എല്ലായ്പോഴും ധാരാളം ചെയ്യാനുണ്ട്
1 യഹോവയുടെ ജനം തിരക്കുളള ജനമാണ്. നമ്മുടെ കുടുംബത്തോടും തൊഴിലിനോടും സ്കൂളിനോടുമുളള ബന്ധത്തിൽ നമുക്കു പല ഉത്തരവാദിത്വങ്ങളും ഉണ്ട്. അതിലെല്ലാമുപരിയായി “കർത്താവിന്റെ വേലയിൽ എല്ലായ്പോഴും ധാരാളം ചെയ്യാനു”ണ്ട്. (1 കൊരി. 15:58, NW) വാരംതോറുമുളള സഭായോഗങ്ങൾക്കു തയ്യാറാകുകയും പങ്കുപററുകയും ചെയ്യേണ്ടതുണ്ട്. വയൽസേവനത്തിൽ എന്തെങ്കിലും ഒരു പങ്കില്ലാതെ ഒരു വാരവും കടന്നുപോകാൻ അനുവദിക്കാതിരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. വ്യക്തിപരവും കുടുംബപരവുമായ ബൈബിളധ്യയനത്തിനുവേണ്ടി വേണ്ടത്ര സമയം ക്രമമായി നീക്കിവെക്കേണ്ടതുണ്ട്. മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും സഭാപരമായ പല നിയമനങ്ങളും ഉണ്ട്. സഹായം ആവശ്യമുളളവരെ സഹായിക്കാൻ ചിലപ്പോൾ നമ്മോട് ആവശ്യപ്പെടാറുണ്ട്.
2 ചിലപ്പോഴൊക്കെ, വളരെയേറെക്കാര്യങ്ങൾ ചെയ്യാനുളളതിനാൽ നമ്മിൽ പലരും അസ്വസ്ഥരായേക്കാം. എന്നിരുന്നാലും, സമനിലയും ഉചിതമായ ഗ്രാഹ്യവും നിലനിർത്തുന്നുവെങ്കിൽ ഏററവും തിരക്കുളളവർക്ക് ഏററവും സന്തുഷ്ടരായിരിക്കാൻ കഴിയും.—സഭാ. 3:12, 13.
3 ധാരാളം ചെയ്യാനുണ്ടായിരുന്ന ഒരുവനായിരുന്നു അപ്പോസ്തലനായ പൗലോസ്. ലൗകിക തൊഴിലായ കൂടാരപ്പണി ചെയ്തുകൊണ്ട് തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി കരുതുമ്പോൾതന്നെ, മററ് അപ്പോസ്തലൻമാരെക്കാളധികമായി അവൻ അധ്വാനിച്ചു. പരസ്യമായും വീടുതോറും പ്രസംഗിച്ചുകൊണ്ട് ഒരു സുവിശേഷകനെന്നനിലയിൽ അവൻ അക്ഷീണം പ്രവർത്തിച്ചു. അതേസമയം ആട്ടിൻകൂട്ടത്തിന്റെ ഇടയനെന്നനിലയിലുളള തന്റെ ഉത്തരവാദിത്വങ്ങളെ അവൻ അവഗണിച്ചതുമില്ല. (പ്രവൃ. 20:20, 21, 31, 34, 35) തിരക്കേറിയ ഒരു പട്ടിക ഉണ്ടായിരുന്നിട്ടും യഹോവയുടെ സേവനത്തിൽ ധാരാളം ചെയ്യുന്നതിനു പൗലോസ് ഉത്സാഹമുളളവനായിരുന്നു.—താരതമ്യം ചെയ്യുക: റോമർ 1:13-15.
4 ശക്തിക്കായി യഹോവയിൽ ആശ്രയിച്ചുകൊണ്ട് പൗലോസ് സമനിലയും ഒരു സന്തുഷ്ട ഹൃദയവും നിലനിർത്തി. തന്റെ ശുശ്രൂഷ പ്രതിഫലദായകവും സംതൃപ്തിദായകവുമാണെന്ന് അവൻ കണ്ടെത്തി. (ഫിലി. 4:13) തന്റെ വേല ദൈവം മറന്നുകളയുകയില്ലെന്ന് അവന് അറിയാമായിരുന്നു. (എബ്രാ. 6:10) യഹോവയെ അറിയാൻ മററുളളവരെ സഹായിക്കുന്നതിലുളള സന്തോഷം കൂടുതൽ ചെയ്യാൻ അവനെ പ്രചോദിപ്പിച്ചു. (1 തെസ്സ. 2:19, 20) തന്റെ ബൈബിളധിഷ്ഠിത പ്രത്യാശ സംബന്ധിച്ച ഉറപ്പ് പ്രയത്നശീലനായി തുടരാൻ അവനെ പ്രേരിപ്പിച്ചു.—എബ്രാ. 6:11.
