കുറഞ്ഞ സമയംകൊണ്ട് കൂടുതൽ ചെയ്യുന്നവിധം
‘സമയം എവിടെ പോയി?’എത്ര കൂടെക്കൂടെ നിങ്ങൾ ആ ചോദ്യം ചോദിച്ചിട്ടുണ്ട്? നിങ്ങൾ മിക്കവരെയുംപോലെയാണെങ്കിൽ, നിങ്ങൾ ഓർക്കുന്നതിനെക്കാൾ കൂടുതൽ പ്രാവശ്യം അതു ചോദിച്ചിരിക്കാനിടയുണ്ട്.
ഒരു സ്ത്രീയുടെ വീക്ഷണത്തിലാണ് ചുവടെ ചേർത്തിരിക്കുന്ന നിർദ്ദേശങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ സ്ത്രീകൾക്കും പുരുഷൻമാർക്കും ഓരോ വാരത്തിലും ലഭ്യമായ സമയത്തിന്റെ ഒരേ അളവുള്ളതിനാൽ ‘എനിക്ക് ലഭ്യമായ സമയത്തിൽനിന്ന് എനിക്ക് എങ്ങനെ കൂടുതൽ പ്രയോജനമനുഭവിക്കാൻകഴിയും?’ എന്ന ചോദ്യം പുരുഷൻമാരും സ്ത്രീകളും ഉത്തരം കിട്ടാൻ ആഗ്രഹിക്കുന്ന ഒന്നാണ്.
മുൻഗണനകൾ സ്ഥാപിക്കുക
ജീവിതത്തിലെ ഓരോ പ്രവർത്തനത്തിനും സമയമാവശ്യമാകയാൽ, സ്വാഭാവികമായി മററുള്ളവയെ അപേക്ഷിച്ച് മുൻഗണനയുള്ള ചില കാര്യങ്ങളുണ്ട്. ദൃഷ്ടാന്തത്തിന്, തണുത്ത ഒരു വർഷകാല പ്രഭാതത്തിൽ, ഒരു മാതാവ് തന്റെ ചൂടുള്ള കിടക്കയിൽ കൂടുതൽ സമയം കഴിയാനല്ലാതെ മറെറാന്നും ആഗ്രഹിക്കാതിരുന്നേക്കാം. എന്നാൽ പ്രഭാതഭക്ഷണം തയ്യാറാക്കാനും തന്റെ ഭർത്താവിനെ ജോലിക്കും കുട്ടികളെ സ്കൂളിലേക്കും അയക്കുന്നതിനുള്ള സമയമായെന്ന് ക്ലോക്ക് സൂചന നൽകുന്നു.
നിങ്ങളുടെ ഭവനം നന്നായി പ്രവർത്തിക്കുന്നതിനും മുൻഗണനകൾ വെക്കേണ്ടതുണ്ട്. ഭക്ഷണം വാങ്ങാൻ കടയിൽ പോകുന്നതിന് ഒരു സമയവും അതു പാചകംചെയ്യുന്നതിന് ഒരു സമയവുമുണ്ട്; വീടുവൃത്തിയാക്കുന്നതിന് ഒരു സമയവും വസ്ത്രമലക്കുന്നതിന് ഒരു സമയവുമുണ്ട്; വിശ്രമിക്കുന്നതിന് ഒരു സമയവും പഠിക്കുന്നതിന് ഒരു സമയവുമുണ്ട്; കുട്ടികളുടെ ഗൃഹപാഠത്തിനും വീട്ടുജോലികൾക്കും മേൽനോട്ടം വഹിക്കുന്നതിനും ഒരു സമയമുണ്ട്—അങ്ങനെ പട്ടിക നീളുകയാണ്.
നിങ്ങൾ ഭവനത്തിനു പുറത്ത് ജോലി ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ, നിർവഹിക്കേണ്ട കർത്തവ്യങ്ങൾ കൂടുന്നതിനാൽ സമയം പൂർവാധികം വിലയേറിയതായിത്തീരുന്നു. നിങ്ങൾക്ക് അത് പാഴാക്കിക്കളയാൻ നിർവാഹമില്ല, നിങ്ങൾക്ക് എല്ലായ്പ്പോഴും കാര്യങ്ങൾ മറെറാരു ദിവസത്തേക്ക് മാററിവെക്കാനും കഴികയില്ല. അതുകൊണ്ടാണ് വേല ചെയ്തുതീർക്കുന്നതിന് ഒരു പട്ടിക തികച്ചും ആവശ്യമാണെന്ന് അനേകം സ്ത്രീകൾ സമ്മതിക്കുന്നത്.
