യഹോവയെ സേവിക്കാൻ കൗമാരപ്രായക്കാരായ മക്കളെ പരിശീലിപ്പിക്കുക
“യേശുവാകട്ടെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു.”— ലൂക്കോ. 2:52.
1, 2. (എ) കൗമാരപ്രായക്കാരായ മക്കളുള്ള ചില മാതാപിതാക്കളുടെ ഉത്കണ്ഠ എന്താണ്? (ബി) കൗമാരകാലം കുട്ടികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?
മക്കൾ സ്നാനമേൽക്കുന്നത് മാതാപിതാക്കളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷനിർഭരമായ നിമിഷങ്ങളിൽ ഒന്നാണ്. ബെർണീസിന്റെ നാലു മക്കളും 14 വയസ്സ് ആകുന്നതിന് മുമ്പേ സ്നാനമേറ്റു. ബെർണീസ് പറയുന്നു: “വികാരനിർഭരമായ ഒരു അനുഭവമായിരുന്നു അത്. ഞങ്ങളുടെ മക്കൾ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നു എന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടായിരുന്നു. എന്നാൽ കൗമാരപ്രായക്കാരെന്ന നിലയിൽ അവർക്ക് പല പ്രശ്നങ്ങളും നേരിടേണ്ടിവരുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.” ഇപ്പോൾത്തന്നെ കൗമാരത്തിലുള്ളതോ അല്ലെങ്കിൽ കൗമാരപ്രായമെത്താറായതോ ആയ മകനോ മകളോ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളും ഇതേ ഉത്കണ്ഠയുള്ളവരായിരിക്കാം.
2 കുട്ടികളുടെ മനഃശാസ്ത്രവിദഗ്ധനായ ഒരു വ്യക്തിയുടെ അഭിപ്രായത്തിൽ, കൗമാരം എന്നത് മാതാപിതാക്കളും മക്കളും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കാലമാണ്. എന്നാൽ കൗമാരപ്രായത്തിലുള്ളവർ അനുസരണംകെട്ടവരാണെന്നോ കുട്ടിക്കളി മാറാത്തവരാണെന്നോ മാതാപിതാക്കൾ ചിന്തിക്കരുതെന്ന് അദ്ദേഹം പറയുന്നു. പകരം കൗമാരപ്രായത്തിലുള്ളവർ വ്യത്യസ്ത കഴിവുകളുള്ളവരും തീവ്രമായ വികാരങ്ങളുള്ളവരും സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കേണ്ടവരും ആണ്. അതുകൊണ്ട് യേശുവിനെപ്പോലെ, കൗമാരത്തിലായിരിക്കെ നിങ്ങളുടെ മക്കൾക്ക് യഹോവയുമായി ഒരു അടുത്ത സുഹൃദ്ബന്ധം വളർത്തിയെടുക്കാൻ കഴിയും. (ലൂക്കോസ് 2:52 വായിക്കുക.) പ്രസംഗപ്രവർത്തനത്തിലെ കഴിവുകൾ മെച്ചപ്പെടുത്താനും ദൈവസേവനത്തിൽ കൂടുതൽ ചെയ്യാനുള്ള ശക്തമായ ആഗ്രഹം വളർത്തിയെടുക്കാനും അവർക്കാകും. യഹോവയ്ക്ക് ജീവിതം സമർപ്പിക്കുക, അവനെ അനുസരിക്കുക എന്നതുപോലുള്ള കാര്യങ്ങളിൽ സ്വന്തമായി തീരുമാനങ്ങളെടുക്കാനും അവർക്കു കഴിയും. എന്നാൽ, കൗമാരപ്രായത്തിലുള്ള നിങ്ങളുടെ മക്കളെ യഹോവയെ സേവിക്കുന്നതിനായി പരിശീലിപ്പിക്കാൻ ഒരു മാതാവോ പിതാവോ എന്ന നിലയിൽ നിങ്ങൾക്ക് എന്ത് ചെയ്യാനാകും? സ്നേഹത്തോടെയും താഴ്മയോടെയും ഉൾക്കാഴ്ചയോടെയും ശിഷ്യന്മാരെ യേശു പരിശീലിപ്പിച്ച വിധത്തിൽനിന്ന് നിങ്ങൾക്കും പഠിക്കാനാകും.
കൗമാരപ്രായത്തിലുള്ള നിങ്ങളുടെ മക്കളെ സ്നേഹിക്കുക
3. യേശു തങ്ങളുടെ സുഹൃത്താണെന്ന് അപ്പൊസ്തലന്മാർ മനസ്സിലാക്കിയത് എങ്ങനെ?
