്ന കാര്യങ്ങൾ അവന്റെ പ്രാപ്തിയുടെ അത്രയും വരുന്നില്ല എന്നതാണ്.
ആവശ്യമായ സഹായം പ്രദാനം ചെയ്യൽ
പഠനവൈകല്യത്തിന്റെ വൈകാരിക ഫലങ്ങൾ മിക്കപ്പോഴും പ്രശ്നം വർധിപ്പിക്കുന്നു. പഠനത്തിൽ മോശമായാൽ, പഠനവൈകല്യമുള്ള കുട്ടികളെ അധ്യാപകരും സഹപാഠികളും ഒരുപക്ഷേ സ്വന്തം കുടുംബംപോലും ഒന്നിനും കൊള്ളാത്തവരായി വീക്ഷിച്ചേക്കാം. ദുഃഖകരമെന്നു പറയട്ടെ, അത്തരം കുട്ടികളിൽ പലർക്കും വളർന്നുവരവെ തങ്ങളെക്കുറിച്ചുതന്നെ മോശമായ ഒരവബോധമായിരിക്കും ഉണ്ടായിരിക്കുക. അവർ വളർന്നുകൊണ്ടിരിക്കുമ്പോഴും ഇതു വിട്ടുമാറാതിരുന്നേക്കാം. പഠനവൈകല്യങ്ങൾ സാധാരണ വിട്ടുമാറാത്തതായതുകൊണ്ട് ഇതു ഗൗരവമേറിയ ഒരു പ്രശ്നമാണ്.b “പഠനവൈകല്യങ്ങൾ ആജീവനാന്ത വൈകല്യങ്ങളാണ്,” ഡോ. ലാറി ബി. സിൽവർ എഴുതുന്നു. “വായന, എഴുത്ത്, കണക്ക് എന്നിവയ്ക്കു തടസ്സമാകുന്ന ബന്ധപ്പെട്ട അതേ വൈകല്യങ്ങൾത്തന്നെ കായികവിനോദങ്ങൾ, മറ്റു പ്രവർത്തനങ്ങൾ, കുടുംബജീവിതം, സുഹൃത്തുക്കളുമായി ഒത്തുപോകൽ എന്നിവയ്ക്കും തടസ്സമായേക്കാം.”
അതുകൊണ്ട്, പഠനവൈകല്യമുള്ള കുട്ടികൾക്കു മാതാപിതാക്കളിൽനിന്നുള്ള പിന്തുണ ലഭിക്കേണ്ടത് അനിവാര്യമാണ്. “മാതാപിതാക്കൾ തങ്ങളെ നന്നായി പിന്തുണയ്ക്കുമെന്ന് അറിയാവുന്ന കുട്ടികൾക്കു കാര്യക്ഷമതയും ആത്മാഭിമാനവും വളർത്തിയെടുക്കുന്നതിന് അടിസ്ഥാനമുണ്ട്,” പഠനവൈകല്യമുള്ള ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
എന്നാൽ, പിന്തുണ പ്രദാനം ചെയ്യാൻ കഴിയണമെങ്കിൽ മാതാപിതാക്കൾ ആദ്യം തങ്ങളുടെതന്നെ വികാരങ്ങൾ പരിശോധിക്കണം. ചില മാതാപിതാക്കൾക്കു കുറ്റബോധം തോന്നുന്നു. കാരണം, കുട്ടിയുടെ അവസ്ഥയ്ക്കു കാരണക്കാർ തങ്ങളാണെന്ന് അവർ കരുതുന്നു. മറ്റു ചിലരാകട്ടെ, തങ്ങളുടെ മുമ്പിലുള്ള വെല്ലുവിളികൾ കണ്ടു പരിഭ്രാന്തരാകുന്നു. രണ്ടുതരത്തിലുള്ള ഈ പ്രതികരണങ്ങൾക്കൊണ്ടും നേട്ടമില്ല. ഇത് മാതാപിതാക്കളെ നടപടികൾ എടുക്കുന്നതിൽനിന്നും കുട്ടിക്ക് ആവശ്യമായ സഹായം നൽകുന്നതിൽനിന്നും തടയുന്നു.
