അധ്യായം ആറ്
മരിച്ചവർ എവിടെ?
മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?
നാം മരിക്കുന്നത് എന്തുകൊണ്ട്?
മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം അറിയുന്നത് ആശ്വാസപ്രദമായിരിക്കുമോ?
1-3. മരണത്തെക്കുറിച്ച് ആളുകൾ ഏതു ചോദ്യങ്ങൾ ചോദിക്കുന്നു, വ്യത്യസ്ത മതങ്ങൾ എന്ത് ഉത്തരം നൽകുന്നു?
ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യമനസ്സുകളിലൂടെ കടന്നുപോയിട്ടുള്ള സുപ്രധാന ചോദ്യങ്ങളാണ് ഇവ. നാം ആരായിരുന്നാലും എവിടെ ജീവിച്ചാലും ഇവയ്ക്കുള്ള ഉത്തരം നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ പ്രധാനമാണ്.
2 യേശുക്രിസ്തുവിന്റെ മറുവിലയാഗം നിത്യജീവനിലേക്കുള്ള വഴി തുറന്നത് എങ്ങനെയെന്നു കഴിഞ്ഞ അധ്യായത്തിൽ നാം ചർച്ച ചെയ്തു. ‘മരണം ഇല്ലാത്ത’ ഒരു കാലത്തെക്കുറിച്ചു ബൈബിൾ മുൻകൂട്ടിപ്പറയുന്നുണ്ടെന്നും നാം മനസ്സിലാക്കി. (വെളിപ്പാടു 21:4, 5) എന്നാൽ ആ സമയംവരെ ആളുകൾ മരിച്ചുകൊണ്ടിരിക്കും. “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു” എന്നു ജ്ഞാനിയായ ശലോമോൻ രാജാവ് പ്രസ്താവിച്ചു. (സഭാപ്രസംഗി 9:5) സാധ്യമാകുന്നത്രയും കാലം ജീവിച്ചിരിക്കാൻ നാം ശ്രമിക്കുന്നു. എങ്കിലും, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുമെന്ന് അറിയാൻ നാം ആഗ്രഹിക്കുന്നു.
3 പ്രിയപ്പെട്ടവരുടെ മരണം നമ്മെ ദുഃഖിപ്പിക്കുന്നു. മാത്രമല്ല, അതു പിൻവരുന്ന ചോദ്യങ്ങളുയർത്തിയേക്കാം: ‘അവർക്ക് എന്തു സംഭവിച്ചു? അവർ കഷ്ടപ്പെടുകയാണോ? അവർ നമ്മെ സംരക്ഷിക്കുന്നുണ്ടോ? നമുക്ക് അവരെ സഹായിക്കാനാകുമോ? വീണ്ടും എന്നെങ്കിലും നാം അവരെ കാണുമോ?’ ലോകത്തിലെ മതങ്ങൾ ഈ ചോദ്യങ്ങൾക്കു വ്യത്യസ്തമായ ഉത്തരങ്ങളാണ് നൽകുന്നത്. നിങ്ങൾ ഒരു നല്ല ജീവിതമാണു നയിക്കുന്നതെങ്കിൽ സ്വർഗത്തിലേക്കും മോശമായ ജീവിതമാണു നയിക്കുന്നതെങ്കിൽ ഒരു അഗ്നിദണ്ഡന സ്ഥലത്തേക്കും പോകുമെന്ന് ചില മതങ്ങൾ പഠിപ്പിക്കുന്നു. ഇനിയും, പൂർവികരോടൊത്ത് ആയിരിക്കാനായി മരണത്തിങ്കൽ മനുഷ്യർ ആത്മമണ്ഡലത്തിലേക്കു പോകുന്നുവെന്നാണു വേറെ ചില മതങ്ങളുടെ പഠിപ്പിക്കൽ. മരിച്ചവർ ന്യായവിധിക്കായി അധോലോകത്തിലേക്കു പോകുകയും തുടർന്ന് മറ്റൊരു ശരീരത്തിൽ പുനർജനിക്കുകയും ചെയ്യുന്നുവെന്ന് മറ്റു ചില മതങ്ങൾ പഠിപ്പിക്കുന്നു.