3 അപ്പൊസ്തലന്മാർക്ക് യേശു ഒരു യജമാനൻ മാത്രമായിരുന്നില്ല, ഒരു സുഹൃത്ത് കൂടെയായിരുന്നു. (യോഹന്നാൻ 15:15 വായിക്കുക.) ബൈബിൾക്കാലങ്ങളിൽ സാധാരണഗതിയിൽ ഒരു യജമാനൻ അടിമകളോട് അദ്ദേഹത്തിന്റെ വിചാരങ്ങളും വികാരങ്ങളും ഒന്നും പറയാറില്ലായിരുന്നു. എന്നാൽ യേശു അപ്പൊസ്തലന്മാരെ അടിമകളെപ്പോലെയല്ല കണ്ടത്. യേശു അവരെ സ്നേഹിച്ചു; അവരോടൊപ്പം സമയം ചെലവഴിച്ചു. അവന്റെ വികാരവിചാരങ്ങൾ അവരോട് പറയാൻ അവന് ഇഷ്ടമായിരുന്നു. അവരുടെ ചിന്തകളും വികാരങ്ങളും അവർ പ്രകടിപ്പിക്കുമ്പോൾ അവൻ അത് നന്നായി ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. (മർക്കോ. 6:30-32) യേശുവിനും അപ്പൊസ്തലന്മാർക്കും ഇടയിലുണ്ടായിരുന്ന ഇത്തരത്തിലുള്ള ആശയവിനിമയം അവരെ അടുത്ത സുഹൃത്തുക്കളാക്കി മാറ്റി. ഭാവിയിൽ ചെയ്യേണ്ടിയിരുന്ന വേലയ്ക്കായി അത് അപ്പൊസ്തലന്മാരെ ഒരുക്കുകയും ചെയ്തു.
4. മാതാപിതാക്കളേ, നിങ്ങൾക്ക് എങ്ങനെ മക്കളുടെ സുഹൃത്തുക്കളാകാൻ കഴിയും? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
4 മക്കളുടെ മേൽ നിങ്ങൾക്ക് അധികാരമുണ്ടെങ്കിലും നിങ്ങൾക്ക് അവരുടെ സുഹൃത്തായിരിക്കാനും കഴിയും. സുഹൃത്തുക്കൾ ഒരുമിച്ച് സമയം ചെലവഴിക്കും. മക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി ഒരുപക്ഷേ നിങ്ങൾക്ക് ജോലിക്കും മറ്റ് കാര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്ന സമയം കുറയ്ക്കാനാകും. ഇക്കാര്യത്തെക്കുറിച്ച് നിങ്ങൾ പ്രാർഥിക്കുകയും ഗൗരവമായി ചിന്തിക്കുകയും വേണം. സുഹൃത്തുക്കൾ സാധാരണഗതിയിൽ സമാനസ്വഭാവമുള്ള കാര്യങ്ങളാണ് ആസ്വദിക്കാറ്. അതുകൊണ്ട്, നിങ്ങളുടെ മക്കളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കുക. ഇഷ്ടപ്പെട്ട സംഗീതം, ചലച്ചിത്രങ്ങൾ, കളികൾ എന്നിവയൊക്കെ. എന്നിട്ട് അത് ആസ്വദിക്കാൻ ശ്രമിക്കുക. ഇറ്റലിയിലുള്ള ഇലാരിയ പറയുന്നത് ഇങ്ങനെയാണ്: “എന്റെ മാതാപിതാക്കൾ ഞാൻ കേൾക്കുന്ന പാട്ടുകളോട് ഇഷ്ടം കാണിച്ചു. സത്യത്തിൽ ഡാഡി എന്റെ അടുത്ത സുഹൃത്തായി മാറി. ചെറിയ കാര്യങ്ങളെക്കുറിച്ചുപോലും ഡാഡിയോട് പറയാൻ എനിക്ക് ഒരു മടിയും തോന്നിയില്ല.” മക്കളുടെ സുഹൃത്തായിരുന്നുകൊണ്ട് അവരെ യഹോവയുടെ സുഹൃത്തുക്കളാകാൻ സഹായിക്കുമ്പോൾ നിങ്ങൾ ഒരിക്കലും മാതാവോ പിതാവോ എന്ന നിലയിലുള്ള നിങ്ങളുടെ അധികാരം നഷ്ടപ്പെടുത്തുകയല്ല. (സങ്കീ. 25:14) നിങ്ങൾ മക്കളെ സ്നേഹിക്കുന്നുണ്ടെന്നും അവരെ മാനിക്കുന്നുണ്ടെന്നും അവർ തിരിച്ചറിയും. അങ്ങനെയാകുമ്പോൾ ഏതൊരു കാര്യത്തെക്കുറിച്ചും നിങ്ങളോട് മടികൂടാതെ സംസാരിക്കാൻ അവർക്ക് എളുപ്പമായിരിക്കും.
5. ദൈവസേവനത്തിൽ തിരക്കോടെ ഏർപ്പെടുന്നതിന്റെ സന്തോഷം ആസ്വദിക്കാൻ യേശു ശിഷ്യന്മാരെ സഹായിച്ചത് എങ്ങനെ?
