നിങ്ങളുടെ ഗാരണ്ടിയെക്കുറിച്ച് അറിയുന്നതു പ്രയോജനകരം
“സംതൃപ്തിക്ക് ഗാരണ്ടി.” “പണം തിരിച്ചുതരാമെന്ന് ഉറപ്പ്.” “ആയുഷ്ക്കാല ഗാരണ്ടി.” “അപരിമിതമായ വാറണ്ടി.” സാധനങ്ങൾ അല്ലെങ്കിൽ ഉല്പന്നങ്ങൾ വാങ്ങാൻ ക്രേതാക്കളെ പ്രലോഭിപ്പിക്കുന്നതിന് പരസ്യക്കാർ ഉപയോഗിക്കുന്ന ചുരുക്കംചില മുദ്രാവാക്യങ്ങൾ മാത്രമാണിവ. അങ്ങനെയുള്ള വാഗ്ദാനങ്ങൾ നിങ്ങളിൽ ബോദ്ധ്യം വരുത്തുന്നുവോ? എങ്കിൽ, സൂക്ഷിക്കണം!
കൺസ്യൂമേഴ്സ് ഹാൻഡ്ബുക്കിൽ ലിൻഡ് ഗോർഡൻ എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നു: “അങ്ങനെയുള്ള വാക്കുകൾക്ക് ഉറച്ച സുരക്ഷിതത്വത്തിന്റെ ഒരു പരിവേഷമുള്ളതിനാൽ പ്രത്യേകിച്ച് ഒരു സാധനം വാങ്ങുമ്പോൾ അവയുടെ അർത്ഥത്തെക്കുറിച്ച് ക്രേതാക്കൾ യഥാർത്ഥത്തിൽ ആരായാറില്ല. എന്നാൽ ഒരു വാറണ്ടിയുടെ പ്രയോജനങ്ങൾ അവകാശപ്പെടാൻ ശ്രമിക്കുമ്പോൾ ഗാരണ്ടിയൊന്നുമില്ലെന്ന് അല്ലെങ്കിൽ ആവശ്യമായ കേടുപോക്കൽ അല്ലെങ്കിൽ മാററിവെക്കൽ അവയിൽ ഉൾപ്പെടുന്നില്ലെന്ന് പിന്നീട് അവർ മനസ്സിലാക്കുന്നുവെന്നുമാത്രം.” കുത്തിട്ടിരിക്കുന്ന ലൈനിൽ ഒപ്പുവെക്കുന്നതിനുമുമ്പ് നിങ്ങളുടെ ഗാരണ്ടിയെക്കുറിച്ച് അറിയുന്നത് പിന്നീട് നിങ്ങളെ ഉത്ക്കണ്ഠയിൽനിന്നും തലവേദനയിൽനിന്നും രക്ഷിക്കുകയും പണം ലാഭിക്കുകയും ചെയ്തേക്കാം.
എന്താണ് ഒരു വാറണ്ടി?
“ഗാരണ്ടി” എന്ന പദമാണ് പൊതുവേ ഉപയോഗിക്കപ്പെടുന്നതെങ്കിലും യഥാർത്ഥത്തിൽ പറയപ്പെടുന്നത് ഒരു വാറണ്ടിയെക്കുറിച്ചാണ്. വെബ്സ്റററുടെ തേർഡ് ന്യൂ ഇൻറർനാഷനൽ അണബ്രിഡ്ജിഡ് ഡിക്ഷ്ണറി പറയുന്ന പ്രകാരം അതിന്റെ അർത്ഥം ഇതാണ്: “ഒരു ഉത്പന്നത്തിന്റെ അവികലതയെയും നിർമ്മാതാവിന്റെ ഉത്തമവിശ്വാസത്തെയും സംബന്ധിച്ച് ക്രേതാവിനു കൊടുക്കുന്നതും പൊതുവേ കേടുള്ള ഭാഗങ്ങളുടെ കേടുപോക്കലിനോ മാററിവെക്കലിനോ ചിലപ്പോൾ കാലികമായ സേർവീസിംഗ് നടത്തുന്നതിനോ നിർമ്മാതാവ് ഒരു കാലഘട്ടത്തിൽ ഉത്തരവാദിയായിരിക്കുമെന്ന് നിർദ്ദേശിക്കുന്നതുമായ ലിഖിത ഗാരണ്ടി.”
