അവരുടെ വിശ്വാസം അനുകരിക്കുക | ഹാബേൽ
“അവൻ മരിച്ചെങ്കിലും . . . ഇന്നും സംസാരിക്കുന്നു”
കുന്നിൻ ചെരിവിൽ സ്വൈരമായി മേയുന്ന തന്റെ ആട്ടിൻപറ്റത്തെ നോക്കിനിൽക്കുകയാണ് ഹാബേൽ. പിന്നെ, അതിനെല്ലാം അപ്പുറം, അങ്ങുദൂരെ ഒരു നേർത്ത തിളക്കം അവൻ കാണുന്നുണ്ടാകാം. അത് എന്താണെന്ന് അവന് അറിയാം. ഏദെൻ തോട്ടത്തിലേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് എപ്പോഴും തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയാണ് അത്. ഒരിക്കൽ അവന്റെ മാതാപിതാക്കൾ അവിടെ താമസിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർക്കോ അവരുടെ മക്കൾക്കോ അങ്ങോട്ടു കടക്കാനാകില്ല. ഹാബേൽ വാനത്തേക്ക് മുഖമുയർത്തി. സായാഹ്നക്കാറ്റിൽ അവന്റെ മുടി പാറിപ്പറന്നു. അവൻ തന്റെ സ്രഷ്ടാവിനെക്കുറിച്ച് ചിന്തിക്കുകയാണ്. ദൈവവുമായി അറ്റുപോയ ബന്ധം മനുഷ്യന് എന്നെങ്കിലും വിളക്കിച്ചേർക്കാനാകുമോ? എന്നും അവന്റെ ഉത്കടമായ ആഗ്രഹം അതുമാത്രമായിരുന്നു.
ഹാബേൽ ഇന്ന് നിങ്ങളോട് സംസാരിക്കുന്നുണ്ട്. നിങ്ങൾക്ക് അത് കേൾക്കാനാകുന്നുണ്ടോ? നടക്കുന്ന കാര്യമല്ല അതെന്ന് നിങ്ങൾ പറഞ്ഞേക്കാം. യുഗങ്ങൾക്കു മുമ്പേ മരിച്ചതാണ് ആദാമിന്റെ ഈ രണ്ടാമത്തെ മകൻ. അവൻ മണ്മറഞ്ഞിട്ട് 6,000-ത്തോളം വർഷമായി. മരിച്ചവരെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നത് ‘അവർ ഒന്നും അറിയുന്നില്ല’ എന്നാണ്. (സഭാപ്രസംഗി 9:5, 10) അതുമാത്രമോ? ഹാബേൽ ഉച്ചരിച്ച ഒരു വാക്കുപോലും ബൈബിളിൽ ഇല്ല. ആ സ്ഥിതിക്ക് അവൻ നമ്മോട് സംസാരിക്കുന്നത് എങ്ങനെയാണ്?
ഹാബേലിനെക്കുറിച്ച് പൗലോസ് അപ്പൊസ്തലൻ നിശ്വസ്തതയിൽ ഇങ്ങനെ രേഖപ്പെടുത്തി: “അവൻ മരിച്ചെങ്കിലും തന്റെ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു.” (എബ്രായർ 11:4) അതെ, അവൻ സംസാരിക്കുന്നത് തന്റെ വിശ്വാസത്തിലൂടെയാണ്! വിശിഷ്ടമായ ഈ ഗുണം വളർത്തിയെടുത്ത ആദ്യത്തെ മനുഷ്യനാണ് ഹാബേൽ. അത്ര ശ്രദ്ധേയമായ വിധത്തിൽ അവൻ വിശ്വാസം പ്രകടിപ്പിച്ചു. അതുകൊണ്ടുതന്നെ അവന്റെ മാതൃക ഇന്നും ജീവസ്സുറ്റതായി നിലനിൽക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ മേന്മ അളക്കാൻ സഹായിക്കുന്ന മികവുറ്റ നിലവാരമാണ് അത്. അവന്റെ വിശ്വാസത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് അവനെ അനുകരിക്കുന്നെങ്കിൽ യഥാർഥത്തിൽ അവൻ നമ്മോട് സംസാരിക്കുന്നതുപോലെയായിരിക്കും.
ബൈബിളിൽ ഹാബേലിനെക്കുറിച്ച് വളരെ കുറച്ചുമാത്രമേ പറഞ്ഞിട്ടുള്ളൂ. അങ്ങനെയെങ്കിൽ ഹാബേലിനെയും അവന്റെ വിശ്വാസത്തെയും കുറിച്ച് എന്താണ് നമുക്കു പഠിക്കാനുള്ളത്? നമുക്കു നോക്കാം.