“ഒരു പട്ടിക കൂടാതെ ഓരോ ദിവസത്തേക്കുമുള്ള എന്റെ ലാക്കുകൾ എനിക്ക് നിറവേററാൻ കഴിയില്ല” എന്ന് 2 മുതൽ 15 വരെ വയസ്സുള്ള ആറു കുട്ടികളുടെ മാതാവായ ജോസഫീൻ പറയുന്നു. മൂന്നു മക്കളുള്ള സാന്ദ്രാ വാരത്തിൽ 25 മണിക്കൂർ ഭവനത്തിനു പുറത്ത് ജോലിചെയ്യുന്നു, “എന്തിന് എനിക്ക് ഒരു പട്ടികയില്ലെങ്കിൽ, എനിക്ക് ഭ്രാന്തുപിടിക്കുമെന്ന് ഞാൻ വിചാരിക്കുന്നു.”
കൂടാതെ, നിങ്ങളുടെ മുൻഗണനകൾ നിസ്സംശയമായി നിങ്ങൾ സമയത്തിനുതന്നെ കൊടുക്കുന്ന മൂല്യത്താലാണ് സ്ഥാപിക്കപ്പെടുന്നത്. ലോളായിക്ക് സമയം മൂല്യവത്താണ്. അവൾക്ക് ഭർത്താവിനെ ശുശ്രൂഷിക്കേണ്ടതുണ്ട്. അവൾക്ക് ഓരോ മാസവും തന്റെ ബൈബിളദ്ധ്യയനവേലക്ക് 90 മുതൽ 100 വരെ മണിക്കൂർ വിനിയോഗിക്കേണ്ടതുണ്ട്. അവൾ പ്രസ്താവിക്കുന്നു: “സമയം എനിക്ക് വളരെ പ്രധാനമാണ്. ആളുകൾ കാത്തുനിൽക്കാനിടയാക്കാതിരിക്കുന്നത് ഉചിതം മാത്രമാണെന്ന് ഞാൻ വിചാരിക്കുന്നു. അലസരായിരിക്കാവുന്നവർ ഞാൻ സമയത്തിന് ഉയർന്ന മൂല്യം കല്പിക്കുന്നുവെന്ന് കാണുമ്പോൾ അവർ എന്റെ സമയത്തെ കൂടുതൽ ആദരിക്കാൻ പ്രവണതകാട്ടുന്നു.”
ജോലികൾ ക്രമീകരിക്കുക
ചില സ്ത്രീകൾ തങ്ങളുടെ ജോലി ഒരിക്കലും ചെയ്തുതീർക്കുന്നതായി തോന്നാത്തതെന്തുകൊണ്ട്? ചിലർ എല്ലായ്പ്പോഴും സമയക്കുറവിനെക്കുറിച്ച് പരാതിപ്പെടുന്നതെന്തുകൊണ്ട്? ഒരു കാരണം അവർ തങ്ങളുടെ ജോലി ക്രമീകരിക്കേണ്ടയിരിക്കുന്നു എന്നതായിരിക്കുമോ? കഴിഞ്ഞ തലമുറകളിൽ തുണിയലക്കുന്നതിന് സ്ത്രീകൾക്ക് ഒരു മുഴു ദിവസവവും വേണമായിരുന്നു, ഇസ്തിരിയിടാൻ രണ്ടാമതൊരു ദിവസവും. അതേസമയം അവർ ദിവസവും ഷോപ്പിംഗ് നടത്തുകയും പാചകംചെയ്യുകയും ചെയ്തു. എന്നിരുന്നാലും, ഇന്ന് മിക്ക രാജ്യങ്ങളിലും ഒരു സ്ത്രീക്ക്, ക്രമീകൃതയാണെങ്കിൽ വീടുവൃത്തിയാക്കാനും വസ്ത്രങ്ങൾ അലക്കി ഉണക്കിയെടുക്കാനും അതേസമയം പാചകംചെയ്യാനും കഴിയും. ആധുനിക സൗകര്യങ്ങൾ ഭവനത്തിനു പുറത്തു ജോലിചെയ്യാനും അപ്പോഴും കുടുംബാവശ്യങ്ങളിൽ ശ്രദ്ധിക്കാനും അനേകം സ്ത്രീകളെ സ്വതന്ത്രരാക്കിയിട്ടുണ്ട്.