വാറണ്ടികൾക്ക് നിങ്ങളെ ഗോപ്യമോ രൂക്ഷമോ ആയ ബിസിനസ്നടപടികളിൽനിന്നും വഞ്ചകരായ വില്പനക്കാരിൽനിന്നും സംരക്ഷിക്കാൻകഴിയും. ദൃഷ്ടാന്തത്തിന്, ഒരു കാർവ്യാപാരി ഉപയോഗിക്കപ്പെട്ട ഒരു കാർ യഥാർത്ഥത്തിൽ കേടുബാധിച്ചതായിരിക്കെ ഒന്നാംതരം കണ്ടീഷനിലാണെന്ന് തെററിദ്ധരിപ്പിച്ചപ്പോൾ ക്രേതാവ് വ്യാപാരിയെ കോടതി കയററി. ക്രേതാവിന് ഒരു സൂചിതവാറണ്ടിയുടെ സംരക്ഷണമുണ്ടായിരുന്നതുകൊണ്ട് ഉപയോഗിക്കപ്പെട്ട കാറിന്റെ വ്യാപാരി കാറിന്റെ വിലയുടെ ഇരട്ടി ഇടപാടുകാരന് തിരികെ കൊടുക്കാൻ കോടതി ആജ്ഞാപിച്ചു.
നിങ്ങളുടെ വാറണ്ടിയെക്കുറിച്ച് അറിയുക!
വാറണ്ടികൾ അല്ലെങ്കിൽ ഗാരണ്ടികൾ ഒരു ഉല്പന്നത്തിന്റെ വിലക്കുറിപ്പിലോ ലേബലിലോ കാണപ്പെട്ടേക്കാം, അല്ലെങ്കിൽ ഉല്പന്നത്തോടുകൂടെ കൊടുക്കുന്ന കടലാസുകളിൽ അച്ചടിക്കപ്പെട്ടിട്ടുണ്ടായിരിക്കാം. സാധാരണയായി ഉപയോഗിക്കപ്പെടുന്ന ചില വ്യവസ്ഥകളാണ് പിൻവരുന്നത്:
വാക്കാലുള്ള വാറണ്ടി നടപ്പിലാക്കാൻ ലിഖിതരൂപത്തിലുള്ളതിനെക്കാൾ വളരെയധികം പ്രയാസമാണ്. അതുകൊണ്ട് വ്യാപാരി സത്യസന്ധനാണെന്ന് അറിയപ്പെട്ടാലും എല്ലാ ഗാരണ്ടികളും എഴുതിവാങ്ങുന്നതാണ് ഏററവും നല്ലത്.
വില്പനക്കാരന്റെ വാറണ്ടി അയാൾ വിൽക്കുന്ന ഉല്പന്നത്തിന്റെ പ്രവർത്തനത്തിന്റെ അല്ലെങ്കിൽ ഗുണത്തിന്റെ ഉത്തരവാദിത്വം സ്വീകരിക്കുന്നതായുള്ള വ്യാപാരിയുടെ ഭാഗത്തെ വാഗ്ദാനം നൽകുന്നു. സാധാരണയായി ഈ ഗാരണ്ടികൾ സൂചിതമായ അല്ലെങ്കിൽ പ്രസ്താവിക്കപ്പെട്ട വാറണ്ടികളാണ്.
