വ്യക്തിപരമായ പഠനം ആത്മീയ പുരോഗതിയിലേക്കു നയിക്കുന്നു
1 യഹോവ പുരോഗമനോന്മുഖനായ ഒരു ദൈവമാണ്. ഇത് ഭൂമിയുടെ സൃഷ്ടിപ്പിന്റെ കാര്യത്തിൽ വ്യക്തമായിരുന്നു. സൃഷ്ടിപ്പിന്റെ ഓരോ ഘട്ടവും, മാനവരാശിക്ക് എന്നേക്കും ജീവിക്കാനുതകുന്ന മനോഹരമായ ഒരു ഗ്രഹം ഒരുക്കിയെടുക്കുന്നതിനുവേണ്ട പുരോഗതി ദർശിച്ചു. മനുഷ്യൻ അനുസരണക്കേടു കാണിച്ചുകൊണ്ട് നിർമലാരാധന ഉപേക്ഷിച്ചപ്പോൾപ്പോലും, ആത്യന്തികമായി ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കുന്നതിനാവശ്യമായ ഒരു പുരോഗമനാത്മക ക്രമീകരണത്തിന് ആരംഭം കുറിക്കാൻ യഹോവയെ പ്രേരിപ്പിച്ചത് സ്നേഹമായിരുന്നു.—ഉല്പ. 3:15.
2 ആദിയിൽ, സൃഷ്ടിക്കപ്പെട്ട സമയത്ത്, മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിലായിരുന്നതിനാൽ അവന്റെയുള്ളിലും പുരോഗമനാത്മക പ്രകൃതം ഉണ്ടായിരുന്നു. എങ്കിലും, ഇന്ന് അനേകരും പുരോഗതിയെന്നാൽ ഭൗതിക സമ്പത്തിലുള്ള വർധനവു മാത്രമാണെന്നു കരുതുന്നു. ഈ നാളുകളിൽ, യഹോവ തന്റെ ദാസന്മാരിലുണ്ടോയെന്നു പരിശോധിക്കുന്ന പുരോഗതി ഇതാണോ? നിങ്ങളുടെ ജീവിതത്തിൽ പ്രത്യക്ഷമായി കാണാവുന്ന പുരോഗതി ഏതു തരത്തിലുള്ളതാണ്?
3 ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം ആത്മീയ പുരോഗതി ഉന്നമിപ്പിക്കുന്നു: കുടുംബത്തിനുവേണ്ടി മതിയായ വിധത്തിൽ കരുതേണ്ട ആവശ്യത്തെ ക്രിസ്ത്യാനികൾ വിലമതിക്കണമെന്നിരിക്കെ, തങ്ങളുടെ ശ്രദ്ധ പ്രധാനമായും അതിൽ കേന്ദ്രീകൃതമാകാൻ പാടില്ല എന്ന വസ്തുതയും അവർ തിരിച്ചറിയണം. ഒരു യുവാവെന്ന നിലയിൽ യേശു ആത്മീയ പുരോഗതി തന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യമായി കണക്കാക്കി. (ലൂക്കൊ. 2:52) തന്റെ ആത്മീയ പുരോഗതിക്കു നിദാനമായ പ്രേരകഘടകത്തെക്കുറിച്ച് അവൻ പിന്നീടു വിവരിച്ച വാക്കുകൾ മർക്കൊസ് 12:29-31-ൽ രേഖപ്പെടുത്തിയിരിക്കുന്നു.