എന്നാൽ വീടിനു പുറത്ത് ചെലവഴിക്കുന്ന സമയത്തെക്കുറിച്ചെന്ത്? ജോലിക്ക് യഥാർത്ഥത്തിൽ ചെലവഴിക്കുന്ന സമയത്തിനു പുറമേ അതിന്റെ നല്ല ഒരു ഭാഗം അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രക്കും ഡോക്ടർമാരുടെയും ദന്തവൈദ്യൻമാരുടെയും ഓഫീസുകളിലും മററുള്ളടങ്ങളിലും കാത്തുനിന്ന് ചെലവഴിക്കുന്നു. ഈ സമയത്തിലധികവും ഉപയോഗപ്പെടുത്താൻകഴിയുമോ? ദൃഷ്ടാന്തത്തിന്, നിങ്ങൾ തുന്നുകയോ കൗതുകത്തുന്നൽ നടത്തുകയോ സൂചിമുനപ്പാടുകൊണ്ടുള്ള അലങ്കാരത്തുന്നൽപ്പണി നടത്തുകയോ എംബ്രോയിഡർ നടത്തുകയോ ചെയ്യുന്നുണ്ടോ? നിങ്ങൾക്ക് ഈ താലന്തുകളിൽ ചിലത് പ്രയോഗിക്കാൻ അങ്ങനെയുള്ള സമയങ്ങളിലും സ്ഥലങ്ങളിലും സമയം പട്ടികപ്പെടുത്താമോ? അനേകം സ്ത്രീകൾ വായിക്കുകയും ഷോപ്പിംഗ് ലിസ്ററുകളുണ്ടാക്കുകയും എഴുത്തുകൾ എഴുതുകയുംചെയ്യുന്നു. യഥാർത്ഥത്തിൽ, നിങ്ങൾ അടുത്ത പ്രാവശ്യം ടിവി കാണാൻ ഇരിക്കുമ്പോൾ കുറെ തയ്യൽ നടത്തുകയോ കുടുംബങ്ങൾക്കുവേണ്ടി ചിലതു ഉണ്ടാക്കുകയും ചെയ്യാൻ പാടില്ലേ? അവർ കടകളിൽനിന്ന് വാങ്ങുന്നതിനെക്കാൾ അവയെ വിലമതിച്ചേക്കാം. നിങ്ങൾക്ക് സമയം പാഴാക്കാത്തതിന്റെ സ്പർശനീയമായ തെളിവുമുണ്ടായിരിക്കും!
എന്നിരുന്നാലും, സംഗതിക്ക് മറെറാരു വശവുമുണ്ട്. ഒരോ മിനിററും ചൂഷണംചെയ്യാൻ ശ്രമിച്ചുകൊണ്ട് വളരെ കർക്കശനാകുന്നത് ഒരുവൻ ഒഴിവാക്കണം. നിങ്ങൾക്ക് സമയത്തിന്റെ ഒരു അടിമയാകാൻ കഴിയും, അതു നിങ്ങളുടെ സമയം കവർന്നുകളയും. താൻ ചെയ്തതിനെക്കുറിച്ച് ശാന്തമായിരുന്ന് വിചിന്തനംചെയ്യാൻ ഒരുവൻ ആഗ്രഹിക്കുന്ന സമയങ്ങളുണ്ട്. അങ്ങനെയുള്ള നിമിഷങ്ങൾക്ക് തീർച്ചയായും വിലയേറിയതായിരിക്കാൻ കഴിയും!
പണം ലാഭിക്കുന്ന സംഗതിയിൽ ഇതേ തത്വം ബാധകമാകും. സമനില ആവശ്യമാണ്. എതാനും ചില പൈസാകൾ ലാഭിക്കാൻ നിങ്ങൾ പട്ടണം മുഴുവൻ കാറോടിച്ചുപോയേക്കാം, അങ്ങനെ ചെയ്യുമ്പോൾ കൂടുതൽ സമയവും പെട്രോളും ചെലവിടുകമാത്രമാണ് ചെയ്യുന്നത്. തീർച്ചയായും നിങ്ങൾ കർശനമായ ഒരു ബജററിലാണെങ്കിൽ, ലാഭിക്കൽ പ്രധാനമാണ്. അതുകൊണ്ട് ഒരുപക്ഷേ കേന്ദ്രസ്ഥാനത്തുള്ള ഒരു കടയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നത് സഹായകമായേക്കാം. സാധനങ്ങൾ എവിടെയുണ്ടെന്ന് നിങ്ങൾക്കറിയാം (അത് നിങ്ങളുടെ സമയം ലാഭിക്കുന്നു), വില്പനയുടെ സമയവും നിങ്ങൾക്കറിയാം (അതു നിങ്ങളുടെ പണം ലാഭിക്കുന്നു).