അതുകൊണ്ട് പ്രാവീണ്യം നേടിയ ഒരു വിദഗ്ധൻ നിങ്ങളുടെ കുട്ടിക്കു പഠനവൈകല്യമാണെന്നു നിർണയിച്ചാൽ വിഷമിക്കാതിരിക്കുക. പഠനവൈകല്യമുള്ള കുട്ടികൾക്ക്, പഠനസംബന്ധമായ ഒരു പ്രത്യേക കഴിവിൽ കൂടുതലായ സഹായം മാത്രമാണ് ആവശ്യമായിരിക്കുന്നതെന്ന് ഓർക്കുക. പഠനവൈകല്യമുള്ള കുട്ടികൾക്കായി നിങ്ങളുടെ പ്രദേശത്തു ലഭ്യമായേക്കാവുന്ന പരിപാടികളുമായി പരിചിതരായിത്തീരാൻ സമയമെടുക്കുക. അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ തക്കവണ്ണം പല സ്കൂളുകളും മുൻവർഷങ്ങളെക്കാൾ സജ്ജമാണ്.
എത്രതന്നെ ചെറുതായിരുന്നാലും, കുട്ടി കൈവരിക്കുന്ന നേട്ടത്തിന് അവനെ പ്രശംസിക്കണമെന്നു വിദഗ്ധർ ഊന്നിപ്പറയുന്നു. പ്രശംസയുടെ കാര്യത്തിൽ പിശുക്കു കാട്ടാതിരിക്കുക. അതേസമയം, ശിക്ഷണം അവഗണിക്കുകയുമരുത്. കുട്ടികൾക്ക് ചിട്ടയോടുകൂടിയ ഒരു ജീവിതനിലവാരം ആവശ്യമാണ്, പഠനവൈകല്യമുള്ളവരുടെ കാര്യത്തിൽ പ്രത്യേകിച്ചും. നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്താണെന്നു നിങ്ങളുടെ കുട്ടിയെ അറിയിക്കുക, നിങ്ങൾ വെക്കുന്ന മാനദണ്ഡങ്ങളോടു പറ്റിനിൽക്കുക.
ഒടുവിൽ, നിങ്ങളുടെ അവസ്ഥയെ വാസ്തവികമായി വീക്ഷിക്കാൻ പഠിക്കുക. പഠനവൈകല്യമുള്ള ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരൽ എന്ന പുസ്തകം ഈ വിധത്തിൽ ദൃഷ്ടാന്തീകരിക്കുന്നു: “നിങ്ങൾക്കു പ്രിയപ്പെട്ട റെസ്റ്ററൻറിൽ പോയി കോഴിക്കറിക്ക് ഓർഡർ ചെയ്യുന്നതായി സങ്കൽപ്പിക്കുക. വെയിറ്റർ നിങ്ങളുടെ മുമ്പിൽ പ്ലേറ്റ് കൊണ്ടുവന്നുവെക്കുമ്പോൾ അത് ആട്ടിറച്ചിയാണെന്നു നിങ്ങൾ കണ്ടെത്തുന്നു. രണ്ടും സ്വാദിഷ്ഠ വിഭവങ്ങളാണ്. എന്നാൽ നിങ്ങൾ പ്രതീക്ഷിച്ചിരുന്നതു കോഴിക്കറിയായിരുന്നെന്നുമാത്രം. പല മാതാപിതാക്കളും തങ്ങളുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടതുണ്ടായിരിക്കാം. നിങ്ങൾ പ്രതീക്ഷിച്ചത് ആട്ടിറച്ചിയല്ലായിരുന്നെങ്കിലും അതു രുചികരമാണെന്നു നിങ്ങൾ കണ്ടെത്തുന്നു. അപ്പോൾ, പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളെ വളർത്തുമ്പോൾ അതുതന്നെയാണു സംഗതി.”
[അടിക്കുറിപ്പുകൾ]
a പഠനവൈകല്യങ്ങൾക്കു കാരണം ഏതോ ജനിതക ഘടകമാണെന്ന് അല്ലെങ്കിൽ ഈയ വിഷബാധ പോലുള്ള പരിസ്ഥിതി ഘടകങ്ങളാണെന്ന് അതുമല്ലെങ്കിൽ ഗർഭകാലത്തെ മയക്കുമരുന്ന് ഉപയോഗമോ മദ്യപാനമോ ആയിരിക്കാമെന്നു ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എങ്കിലും കൃത്യമായ കാരണം അല്ലെങ്കിൽ കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.
b ചില കേസുകളിൽ, ചില മേഖലകളിലുള്ള കഴിവു വികസിച്ചുവരാൻ കാലതാമസമെടുക്കുന്നതുകൊണ്ട് കുട്ടികൾ താത്കാലിക പഠനവൈകല്യം പ്രകടമാക്കിയേക്കാം. കാലക്രമേണ അത്തരം കുട്ടികളിൽനിന്ന് ആ ലക്ഷണങ്ങൾ വിട്ടുമാറും.