എനിക്ക് ഒരു ശ്രദ്ധിക്കുന്ന കാത് എങ്ങനെ ലഭിക്കും?
1 ഫിലിപ്പൈ നഗരത്തിൽ “. . . രക്താംബരം വില്ക്കുന്നവളുമായി ലുദിയാ എന്നു പേരുള്ള . . . സ്ത്രീ കേട്ടുകൊണ്ടിരുന്നു [“ശ്രദ്ധിച്ചുകൊണ്ടിരുന്നു”, NW]. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു.” (പ്രവൃ. 16:14) ഈ രേഖ നമ്മെ എന്തു പഠിപ്പിക്കുന്നു? ഒരു വ്യക്തി സത്യം പഠിക്കുന്നതിനുള്ള വാതിൽ തുറക്കുന്നതു ശ്രദ്ധിക്കുന്നതിലൂടെയാണ് എന്ന്. രാജ്യസന്ദേശം പങ്കുവെക്കുന്നതിലെ നമ്മുടെ വിജയം പ്രാഥമികമായി ശ്രദ്ധിക്കുന്നതിനുള്ള വീട്ടുകാരന്റെ മനസ്സൊരുക്കത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ശ്രദ്ധിക്കുന്ന ഒരു കാതു ലഭിച്ചു കഴിഞ്ഞാൽ പിന്നെ നമ്മുടെ ദൂത് അവതരിപ്പിക്കുക താരതമ്യേന എളുപ്പമാണ്. എന്നാൽ ശ്രദ്ധിക്കുന്ന ആരെയെങ്കിലും ലഭിക്കുന്നത് ഒരു വെല്ലുവിളിയാണ്. നമുക്കെന്തു ചെയ്യാൻ കഴിയും?
2 സേവനത്തിൽ പങ്കെടുക്കുന്നതിനു മുമ്പു തന്നെ നാം നമ്മുടെ ബാഹ്യാകാരത്തിനും നാം ഉപയോഗിക്കാൻ പോകുന്ന ഉപകരണങ്ങൾക്കും ശ്രദ്ധ നൽകണം. എന്തുകൊണ്ട്? മാന്യമായ രീതിയിൽ പ്രത്യക്ഷപ്പെടുന്ന ഒരാളെ ശ്രദ്ധിക്കാൻ ആളുകൾ കൂടുതൽ ചായ്വുള്ളവരാണ്. നാം അഭിരുചിക്കു ചേർച്ചയിൽ എന്നാൽ വിനയത്തോടെ വസ്ത്രധാരണം ചെയ്തിട്ടുണ്ടോ? അശ്രദ്ധമായ വസ്ത്രധാരണം ലോകക്കാരുടെ ഇടയിൽ വളരെ ജനരഞ്ജകമാണെങ്കിലും നാം അത്തരം രീതി ഒഴിവാക്കുന്നു, കാരണം ദൈവരാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന ശുശ്രൂഷകരാണു നാം. നമ്മുടെ ശുദ്ധവും വൃത്തിയുള്ളതുമായ ബാഹ്യാകാരം നാം പ്രസംഗിക്കുന്ന രാജ്യസന്ദേശത്തിന് അനുകൂലമായ സാക്ഷ്യം നൽകുന്നു.
3 സൗഹൃദമുള്ളവരും ആദരണീയരുമായിരിക്കുക: ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന മനോഭാവങ്ങൾക്കിടയിലും അനേകർക്കും ബൈബിളിനോട് ആദരവുണ്ട്. ബൈബിളിൽ ഉൾക്കൊള്ളുന്ന കാര്യങ്ങളെക്കുറിച്ചുള്ള ആദരപൂർവവും സൗഹാർദപരവുമായ സംഭാഷണത്തോട് അവർ അനുകൂലമായി പ്രതികരിക്കുകയും ചെയ്യും. ഊഷ്മളവും ആത്മാർഥവുമായ ഒരു പുഞ്ചിരി വീട്ടുകാരനെ ആയാസരഹിതനാക്കുകയും ആസ്വാദ്യകരമായ ഒരു ചർച്ചക്കുള്ള അവസരം ഒരുക്കുകയും ചെയ്യുന്നു. നമ്മുടെ ആത്മാർഥതയും നല്ല പെരുമാറ്റരീതികളും നമ്മുടെ സംസാരത്തിലും നടത്തയിലും പ്രതിഫലിക്കണം. വീട്ടുകാരന്റെ വീക്ഷണങ്ങളെ ആദരപൂർവം ശ്രദ്ധിക്കുന്നതും അതിൽ ഉൾപ്പെടുന്നു.