എററവും പററിയ സമയം തെരഞ്ഞെടുക്കൽ
ഓരോ സ്ത്രീക്കും അവളുടെ ആന്തരിക ക്ലോക്ക് ഉണ്ട്. ചിലർ രാവിലെ ഏററം നന്നായി ജോലിചെയ്യുന്നു; മററു ചിലർ ഉച്ചകഴിയുന്നതുവരെ നന്നായി പ്രവർത്തിക്കുന്നില്ല. നിങ്ങൾ രാവിലത്തെ ഒരാളാണെങ്കിൽ, തീർച്ചയായും നിങ്ങളുടെ പ്രയാസമുള്ള വീട്ടുജോലികൾ രാവിലെ ചെയ്യാൻ പട്ടികപ്പെടുത്തുക. നിങ്ങളുടെ കഴിവുകൾ നിങ്ങളുടെ അത്യുച്ചഘട്ടങ്ങളിൽ ഉപയോഗിക്കുക. നിങ്ങൾ ഭവനത്തിനു പുറത്ത് ജോലിനോക്കുന്നുവെങ്കിൽ നിങ്ങളുടെ മുതലാളിയോട് എന്തുകൊണ്ട് സംസാരിച്ചുകൂടാ? അതനുസരിച്ച് നിങ്ങളെ ജോലി ഏൽപ്പിക്കുന്നത് നിങ്ങൾക്കും അയാൾക്കും പ്രയോജനകരമാണ്. മറിച്ച്, നിങ്ങൾ രാവിലെ സമയത്ത് ഇഴഞ്ഞുനീങ്ങുന്നുവെങ്കിൽ നിങ്ങളുടെ അതിപ്രധാനജോലി നിങ്ങൾ മെച്ചമായി പ്രവർത്തിക്കുന്ന പിന്നീടുള്ള സമയത്തേക്ക് മാററിവെക്കുക.
മേരി രാവിലത്തെ ഒരു വ്യക്തിയാണ്. അവൾ തന്റെ ശുശ്രൂഷയിൽ ചെലവഴിക്കുന്ന സമയമാണ് തന്റെ ദിവസത്തിന്റെ അതിപ്രാധാന ഭാഗമെന്ന് അവൾ കരുതുന്നു. അതുകൊണ്ട് അവൾ ഉച്ചതിരിഞ്ഞുള്ള അംശകാല ജോലി സ്വീകരിച്ചു. ഇത് അവളുടെ ഏററം നല്ല മണിക്കൂറുകൾ അവളുടെ ബൈബിൾപഠിപ്പിക്കൽവേലക്ക് ചെലവഴിക്കാൻ അവളെ പ്രാപ്തയാക്കുന്നു. നിങ്ങളുടെ പട്ടികയിൽ സമാനമായ എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്കു കഴിയുമോ?
യാഥാർത്ഥ്യബോധം പ്രകടമാക്കുക
ഒരു പട്ടിക പ്രായോഗികമായിരിക്കണമെങ്കിൽ, അതിൽ വളരെയധികം പ്രവർത്തനങ്ങൾ ഉൾപ്പെടരുത്. ഏററവും ശ്രേഷ്ഠയായ മാതാവോ ഭാര്യയോ ജോലിക്കാരനോ ആയിരിക്കാൻ ശ്രമിക്കുന്നത് നിരാശയിലേക്കും വൈഫല്യത്തിലേക്കും നയിച്ചേക്കാം. നിങ്ങൾക്ക് ആരോഗ്യപ്രശ്നമുണ്ടെങ്കിൽ ഇത് വിശേഷാൽ സത്യമാണ്. നിങ്ങളുടെ പരിമിതികൾക്കുള്ളിൽ ജോലിചെയ്യാൻ പഠിക്കുക.