ലോകത്തിന്റെ ശൈശവദശയിൽ ജീവിച്ചവൻ
മാനവരാശിയുടെ ആരംഭദശയിലാണ് ഹാബേൽ ജനിച്ചത്. ‘ലോകസ്ഥാപനത്തിൽ’ ജീവിച്ചിരുന്നവൻ എന്ന് യേശു ഹാബേലിനെക്കുറിച്ച് പരാമർശിച്ചു. (ലൂക്കോസ് 11:50, 51) പാപത്തിൽനിന്ന് വീണ്ടെടുക്കാവുന്ന മനുഷ്യവർഗലോകത്തെയായിരിക്കണം യേശു ഇവിടെ അർഥമാക്കിയത്. ചരിത്രത്തിലെ നാലാമത്തെ മനുഷ്യനായിരുന്നു ഹാബേൽ. എങ്കിലും വീണ്ടെടുക്കാൻ യോഗ്യനായി ദൈവം കണ്ട ആദ്യമനുഷ്യൻ അവനായിരിക്കണം.a വളർന്നുവരവെ, ദുഷിപ്പിക്കുന്ന സ്വാധീനങ്ങളായിരുന്നു അവനു ചുറ്റും എന്ന് വ്യക്തം.
ലോകം അതിന്റെ ശൈശവദശയിലായിരുന്നെങ്കിലും മാനവകുടുംബത്തിൽ ദുഃഖത്തിന്റെ കരിനിഴൽ വീണിരുന്നു. ഹാബേലിന്റെ മാതാപിതാക്കളായ ആദാമും ഹവ്വായും സൗന്ദര്യവും ഓജസ്സും നിറഞ്ഞവരായിരുന്നിരിക്കണം. പക്ഷേ, അവർ അതിഗുരുതരമായ ഒരു പിഴവു വരുത്തി, തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ. ഒരിക്കൽ അവർ പൂർണരായിരുന്നു. നിത്യം ജീവിക്കാമെന്ന പ്രതീക്ഷയും അവർക്കു മുന്നിൽ ഉണ്ടായിരുന്നു. പക്ഷേ അവർ യഹോവയാംദൈവത്തിന് എതിരെ മത്സരിച്ചു, ഏദെൻ തോട്ടത്തിലെ പറുദീസയിൽനിന്ന് പുറത്താക്കപ്പെട്ടു. സ്വന്തം മക്കളെക്കുറിച്ചുപോലും ചിന്തിക്കാതെ സ്വാർഥതാത്പര്യങ്ങൾക്ക് പ്രാധാന്യം നൽകിയതു നിമിത്തം അവർക്കു പൂർണത നഷ്ടമായി, ഒപ്പം നിത്യജീവനും.—ഉല്പത്തി 2:15–3:24.
ഏദെൻ തോട്ടത്തിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം ആദാമിന്റെയും ഹവ്വായുടെയും ജീവിതം കഷ്ടപ്പാടു നിറഞ്ഞതായിരുന്നു. എങ്കിലും ആദ്യപുത്രൻ ജനിച്ചപ്പോൾ “ഉളവാക്കപ്പെട്ടത്” എന്ന് അർഥംവരുന്ന കയീൻ എന്ന പേര് അവർ മകനു നൽകി. ഹവ്വാ ആ മകനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു.” ഏദെൻ തോട്ടത്തിൽവെച്ച് യഹോവ നൽകിയ വാഗ്ദാനം അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കാം എന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. സ്ത്രീ ഒരു “സന്തതി”യെ ഉളവാക്കുമെന്നും ആദാമിനെയും ഹവ്വായെയും വഴിതെറ്റിച്ച ദുഷ്ടനെ ആ സന്തതി നശിപ്പിക്കുമെന്നും ആയിരുന്നു യഹോവയുടെ വാഗ്ദാനം. (ഉല്പത്തി 3:15; 4:1) ആ പ്രവചനത്തിലെ സ്ത്രീ താനാണെന്നും വാഗ്ദത്ത“സന്തതി” കയീനാണെന്നും ഹവ്വാ ചിന്തിച്ചിരുന്നോ?