സൂചിതവാറണ്ടികൾ എല്ലാ ഉപഭോക്തൃ കരാറുകളിലും ഉൾപ്പെടുത്തുന്നതായി സങ്കൽപ്പിക്കപ്പെടുന്നു. നിങ്ങളും നിയമവും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച് ഒരു സൂചിതവാറണ്ടി “ഈ സാധനം വിൽക്കാൻ വ്യാപാരിക്ക് അവകാശമുണ്ടെന്നും ഈ സാധനങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന വർണ്ണനകൾക്കൊപ്പം അവ പൊതുവേ എത്തുന്നുണ്ടെന്നും അവ നല്ല അവസ്ഥയിലാണെന്നും പ്രസ്താവിതോദ്ദേശ്യത്തിന് അടിസ്ഥാനപരപമായി യോജിച്ചതാണെന്നും ഉറപ്പുനൽകുന്നു.” ദൃഷ്ടാന്തത്തിന്, ഒരു റേറാസ്ററർ ബ്രഡ് റേറാസ്ററ്ചെയ്യേണ്ടതാണ്. അങ്ങനെയുള്ള വാഗ്ദാനങ്ങൾ സൂചിപ്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് അവ നിലവിലുണ്ടെന്ന് ഉപഭോക്താവ് അറിയാതിരുന്നേക്കാം. നിലവിലുള്ള അവസ്ഥയിൽ വിൽക്കപ്പെടുന്ന ഉല്പന്നത്തിന് സൂചിതവാറണ്ടിയില്ല.
ഒരു എക്സ്പ്രസ് വാറണ്ടി സാധനങ്ങളുടെ പ്രവർത്തനവും ഗുണവും സംബന്ധിച്ച് പ്രത്യേക വാഗ്ദാനം നൽകുന്നു. സാധാരണയായി അത് എഴുതപ്പെടുന്നു. എക്സ്പ്രസ് വാറണ്ടികൾക്ക് നിയമം അർത്ഥമാക്കുന്ന ഗാരണ്ടികളെ അസാധുവാക്കാൻ കഴികയില്ല. ഉപഭോക്തൃ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ വിശദീകരിക്കപ്പെട്ടിരിക്കുന്ന പ്രകാരം “ഒരു എക്സ്പ്രസ് കണ്ടീഷൻ അല്ലെങ്കിൽ വാറണ്ടി നിർമ്മാതാവിനെ അല്ലെങ്കിൽ വില്പനക്കാരനെ (വാഗ്ദാനംചെയ്യുന്നതാരോ അവർ) വാഗ്ദാനം⁄ഗാരണ്ടി പാലിക്കാനും ഒപ്പം നിയമം ആവശ്യപ്പെടുന്ന വാഗ്ദാനങ്ങളും പാലിക്കാനും ബാദ്ധ്യസ്തനാക്കുന്നു.”
നിർമ്മാതാവിന്റെ വാറണ്ടി ഉല്പന്നത്തിന്റെ പൊതു അവസ്ഥക്ക് ഉറപ്പുനൽകുകയും സാധാരണയായി ഒരു പ്രത്യേക കാലഘട്ടത്തിൽ നിർമ്മാതാവിന്റെ ചെലവിൽ ഏതെങ്കിലും കേടുകൾ നന്നാക്കുന്നതിനുള്ള ഒരു കരാർ ഉൾപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളും നിയമവും എന്ന പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്ന പ്രകാരം “ഒരു ലിഖിത വാറണ്ടിയിൻകീഴിൽ അതിലെ വാചകങ്ങളിൽ പ്രത്യേകമായും വ്യക്തമായും ഉൾപ്പെടുത്തിയിട്ടില്ലാത്ത ന്യൂനതകൾക്കോ സേർവീസിംഗിനോ നിർമ്മാതാവിനെ ഉത്തരവാദിയാക്കാൻ കോടതികൾക്ക് വൈമുഖ്യമുണ്ട്” എന്ന് ഓർത്തിരിക്കുന്നത് പ്രധാനമാണ്. മിക്ക ഉല്പന്നങ്ങൾക്കും അവയുടെ ഏററവും ഈടുനിൽക്കുന്ന ഭാഗങ്ങൾക്കാണ് ഏററവും നല്ല ഗാരണ്ടിയുള്ളതെന്നും ഓർക്കുക. ജീർണ്ണിക്കാൻ വളരെ സാദ്ധ്യതയുള്ള ഭാഗങ്ങളെ സാധാരണയായി ഗാരണ്ടിയിൽ ഉൾപ്പെടുത്തുന്നില്ല. യഥാർത്ഥത്തിൽ എന്താണുൾപ്പെടുത്തുന്നതെന്ന് നിശ്ചയമുണ്ടായിരിക്കുക.
