നാം വീണ്ടും വീണ്ടും മടങ്ങിച്ചെല്ലുന്നത് എന്തുകൊണ്ട്?
1 നിങ്ങൾ എന്നെങ്കിലും ആ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടോ, ഒരുപക്ഷേ ഒരു സേവനദിനത്തിനുവേണ്ടി തയ്യാറായിക്കൊണ്ടിരുന്നപ്പോൾ? ഒരു വർഷംകൊണ്ട് പ്രവർത്തിച്ചു തീർക്കാൻ കഴിയുന്ന പ്രദേശം മാത്രം അപേക്ഷിക്കാൻ ഇന്ത്യയിലെ സഭകളോട് സൊസൈറ്റി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നു. പതിവായി പുതിയ പ്രദേശത്ത് തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരുന്ന നമ്മിൽ ചിലർക്ക് ഒരേ പ്രദേശത്തേക്ക് ഓരോ വർഷവും മടങ്ങിപ്പോകുന്നത് അസാധാരണമായി തോന്നുന്നു. ചില സ്ഥലങ്ങളിൽ, ആവർത്തിച്ചാവർത്തിച്ചു പ്രവർത്തിച്ചിട്ടുള്ള പ്രദേശത്ത്, ഒട്ടനവധി വീട്ടുകാർ നാം ആരാണെന്നു തിരിച്ചറിയുകയും ഉടൻതന്നെ നമ്മെ അവഗണിക്കുകയും ചെയ്യുന്നു. വളരെ ചുരുക്കം പേർ മാത്രമേ അനുകൂലമായൊരു വിധത്തിൽ പ്രതികരിക്കുന്നുണ്ടാകൂ. എന്നിരുന്നാലും, നാം വീണ്ടും വീണ്ടും മടങ്ങിച്ചെല്ലുന്നതിനു ശക്തമായ അനേകം കാരണങ്ങളുണ്ട്.
2 ഒന്നാമതായി, അന്ത്യം വരുന്നതുവരെ രാജ്യസന്ദേശം പ്രസംഗിക്കുന്നതു തുടരാൻ നമ്മോടു കൽപ്പിച്ചിരിക്കുന്നു. (മത്താ. 24:14; 28:19, 20) എത്രകാലം തന്റെ പ്രസംഗവേല തുടരേണ്ടതുണ്ടെന്നു പ്രവാചകനായ യെശയ്യാവു ചോദിച്ചു. അവനു ലഭിച്ച ഉത്തരം യെശയ്യാവു 6:11-ൽ രേഖപ്പെടുത്തിയിരിക്കുന്നു. അതു സംബന്ധിച്ച് യാതൊരു സംശയവുമില്ല—ദൈവത്തിന്റെ സന്ദേശവുമായി ആളുകളുടെ അടുത്തേക്ക് വീണ്ടും വീണ്ടും മടങ്ങിച്ചെല്ലാൻ അവനോടു പറഞ്ഞു. സമാനമായി ഇന്ന്, അവർ നമ്മെ നിരസിച്ചേക്കാമെങ്കിലും, നമ്മുടെ പ്രദേശത്തു താമസിക്കുന്ന ആളുകളെ നാം വീണ്ടും വീണ്ടും സന്ദർശിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (യെഹെ. 3:10, 11) നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ഒരു പാവന ഉത്തരവാദിത്വമാണത്.—1 കൊരി. 9:17.
3 നാം വീണ്ടും വീണ്ടും മടങ്ങിച്ചെല്ലേണ്ടതിന്റെ മറ്റൊരു കാരണം യഹോവയോടുള്ള നമ്മുടെ ഭക്തിയുടെ ആഴം പ്രകടിപ്പിക്കാൻ അതു നമുക്ക് അവസരം നൽകുന്നുവെന്നതാണ്. (1 യോഹ. 5:3) അതിനുപുറമേ, സമീപഭാവി മനുഷ്യവർഗത്തിന് എന്തു കൈവരുത്തുമെന്നതു നാം പരിഗണിക്കുമ്പോൾ, നമ്മുടെ അയൽക്കാർക്കു സ്നേഹപൂർവം മുന്നറിയിപ്പു നൽകുന്നതിൽനിന്നു നമുക്കെങ്ങനെ പിൻമാറാൻ കഴിയും? (2 തിമൊ. 4:2; യാക്കോ. 2:8) നമ്മുടെ നിയമനം നിർവഹിക്കുന്നതിൽ നാം വിശ്വസ്തരായിരിക്കുന്നത് ദൈവത്തിൽനിന്നുള്ള അതിജീവന സന്ദേശത്തോടു പ്രതികരിക്കാൻ അവർക്കു തുടർച്ചയായ അവസരങ്ങൾ പ്രദാനം ചെയ്യുന്നു. തത്ഫലമായി തങ്ങൾക്കു മുന്നറിയിപ്പു ലഭിച്ചില്ലെന്ന് അവർക്കു പറയാനാവില്ല.—യെഹെ. 5:13.