4. മരണത്തെക്കുറിച്ചു പല മതങ്ങളും അടിസ്ഥാനപരമായ ഏത് ആശയം വെച്ചുപുലർത്തുന്നു?
4 മതങ്ങളുടെ അത്തരം പഠിപ്പിക്കലുകളിലെല്ലാം പൊതുവായ ഒരു ആശയമുണ്ട്. നമ്മുടെ ഏതോ ഒരു ഭാഗം ഭൗതിക ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നുവെന്നതാണ് അത്. മുൻകാലത്തെയും ഇപ്പോഴത്തെയും മിക്കവാറും എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്, കാണാനും കേൾക്കാനും ചിന്തിക്കാനും ഉള്ള പ്രാപ്തി സഹിതം നാം എങ്ങനെയോ നിത്യം ജീവിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. എന്നാൽ, അത് എങ്ങനെ സാധ്യമാകും? നമ്മുടെ ഇന്ദ്രിയങ്ങളും ചിന്തകളും എല്ലാം തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മരണത്തിങ്കൽ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുന്നു. നമ്മുടെ ഓർമകളും വികാരങ്ങളും ഇന്ദ്രിയങ്ങളും നിഗൂഢമായ വിധത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ല. അവ തലച്ചോറിന്റെ നാശത്തെ അതിജീവിക്കുന്നുമില്ല.
മരിക്കുമ്പോൾ യഥാർഥത്തിൽ എന്താണു സംഭവിക്കുന്നത്?
5, 6. മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു ബൈബിൾ എന്തു പഠിപ്പിക്കുന്നു?
5 മരണത്തിങ്കൽ എന്തു സംഭവിക്കുന്നുവെന്നുള്ളത് തലച്ചോർ രൂപകൽപ്പന ചെയ്ത യഹോവയ്ക്ക് ഒരു നിഗൂഢതയല്ല. അതു സംബന്ധിച്ച സത്യം അവന് അറിയാം. മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് അവൻ തന്റെ വചനമായ ബൈബിളിൽ വിശദീകരിക്കുന്നുമുണ്ട്. അതു വ്യക്തമായി ഇങ്ങനെ പഠിപ്പിക്കുന്നു: ഒരു വ്യക്തി മരിക്കുമ്പോൾ അയാൾ ഇല്ലാതാകുന്നു. ജീവന്റെ നേർവിപരീതമാണു മരണം. മരിച്ചവർക്കു കാണാനോ കേൾക്കാനോ ചിന്തിക്കാനോ കഴിയില്ല. നമ്മുടെ യാതൊരു ഭാഗവും ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നില്ല. നമുക്ക് അമർത്യമായ ഒരു ആത്മാവ് ഇല്ല.a
മെഴുകുതിരിനാളം എവിടേക്കാണു പോയത്?
6 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നുവെന്നു പറഞ്ഞശേഷം ശലോമോൻ ഇപ്രകാരം എഴുതി: “മരിച്ചവരോ ഒന്നും അറിയുന്നില്ല.” മരിച്ചവർക്കു സ്നേഹിക്കാനോ ദ്വേഷിക്കാനോ കഴിയില്ലെന്നും “[ശവക്കുഴിയിൽ] പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല” എന്നും പറഞ്ഞുകൊണ്ട് അവൻ ആ അടിസ്ഥാന സത്യം വിശദീകരിച്ചു. (സഭാപ്രസംഗി 9:5, 6, 10) സമാനമായി, മനുഷ്യൻ മരിക്കുമ്പോൾ “അവന്റെ നിരൂപണങ്ങൾ നശിക്കുന്നു”വെന്ന്, അവന്റെ ചിന്തകൾ ഇല്ലാതാകുന്നുവെന്ന് സങ്കീർത്തനം 146:4 പറയുന്നു. നാം മർത്യരാണ്, ശരീരം മരിച്ചശേഷം നാം തുടർന്നു ജീവിക്കുന്നില്ല. ജീവൻ ഒരു മെഴുകുതിരിനാളം പോലെയാണ്, ഊതിക്കെടുത്തുമ്പോൾ അത് എവിടേക്കും പോകുന്നില്ല. അത് ഇല്ലാതാകുന്നു.