4 നാം കൈവരിച്ചുകൊണ്ടിരിക്കുന്ന ആത്മീയ പുരോഗതിയെക്കുറിച്ചു ചിന്തിക്കാൻ അൽപ്പം സമയമെടുക്കുക. നാം ആദ്യമായി യഹോവയെയും അവന്റെ വ്യക്തിത്വ ഗുണങ്ങളെയും കുറിച്ചു പഠിക്കാൻ തുടങ്ങിയപ്പോൾ അവനോടുള്ള വിലമതിപ്പും സ്നേഹവും നമ്മുടെ ചിന്താഗതിയിലും ജീവിതരീതിയിലും പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നമ്മെ പ്രേരിപ്പിച്ചു. നമ്മുടെ ജീവിതം ദൈവത്തിനു സമർപ്പിക്കാനും അതു ജലസ്നാപനത്തിലൂടെ പരസ്യമായി പ്രതീകപ്പെടുത്താനുമുള്ള ആഗ്രഹം നമ്മിലുളവാക്കുന്ന ഘട്ടത്തോളം ഈ സ്നേഹം വളർന്നു. ഇത്, ദൈവസേവനത്തിൽ പുരോഗമിക്കാനും സഹമനുഷ്യരോടു സ്നേഹപൂർവകമായ കരുതൽ പ്രകടമാക്കാനുമുള്ള നമ്മുടെ ദൃഢ തീരുമാനത്തിന്റെ വ്യക്തമായ തെളിവായിരുന്നു. ഇപ്പോൾ ആ കാലമൊക്കെ കഴിഞ്ഞുപോയതിനാൽ, നാം ഫിലിപ്പിയർ 3:16-ലെ നിശ്വസ്ത വാക്കുകളുടെ പ്രാധാന്യം പരിചിന്തിക്കേണ്ടതുണ്ടായിരിക്കാം.
5 ജീവിതത്തിൽ നാമെടുത്തിട്ടുള്ള ഏറ്റവും സുപ്രധാന തീരുമാനമായ ദൈവത്തിനുള്ള നമ്മുടെ സമർപ്പണത്തെപ്രതി നമുക്കു ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടിവന്നു. നാം സ്വമനസ്സാലെ ആ പടി സ്വീകരിക്കുകയും സന്തോഷത്തോടെ നമ്മുടെ ജീവിതത്തെ ദൈവത്തിന്റെ വഴികളോട് അനുരൂപപ്പെടുത്തുകയും ചെയ്തു. അതിനു നമ്മെ പ്രേരിപ്പിച്ചത് ദൈവം നമ്മെ സ്നേഹിച്ച അനേകം വിധങ്ങളായിരുന്നു. അതു നമുക്കവനോടുള്ള സ്നേഹം വർധിപ്പിച്ചു. അന്നുമുതൽ, ദൈവത്തോടുള്ള നമ്മുടെ സ്നേഹം വർധിച്ചുകൊണ്ടിരിക്കുന്നുവോ? അതു നമ്മുടെ ജീവിതത്തിൽ കുറെക്കൂടി പ്രബലമായ സ്വാധീന ശക്തിയായിത്തീർന്നിട്ടുണ്ടോ? അതോ “ആദ്യസ്നേഹം വിട്ടുകളഞ്ഞ” എഫെസൊസ് സഭയിലെ ക്രിസ്ത്യാനികളെപ്പോലെയാണോ നമ്മുടെ അവസ്ഥ.—വെളിപ്പാടു 2:4, 5.
6 ദൈവത്തോടുള്ള സ്നേഹം നിർജീവമോ നിഷ്ക്രിയമോ അല്ല. അതു പുരോഗമനോന്മുഖമാണ്. ദൈവത്തോടുള്ള നമ്മുടെ സ്നേഹം പാരമ്യത്തിലെത്തിയെന്നും ഇനി പുരോഗതിയൊന്നും സാധ്യമല്ലെന്നും നമുക്കു തോന്നുന്ന ഒരവസ്ഥയിൽ ജീവിതത്തിലൊരിക്കലും നാം എത്തിച്ചേരുകയില്ല. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ പരിജ്ഞാനത്തിന്റെ ആഴം വർധിക്കുന്തോറും അവനോടുള്ള നമ്മുടെ സ്നേഹവും വർധിക്കുന്നു. അത് എന്നെന്നേക്കും വർധിക്കുന്നതിൽ തുടരും. പൗലൊസ് റോമർ 11:33-36-ൽ എത്ര ഭംഗ്യന്തരേണ ഇതു വർണിച്ചിരിക്കുന്നു. നാമും താഴ്മയോടെ “കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ?” എന്ന ചോദ്യത്തിന്റെ സത്യസന്ധത സമ്മതിക്കുന്നു.