പഴകിയ ഒരു രോഗമുള്ള ഡോളി ഇങ്ങനെ വിശദീകരിക്കുന്നു: “എന്റെ സമയം എന്റെ ഭർത്താവിന്റെ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്നു. അദ്ദേഹം ഒരു സഞ്ചാരമേൽവിചാരകനാണ്. ഞങ്ങൾ ഒരു സഞ്ചാരഭവനത്തിൽ ജീവിക്കുന്നതുകൊണ്ട് അയാൾ തന്റെ ജോലി ചെയ്തുതീർക്കുമ്പോൾ ഞാൻ എന്റേതു ചെയ്യുന്നു. ഞാൻ ആഗ്രഹിക്കുന്നതെല്ലാം ചെയ്യുന്നതിൽനിന്ന് എന്റെ രോഗം എന്നെ തടയുന്നു. എന്നാൽ എനിക്ക് പ്രാപ്തിയുള്ളപ്പോൾ എന്റെ ശുശ്രൂഷക്കാണ് മുൻഗണന. വീട്ടിലെ മററു കാര്യങ്ങൾ അന്ന് ചെയ്യാതിട്ടേക്കുന്നു.”
വഴക്കമുള്ളവരായിരിക്കുക
സമ്മർദ്ദത്തിൻകീഴിൽ ഒരു സ്ത്രീ എങ്ങനെ കാര്യങ്ങൾ നടത്തുന്നുവെന്നതാണ് അവളുടെ പ്രാപ്തിയുടെ പരിശോധന. ഒരു പ്രതിസന്ധിയിൽ അവൾക്ക് ശാന്തയായി നിലകൊള്ളാൻ കഴിയുമെങ്കിൽ അവൾ വൈകാരികമായി തകരുന്നതിനെക്കാൾ വളരെയധികം നിർവഹിക്കാൻ അവൾക്കു കഴിയും.
സാന്ദ്രാ സംഘർഷം കുറക്കുന്നതിന്റെ രഹസ്യം കണ്ടുപിടിച്ചു. അവൾ പറയുന്നു: “അടിയന്തിര ഘട്ടങ്ങൾ സംജാതമാകുകയും എല്ലാ വശങ്ങളിൽനിന്നും ഞെരുക്കപ്പെടുന്നതായി എനിക്കു തോന്നുകയും ചെയ്യുമ്പോൾ ഞാൻ വിശ്രമിക്കുന്നു. അത് വിചിത്രമെന്ന് തോന്നുന്നുവെന്ന് എനിക്കറിയാം, എന്നാൽ അത് പ്രാവർത്തികമാകുന്നു. ഞാൻ എന്നേത്തന്നെ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞാൽ ആദ്യം എന്ത് ചെയ്തുതീർക്കണമെന്ന് എനിക്ക് തീരുമാനിക്കാൻ കഴിയും. ഞാൻ വിശ്രമിക്കുന്നില്ലെങ്കിൽ എനിക്ക് ശരിയായ മുൻഗണനകൾ സ്ഥാപിക്കാൻ കഴികയില്ല. ഇവ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാൽ അടിയന്തിരതയെ നേരിടാൻ ഞാൻ എന്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും കാര്യങ്ങൾ ചെയ്തുതീർക്കുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, ചില അതിഥികൾ അത്താഴത്തിന് മണിക്കൂറുകൾ മുമ്പേ എത്തി. വെപ്രാളപ്പെടുന്നതിനു പകരം അവരെ പരമാവധി ആദരപൂർവം സ്വീകരിക്കെ ഞാൻ കേവലം പാചകത്തിലേർപ്പെട്ടു. എല്ലാവരും വിശ്രമിക്കുകയും ആസ്വദിക്കുകയുംചെയ്തു.”
സഹായം തേടുക
മതിയായ സഹായം ചുററുമുണ്ടായിരിക്കുന്നയാളാണ് ഏററവും നല്ല നിർവഹണോദ്യോഗസ്ഥൻ എന്ന് ആരോ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. നിങ്ങൾ ജോലിയിൽ മററുള്ളവരുടെ സഹായത്തെ ഉപയോഗപ്പെടുത്തുന്നുവോ? തങ്ങളുടെ സഹായം വിലമതിക്കപ്പെടുന്നുണ്ടെന്ന് സഹപ്രവർത്തകർ അറിയുമ്പോൾ അവർ കൂടുതൽ സന്നദ്ധതയോടെ അതു സ്വമേധയാ നൽകുന്നു. വീട്ടിലും ഇതു സത്യമാണ്. നിർഭാഗ്യവശാൽ, ചില സ്ത്രീകൾ വളരെ കണിശക്കാരായ ഗൃഹപരിപാലകരും പാചകവിദഗ്ദ്ധരുമാകയാൽ അവർ സഹായത്തെ നിരുത്സാഹപ്പെടുത്തുന്നു. ആ മനോഭാവംതന്നെയായിരിക്കാം ചില ഭാര്യമാരും അമ്മമാരും തങ്ങളുടെ കുടുംബാംഗങ്ങൾ അശ്രദ്ധരെന്ന് തോന്നുമാറ് അങ്ങുമിങ്ങും ഇരിക്കെ എല്ലായ്പ്പോഴും അമിതഭാരം വഹിക്കുന്നത്.