മരണത്തെക്കുറിച്ച് യേശു പറഞ്ഞത്
7. മരണത്തെ യേശു വിശദീകരിച്ചത് എങ്ങനെ?
7 മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് യേശു പറയുകയുണ്ടായി. തന്റെ അടുത്ത സുഹൃത്തായ ലാസർ മരിച്ചപ്പോൾ അവനെക്കുറിച്ച് തന്റെ ശിഷ്യന്മാരോടായി യേശു ഇങ്ങനെ പറഞ്ഞു: “നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു.” ലാസർ ഉറങ്ങുകയാണെന്നും അവന്റെ രോഗം ഭേദമാകുമെന്നും ആണ് യേശു പറയുന്നത് എന്ന് അവന്റെ ശിഷ്യന്മാർ വിചാരിച്ചു. പക്ഷേ അവൻ ഉദ്ദേശിച്ചത് അതായിരുന്നില്ല. തുടർന്ന് യേശു വ്യക്തമായി ഇങ്ങനെ പറഞ്ഞു: “ലാസർ മരിച്ചുപോയി.” (യോഹന്നാൻ 11:11-15) യേശു മരണത്തെ നിദ്രയെന്നു വിളിച്ചതായി ശ്രദ്ധിക്കുക. ലാസർ സ്വർഗത്തിലോ ഒരു തീനരകത്തിലോ ആയിരുന്നില്ല. ദൂതന്മാരെയോ പൂർവികരെയോ അവൻ കണ്ടുമുട്ടിയില്ല. മറ്റൊരു മനുഷ്യനായി ലാസർ പുനർജനിച്ചുമില്ല. സ്വപ്നരഹിതമായ ഗാഢനിദ്രയിൽ ആയിരുന്നാലെന്നപോലെ അവൻ മരണത്തിൽ വിശ്രമംകൊള്ളുകയായിരുന്നു. മറ്റു തിരുവെഴുത്തുകളും മരണത്തെ നിദ്രയെന്നു വിളിക്കുന്നുണ്ട്. ഉദാഹരണത്തിന്, ശിഷ്യനായ സ്തെഫാനൊസിനെ കല്ലെറിഞ്ഞു കൊന്നപ്പോൾ, “അവൻ നിദ്രപ്രാപിച്ച”തായി ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 7:60) സമാനമായി, തന്റെ നാളിൽ മരണത്തിൽ “നിദ്രപ്രാപിച്ച” ചിലരെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് എഴുതുകയുണ്ടായി.—1 കൊരിന്ത്യർ 15:6.
ഭൂമിയിൽ എന്നേക്കും ജീവിക്കാനാണ് യഹോവ മനുഷ്യരെ സൃഷ്ടിച്ചത്
8. മനുഷ്യർ മരിക്കണമെന്നത് ദൈവത്തിന്റെ ഉദ്ദേശ്യമല്ലായിരുന്നുവെന്നു നാം എങ്ങനെ അറിയുന്നു?