4 മാത്രമല്ല, ചിലയാളുകൾക്ക് എപ്പോൾ മനംമാറ്റം ഉണ്ടാകുമെന്നു നമുക്കു പറയാനാവില്ല. അവരുടെ വ്യക്തിപരമായ സാഹചര്യങ്ങളിലെ ഒരു മാറ്റമോ, കുടുംബത്തിലെ ഒരു ദുരന്തമോ ഭാവിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ച ലോക സാഹചര്യങ്ങളോ അതിനു നിദാനമായിരുന്നേക്കാവുന്നതാണ്. നേരേമറിച്ച്, നാം അവരോടു പറയുന്ന ചില കാര്യങ്ങൾ ഒരു അനുകൂലമായ പ്രതികരണത്തിനു വഴിതെളിച്ചേക്കാം. (സഭാ. 9:11; 1 കൊരി. 7:31) കൂടാതെ, ആളുകൾ താമസം മാറുന്നു. സുവാർത്തയോടു പ്രതികരിക്കുന്ന പുതിയ താമസക്കാരെ നമ്മുടെ പ്രദേശത്തു നാം കണ്ടെത്തിയേക്കാം—ഒരുപക്ഷേ, ജീവിതത്തിലെ തങ്ങളുടെ ലക്ഷ്യം സംബന്ധിച്ച് ഗൗരവമായി ചിന്തിക്കുന്ന, ഇപ്പോൾ ഒറ്റയ്ക്കു താമസിക്കുന്ന പ്രായപൂർത്തിയായ ചെറുപ്പക്കാരായിരിക്കാം അവർ.
5 ഇന്ത്യയിലെ പ്രദേശം അപരിമിതമാണെന്നു ചിലപ്പോൾ തോന്നാം. എന്നിരുന്നാലും ഇവിടെയും, എളുപ്പത്തിൽ മടക്കസന്ദർശനം നടത്താൻ കഴിയാത്ത, തങ്ങളുടെ വീടുകളിൽനിന്നു കൂടുതൽ അകലത്തിലായിരുന്നേക്കാവുന്ന പുതിയ പ്രദേശങ്ങളിലേക്കു പ്രസാധകർ തുടർച്ചയായി പൊയ്ക്കൊണ്ടിരിക്കുന്നതിനെക്കാൾ മെച്ചമായ ഫലങ്ങൾ ലഭിക്കുന്നത് മടക്കസന്ദർശനങ്ങൾ നടത്തുന്നതിന് ശരിയായ ശ്രദ്ധനൽകിക്കൊണ്ട് ഓരോ വർഷവും ഒരേ പ്രദേശത്തുതന്നെ പ്രവർത്തിക്കുന്നതിനാലാണെന്നു കണ്ടെത്തിയിരിക്കുന്നു. നാം പതിവായി, ഏറ്റവും കുറഞ്ഞത് വർഷത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കുന്നത് ആളുകൾ കാണുമ്പോൾ നാം അവരെ ജീവിതകാലത്ത് ഒരിക്കൽ മാത്രം സന്ദർശിക്കുമ്പോൾ ഉളവാകുന്നതിൽനിന്നും വ്യത്യസ്തവും മെച്ചപ്പെട്ടതുമായ ഒരു മതിപ്പ് അത് അവരിൽ ഉളവാക്കും. കാലക്രമത്തിൽ, പ്രസാധകരുടെ എണ്ണം വർധിക്കുമ്പോൾ സഭയ്ക്കു സൊസൈറ്റിയോട് കൂടുതൽ പ്രദേശത്തിനായി അപേക്ഷിക്കാവുന്നതാണ്, എന്നാൽ അപ്പോഴും ഒരു വർഷംകൊണ്ടു പ്രവർത്തിച്ചുതീർക്കാൻ കഴിയുന്നത്ര മാത്രം.
6 നാം വീണ്ടും വീണ്ടും മടങ്ങിച്ചെല്ലുമോ? ഉവ്വ്! ആവർത്തിച്ചാവർത്തിച്ച് ആളുകളുടെ അടുക്കൽ മടങ്ങിച്ചെല്ലാൻ തിരുവെഴുത്തുകൾ നമുക്കു മതിയായ പ്രചോദനമേകുന്നു. ഒടുവിൽ പ്രസംഗവേല പൂർത്തിയാകുമ്പോൾ, ശുശ്രൂഷയിലെ നമ്മുടെ തുടർച്ചയായ ശ്രമത്തിന് യഹോവ നമ്മെ അനുഗ്രഹിക്കും. രാജ്യസുവാർത്തയോടു വിലമതിപ്പോടെ പ്രതികരിച്ചവരെയും അവൻ അനുഗ്രഹിക്കും.—1 തിമൊ. 4:16.