ഹവ്വാ അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ അത് ഒരു മിഥ്യാധാരണയായിരുന്നു. എന്നുതന്നെയല്ല, കയീൻ വളർന്നുവരവെ ആദാമും ഹവ്വായും അത്തരം ചിന്താഗതികൾ അവനു പകർന്നു നൽകിയിരുന്നെങ്കിൽ അവന്റെ അഹങ്കാരത്തിനു വളംവെച്ചുകൊടുക്കുകയായിരുന്നു അവർ. പിന്നീട് ഹവ്വാ രണ്ടാമത്തെ മകന് ജന്മം നൽകി. പക്ഷേ അവനെക്കുറിച്ച് അത്ര വിശേഷപ്പെട്ട പ്രസ്താവനകളൊന്നും അവൾ പറഞ്ഞതായി നാം വായിക്കുന്നില്ല. ആ മകന് അവർ ഹാബേൽ എന്നു പേർ വിളിച്ചു. “നിശ്വാസവായു” അല്ലെങ്കിൽ “വ്യർഥത” എന്നൊക്കെ ആയിരിക്കാം അതിന് അർഥം. (ഉല്പത്തി 4:2) കയീനെ അപേക്ഷിച്ച് ഹാബേലിൽ അവർക്കു പ്രതീക്ഷ കുറവായിരുന്നതുകൊണ്ടാണോ ഇങ്ങനെയൊരു പേര് അവർ തിരഞ്ഞെടുത്തത്? നമുക്ക് ഊഹിക്കാനേ കഴിയുകയുള്ളൂ.
എന്തായിരുന്നാലും ഇന്നത്തെ അച്ഛനമ്മമാർക്ക് ആദ്യമാതാപിതാക്കളിൽനിന്ന് പലതും പഠിക്കാനുണ്ട്. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും മക്കളുടെ ഉള്ളിൽ അഹങ്കാരവും സ്ഥാനമോഹവും സ്വാർഥചിന്താഗതികളും വളരാൻ വഴിവെച്ചുകൊടുക്കുകയാണോ നിങ്ങൾ? അതോ യഹോവയാംദൈവത്തെ സ്നേഹിക്കാനും അവനെ ഒരു സുഹൃത്താക്കാനും ആണോ അവരെ പഠിപ്പിക്കുന്നത്? ഖേദകരമെന്നു പറയട്ടെ, ആദ്യമാതാപിതാക്കൾ തങ്ങളുടെ ആ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. എന്നിരുന്നാലും അവരുടെ സന്താനങ്ങൾക്ക് പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നു.
ഹാബേൽ വിശ്വാസം വളർത്തിയെടുത്തു, എങ്ങനെ?
ആൺകുട്ടികൾ രണ്ടും വളർന്നപ്പോൾ വേണ്ട തൊഴിൽ പരിശീലനം ആദാം അവർക്കു നൽകിയിട്ടുണ്ടാകും. കുടുംബം പുലർത്താൻ അത് ആവശ്യമായിരുന്നു. കയീൻ കൃഷിക്കാരനായി; ഹാബേൽ ആകട്ടെ ആട്ടിടയനും.
എങ്കിലും അതിലുമേറെ പ്രാധാന്യമുള്ള ഒരു കാര്യം ഹാബേൽ ചെയ്തു. കാലക്രമേണ അവൻ ശക്തമായ വിശ്വാസം വളർത്തിയെടുത്തു. ആ വിശിഷ്ടഗുണത്തെക്കുറിച്ചാണ് പൗലോസ് പിന്നീട് പരാമർശിച്ചത്. ഒന്നു ചിന്തിച്ചുനോക്കൂ: അവന് മാതൃകയായി ഒരു മനുഷ്യനും അന്ന് ഭൂമിയിൽ ഉണ്ടായിരുന്നില്ല. അങ്ങനെയെങ്കിൽ യഹോവയാംദൈവത്തിലുള്ള വിശ്വാസം അവൻ വളർത്തിയെടുത്തത് എങ്ങനെയാണ്? അവന്റെ വിശ്വാസത്തിന് ആധാരമായി വർത്തിച്ചിരിക്കാൻ ഇടയുള്ള മൂന്നുകാര്യങ്ങൾ നമുക്ക് പരിശോധിക്കാം.
യഹോവയുടെ സൃഷ്ടിക്രിയകൾ.
യഹോവ ഭൂമിയെ ശപിച്ചിരുന്നു എന്നത് ശരിയാണ്; കൃഷിക്ക് വിഘാതമായി മുള്ളും പറക്കാരയും ഭൂമിയിൽ ഇടം നേടി. എങ്കിലും ഹാബേലിന്റെ കുടുംബത്തിന് ആവശ്യമായ ഭക്ഷണം ഭൂമി അപ്പോഴും സമൃദ്ധമായി ഉത്പാദിപ്പിക്കുന്നുണ്ടായിരുന്നു. മാത്രമല്ല, പക്ഷിമൃഗാദികൾക്കോ മത്സ്യങ്ങൾക്കോ പർവതങ്ങൾക്കോ തടാകങ്ങൾക്കോ നദികൾക്കോ സമുദ്രത്തിനോ ആകാശത്തിനോ സൂര്യചന്ദ്രാദികൾക്കോ ഒന്നും ശാപമില്ലായിരുന്നു. സകലത്തിന്റെയും സ്രഷ്ടാവായ യഹോവയാംദൈവത്തിന്റെ അത്യഗാധമായ സ്നേഹവും ജ്ഞാനവും നന്മയും എങ്ങും വിളങ്ങിനിൽക്കുന്നതാണ് ഹാബേൽ കണ്ടത്. (റോമർ 1:20) ആ കാര്യങ്ങളെക്കുറിച്ചെല്ലാം വിലമതിപ്പോടെ ധ്യാനിച്ചത് അവന്റെ വിശ്വാസം ബലിഷ്ഠമാക്കി.