8 മനുഷ്യർ മരിക്കണമെന്നതു ദൈവത്തിന്റെ ആദിമ ഉദ്ദേശ്യമായിരുന്നോ? ഒരിക്കലും ആയിരുന്നില്ല! ഭൂമിയിൽ എന്നേക്കും ജീവിക്കാനാണ് യഹോവ മനുഷ്യനെ സൃഷ്ടിച്ചത്. ഈ പുസ്തകത്തിൽ നാം കണ്ടുകഴിഞ്ഞതുപോലെ, ആദ്യ മനുഷ്യദമ്പതികളെ ദൈവം മനോഹരമായ ഒരു പറുദീസയിൽ ആക്കിവെച്ചു. അവൻ പൂർണ ആരോഗ്യം നൽകി അവരെ അനുഗ്രഹിക്കുകയും ചെയ്തു. അവരുടെ നന്മ മാത്രമേ യഹോവ ആഗ്രഹിച്ചുള്ളൂ. തങ്ങളുടെ മക്കൾ വാർധക്യത്തിന്റെ കഷ്ടപ്പാടുകളും മരണവും അനുഭവിക്കാൻ സ്നേഹമുള്ള ഏതെങ്കിലും മാതാപിതാക്കൾ ആഗ്രഹിക്കുമോ? ഒരിക്കലുമില്ല! യഹോവ തന്റെ മക്കളെ സ്നേഹിച്ചു, അവർ സന്തോഷത്തോടെ ഭൂമിയിൽ എക്കാലവും ജീവിക്കണം എന്നതായിരുന്നു അവന്റെ ആഗ്രഹം. മനുഷ്യരെക്കുറിച്ച് ബൈബിൾ ഇപ്രകാരം പറയുന്നു: ‘[യഹോവ] നിത്യത മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു.’ (സഭാപ്രസംഗി 3:11) എന്നേക്കും ജീവിക്കാനുള്ള ആഗ്രഹം സഹിതമാണു ദൈവം നമ്മെ സൃഷ്ടിച്ചത്. ആ ആഗ്രഹം നിറവേറ്റാനുള്ള മാർഗം അവൻ തുറന്നുതന്നിരിക്കുന്നു.
മനുഷ്യൻ മരിക്കുന്നതിന്റെ കാരണം
9. ദൈവം ആദാമിന് ഏതു വിലക്ക് ഏർപ്പെടുത്തി, ആ കൽപ്പന അനുസരിക്കുക ബുദ്ധിമുട്ടല്ലായിരുന്നത് എന്തുകൊണ്ട്?
9 അങ്ങനെയാണെങ്കിൽപ്പിന്നെ, മനുഷ്യൻ മരിക്കുന്നത് എന്തുകൊണ്ടാണ്? ഉത്തരം കണ്ടെത്തുന്നതിന് ഭൂമിയിൽ ഒരു സ്ത്രീയും പുരുഷനും മാത്രം ഉണ്ടായിരുന്നപ്പോൾ എന്തു സംഭവിച്ചെന്നു പരിചിന്തിക്കേണ്ടതുണ്ട്. ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും . . . യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.” (ഉല്പത്തി 2:9) എന്നിരുന്നാലും, യഹോവ ഒരു വിലക്ക് ഏർപ്പെടുത്തിയിരുന്നു. അവൻ ആദാമിനോട് ഇപ്രകാരം പറഞ്ഞു: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്പത്തി 2:16, 17) അനുസരിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നില്ല ഈ കൽപ്പന. അവിടെയുള്ള മറ്റനേകം വൃക്ഷങ്ങളിൽനിന്ന് ആദാമിനും ഹവ്വായ്ക്കും ഫലം പറിച്ചുതിന്നാമായിരുന്നു. എന്നാൽ, പൂർണതയുള്ള ജീവൻ ഉൾപ്പെടെ സകലതും പ്രദാനം ചെയ്ത ദൈവത്തോടു നന്ദി പ്രകടിപ്പിക്കാനുള്ള ഒരു പ്രത്യേക അവസരമായിരുന്നു ഇത്. മാത്രമല്ല, അവരുടെ അനുസരണം അവർ സ്വർഗീയ പിതാവിന്റെ അധികാരത്തെ ആദരിക്കുന്നെന്നും അവന്റെ സ്നേഹനിർഭരമായ മാർഗനിർദേശം ആഗ്രഹിക്കുന്നെന്നും പ്രകടമാക്കുമായിരുന്നു.