5 താൻ സ്നേഹിച്ച തന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും യഹോവയെ സേവിക്കുന്ന കാര്യത്തിൽ തീക്ഷ്ണതയുള്ളവരും പ്രസംഗപ്രവർത്തനത്തിൽ തിരക്കുള്ളവരും ആണെങ്കിൽ അവർ യഥാർഥത്തിൽ സന്തുഷ്ടരായിരിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് അവൻ പ്രസംഗപ്രവർത്തനത്തിൽ കഠിനാധ്വാനം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിച്ചു. കൂടാതെ അവരെ സഹായിക്കുമെന്ന് സ്നേഹപൂർവം ഉറപ്പ് കൊടുക്കുകയും ചെയ്തു.—മത്താ. 28:19, 20.
6, 7. യഹോവയെ സേവിക്കുന്നതിൽ ഒരു ക്രമമായ പട്ടികയുണ്ടായിരിക്കാൻ മക്കളെ പഠിപ്പിക്കുമ്പോൾ നിങ്ങൾ അവരോട് സ്നേഹം കാണിക്കുന്നത് എങ്ങനെ?
6 മക്കൾക്ക് യഹോവയുമായി ഒരു അടുത്ത ബന്ധമുണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ മക്കളെ പരിശീലിപ്പിക്കാനും അവർക്ക് ആവശ്യമായ ശിക്ഷണം നൽകാനും യഹോവ ആഗ്രഹിക്കുന്നു. അതിനുള്ള അധികാരം അവൻ നിങ്ങൾക്ക് തന്നിട്ടുമുണ്ട്. (എഫെ. 6:4) അതുകൊണ്ട് നിങ്ങളുടെ മക്കൾക്ക് പതിവായി ആ പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതെക്കുറിച്ചൊന്ന് ചിന്തിക്കൂ: കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പുവരുത്തുന്നു. കാരണം വിദ്യാഭ്യാസം നേടുക എന്നത് വളരെ പ്രധാനമാണെന്ന് നിങ്ങൾക്ക് അറിയാം. അവർ പുതിയപുതിയ കാര്യങ്ങൾ പഠിക്കണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നു. സമാനമായി, യഹോവയിൽനിന്നു ലഭിക്കുന്ന വിദ്യാഭ്യാസം അവരുടെ ജീവൻ രക്ഷിക്കും എന്ന് അറിയാവുന്നതുകൊണ്ട് സഭായോഗങ്ങൾ, സമ്മേളനങ്ങൾ, കുടുംബാരാധന എന്നിവയൊന്നും അവർ മുടക്കുന്നില്ലെന്ന് നിങ്ങൾ ഉറപ്പുവരുത്തും. അതുകൊണ്ട് യഹോവയെക്കുറിച്ച് പഠിക്കുന്നത് ആസ്വദിക്കാൻ അവരെ സഹായിക്കുക. അതുപോലെ യഥാർഥ ജ്ഞാനം നേടാൻ യഹോവയ്ക്ക് അവരെ സഹായിക്കാനാകുമെന്ന് മനസ്സിലാക്കാനും മക്കളെ സഹായിക്കുക. (സദൃ. 24:14) ക്രമമായി വയൽസേവനത്തിന് പോകാനും മക്കളെ പരിശീലിപ്പിക്കുക. യേശുവിനെ അനുകരിച്ചുകൊണ്ട് ആളുകളെ ദൈവവചനം പഠിപ്പിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കാൻ അവരെ സഹായിക്കുക.
7 യഹോവയെ സേവിക്കുന്നതിന് പഠനം, സഭായോഗങ്ങൾ, വയൽശുശ്രൂഷ എന്നിവയ്ക്കായി ഒരു പട്ടികയുണ്ടായിരിക്കുന്നത് കൗമാരപ്രായക്കാരെ എങ്ങനെ സഹായിക്കും? സൗത്ത് ആഫ്രിക്കയിൽ താമസിക്കുന്ന എറിൻ പറയുന്നു: “ബൈബിൾപഠനം, സഭായോഗങ്ങൾ, വയൽശുശ്രൂഷ എന്നിവയെക്കുറിച്ച് ചെറുപ്പത്തിൽ ഞങ്ങൾ മിക്കപ്പോഴും പരാതിപ്പെടുമായിരുന്നു. ചില സാഹചര്യങ്ങളിൽ ഞങ്ങൾ മനഃപൂർവം കുടുംബാരാധന അലങ്കോലപ്പെടുത്താനും അതിൽനിന്ന് തലയൂരാനും ശ്രമിക്കുമായിരുന്നു. പക്ഷേ മാതാപിതാക്കൾ ശ്രമം ഉപേക്ഷിച്ചില്ല.” ഇക്കാര്യങ്ങൾ എത്ര പ്രധാനമാണെന്ന് മനസ്സിലാക്കാൻ സഹായിച്ച മാതാപിതാക്കളോട് ഇന്ന് അവൾ വളരെ നന്ദിയുള്ളവളാണ്. ഇപ്പോൾ ഒരു സഭായോഗത്തിനോ വയൽശുശ്രൂഷയ്ക്കോ പോകാൻ പറ്റാതെവന്നാൽ കഴിയുന്നത്ര വേഗം ഈ പ്രവർത്തനങ്ങളിൽ വീണ്ടും ഏർപ്പെടാൻ അവൾ പരമാവധി ശ്രമിക്കുന്നു.