7 ആ വാക്കുകൾ നമ്മുടെ സ്വകാര്യജീവിതത്തെക്കുറിച്ചു ചിന്തിക്കാനും യഹോവയോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആഴം പരിശോധിക്കാനും നമ്മെ പ്രേരിപ്പിക്കണം. നാം പുരോഗതി വരുത്തുന്നുണ്ടോ, അതോ ജീവിതസമ്മർദങ്ങൾ നിമിത്തം ആത്മീയ കാര്യങ്ങൾക്കായി കുറച്ചു സമയമേ ഉള്ളുവെന്നു നാം കണ്ടെത്തുന്നുവോ? ക്രിസ്തീയ സഭയ്ക്കു പുറത്തുള്ള നമ്മുടെ അയൽക്കാരോടോ, ഏറ്റവും അടുത്ത അയൽക്കാരായ സഹോദരീസഹോദരന്മാരോടോ ഒക്കെ സ്നേഹം പ്രകടിപ്പിക്കാൻ സമയം കണ്ടെത്തുക കൂടുതൽ ദുഷ്കരമായിത്തീരുകയാണോ? അങ്ങനെയെങ്കിൽ, മുമ്പ് പരാമർശിച്ച ഫിലിപ്പിയർ 3:16-ന് നമ്മെ സംബന്ധിച്ചിടത്തോളം പ്രത്യേക പ്രാധാന്യമുണ്ട്.
8 ദൈവത്തോടും അയൽക്കാരനോടുമുള്ള നമ്മുടെ സ്നേഹം നമ്മുടെ ആത്മീയ പുരോഗതിയെ ഉന്നമിപ്പിക്കുന്നതിനു മതിയായതാണെന്ന് അനുമാനിക്കാൻ നമുക്കെങ്ങനെ സാധിക്കും? നമ്മുടെ തീരുമാനങ്ങളെ എല്ലായ്പോഴും വഴിനയിക്കുന്നത് ദൈവത്തോടും മനുഷ്യനോടുമുള്ള സ്നേഹമാണോ? 2 കൊരിന്ത്യർ 13:5-നോടുള്ള യോജിപ്പിൽ നാം ഇതിനെക്കുറിച്ച് ഒരു വിശകലനം നടത്തുന്നതെങ്ങനെയാണ്? സഭയിലെ മറ്റുള്ളവരുമായി താരതമ്യം നടത്തിക്കൊണ്ടല്ല ഇതു ചെയ്യേണ്ടത്. ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹം ഒരു വ്യക്തിപരമായ സംഗതിയാണ്. നമ്മുടെ സ്വന്തം ആലങ്കാരിക ഹൃദയത്തിൽ പ്രത്യക്ഷമാകുന്ന സ്നേഹമാണ് സുപ്രധാന സംഗതി. ഗലാത്യർ 6:4-ൽ പൗലൊസ് ശരിയായ മനോഭാവം പ്രകടമാക്കി. റോമർ 14:12-ൽ അവൻ അതേ ആശയം ഊന്നിപ്പറഞ്ഞു.