10, 11. (എ) ആദ്യ മാനുഷ ദമ്പതികൾ ദൈവത്തോട് അനുസരണക്കേടു കാണിക്കാൻ ഇടയായത് എങ്ങനെ? (ബി) ആദാമിന്റെയും ഹവ്വായുടെയും അനുസരണക്കേട് ഗൗരവമേറിയതായിരുന്നത് എന്തുകൊണ്ട്?
10 ദുഃഖകരമെന്നു പറയട്ടെ, ആദ്യ മാനുഷ ദമ്പതികൾ യഹോവയോട് അനുസരണക്കേടു കാണിച്ചു. ഒരു പാമ്പിലൂടെ സംസാരിച്ചുകൊണ്ട് സാത്താൻ ഹവ്വായോട് ചോദിച്ചു: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?” ഹവ്വാ ഇങ്ങനെ മറുപടി പറഞ്ഞു: “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ട്.”—ഉല്പത്തി 3:1-3.
11 സാത്താൻ പറഞ്ഞു: “നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.” (ഉല്പത്തി 3:4, 5) വിലക്കപ്പെട്ടിരിക്കുന്ന ഫലം തിന്നുന്നത് തനിക്കു പ്രയോജനകരമായിരിക്കുമെന്നു ഹവ്വാ വിശ്വസിക്കാൻ സാത്താൻ ആഗ്രഹിച്ചു. അവൻ പറഞ്ഞതനുസരിച്ച്, ശരിയും തെറ്റും അവൾക്കുതന്നെ തീരുമാനിക്കാമായിരുന്നു. അതുപോലെ, ആഗ്രഹിച്ചതെന്തും ചെയ്യാനുള്ള അവകാശവും അവൾക്കുണ്ടായിരുന്നു. ആ ഫലം തിന്നാലുള്ള പരിണതഫലങ്ങളെക്കുറിച്ച് യഹോവ നുണ പറഞ്ഞിരിക്കുകയാണെന്നും സാത്താൻ ആരോപിച്ചു. ഹവ്വാ സാത്താനെ വിശ്വസിച്ചു. അതുകൊണ്ട് അവൾ പഴം പറിച്ചു തിന്നു. ഭർത്താവിനും കൊടുത്തു, അവനും തിന്നു. അവർ അത് അറിയാതെ ചെയ്തതായിരുന്നില്ല. ചെയ്യരുതെന്നു ദൈവം പറഞ്ഞിരിക്കുന്ന കാര്യമാണ് തങ്ങൾ ചെയ്യുന്നതെന്ന് അവർക്കു നന്നായി അറിയാമായിരുന്നു. ആ ഫലം തിന്നുകവഴി അവർ ലളിതവും ന്യായയുക്തവും ആയ ഒരു കൽപ്പന മനഃപൂർവം ലംഘിക്കുകയായിരുന്നു. തങ്ങളുടെ സ്വർഗീയ പിതാവിനോടും അവന്റെ അധികാരത്തോടും അവർ അനാദരവ് പ്രകടിപ്പിച്ചു. സ്നേഹവാനായ സ്രഷ്ടാവിനോടുള്ള അവരുടെ അനാദരവ് മാപ്പ് അർഹിക്കുന്നതായിരുന്നില്ല!
12. ആദാമും ഹവ്വായും തനിക്കെതിരായ ഒരു ഗതി സ്വീകരിച്ചപ്പോഴുള്ള യഹോവയുടെ വികാരം മനസ്സിലാക്കാൻ നമ്മെ എന്തു സഹായിച്ചേക്കാം?
12 അതിനെ ഇപ്രകാരം ദൃഷ്ടാന്തീകരിക്കാം: നിങ്ങൾ വളർത്തി വലുതാക്കിയ ഒരു മകനോ മകളോ നിങ്ങളോട് അനാദരവോടെയോ സ്നേഹരഹിതമായോ പെരുമാറിക്കൊണ്ട് അനുസരണക്കേടു കാണിക്കുന്നെങ്കിൽ നിങ്ങൾക്ക് എന്തു തോന്നും? അതു നിങ്ങളെ വളരെ വേദനിപ്പിക്കും, ഇല്ലേ? അങ്ങനെയെങ്കിൽ, ആദാമും ഹവ്വായും യഹോവയ്ക്കെതിരായ ഒരു ഗതി സ്വീകരിച്ചപ്പോൾ അവന്റെ മനസ്സ് എത്രയധികം വേദനിച്ചിരിക്കുമെന്നു ചിന്തിച്ചുനോക്കൂ.