താഴ്മയുള്ളവരായിരിക്കുക
8. (എ) താഴ്മയുള്ളവനാണെന്ന് യേശു എങ്ങനെ കാണിച്ചു? (ബി) യേശുവിന്റെ താഴ്മ അവന്റെ ശിഷ്യന്മാരെ സഹായിച്ചത് എങ്ങനെ?
8 പൂർണനായിരുന്നെങ്കിലും യേശു താഴ്മ പ്രകടമാക്കി. യഹോവയുടെ സഹായം തനിക്ക് ആവശ്യമാണെന്ന് അവൻ ശിഷ്യന്മാരോട് പറഞ്ഞു. (യോഹന്നാൻ 5:19 വായിക്കുക.) ഇത് യേശുവിനോടുള്ള ശിഷ്യന്മാരുടെ ആദരവ് കുറച്ചുകളഞ്ഞോ? ഇല്ല. യേശു യഹോവയിൽ എത്രത്തോളം ആശ്രയിക്കുന്നതായിക്കണ്ടോ അത്രത്തോളം അവർക്ക് അവനിലുള്ള വിശ്വാസം ശക്തമായിത്തീർന്നു. പിന്നീടങ്ങോട്ട് അവർ യേശുവിന്റെ താഴ്മ അനുകരിച്ചു.—പ്രവൃ. 3:12, 13, 16.
9. തെറ്റുകൾ സമ്മതിച്ച് നിങ്ങൾ അതിന് ക്ഷമ ചോദിക്കുന്നത് കൗമാരപ്രായത്തിലുള്ള നിങ്ങളുടെ മക്കളെ സഹായിക്കുന്നത് എങ്ങനെ?
9 യേശുവിൽനിന്ന് വ്യത്യസ്തമായി നമ്മൾ അപൂർണരും തെറ്റുകൾ ചെയ്യുന്നവരുമാണ്. അതുകൊണ്ട് താഴ്മയുള്ളവരായിരിക്കുക. നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത ധാരാളം കാര്യങ്ങളുണ്ടെന്ന് മനസ്സിലാക്കുകയും തെറ്റുകൾ സമ്മതിക്കുകയും ചെയ്യുക. (1 യോഹ. 1:8) അങ്ങനെയാകുമ്പോൾ, കൗമാരത്തിലുള്ള നിങ്ങളുടെ മക്കൾ അവർക്ക് പറ്റുന്ന തെറ്റുകൾ അംഗീകരിക്കാൻ പഠിക്കും. അവർ നിങ്ങളെ മുമ്പത്തേതിലും ആദരിക്കും. ഇങ്ങനെ ഒന്നു ചിന്തിക്കുക, താൻ ചെയ്ത തെറ്റ് അംഗീകരിക്കുന്ന ഒരു മേലുദ്യോഗസ്ഥനെയാണോ അതോ ഒരിക്കലും ക്ഷമാപണം നടത്താത്ത ഒരു മേലുദ്യോഗസ്ഥനെയാണോ നിങ്ങൾ കൂടുതൽ ആദരിക്കുക? തെറ്റുകൾ വരുത്തുമ്പോൾ അത് സമ്മതിക്കാൻ താനും ഭർത്താവും തയ്യാറായിരുന്നെന്ന് മൂന്നു മക്കളുടെ അമ്മയായ റോസ് മേരി പറയുന്നു. അവൾ വിശദീകരിക്കുന്നു: “ഇങ്ങനെ ചെയ്തത്, ഒരു പ്രശ്നമുണ്ടാകുമ്പോൾ ഞങ്ങളോട് അതെക്കുറിച്ച് തുറന്നുപറയാൻ മക്കളെ പ്രേരിപ്പിച്ചു.” അവൾ തുടരുന്നു: “അവരുടെ പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല പരിഹാരം എവിടെനിന്ന് കിട്ടുമെന്ന് ഞങ്ങൾ അവരെ പഠിപ്പിച്ചിരുന്നു. അവർക്ക് സഹായം ആവശ്യമായിരുന്നപ്പോൾ ഞങ്ങൾ അവരോട് എല്ലായ്പോഴും ബൈബിൾപ്രസിദ്ധീകരണങ്ങളിൽ അതെക്കുറിച്ച് തിരയാൻ പറയുമായിരുന്നു. അതുപോലെ അവരോടൊപ്പമിരുന്ന് പ്രാർഥിക്കുകയും ചെയ്യുമായിരുന്നു.”
10. എന്തു ചെയ്യണമെന്ന് ശിഷ്യന്മാരോട് പറയുന്ന സാഹചര്യങ്ങളിൽപ്പോലും യേശു താഴ്മ കാണിച്ചത് എങ്ങനെ?