4 മറ്റുള്ളവരുമായി ബൈബിളിന്റെ പ്രത്യാശ പങ്കുവെക്കുകയാണു നമ്മുടെ ഉദ്ദേശ്യം. ഇതു മനസ്സിൽവച്ചുകൊണ്ട് നമ്മുടെ സംഭാഷണം ആകർഷകവും നയപൂർവകവും ആണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കണം, പ്രതികൂലമോ വെല്ലുവിളിപരമോ ആയിരിക്കരുത്. വ്യക്തമായും എതിർപ്പു പ്രകടമാക്കുന്ന ഒരാളുമായി വാഗ്വാദം ചെയ്തുകൊണ്ടു സമയം പാഴാക്കേണ്ടതില്ല. വാദിച്ചു ജയിക്കുകയോ നമ്മുടെ വേല ഇഷ്ടപ്പെടാത്തവരുടെമേൽ നമ്മുടെ വിശ്വാസം അടിച്ചേൽപ്പിക്കുകയോ ചെയ്യുക എന്നതല്ല നമ്മുടെ ലക്ഷ്യം. (2 തിമൊ. 2:23-25) നമ്മുടെ രാജ്യ ശുശ്രൂഷയിലും ന്യായവാദം പുസ്തകത്തിലും നമുക്കുവേണ്ടി പ്രദാനംചെയ്തിരിക്കുന്ന പ്രോത്സാഹജനകവും കാലോചിതവുമായ വ്യത്യസ്ത അവതരണങ്ങളിൽനിന്നും നമുക്കു തിരഞ്ഞെടുക്കാൻ കഴിയും. തീർച്ചയായും ഊഷ്മളമായും ബോധ്യം വരുത്തുന്ന വിധത്തിലും സംസാരിക്കാൻ കഴിയേണ്ടതിന് നാം ഇതു നന്നായി തയ്യാറാകേണ്ടതുണ്ട്.—1 പത്രൊ. 3:15.
5 നമ്മുടെ പ്രഥമ സന്ദർശനത്തിനുശേഷം നാം പറഞ്ഞ കാര്യങ്ങൾ കൃത്യമായി ഓർത്തിരിക്കാൻ ചുരുക്കം വീട്ടുകാർക്കേ കഴിയൂ. എന്നിരുന്നാലും നാം സംസാരിച്ച രീതി മിക്കവാറും എല്ലാവരും തന്നെ ഓർത്തിരിക്കും. നന്മയുടെയും ദയയുടെയും ശക്തി നാം ഒരിക്കലും താഴ്ത്തിമതിക്കരുത്. ഒന്നാം നൂറ്റാണ്ടിലെ ലുദിയയെപ്പോലെ നമ്മുടെ പ്രദേശത്തും തീർച്ചയായും സത്യത്തിനു ശ്രദ്ധിക്കുന്ന കാതു നൽകുന്ന ചെമ്മരിയാടു തുല്യരായവർ ധാരാളം ഉണ്ട്. നമ്മുടെ ബാഹ്യാകാരത്തിനും നമ്മുടെ സംസാരരീതിക്കും സൂക്ഷ്മ ശ്രദ്ധ നൽകുന്നത് ആത്മാർഥഹൃദയരായവരെ ദൈവവചനം ശ്രദ്ധിക്കുന്നതിനും അത് അനുകൂലമായി കൈക്കൊള്ളുന്നതിനും പ്രോത്സാഹിപ്പിക്കും.—മർക്കൊ. 4:20.