ആദാം പൊടിയിൽനിന്നു വന്നു, പൊടിയിലേക്കു തിരികെപ്പോയി
13. മരിക്കുമ്പോൾ എന്തു സംഭവിക്കുമെന്നാണ് യഹോവ ആദാമിനോടു പറഞ്ഞത്, അത് എന്തർഥമാക്കുന്നു?
13 അനുസരണക്കേടു കാണിച്ച ആദാമിനെയും ഹവ്വായെയും എന്നേക്കും ജീവിക്കാൻ അനുവദിക്കുന്നതിന് യഹോവയ്ക്ക് യാതൊരു കാരണവുമില്ലായിരുന്നു. യഹോവ പറഞ്ഞിരുന്നതുപോലെതന്നെ അവർ മരിച്ചു. ആദാമും ഹവ്വായും അസ്തിത്വത്തിൽ ഇല്ലാതായി. അവർ ആത്മമണ്ഡലത്തിലേക്കു പോയില്ല. ആദാം അനുസരണക്കേടു കാണിച്ചശേഷം ദൈവം അവനോടു പറഞ്ഞ കാര്യത്തിൽനിന്ന് നമുക്ക് ഇതു മനസ്സിലാക്കാനാകും. ദൈവം ഇങ്ങനെ പറഞ്ഞു: “നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; . . . നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്പത്തി 3:19) നിലത്തെ പൊടികൊണ്ടാണ് ദൈവം ആദാമിനെ സൃഷ്ടിച്ചത്. (ഉല്പത്തി 2:7) അതിനു മുമ്പ് ആദാം ഇല്ലായിരുന്നു. അതിനാൽ, അവൻ പൊടിയിലേക്കു തിരികെ ചേരുമെന്നു പറഞ്ഞപ്പോൾ, അവന് അസ്തിത്വമില്ലാതാകുമെന്നാണ് യഹോവ അർഥമാക്കിയത്. ആദാമിനെ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പൊടിയുടെ കാര്യത്തിലെന്നപോലെ അവൻ ജീവനില്ലാത്തവൻ ആയിത്തീരുമായിരുന്നു.
14. നാം മരിക്കുന്നത് എന്തുകൊണ്ട്?
14 ആദാമിനും ഹവ്വായ്ക്കും ഇപ്പോഴും ജീവിച്ചിരിക്കാമായിരുന്നു. എന്നാൽ, ദൈവത്തോട് അനുസരണക്കേടു കാണിച്ച് പാപികളായിത്തീർന്നതിനാൽ അവർ മരിച്ചു. ആദാമിന്റെ പാപാവസ്ഥയും മരണവും അവന്റെ സന്തതികളിലേക്കു കൈമാറപ്പെട്ടതു നിമിത്തമാണു നാമെല്ലാം മരിക്കുന്നത്. (റോമർ 5:12) ആർക്കും രക്ഷപ്പെടാനാവാത്ത, മാരകമായ ഒരു പാരമ്പര്യരോഗംപോലെയാണ് ആ പാപം. അതിന്റെ ഫലമായ മരണം ഒരു ശാപമാണ്. മരണം ഒരു മിത്രമല്ല, ശത്രുവാണ്. (1 കൊരിന്ത്യർ 15:26) ഈ ഭയാനക ശത്രുവിന്റെ കയ്യിൽനിന്നു നമ്മെ രക്ഷിക്കാനായി യഹോവ മറുവില പ്രദാനം ചെയ്തിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവർ ആയിരിക്കണം!
മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം അറിയുന്നതു പ്രയോജനപ്രദം
15. മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം അറിയുന്നത് ആശ്വാസപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
15 മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ആശ്വാസപ്രദമാണ്. നാം കണ്ടുകഴിഞ്ഞതുപോലെ, മരിച്ചവർ വേദനയോ ദുഃഖമോ അനുഭവിക്കുന്നില്ല. അവരെ നാം ഭയക്കേണ്ടതില്ല. കാരണം, നമ്മെ ഉപദ്രവിക്കാൻ അവർക്കാവില്ല. അവർക്കു നമ്മുടെ സഹായം ആവശ്യമില്ല, നമ്മെ സഹായിക്കാനും അവർക്കാവില്ല. നമുക്ക് അവരോടോ അവർക്കു നമ്മോടോ സംസാരിക്കാനാവില്ല. മരിച്ചവരെ സഹായിക്കാൻ തങ്ങൾക്കു കഴിയുമെന്നു പല മതനേതാക്കന്മാരും വ്യാജമായി അവകാശപ്പെടുന്നുണ്ട്. അതു വിശ്വസിക്കുന്ന ജനങ്ങൾ അതിനായി അവർക്കു പണവും നൽകുന്നു. എന്നാൽ, മരണത്തെക്കുറിച്ചുള്ള സത്യം അറിയുന്നത് അത്തരം നുണകൾ പഠിപ്പിക്കുന്നവരുടെ വഞ്ചനയ്ക്ക് ഇരയാകുന്നതിൽനിന്നു നമ്മെ സംരക്ഷിക്കുന്നു.
16. പല മതങ്ങളുടെയും പഠിപ്പിക്കലിനെ ആർ സ്വാധീനിച്ചിരിക്കുന്നു, ഏതു വിധത്തിൽ?
16 മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾതന്നെയാണോ മിക്ക മതങ്ങളും പഠിപ്പിക്കുന്നത്? അല്ല. എന്തുകൊണ്ട്? എന്തെന്നാൽ ആ പഠിപ്പിക്കലിനെ സാത്താൻ സ്വാധീനിച്ചിരിക്കുന്നു. ശരീരത്തിന്റെ മരണശേഷം തങ്ങൾ ആത്മമണ്ഡലത്തിൽ തുടർന്നും ജീവിക്കുമെന്ന് ആളുകളെ വിശ്വസിപ്പിക്കാൻ അവൻ വ്യാജമതങ്ങളെ ഉപയോഗിക്കുന്നു. യഹോവയാം ദൈവത്തിൽനിന്നു മനുഷ്യരെ അകറ്റാനായി സാത്താൻ ഉപയോഗിക്കുന്ന മറ്റൊരു നുണയാണ് ഇത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
17. നിത്യദണ്ഡനത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ യഹോവയ്ക്ക് അപമാനകരമായിരിക്കുന്നത് എന്തുകൊണ്ട്?
17 നാം കണ്ടുകഴിഞ്ഞതുപോലെ, മോശമായ ജീവിതം നയിക്കുന്ന ഒരു വ്യക്തി മരണാനന്തരം എന്നേക്കും കഷ്ടപ്പെടുന്നതിനായി ഒരു അഗ്നിദണ്ഡന സ്ഥലത്തേക്കു പോകുമെന്നാണു ചില മതങ്ങൾ പഠിപ്പിക്കുന്നത്. ഈ പഠിപ്പിക്കൽ ദൈവത്തെ അപമാനിക്കുന്നതാണ്. യഹോവ സ്നേഹവാനായ ദൈവമായതിനാൽ ഈ വിധത്തിൽ മനുഷ്യരെ ഒരിക്കലും കഷ്ടപ്പെടുത്തുകയില്ല. (1 യോഹന്നാൻ 4:8) അനുസരണക്കേടു കാണിച്ച ഒരു കുട്ടിയുടെ കൈ തീയിൽവെച്ച് ശിക്ഷിക്കുന്ന ഒരു പിതാവിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നും? അത്തരമൊരാളെ നിങ്ങൾ ബഹുമാനിക്കുമോ? അങ്ങനെയൊരാളെ അടുത്തറിഞ്ഞാൽ കൊള്ളാമെന്നു നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നുമോ? തീർച്ചയായും ഇല്ല! അയാളെ ഒരു ക്രൂരനായിട്ടേ നിങ്ങൾ കാണൂ. എന്നാൽ, യഹോവ മനുഷ്യരെ നിത്യം തീയിലിട്ടു ദണ്ഡിപ്പിക്കുന്നുവെന്നു നാം വിശ്വസിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു!