10 ശിഷ്യന്മാരോട് അവർ എന്ത് ചെയ്യണമെന്ന് പറയാനുള്ള അധികാരം യേശുവിനുണ്ടായിരുന്നു. എന്നാൽ താഴ്മയുള്ളവനായിരുന്നതുകൊണ്ട് അവർ അങ്ങനെ ചെയ്യേണ്ടത് എന്തുകൊണ്ടാണെന്നും അവൻ മിക്ക സാഹചര്യങ്ങളിലും വിശദീകരിച്ചിരുന്നു. ഉദാഹരണത്തിന്, മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുക എന്നു മാത്രമല്ല “അതോടുകൂടെ ഈവക കാര്യങ്ങളൊക്കെയും നിങ്ങൾക്കു നൽകപ്പെടും” എന്നും അവൻ പറഞ്ഞു. വിധിക്കുന്നത് നിറുത്താൻ പറഞ്ഞപ്പോൾ അവൻ ഇങ്ങനെ വിശദീകരിച്ചു: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കാതിരിക്കുക; എന്തെന്നാൽ നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും.”—മത്താ. 6:31–7:2.
11. നിങ്ങൾ ഒരു നിയമം വെച്ചതോ തീരുമാനം എടുത്തതോ എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നത് കൗമാരപ്രായത്തിലുള്ള മക്കൾക്ക് സഹായം ആയിരിക്കുന്നത് എങ്ങനെ?
11 എന്തുകൊണ്ടാണ് നിങ്ങൾ ഒരു നിയമം വെച്ചിരിക്കുന്നത് അല്ലെങ്കിൽ ഒരു തീരുമാനമെടുത്തിരിക്കുന്നത് എന്ന് നിങ്ങളുടെ കൗമാരപ്രായത്തിലുള്ള മക്കൾക്ക് വിശദീകരിച്ചുകൊടുക്കാൻ ഉചിതമായ സമയം കണ്ടെത്തുക. അങ്ങനെ, കാരണം മനസ്സിലാക്കുമ്പോൾ അവർ അത് അനുസരിക്കാൻ ആഗ്രഹിച്ചേക്കാം. നാലു കുട്ടികളുടെ പിതാവായ ബാരി ഇങ്ങനെ പറയുന്നു: “കാരണങ്ങൾ വിശദീകരിക്കുന്നത് നിങ്ങളിൽ വിശ്വാസമർപ്പിക്കാൻ നിങ്ങളുടെ കൗമാരപ്രായക്കാരായ മക്കളെ സഹായിക്കും.” നിങ്ങൾ ഒരു നിയമം വെക്കുന്നത് അല്ലെങ്കിൽ ഒരു തീരുമാനമെടുക്കുന്നത് നിങ്ങൾക്ക് അധികാരമുള്ളതുകൊണ്ടു മാത്രമല്ല, പകരം ഒരു നല്ല കാരണമുള്ളതുകൊണ്ടുമാണെന്ന് നിങ്ങളുടെ കൗമാരത്തിലുള്ള മക്കൾ മനസ്സിലാക്കും. അവർ ഇനി വെറും കുട്ടികളല്ലെന്ന് മനസ്സിൽപ്പിടിക്കുക. സ്വയം എങ്ങനെ ചിന്തിക്കാമെന്നും തീരുമാനങ്ങളെടുക്കാമെന്നും അവർ പഠിച്ചുകൊണ്ടിരിക്കുകയാണ്. (റോമ. 12:1) ബാരി പറയുന്നു: “വികാരങ്ങളുടെ അടിസ്ഥാനത്തിലല്ല വസ്തുതകളുടെ അടിസ്ഥാനത്തിൽ ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കാൻ കൗമാരപ്രായത്തിലുള്ളവർ പഠിക്കണം.” (സങ്കീ. 119:34) അതുകൊണ്ട്, നിങ്ങൾ ഒരു തീരുമാനമെടുക്കുന്നതിന്റെ കാരണം താഴ്മയോടെ അവർക്ക് വിശദീകരിച്ചുകൊടുക്കുക. അങ്ങനെ, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ അവർ പഠിക്കും. നിങ്ങൾ അവരെ ആദരിക്കുന്നുണ്ടെന്ന് അവർ മനസ്സിലാക്കും. അവർ പക്വതയിലേക്ക് വളരുകയാണെന്ന കാര്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടെന്നും അവർ തിരിച്ചറിയും.
ഉൾക്കാഴ്ചയുള്ളവരായിരിക്കുക
12. ഉൾക്കാഴ്ച ഉണ്ടായിരുന്നതുകൊണ്ട് യേശു പത്രോസിനെ എങ്ങനെ സഹായിച്ചു?