ആത്മീയകാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഹാബേൽ സമയം കണ്ടെത്തിയിരുന്നു എന്നതിന് സംശയമില്ല. തന്റെ ആട്ടിൻപറ്റത്തെ മേയിക്കുന്ന ഹാബേലിനെ ഒന്ന് ഭാവനയിൽ കാണൂ. ആട്ടിടയന് വളരെയധികം ദൂരം നടക്കേണ്ടിവരും. കുന്നുകളും താഴ്വരകളും നദികളും കടന്ന്, പച്ചപ്പുൽപ്പുറങ്ങളും സ്വച്ഛജലാശയങ്ങളും സുരക്ഷിതമായ വിശ്രമസങ്കേതങ്ങളും തേടി സൗമ്യശീലരായ ആ മൃഗങ്ങളെയുംകൊണ്ട് അവൻ ചുറ്റിസഞ്ചരിച്ചു. മനുഷ്യൻ വഴിനയിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുള്ളതുപോലെ ദൈവത്തിന്റെ സൃഷ്ടികളിൽ അങ്ങേയറ്റം ദുർബലരായി കാണപ്പെടുന്ന ജീവികളാണ് ചെമ്മരിയാടുകൾ. ആ വിധത്തിലാകാം ദൈവം അവയെ സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യനെക്കാൾ ജ്ഞാനവും ശക്തിയും ഉള്ള ഒരാളുടെ മാർഗദർശനവും സംരക്ഷണവും പരിപാലനവും തനിക്കും വേണമെന്ന് ഹാബേലിന് തോന്നിയിട്ടുണ്ടാകില്ലേ? അത്തരം ചിന്തകളെല്ലാം അവൻ പ്രാർഥനയിൽ തീർച്ചയായും ഉൾപ്പെടുത്തിയിട്ടുണ്ടാകും. അങ്ങനെ അവന്റെ വിശ്വാസം കരുത്താർജിച്ചുകൊണ്ടിരുന്നു.
സ്നേഹവാനായ ഒരു സ്രഷ്ടാവിൽ വിശ്വസിക്കാനുള്ള ഈടുറ്റ കാരണം ഹാബേൽ സൃഷ്ടിക്രിയകളിൽ കണ്ടു
യഹോവയുടെ വാഗ്ദാനങ്ങൾ.
ഏദെൻ തോട്ടത്തിൽനിന്ന് തങ്ങൾ പുറത്താകാൻ ഇടയായത് എങ്ങനെയെന്ന് ആദാമും ഹവ്വായും മക്കളോട് പറഞ്ഞിട്ടുണ്ടായിരിക്കണം. അതെ, ധ്യാനിക്കാൻ ഹാബേലിന് ധാരാളം കാര്യങ്ങൾ ഉണ്ടായിരുന്നു.
ഭൂമി ശാപാവസ്ഥയിൽ ആയിരിക്കുമെന്ന് ദൈവം പറഞ്ഞിരുന്നു. അതിന്റെ നിവൃത്തിയായി ഭൂമിയിൽ മുള്ളും പറക്കാരയും വളരുന്നത് ഹാബേൽ കണ്ടു. ഹവ്വാ വേദനയോടെ മക്കളെ പ്രസവിക്കുമെന്നും ദൈവം മുന്നമേ പറഞ്ഞിരുന്നു. തന്റെ സഹോദരങ്ങൾ ജനിച്ചപ്പോൾ ആ പ്രവചനവും നിവൃത്തിയേറുന്നത് അവൻ നിരീക്ഷിച്ചു. ഭർത്താവിന്റെ സ്നേഹത്തിനും വാത്സല്യത്തിനുമായി ഹവ്വാ അമിതമായി വാഞ്ഛിക്കുമെന്നും അതേസമയം ആദാം അവളുടെമേൽ അധികാരം പ്രയോഗിക്കുമെന്നും യഹോവ മുൻകൂട്ടി കണ്ടിരുന്നു. തന്റെ മാതാപിതാക്കൾക്കിടയിൽ ഇതും അരങ്ങേറുന്നത് ഹാബേൽ കണ്ടു. സകലതിലും യഹോവയുടെ വാക്കുകൾ അക്ഷരംപ്രതി നിറവേറുന്നതിന് അവൻ ദൃക്സാക്ഷിയായി. ഏദെൻ തോട്ടത്തിൽ ആരംഭിച്ച കുഴപ്പങ്ങൾ പരിഹരിക്കുന്നതിനായി ഒരു “സന്തതി” വരുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിൽ അടിയുറച്ചു വിശ്വസിക്കാൻ ഹാബേലിന് ഇതെല്ലാം ധാരാളമായിരുന്നു.—ഉല്പത്തി 3:15-19.