18. മരിച്ചവരെ ആരാധിക്കുന്നതിന്റെ അടിസ്ഥാനം മതപരമായ ഏതു നുണയാണ്?
18 മരിച്ചവർ ആത്മാക്കളായിത്തീരുന്നെന്നും ജീവിച്ചിരിക്കുന്നവർ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതാണെന്നും പഠിപ്പിക്കാനും ചില മതങ്ങളെ സാത്താൻ ഉപയോഗിക്കുന്നുണ്ട്. ഈ പഠിപ്പിക്കൽ അനുസരിച്ച്, മരിച്ചവരുടെ ആത്മാക്കൾക്കു വളരെ ശക്തരായ സുഹൃത്തുക്കളോ അതിഭീകരരായ ശത്രുക്കളോ ആയിത്തീരാനാകും. നിരവധി ആളുകൾ ഈ നുണ വിശ്വസിക്കുന്നു. അവർ മരിച്ചവരെ ഭയക്കുകയും അവരെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായി, മരിച്ചവർ ഉറങ്ങുകയാണെന്നും നമ്മുടെ ആരാധന സ്രഷ്ടാവും ദാതാവും സത്യദൈവവും ആയ യഹോവയ്ക്കു മാത്രമേ അർപ്പിക്കാവൂ എന്നും ആണ് ബൈബിൾ പഠിപ്പിക്കുന്നത്.—വെളിപ്പാടു 4:11.
19. മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം അറിയുന്നത് മറ്റ് ഏതു ബൈബിൾ പഠിപ്പിക്കൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു?
19 മരിച്ചവരെക്കുറിച്ചുള്ള സത്യം അറിയുന്നത് മതപരമായ നുണകളാൽ വഴിതെറ്റിക്കപ്പെടുന്നതിൽനിന്നു നിങ്ങളെ സംരക്ഷിക്കുന്നു. മറ്റു ബൈബിൾ പഠിപ്പിക്കലുകൾ മനസ്സിലാക്കാനും ഇതു നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, മരണത്തിങ്കൽ മനുഷ്യൻ ആത്മമണ്ഡലത്തിലേക്കു പോകുന്നില്ലെന്നു തിരിച്ചറിയുമ്പോൾ, പറുദീസാഭൂമിയിലെ നിത്യജീവനെന്ന വാഗ്ദാനം നിങ്ങൾക്കു തികച്ചും അർഥവത്തായിത്തീരുന്നു.
20. അടുത്ത അധ്യായത്തിൽ നാം ഏതു ചോദ്യം പരിചിന്തിക്കും?
20 ദീർഘകാലം മുമ്പ്, ഇയ്യോബ് എന്ന നീതിമാനായ മനുഷ്യൻ ഇങ്ങനെ ചോദിച്ചു: “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?” (ഇയ്യോബ് 14:14) മരണത്തിൽ നിദ്രകൊള്ളുന്ന, ഒരു വ്യക്തിയെ തിരികെ ജീവനിലേക്കു വരുത്തുക സാധ്യമാണോ? അടുത്ത അധ്യായത്തിൽ നാം കാണാൻ പോകുന്നതുപോലെ, ഇതു സംബന്ധിച്ചു ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ തികച്ചും സാന്ത്വനദായകമാണ്.
a പ്രസ്തുത വിഷയം സംബന്ധിച്ച ഒരു ചർച്ചയ്ക്ക് ദയവായി 208-11 പേജുകളിലെ അനുബന്ധം കാണുക.