5 നമ്മുടെ വേലയുടെ സൽഫലങ്ങളും നാം പരിഗണിക്കേണ്ടതുണ്ട്. വാരംതോറുമുളള യോഗങ്ങൾക്കു നാം ഹാജരാകുന്നതും പങ്കുപററുന്നതും മററുളളവരെ കെട്ടുപണിചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (എബ്രാ. 10:24, 25) സുവാർത്ത എല്ലാവരിലും എത്തിക്കുന്നതിനുളള നമ്മുടെ ആത്മാർഥ ശ്രമം താത്പര്യം നട്ടുവളർത്തുന്നതിനും പുതിയവർ നമ്മോടൊത്തു സഹവസിക്കുന്നതിനും ഇടയാക്കുന്നു. അങ്ങനെ സഭയുടെ പുരോഗതിക്ക് അതു സംഭാവനചെയ്യുന്നു. (യോഹ. 15:8) സഹായം ആവശ്യമുളളവർക്ക് അതു നൽകുന്നത് സഭയിൽ ഒരു ഉററ, കുടുംബസമാന ആത്മാവുണ്ടായിരിക്കാൻ സഹായിക്കുന്നു. (യാക്കോ. 1:27) കൂടാതെ, പൗലോസിനെപ്പോലെ, പ്രയോജനകരമായ കാര്യങ്ങളിൽ തിരക്കുളളവരായിരിക്കുന്നതു യഹോവയാം ദൈവത്തെ അത്യധികം സന്തുഷ്ടനാക്കുന്നുവെന്ന് നാം ഒരിക്കലും മറക്കരുത്. അവനെ സേവിക്കുന്നത് ഒരു മഹത്തായ പദവിയായി നാം കരുതുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ഇതിനെക്കാൾ മെച്ചമായ ഒരു ജീവിതരീതിയില്ല!
6 ധാരാളം ചെയ്യാനുണ്ടായിരിക്കുന്നതിൽ കൂടുതലായ മറെറാരു പ്രയോജനംകൂടിയുണ്ട്. ആരോഗ്യാവഹമായ ആത്മീയ ദിനചര്യ പിൻപററുന്നതിൽ നാം തിരക്കുളളവരായിരിക്കുമ്പോൾ സമയം പെട്ടെന്നു കടന്നുപോകുന്നതായി തോന്നുന്നു. കടന്നുപോകുന്ന ഓരോ ദിവസവും നമ്മെ പുതിയലോകത്തോടു കൂടുതൽ അടുപ്പിക്കുന്നു എന്നു തിരിച്ചറിയുന്നതിനാൽ, ഇപ്പോൾ ആസ്വദിക്കുന്ന തിരക്കേറിയതും ഉദ്ദേശ്യപൂർണവുമായ ജീവിതം നാം സന്തോഷപൂർവം സ്വീകരിക്കുന്നു. വ്യർഥമായ ലൗകിക അനുധാവനങ്ങൾക്കു നമുക്ക് ഏറെ സമയം ഉണ്ടായിരിക്കാത്തതിനാൽ തിരക്കുളളവരായിരിക്കുന്നതിന്റെ ജ്ഞാനവും നാം തിരിച്ചറിയുന്നു.—എഫെ. 5:15, 16.
7 തീർച്ചയായും കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ട്. എന്നാൽ നമ്മുടെ സേവനത്തെ നവോൻമേഷപ്രദവും പ്രതിഫലദായകവും ആക്കുന്ന യഹോവയാം ദൈവത്തിലും യേശുക്രിസ്തുവിലും ആശ്രയിക്കുന്നതിൽ തുടരുന്നെങ്കിൽ നമുക്കു സന്തുഷ്ടരായി നിലനിൽക്കാൻ കഴിയും.—മത്താ. 11:28-30; 1 യോഹ. 5:3.