12 യേശുവിന് ഉൾക്കാഴ്ചയുണ്ടായിരുന്നു. ശിഷ്യന്മാർക്ക് എന്ത് സഹായമാണ് ആവശ്യമുള്ളതെന്ന് അവൻ മനസ്സിലാക്കി. ഉദാഹരണത്തിന്, താൻ കൊല്ലപ്പെടുമെന്ന് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞപ്പോൾ പത്രോസ് അവനോട്, കർത്താവേ നിനക്ക് അങ്ങനെ ഭവിക്കരുതേ എന്ന് പറഞ്ഞു. പത്രോസ് തന്നെ അതിയായി സ്നേഹിച്ചിരുന്നെന്ന് യേശുവിന് അറിയാമായിരുന്നു. എന്നാൽ അവൻ ചിന്തിച്ച വിധം തെറ്റിപ്പോയെന്ന് യേശു മനസ്സിലാക്കി. യേശു എങ്ങനെയാണ് പത്രോസിനെയും മറ്റ് ശിഷ്യന്മാരെയും സഹായിച്ചത്? ആദ്യം അവൻ പത്രോസിനെ തിരുത്തി. തുടർന്ന്, ദൈവേഷ്ടം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുന്ന സാഹചര്യങ്ങളിൽ അത് ചെയ്യാത്തവർക്ക് എന്ത് സംഭവിക്കുമെന്ന് യേശു വിശദീകരിച്ചു. സ്വാർഥരല്ലാത്തവരെ യഹോവ അനുഗ്രഹിക്കുമെന്നും യേശു പറഞ്ഞു. (മത്താ. 16:21-27) അങ്ങനെ പത്രോസ് അതിൽനിന്ന് പാഠം ഉൾക്കൊണ്ടു.—1 പത്രോ. 2:20, 21.
13, 14. (എ) കൗമാരത്തിലുള്ള നിങ്ങളുടെ മക്കൾ വിശ്വാസം ശക്തമാക്കേണ്ടത് ആവശ്യമാണെന്ന് എന്ത് സൂചിപ്പിച്ചേക്കാം? (ബി) നിങ്ങളുടെ മകനോ മകൾക്കോ യഥാർഥത്തിൽ എന്ത് സഹായമാണ് ആവശ്യമെന്ന് നിങ്ങൾക്ക് എങ്ങനെ കണ്ടെത്താം?
13 നിങ്ങളുടെ കൗമാരപ്രായത്തിലുള്ള മക്കൾക്ക് എന്ത് സഹായമാണ് ആവശ്യമായിരിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഉൾക്കാഴ്ചയ്ക്കായി പ്രാർഥിക്കുക. (സങ്കീ. 32:8) ചിലപ്പോഴൊക്കെ സാധാരണയിൽനിന്ന് വ്യത്യസ്തമായി അവർ സന്തോഷമില്ലാതെയിരിക്കുന്നത് നിങ്ങൾ കണ്ടേക്കാം. അല്ലെങ്കിൽ, സഹോദരങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുന്നത് നിങ്ങൾ കേട്ടേക്കാം. അപ്പോൾ നിങ്ങളോട് പറയാതെ എന്തോ അവർ ഒളിപ്പിച്ചുവെക്കുന്നതായി നിങ്ങൾക്ക് തോന്നാനിടയുണ്ട്. മക്കൾ രഹസ്യമായി ഏതോ മോശമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് പെട്ടെന്ന് നിങ്ങൾ നിഗമനം ചെയ്യരുത്.a എന്നാൽ അതങ്ങ് വിട്ടുകളയുകയോ തന്നെ നേരെയാകുമെന്ന് വിചാരിക്കുകയോ ചെയ്യരുത്. അവരുടെ വിശ്വാസം ശക്തമാക്കാൻ നിങ്ങൾ സഹായിക്കുകയാണ് വേണ്ടത്.
സഭയിൽ നല്ല കൂട്ടുകാരെ കണ്ടെത്താൻ നിങ്ങളുടെ കൗമാരക്കാരായ മക്കളെ സഹായിക്കുക (14-ാം ഖണ്ഡിക കാണുക)