നിരുപാധിക ഗാരണ്ടി എല്ലാററിലും നല്ല സംരക്ഷണം നൽകുന്നുവെന്ന് ചിലയാളുകൾ വീക്ഷിക്കുന്നു. ഈ ഗാരണ്ടിക്ക് “ചരടുകൾ ഇല്ല” എന്ന് വിചാരിക്കപ്പെടുന്നു. എന്നിരുന്നാലും എല്ലാ ഗാരണ്ടികളും ചില ഉപാധികൾ ഉൾപ്പെടുത്തുന്നുവെന്ന് മററുള്ളവർക്ക് ബോധ്യമുണ്ട്.
മുന്നമേ സജ്ജരായിരിക്കുക
ഒരു ഗാരണ്ടി അനായാസം തെററിദ്ധരിക്കപ്പെട്ടേക്കാം. ദൃഷ്ടാന്തത്തിന്, ഒരു “ആയുഷ്ക്കാല ഗാരണ്ടി” നിങ്ങളുടെ ആയുഷ്ക്കാലം മുഴുവൻ അതിനു പ്രാബല്യമുണ്ടെന്ന് അർത്ഥമാക്കുന്നില്ല. പകരം, ആ പ്രത്യേക ഉല്പന്നം നിങ്ങളുടേതായിരിക്കുന്നടത്തോളംകാലം അതിന്റെ ആയുഷ്ക്കാലത്തെയാണ് അത് സാധാരണയായി അർഥമാക്കുന്നത്. “സംതൃപ്തിക്കു ഗാരണ്ടി” സംബന്ധിച്ചെന്ത്? അത് ഒരു യഥാർത്ഥ ഗാരണ്ടിയായി പരിഗണിക്കപ്പെടാൻ കഴിയാത്തവിധം അത്ര അവ്യക്തമാണ്.
ഒപ്പിടുന്നതിനുമുമ്പ് ചെറിയ അക്ഷരത്തിലുള്ള അച്ചടി തീർച്ചയായും വായിക്കുക. മിക്കപ്പോഴും ഒരു കരാറിന്റെ മുൻവശത്ത് തടിച്ച അക്ഷരത്തിൽ അച്ചടിച്ചിരിക്കുന്നടത്ത് ഉറപ്പുനൽകുന്നതായി തോന്നുന്നത് പിൻവശത്തെ ചെറിയ അക്ഷരത്തിലുള്ള അച്ചടി അസാധുവാക്കുകയോ ഭേദഗതിചെയ്യുകയോ ചെയ്തേക്കാം. അതെ, നിങ്ങളുടെ ഗാരണ്ടിയെക്കുറിച്ച് അറിയുന്നത് പ്രയോജനകരമാണ്, എന്തുകൊണ്ടെന്നാൽ ഉപഭോക്തൃ കൈപ്പുസ്തകം “തടിച്ച അച്ചടി കൊടുക്കുന്നു, ചെറിയ അച്ചടി എടുത്തുകളയുന്നു” എന്ന് മുന്നറിയിപ്പുനൽകുന്നു. (g90 6⁄8)
[18-ാം പേജിലെ ചതുരം]
നിങ്ങളുടെ ഗാരണ്ടികൾ അടയാളപ്പെടുത്തുക
◻ അത് വാക്കാലാണോ അതോ ലിഖിതമാണോ?
◻ കൃത്യമായി എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
◻ കാലപരിധി എന്താണ്?
◻ ആരാണ് പിന്താങ്ങുന്നത്, അവരുടെ കീർത്തി എന്താണ്?
◻ കേടുപോക്കലിന്റെ ചെലവു വഹിക്കുന്നതാരാണ്?
◻ കാര്യങ്ങൾ പിശകുമ്പോൾ നിങ്ങൾ ആരെയാണ് സമീപിക്കുന്നത്?
◻ ഗാരണ്ടിയിൽനിന്ന് പ്രയോജനംകിട്ടാൻ എന്തെങ്കിലും നടപടി ആവശ്യമുണ്ടോ?
◻ നിങ്ങൾക്ക് അററകുററപ്പണിക്കും സൂക്ഷിപ്പിനും എന്ത് ഉത്തരവാദിത്വങ്ങൾ ഉണ്ട്?