നിങ്ങളേസംബന്ധിച്ചെന്ത്? നിങ്ങൾക്ക് സഹായമാവശ്യമുള്ളപ്പോൾ, നിങ്ങൾ അതിനു പ്രോൽസാഹിപ്പിക്കുന്നുവോ? നിങ്ങൾ സഹായത്തിനായി അപേക്ഷിക്കുന്നുവോ, അത് ആവശ്യപ്പെടുന്നുവോ? “ദയവായി ചെയ്യാമോ” എന്നു ചോദിക്കുന്നത് “ഞാൻ ആവശ്യപ്പെടുന്നു” എന്നതിനെക്കാൾ ഹിതകരമായി തോന്നുന്നു—നിങ്ങളുടെ കുട്ടികളോടു സംസാരിച്ചാലും നിങ്ങളുടെ ഭർത്താവിനോടു സംസാരിച്ചാലും.
തനിക്ക് ഭർത്താവ് നൽകുന്ന സഹായത്തെ പ്രശംസിച്ചുകൊണ്ട് ഒരു സ്ത്രീ പറയുന്നു: “അദ്ദേഹം യഥാർത്ഥത്തിൽ അതിൽ വളരെ സഹായമാണ്. എനിക്ക് സുഖമില്ലാത്തപ്പോൾ അദ്ദേഹം എന്നെ കിടക്കാനനുവദിച്ചുകൊണ്ട് ഭക്ഷണം പാചകംചെയ്യുന്നു; അദ്ദേഹവും കുട്ടികളുമെല്ലാം ഒത്തുചേരുകയും വീട്ടുജോലികൾ ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഞാൻ യഥാർത്ഥത്തിൽ അത് വിലമതിക്കുന്നു!”
ഒരു കുടുംബത്തിനുണ്ടായിരിക്കേണ്ട എത്ര നല്ല മനോഭാവം! എന്നാൽ ഈ സാഹചര്യത്തിലെ മുഖ്യ വ്യക്തി മാതാവാണ്. സമയത്തിന്റെ മൂല്യം തിരിച്ചറിയാനും ജോലിയോടുള്ള ഒരു ക്രിയാത്മക മനോഭാവം വളർത്തിയെടുക്കാനും അവർക്ക് തന്റെ കുട്ടികളെ പരിശീലിപ്പിക്കാൻ കഴിയും. അങ്ങനെയുള്ള കുട്ടികൾക്ക് ഒരു പൊതു കുടുംബലക്ഷ്യത്തിന് സംഭാവനചെയ്യുന്നതിൽനിന്ന് സന്തോഷം ലഭിക്കുന്നതിനാൽ അവർ സാധാരണയായി സഹായിക്കാൻ ആഗ്രഹിക്കും.
മററുള്ളവർ എന്തു പറഞ്ഞാലും ചെയ്താലും ചിലയാളുകൾ സമയം പാഴാക്കാൻ പോകുകയാണെന്ന് പറയേണ്ടതില്ല. അവർക്ക് മാററംവരുത്താൻ നമുക്കു കഴികയില്ല; നമുക്ക് സ്വന്തമായി മെച്ചപ്പെടാനേ കഴിയൂ. സമയത്തെക്കുറിച്ച് യാഥാർത്ഥ്യബോധമുണ്ടായിരിക്കാനും മെച്ചമായി ക്രമീകൃതരാകാനും ശരിയായ മുൻഗണനകൾ സ്ഥാപിക്കാനും ആവശ്യമുള്ളപ്പോൾ സഹായം സ്വീകരിക്കാനും തീരുമാനിക്കാൻ കഴിയും. (g90 6⁄8)
[21-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങളുടെ വീട് ശരിയായി പ്രവർത്തിക്കണമെങ്കിൽ മുൻഗണനകൾ സ്ഥാപിക്കപ്പെടണം