14 കൗമാരപ്രായത്തിലുള്ള നിങ്ങളുടെ മക്കളെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുന്നതിന് അവരോട് ദയയോടും ആദരവോടും കൂടെ ചോദ്യങ്ങൾ ചോദിക്കുക. ഇത് കിണറ്റിൽനിന്ന് വെള്ളം കോരുന്നതുപോലെയാണ്. വളരെ വേഗത്തിലാണ് കോരുന്നതെങ്കിൽ നിങ്ങൾക്ക് ആവശ്യമായ വെള്ളം മുകളിൽ എത്തില്ല. സമാനമായി, ചോദ്യങ്ങൾ ചോദിക്കുമ്പോൾ നിങ്ങൾ അക്ഷമരാകുകയോ കൗമാരപ്രായക്കാരായ മക്കളെക്കൊണ്ട് നിർബന്ധിച്ച് സംസാരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ അവന്റെയോ അവളുടെയോ വികാരവിചാരങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയില്ല. (സദൃശവാക്യങ്ങൾ 20:5 വായിക്കുക.) കൗമാരത്തിലായിരുന്നപ്പോൾ സഹപാഠികളുമൊത്ത് ധാരാളം സമയം ചെലവഴിക്കാൻ ആഗ്രഹിച്ചിരുന്നതായി ഇലാരിയ ഓർക്കുന്നു. അത് തെറ്റാണെന്ന് അവൾക്ക് അറിയാമായിരുന്നു. അവൾ എന്തിനെയോ കുറിച്ച് ഉത്കണ്ഠപ്പെട്ടിരിക്കുകയാണെന്ന് മാതാപിതാക്കൾക്ക് മനസ്സിലായി. ഇലാരിയ പറയുന്നു: “ഞാൻ എന്തിനാണ് ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നതെന്ന് ഒരു ദിവസം വൈകുന്നേരം അവർ എന്നോട് ചോദിച്ചു. കുറച്ചു ദിവസമായി അവർ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നും പറഞ്ഞു. അത് കേട്ടതും ഞാൻ പൊട്ടിക്കരയാൻ തുടങ്ങി. പിന്നെ ഞാൻ അവരോട് കാര്യം പറഞ്ഞിട്ട് എന്നെ സഹായിക്കാമോ എന്നു ചോദിച്ചു. അവർ എന്നെ കെട്ടിപ്പിടിക്കുകയും, എന്റെ വികാരങ്ങൾ അവർക്ക് മനസ്സിലായി എന്നു പറയുകയും എന്നെ സഹായിക്കാം എന്ന് ഉറപ്പ് തരികയും ചെയ്തു.” അധികം വൈകാതെ, സഭയിൽനിന്നു നല്ല കൂട്ടുകാരെ കണ്ടുപിടിക്കാൻ ഇലാരിയയുടെ മാതാപിതാക്കൾ അവളെ സഹായിച്ചു.
15. യേശു ഉൾക്കാഴ്ച കാണിച്ച മറ്റൊരു വിധം ഏതായിരുന്നു?
15 ശിഷ്യന്മാരുടെ നല്ല ഗുണങ്ങൾ ശ്രദ്ധിച്ചപ്പോഴും യേശു ഉൾക്കാഴ്ച കാണിച്ചു. ഉദാഹരണത്തിന്, യേശു നസറെത്തിൽനിന്നുള്ളവനാണെന്ന് കേട്ടപ്പോൾ, “നസറെത്തിൽനിന്നു വല്ല നന്മയും വരുമോ?” എന്നാണ് നഥനയേൽ ചോദിച്ചത്. (യോഹ. 1:46) നിങ്ങൾ അവിടെയുണ്ടായിരുന്നെങ്കിൽ നഥനയേൽ ശുഭചിന്തയില്ലാത്ത ആളാണെന്നോ മുൻവിധിയുള്ളവനാണെന്നോ വിശ്വാസമില്ലാത്തവനാണെന്നോ ഒക്കെ ചിന്തിക്കുമായിരുന്നോ? എന്നാൽ യേശു അങ്ങനെയൊന്നുമല്ല ചിന്തിച്ചത്. അവന് ഉൾക്കാഴ്ചയുണ്ടായിരുന്നു. നഥനയേൽ സത്യസന്ധനാണെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ട് അവൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇതാ, സാക്ഷാൽ ഇസ്രായേല്യൻ; ഇവനിൽ ഒരു കാപട്യവും ഇല്ല.” (യോഹ. 1:47) യേശുവിന് ആളുകളുടെ ഹൃദയങ്ങൾ വായിക്കാൻ കഴിയുമായിരുന്നു. അവൻ ആ കഴിവ് ആളുകളിലെ നല്ല ഗുണങ്ങൾ കണ്ടെത്താൻ ഉപയോഗിച്ചു.
16. കൗമാരപ്രായത്തിലുള്ള മക്കളെ പുരോഗതി പ്രാപിക്കാൻ നിങ്ങൾക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാം?