യഹോവയുടെ ദാസന്മാർ.
ഹാബേലിന് മാതൃകയാക്കാൻ പറ്റിയ മനുഷ്യരാരും അന്ന് ഉണ്ടായിരുന്നില്ല. എന്നാൽ ബുദ്ധിശക്തിയുള്ള ജീവികളായി അന്ന് മനുഷ്യൻ മാത്രമല്ല ഭൂമിയിൽ ഉണ്ടായിരുന്നത്. ആദാമിനെയും ഹവ്വായെയും ഏദെൻ തോട്ടത്തിൽനിന്ന് പുറത്താക്കിയ ശേഷം അവരോ അവരുടെ സന്താനങ്ങളോ ആ പറുദീസയിലേക്ക് വീണ്ടും പ്രവേശിക്കുന്നില്ലെന്ന് യഹോവ ഉറപ്പാക്കി. ഉന്നതദൂതഗണമായ കെരൂബുകളിൽപ്പെട്ട രണ്ടുപേരെ തിരിയുന്ന വാളിന്റെ ജ്വാലയുമായി തോട്ടത്തിന്റെ കവാടത്തിൽ അവൻ കാവൽനിറുത്തി.—ഉല്പത്തി 3:24.
ഹാബേൽ കുട്ടിക്കാലത്ത് ആ കെരൂബുകളെ നോക്കിനിന്നിരുന്നത് ഒന്നു ഭാവനയിൽ കാണൂ. ജഡശരീരത്തിൽ അവിടെ നിലയുറപ്പിച്ചിരുന്ന ആ കെരൂബുകളുടെ ശക്തി അവരുടെ ആകാരത്തിൽ പ്രകടമായിരുന്നു. എപ്പോഴും കത്തിജ്വലിച്ച് സദാ തിരിഞ്ഞുകൊണ്ടിരുന്ന ആ ‘വാളും’ അവനിൽ ഭയാദരവ് ഉണർത്തിയിട്ടുണ്ടാകും. ആ കെരൂബുകൾ മടുത്ത് തങ്ങളെ ഏൽപ്പിച്ച ജോലി ഉപേക്ഷിച്ചുപോയതായി എപ്പോഴെങ്കിലും ഹാബേൽ കണ്ടിട്ടുണ്ടാകുമോ? ഒരിക്കലുമില്ല. ശക്തരും ബുദ്ധിശാലികളും ആയ ആ ജീവികൾ ദിവസങ്ങളോ വർഷങ്ങളോ അല്ല പതിറ്റാണ്ടുകളോളം അണുവിട മാറാതെ തത്സ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു! നീതിനിഷ്ഠരും സ്ഥിരചിത്തരും ആയ ദൈവദാസന്മാർ യഹോവയാംദൈവത്തിനുണ്ട് എന്ന വസ്തുത അങ്ങനെ ഹാബേൽ മനസ്സിലാക്കി. യഹോവയോടുള്ള വിശ്വസ്തതയും അനുസരണവും ആ ദൂതന്മാരിൽ പ്രതിഫലിച്ചിരുന്നത് അവൻ കണ്ടു. സ്വന്തം കുടുംബത്തിൽ അങ്ങനെയൊന്ന് അവൻ കണ്ടിരുന്നില്ല. ദൂതന്മാരുടെ ആ മാതൃക അവന്റെ വിശ്വാസത്തെ നിശ്ചയമായും ബലിഷ്ഠമാക്കി.
