നിങ്ങളുടെ സമയം നന്നായി പ്രയോജനപ്പെടുത്തുക
1 യഹോവ സമയത്തെപ്പറ്റി ബോധമുള്ളവനാണ്. നാമും സമയത്തെപ്പറ്റി ബോധമുള്ളവരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. സമയ ബോധമുള്ളവരായിരിക്കാൻ തന്റെ സ്ഥാപനത്തിലൂടെ അവൻ നമ്മെ സഹായിക്കുന്നു. “കർത്താവിന്റെ വേലയിൽ എപ്പോഴും ധാരാളം ചെയ്യാനുള്ളവ”രായിരിക്കാൻ നാം പ്രേരിതരാക്കപ്പെട്ടിരിക്കുന്നു. (1 കൊരി. 15:58, NW) ഈ വിധത്തിൽ നമുക്ക് യഹോവയുടെ സേവനത്തിൽ കൂടുതൽ ഫലപ്രദരായിരിക്കാൻ കഴിയും.
2 നമുക്കോരോരുത്തർക്കും ആഴ്ചയിൽ തുല്യ സമയമാണുള്ളത്—168 മണിക്കൂർ. നാം നമ്മുടെ സമയത്തെ എത്ര നന്നായി ഉപയോഗിക്കുന്നു? യഹോവയുടെ നിലപാടിൽനിന്നു നോക്കുമ്പോൾ നാം ഏതു സമയത്താണു ജീവിക്കുന്നതെന്നു നമുക്കു നന്നായി അറിയാമെന്നു നാം പ്രകടിപ്പിക്കുന്നുണ്ടോ? അത്ര അത്യാവശ്യമൊന്നുമില്ലാത്ത പ്രവർത്തനങ്ങളാൽ നാം ശ്രദ്ധാശൈഥില്യം ഉള്ളവരായിത്തീരുന്നുണ്ടോ?
3 നാം സുസംഘടിതരായിരിക്കേണ്ടതു പ്രധാനമാണ്. അനേകരും ഒരു മുൻഗണനാ പട്ടിക ഉണ്ടായിരിക്കാൻ ശ്രമിക്കുന്നു. ഓരോ കാര്യങ്ങൾക്കും അതിന്റേതായ പ്രാധാന്യമനുസരിച്ച് പട്ടികയിൽ സ്ഥാനം നൽകുന്നു. അതെങ്ങനെ നിർണയിക്കാനാവും? “ഏതു മനുഷ്യനും . . . സകലപ്രയത്നം കൊണ്ടും സുഖം അനുഭവിക്ക”ണമെന്നു ബൈബിൾ പറയുന്നു. (സഭാ. 3:13) ചില വേലകൾ മറ്റുചിലതിനെക്കാൾ നല്ല ഫലങ്ങൾ കൈവരുത്തുന്നു. അവ ഓരോന്നും കൈവരുത്തുന്ന ഫലങ്ങൾ പരിചിന്തിക്കുക. ഒരു വേല ചെയ്തുതീർക്കുന്നതു ശ്രദ്ധേയമായ പ്രയോജനം കൈവരുത്തുമോ? നിങ്ങളുടെ വേലയുടെ “സുഖം” നിങ്ങൾ അനുഭവിച്ചറിയുമോ? ഇല്ലായെങ്കിൽ അത് അത്ര മുൻതൂക്കമുള്ള കാര്യമായിരിക്കില്ല.