16 യേശുവിനെപ്പോലെ മറ്റുള്ളവരുടെ ഹൃദയങ്ങൾ വായിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിലും ഉൾക്കാഴ്ചയുള്ളവരായിരിക്കാൻ നിങ്ങൾക്കാകും. നിങ്ങളുടെ കൗമാരപ്രായക്കാരായ മക്കളുടെ നല്ല ഗുണങ്ങൾ കണ്ടെത്താൻ യഹോവയ്ക്ക് നിങ്ങളെ സഹായിക്കാനാകും. മക്കൾ നിങ്ങളെ വിഷമിപ്പിച്ചാൽപ്പോലും അവനോ അവളോ ഒരു ചീത്ത വ്യക്തിയാണെന്നോ പ്രശ്നക്കാരനാണെന്നോ പറയരുത്. അത്തരത്തിൽ അവരെക്കുറിച്ച് ചിന്തിക്കാനും പാടില്ല. പകരം, അവരുടെ നല്ല ഗുണങ്ങൾ കാണാനാകുന്നുണ്ടെന്നും ശരിയായത് ചെയ്യാനാണ് അവർ ആഗ്രഹിക്കുന്നതെന്ന കാര്യം നിങ്ങൾക്ക് ഉറപ്പാണെന്നും അവരോട് പറയുക. പുരോഗതിവരുത്താൻ അവർ ചെയ്യുന്ന ശ്രമങ്ങൾ നിരീക്ഷിക്കുകയും അതിന് അവരെ അഭിനന്ദിക്കുകയും ചെയ്യുക. സാധ്യമാകുമ്പോഴെല്ലാം കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകിക്കൊണ്ട് ഇപ്പോൾത്തന്നെ അവർക്കുള്ള നല്ല ഗുണങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുക. ശിഷ്യന്മാരുടെ കാര്യത്തിൽ യേശു ഇങ്ങനെയാണ് ചെയ്തത്. നഥനയേലിനെ (ബർത്തൊലൊമായി എന്നും അറിയപ്പെടുന്നു.) കണ്ട് ഒന്നര വർഷം കഴിഞ്ഞപ്പോൾ യേശു അവന് ഒരു പ്രധാനപ്പെട്ട ഉത്തരവാദിത്വം കൊടുത്തു. അവൻ നഥനയേലിനെ ഒരു അപ്പൊസ്തലനായി നിയമിച്ചു. നഥനയേൽ ആ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിർവഹിക്കുകയും ചെയ്തു. (ലൂക്കോ. 6:13, 14; പ്രവൃ. 1:13, 14) കൗമാരപ്രായത്തിലുള്ള നിങ്ങളുടെ മക്കൾ ചെയ്യുന്ന ഒരു കാര്യവും ശരിയാകുന്നില്ലെന്ന തോന്നൽ അവരിൽ ഉളവാക്കുന്നതിനു പകരം അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുക. അവർക്ക് നിങ്ങളെയും യഹോവയെയും സന്തോഷിപ്പിക്കാനാകുമെന്നും അവരുടെ കഴിവുകൾ ഉപയോഗിച്ച് യഹോവയെ സേവിക്കാൻ കഴിയുമെന്നും ഉള്ള തോന്നൽ അവരിൽ ഉളവാക്കുക.
മക്കളെ പരിശീലിപ്പിക്കുന്നത് നിങ്ങൾക്ക് അതിയായ സന്തോഷം കൈവരുത്തും
17, 18. യഹോവയെ സേവിക്കുന്നതിനായി നിങ്ങളുടെ കൗമാരപ്രായത്തിലുള്ള മക്കളെ പരിശീലിപ്പിക്കുകയാണെങ്കിൽ ഫലം എന്തായിരിക്കും?
17 നിങ്ങൾക്ക് അപ്പൊസ്തലനായ പൗലോസിനെപ്പോലെ തോന്നിയേക്കാം. തനിക്ക് മക്കളെപ്പോലെയായിരുന്നവരെക്കുറിച്ച് അവൻ ഒരുപാട് ഉത്കണ്ഠപ്പെട്ടു. യഹോവയെക്കുറിച്ച് പഠിക്കാൻ അവൻ സഹായിച്ചത് ഇവരെയാണ്. അവൻ അവരെ അതിയായി സ്നേഹിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരിൽ ചിലർ യഹോവയെ സേവിക്കുന്നത് നിറുത്തിക്കളഞ്ഞേക്കാമെന്ന് ചിന്തിക്കാൻപോലും അവന് കഴിയില്ലായിരുന്നു. (1 കൊരി. 4:15; 2 കൊരി. 2:4) മൂന്നു മക്കളെ വളർത്തിയ വിക്ടർ പറയുന്നു: “അവരുടെ കൗമാരപ്രായം അത്ര എളുപ്പമല്ലായിരുന്നു. എന്നിരുന്നാലും ഞങ്ങൾ നേരിട്ട വെല്ലുവിളികളെ കടത്തിവെട്ടുന്നതായിരുന്നു ഞങ്ങൾക്കുണ്ടായ സന്തോഷം. യഹോവയുടെ സഹായത്താൽ ഞങ്ങൾക്ക് മക്കളുമായി ഒരു നല്ല സുഹൃദ്ബന്ധം ആസ്വദിക്കാൻ കഴിഞ്ഞു.”
18 മാതാപിതാക്കളേ, നിങ്ങൾ മക്കളെ അതിയായി സ്നേഹിക്കുന്നതുകൊണ്ട് അവരെ പരിശീലിപ്പിക്കാൻ നിങ്ങൾ ഇപ്പോൾത്തന്നെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. മടുത്ത് പിന്മാറരുത്. നിങ്ങളുടെ മക്കൾ യഹോവയെ സേവിക്കാൻ തീരുമാനിക്കുകയും അവനെ വിശ്വസ്തതയോടെ സേവിക്കുന്നതിൽ തുടരുകയും ചെയ്യുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന സന്തോഷം എത്രയായിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ!—3 യോഹ. 4.
a യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും (ഇംഗ്ലീഷ്), വാല്യം 1, പേജ് 317-ലെയും വാല്യം 2, പേജ് 136-141-ലെയും വിവരങ്ങൾ മാതാപിതാക്കൾ സഹായകമായി കണ്ടെത്തിയേക്കാം.