യഹോവയോടുള്ള കെരൂബുകളുടെ വിശ്വസ്തതയും അനുസരണവും ജീവിതകാലത്തുടനീളം ഹാബേലിനു കാണാനായി
സൃഷ്ടിക്രിയകൾ, ദിവ്യവാഗ്ദാനങ്ങൾ എന്നിവയിലൂടെ യഹോവ തന്നെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളും അവന്റെ ദാസന്മാരുടെ മാതൃകയും ധ്യാനിച്ചത് ഹാബേലിന്റെ വിശ്വാസം ഒന്നിനൊന്നു വർധിച്ചുവരാൻ ഇടയാക്കി. അവന്റെ മാതൃക അനേകം കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു, ശരിയല്ലേ? ആ മാതൃക വിശേഷിച്ചും ചെറുപ്പക്കാർക്ക് ഒരു പ്രോത്സാഹനമാണ്; കുടുംബാംഗങ്ങൾ ഏതു ഗതി സ്വീകരിച്ചാലും യഹോവയാംദൈവത്തിലുള്ള യഥാർഥവിശ്വാസം വളർത്തിയെടുക്കാൻ അവർക്കാകും. സൃഷ്ടിയിലെ നിരവധി വിസ്മയങ്ങളും എത്തുപാടിൽ മുഴുബൈബിളും മനുഷ്യരുടെ വിശ്വാസത്തിന്റെ എണ്ണമറ്റ ദൃഷ്ടാന്തങ്ങളും ഉണ്ടായിരിക്കെ വിശ്വാസം കരുപ്പിടിപ്പിക്കാൻ ഇന്ന് നമുക്ക് കാരണങ്ങൾ എത്രയേറെ.
ഹാബേലിന്റെ യാഗം—എന്തുകൊണ്ട് ശ്രേഷ്ഠം?
യഹോവയിലുള്ള ഹാബേലിന്റെ വിശ്വാസം വളർന്നുവന്നപ്പോൾ അത് പ്രവൃത്തികളിലൂടെ തെളിയിക്കാൻ അവൻ ആഗ്രഹിച്ചു. പക്ഷേ, ഇത്തിരിപ്പോന്ന മനുഷ്യൻ പ്രപഞ്ചസ്രഷ്ടാവിന് എന്തു നൽകാനാണ്? ദൈവത്തിന് മനുഷ്യനിൽനിന്ന് സഹായമോ ദാനമോ ഒന്നും ആവശ്യമില്ലായിരുന്നു. കാലക്രമേണ, ഒരു സത്യം ഹാബേലിന് മനസ്സിലായി: തനിക്കുള്ള ഏറ്റവും നല്ലത് ശരിയായ മനോഭാവത്തോടെ യഹോവയ്ക്ക് നൽകുകയേ വേണ്ടൂ, സ്നേഹവാനായ ആ സ്വർഗീയപിതാവ് അതിൽ സംപ്രീതനാകും.
ഹാബേൽ അതുകൊണ്ട് തന്റെ ആട്ടിൻപറ്റത്തിൽനിന്ന് കുറച്ച് ആടുകളെ യാഗം അർപ്പിക്കാൻ തീരുമാനിച്ചു. ഏറ്റവും മികച്ച കടിഞ്ഞൂലുകളെയാണ് അവൻ അതിനായി തിരഞ്ഞെടുത്തത്. അവയുടെ ഏറ്റവും ഉത്തമമായ ഭാഗങ്ങൾ ഉൾപ്പെടെയുള്ള ഒരു യാഗമായിരുന്നു അത്. ദിവ്യപ്രീതിയും അനുഗ്രഹവും നേടാൻ കയീനും ദൈവത്തിന് വഴിപാട് നൽകി, തന്റെ കാർഷികവിളവിൽനിന്ന്. പക്ഷേ, ഹാബേലിന്റേതുപോലെ നല്ല ഒരു ആന്തരത്തോടെയല്ല അവൻ അത് ചെയ്തത്. ആ വ്യത്യാസം യാഗം കഴിച്ചപ്പോൾ വ്യക്തമായി.
ഹാബേൽ വിശ്വാസത്തോടെ യാഗമർപ്പിച്ചു, കയീൻ ആകട്ടെ തെറ്റായ ചിന്താഗതിയോടെയും
വഴിപാട് അർപ്പിക്കാൻ ആദാമിന്റെ ഈ രണ്ടുമക്കളും തീയും യാഗപീഠവും ഉപയോഗിച്ചിരിക്കാം. ഒരുപക്ഷേ, ആ കെരൂബുകളുടെ കൺവെട്ടത്താകാം അവർ യാഗം കഴിച്ചത്. ആ ദൂതന്മാർ മാത്രമായിരുന്നല്ലോ യഹോവയുടെ പ്രതിനിധികളായി അന്ന് ഭൂമിയിൽ ഉണ്ടായിരുന്നത്. ആകട്ടെ, അവരുടെ യാഗാർപ്പണത്തെ യഹോവ എങ്ങനെയാണ് വീക്ഷിച്ചത്? ഹാബേലിന്റെ യാഗത്തെക്കുറിച്ച് ബൈബിൾവിവരണം പറയുന്നു: “യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.” (ഉല്പത്തി 4:4) തന്റെ അംഗീകാരം ദൈവം പ്രകടമാക്കിയത് എങ്ങനെയെന്ന് വിവരണത്തിലില്ല. എന്നാൽ എന്തുകൊണ്ടാണ് ഹാബേലിന്റെ യാഗം യഹോവയ്ക്ക് പ്രസാദകരമായത്?