4 നമ്മുടെ ശുശ്രൂഷയിൽ: വയൽസേവന യോഗങ്ങളിൽ മറ്റുള്ളവർ കൃത്യസമയത്തു വന്നെത്തുകയും അവിടെ നൽകപ്പെടുന്ന നിർദേശങ്ങൾ ശ്രദ്ധിച്ചു കേൾക്കുകയും യഥാസമയം പ്രദേശത്തേക്കു പുറപ്പെടുകയും ചെയ്യുന്നതു നാം വിലമതിക്കുന്നു. മറ്റുള്ളവർക്കുവേണ്ടി കാത്തുനിൽക്കുന്നതിനു പകരം നമുക്കു പ്രസംഗവേലയിൽ തിരക്കുള്ളവരായിരിക്കാൻ കഴിയും. “സകലവും ഉചിതമായും ക്രമമായും നടക്കട്ടെ” എന്നു പൗലോസ് എഴുതിയപ്പോൾ നല്ല ക്രമത്തിന്റെ ആവശ്യകതയെപ്പറ്റി അവനു നല്ല ബോധ്യം ഉണ്ടായിരുന്നുവെന്നതു സ്പഷ്ടമാണ്.—1 കൊരി. 14:40.
5 നാം വയൽസേവനത്തിലായിരിക്കുമ്പോൾ ലഘുഭക്ഷണത്തിനും വിശ്രമത്തിനുമായി നമ്മുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയേക്കാം. എന്നിരുന്നാലും, കാലാവസ്ഥ തീരെ മോശമാണെങ്കിൽ അൽപ്പ സമയം വിശ്രമിക്കുന്നതു വേല തുടരുന്നതിനു നമുക്കു സഹായകമാകും. എന്നുവരികിലും, ശുശ്രൂഷക്കായി മാറ്റിവച്ചിരിക്കുന്ന സമയത്ത് ചായകുടിച്ചുകൊണ്ടു സഹോദരങ്ങളുമായി സല്ലപിക്കുന്നതിനു പകരം അനേകം സഹോദരങ്ങൾ ആളുകൾക്കു സാക്ഷ്യം നൽകുന്നതിൽ തിരക്കുള്ളവരായിരിക്കാൻ താത്പര്യപ്പെടുന്നു. സമചിത്തതയുടെ ആവശ്യമുണ്ട്.
6 “പെരുഞാറ” ദേശാടനത്തിനുള്ള “തന്റെ കാലം അറിയുന്നു,” ഉറുമ്പ് ശൈത്യകാലത്തേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി “വേനൽക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു” എന്നു ബൈബിൾ പറയുന്നു. (യിരെ. 8:7; സദൃ. 6:6-8) സമയം നന്നായി പ്രയോജനപ്പെടുത്തുന്നതിന്റെ രഹസ്യമതാണ്. ‘നമ്മുടെ കാലപരിധി’ സംബന്ധിച്ചു നാമും ബോധമുള്ളവരായിരിക്കണം. തീരെ വഴക്കമില്ലാത്തവരായിരിക്കാതെ നാം സമയ ബോധമുള്ളവരായിരിക്കണം. എന്തു ചെയ്യണമെന്നു മാത്രമല്ല എപ്പോൾ ചെയ്യണമെന്നും നാം അറിഞ്ഞിരിക്കണം. കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും സാധ്യതയുള്ള കാലതാമസ്സങ്ങൾക്കു സമയം മാറ്റിവെക്കുകയും ചെയ്യുന്ന സ്വഭാവം നമുക്കുണ്ടായിരിക്കണം. യോഗങ്ങൾക്കു തയ്യാറാകൽ, വയൽസേവനം, മറ്റു ദിവ്യാധിപത്യ പ്രവർത്തനങ്ങൾ എന്നിങ്ങനെ കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്താൻ ചില സംഗതികൾ വെട്ടിച്ചുരുക്കുന്നതിനു നാം മനസ്സൊരുക്കമുള്ളവരായിരിക്കണം.
7 “എല്ലാറ്റിന്നും ഒരു സമയമുണ്ടു” എന്നു പഠിപ്പിക്കുന്ന നമ്മുടെ സ്വർഗീയ പിതാവിനെപ്പോലെയായിരിക്കാൻ നാം ആഗ്രഹിക്കുന്നു. (സഭാ. 3:1) നമ്മുടെ സമയം നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട് നമുക്ക് ‘നമ്മുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കാ’നാകും.—2 തിമൊ. 4:5.