യാഗവസ്തുവായിരുന്നോ അതിനു കാരണം? ഹാബേൽ അർപ്പിച്ചത് ജീവനുള്ള മൃഗത്തെയാണ്. ജീവരക്തം ചൊരിഞ്ഞുകൊണ്ടുള്ള ഒരു യാഗമായിരുന്നു അത്. അത്തരത്തിലുള്ള ഒരു യാഗത്തിന്റെ യഥാർഥമൂല്യം ഹാബേൽ തിരിച്ചറിഞ്ഞിരിക്കുമോ? ഹാബേലിന്റെ കാലത്തിന് നൂറ്റാണ്ടുകൾക്കു ശേഷം, ഊനമില്ലാത്ത ആട്ടിൻകുട്ടിയുടെ യാഗത്തെ യഹോവ ഒരു പ്രത്യേക വിധത്തിൽ ഉപയോഗിച്ചു. കളങ്കരഹിതമായ രക്തം ചൊരിഞ്ഞുകൊണ്ട് “ദൈവത്തിന്റെ കുഞ്ഞാട്” അതായത് ദൈവത്തിന്റെ പൂർണനായ പുത്രൻ അർപ്പിക്കാനിരുന്ന യാഗത്തെ പ്രതിനിധാനം ചെയ്യാനായിരുന്നു അത്. (യോഹന്നാൻ 1:29; പുറപ്പാടു 12:5-7) എന്നിരുന്നാലും ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം പൂർണമായൊരു അറിവ് ഹാബേലിന് ഉണ്ടായിരുന്നിരിക്കാൻ സാധ്യത കുറവാണ്.
ഒരു കാര്യം വ്യക്തം: തനിക്കുണ്ടായിരുന്നതിൽ ഏറ്റവും ഉത്തമമായത് ഹാബേൽ വഴിപാടായി അർപ്പിച്ചു. യാഗത്തിൽ മാത്രമല്ല അത് കഴിച്ച വ്യക്തിയിലും യഹോവ പ്രസാദിച്ചു. യഹോവയോടുള്ള സ്നേഹവും അവനിലുള്ള യഥാർഥവിശ്വാസവും ആണ് ഹാബേലിന്റെ യാഗത്തിൽ ദൃശ്യമായത്.
എന്നാൽ കയീന്റെ കാര്യമോ? യഹോവ “കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല.” (ഉല്പത്തി 4:5) അവൻ അർപ്പിച്ച വഴിപാട് മോശമായിരുന്നതുകൊണ്ടല്ല. കാർഷികവിളവിൽനിന്ന് യാഗം അർപ്പിക്കാൻ ദിവ്യനിയമം പിന്നീട് അനുവദിച്ചു. (ലേവ്യപുസ്തകം 6:14, 15) എങ്കിൽപ്പിന്നെ എന്തുകൊണ്ടായിരിക്കാം യഹോവ പ്രസാദിക്കാതിരുന്നത്? ‘കയീന്റെ പ്രവൃത്തികൾ ദോഷകരമായിരുന്നു’ എന്നാണ് ബൈബിൾ പറയുന്നത്. (1 യോഹന്നാൻ 3:12) ഇക്കാലത്തുള്ള പലരെയുംപോലെ ഭക്തിയുടെ പരിവേഷം മാത്രം മതിയെന്ന് കയീൻ കരുതിയിട്ടുണ്ടാകും. യഹോവയിലുള്ള യഥാർഥവിശ്വാസവും അവനോടുള്ള ആത്മാർഥസ്നേഹവും അവന് ഇല്ലായിരുന്നു; ഈ വസ്തുത താമസിയാതെ അവന്റെ പ്രവൃത്തികളിൽ ദൃശ്യമായി.
തന്റെ വഴിപാടിൽ യഹോവ പ്രസാദിച്ചില്ലെന്ന് മനസ്സിലാക്കിയപ്പോൾ കയീൻ എന്താണ് ചെയ്തത്? അനുജനായ ഹാബേലിന്റെ മാതൃകയിൽനിന്ന് അവൻ പാഠം ഉൾക്കൊണ്ടോ? ഇല്ല. സഹോദരനോടുള്ള വിദ്വേഷം അവന്റെ ഉള്ളിൽ നുരഞ്ഞുപൊന്തി. കയീന്റെ ഹൃദയത്തിൽ എന്താണെന്ന് മനസ്സിലാക്കിയ യഹോവ ക്ഷമയോടെ അവനെ തിരുത്താൻ ശ്രമിച്ചു. ഗുരുതരമായ തെറ്റിലേക്കാണ് പോകുന്നതെന്ന് യഹോവ മുന്നറിയിപ്പു നൽകി. ചിന്താഗതിക്ക് മാറ്റം വരുത്തുന്നെങ്കിൽ അവന് തന്റെ ‘പ്രസാദം’ ലഭിക്കുമെന്ന് യഹോവ ഉറപ്പേകി.—ഉല്പത്തി 4:6, 7.
എന്നാൽ കയീൻ ആ മുന്നറിയിപ്പ് ചെവിക്കൊണ്ടില്ല. ഹാബേലിനെ അവൻ വയലിലേക്കു കൂട്ടിക്കൊണ്ടുപോയി. വിശ്വസിച്ചു കൂടെപ്പോന്ന അനുജനെ അവൻ അവിടെവെച്ച് ആക്രമിച്ചു വകവരുത്തി. (ഉല്പത്തി 4:8) ഒരർഥത്തിൽ, മതപരമായ പീഡനത്തിന്റെ ആദ്യത്തെ ഇര ഹാബേലായി, ആദ്യത്തെ രക്തസാക്ഷി! എന്നാൽ അവന്റെ കഥ വെറുമൊരു ചരിത്രമല്ല.
ആലങ്കാരികമായി പറഞ്ഞാൽ ഹാബേലിന്റെ രക്തം പ്രതികാരത്തിനായി അല്ലെങ്കിൽ നീതിക്കായി യഹോവയോടു നിലവിളിച്ചു. ദുഷ്ടനായ കയീനെ ശിക്ഷിച്ചുകൊണ്ട് ദൈവം നീതി നടപ്പാക്കി. (ഉല്പത്തി 4:9-12) ഹാബേലിന്റെ വിശ്വാസത്തിന്റെ രേഖ ഇന്നും നമ്മോട് സംസാരിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധാർഹം. അക്കാലത്തെ ആളുകളുടെ ആയുർദൈർഘ്യം അപേക്ഷിച്ച് അവന്റെ ജീവകാലം വളരെ ഹ്രസ്വമായിരുന്നു, ഏതാണ്ട് നൂറുവർഷം. എങ്കിലും ആ കാലയളവിൽ ദൈവത്തിന് കൊള്ളാവുന്നവനായി അവൻ ജീവിച്ചു. സ്വർഗീയപിതാവായ യഹോവയുടെ അംഗീകാരവും സ്നേഹവും ഉണ്ടെന്ന ഉറപ്പോടെയാണ് അവൻ മരിച്ചത്. (എബ്രായർ 11:4) പറുദീസാഭൂമിയിലേക്കുള്ള പുനരുത്ഥാനവും കാത്ത് യഹോവയുടെ അപരിമേയമായ ഓർമയിൽ അവൻ സുരക്ഷിതനായി നിദ്രകൊള്ളുന്നു എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം. (യോഹന്നാൻ 5:28, 29) അവനെ കാണാൻ നിങ്ങൾ പറുദീസയിൽ കാണുമോ? ഹാബേൽ സംസാരിക്കുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നെങ്കിൽ, അവന്റെ ശ്രദ്ധേയമായ വിശ്വാസം അനുകരിക്കുന്നെങ്കിൽ നിങ്ങൾക്ക് അവനെ അവിടെ നേരിൽക്കാണാം. ▪ (w13-E 01/01)
a ‘ലോകസ്ഥാപനം’ എന്ന പദപ്രയോഗത്തിൽ അന്തർലീനമായിരിക്കുന്നത് വിത്ത് എറിയുക എന്ന ആശയമാണ്. അതുകൊണ്ടുതന്നെ അത് പ്രത്യുത്പാദനത്തെ, ആദ്യമനുഷ്യസന്താനത്തെ ഉളവാക്കിയതിനെ കുറിക്കുന്നു. മനുഷ്യകുലത്തിലെ ആദ്യസന്താനം കയീൻ ആയിരുന്നല്ലോ? എങ്കിൽപ്പിന്നെ എന്തുകൊണ്ടാണ് ഹാബേലിനെ യേശു ‘ലോകസ്ഥാപനവുമായി’ ബന്ധപ്പെടുത്തിയത്? യഹോവയാംദൈവത്തിന് എതിരെയുള്ള മനഃപൂർവമത്സരമായിരുന്നു കയീന്റെ തീരുമാനങ്ങളിലും പ്രവൃത്തികളിലും വെളിവായത്. അതുകൊണ്ട് അവന്റെ മാതാപിതാക്കളെപ്പോലെ അവനും പുനരുത്ഥാനത്തിനും വീണ്ടെടുപ്പിനും യോഗ്യനല്ല എന്ന് ന്യായമായും നമുക്കു നിഗമനം ചെയ്യാം.