9 നമ്മെ മാന്ദ്യമുള്ളവരായിത്തീരാൻ ഇടയാക്കിക്കൊണ്ട് ദൈവത്തോടുള്ള സ്നേഹം തണുത്തുപോകുന്നതായി നമുക്കനുഭവപ്പെടുന്നുണ്ടോ? ആത്മീയ കാര്യങ്ങളിൽ പങ്കുപറ്റാനുള്ള നമ്മുടെ ആഗ്രഹം കുറഞ്ഞുപോയിട്ടുണ്ടോ? ചില ആദിമ ക്രിസ്ത്യാനികൾക്ക് ഈ വിധത്തിൽ അനുഭവപ്പെട്ടു. ഇതായിരിക്കണം 2 തെസ്സലൊനീക്യർ 3:13-ലെ വാക്കുകൾ എഴുതാൻ പൗലൊസിനെ പ്രേരിപ്പിച്ചത്. ക്രിസ്ത്യാനികൾ, ലോകം അവരുടെമേൽ കെട്ടിവെക്കാൻ ശ്രമിക്കുന്ന ഉത്തരവാദിത്വങ്ങൾക്കിടയിലും ആത്മീയ പുരോഗതി വരുത്തുന്നതിൽ തുടരണമെന്നു പൗലൊസിന് അറിയാമായിരുന്നു. ഈ വാക്കുകൾ ജീവിതത്തിൽ ബാധകമാക്കവേ ആത്മീയ വിജയം സംബന്ധിച്ചു നമുക്ക് ഉറപ്പുള്ളവരായിരിക്കാം. അവൻ നമുക്കു ഫിലിപ്പിയർ 4:13-ൽ കൂടുതലായ പ്രോത്സാഹനം നൽകി.
10 ബൈബിൾ വായനയിലൂടെയും വ്യക്തിപരമായ പഠനത്തിലൂടെയും ആത്മീയ ബലം: യഹോവ തന്റെ ലിഖിത വചനത്തിലൂടെ ആത്മീയ ബലവും ശക്തിയും പ്രദാനം ചെയ്യുന്നു. (എബ്രാ. 4:12) ഈ ലോകത്തിന്റെ സമ്മർദങ്ങൾ നിമിത്തം മാന്ദ്യമുള്ളവരായിത്തീരാനുള്ള ഏതു ചായ്വിനെയും ചെറുത്തുനിൽക്കുന്നതിനു നമുക്കെങ്ങനെ ബൈബിളുപയോഗിക്കാൻ കഴിയും? യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ പല പതിറ്റാണ്ടുകൾ ചെലവഴിച്ച അനേകർ ഇപ്പോൾ രോഗത്തോടും വാർധക്യത്തോടും പോരാടുന്നു. നാം ആ അവസ്ഥയിലാണെങ്കിൽ, എബ്രായർ 6:10-ലെ വാക്കുകളിൽനിന്നു നമുക്ക് പ്രോത്സാഹനം കൈക്കൊള്ളാം. എന്നാൽ നാം ആത്മീയ പ്രവർത്തനങ്ങളിൽ കുറവുള്ളവരാകുന്നത് വാർധക്യമോ രോഗമോ നിമിത്തമല്ല എന്നു തിരിച്ചറിയുന്നെങ്കിലോ? ദൈവവചനത്തിന് എങ്ങനെ ആത്മീയ ബലം പ്രദാനം ചെയ്യാൻ കഴിയും?
11 ദൈവവചനത്തിന്റെ വായനയും പഠനവും നമ്മെ ഇക്കാര്യത്തിൽ സഹായിക്കുന്ന രണ്ടുവിധങ്ങളെക്കുറിച്ചു നമുക്കു ചുരുക്കമായി ചർച്ചചെയ്യാം. ഒന്നാമതായി, ദിവസവുമുള്ള ബൈബിൾ വായനയും വായിക്കുന്നതിനെക്കുറിച്ചു ധ്യാനിക്കുന്നതും നമുക്ക് യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ച് ആഴമായ ഉൾക്കാഴ്ച പ്രദാനം ചെയ്യും. അവന്റെ എല്ലാ ഇടപെടലുകളിലും തത്ത്വങ്ങളിലുമുള്ള ജ്ഞാനത്തെയും സ്നേഹത്തെയും വിലമതിക്കാൻ നാം പഠിക്കും. സങ്കീർത്തനം 119:97-ലെ വാക്കുകൾ എഴുതിയ സങ്കീർത്തനക്കാരന് അനുഭവപ്പെട്ടതുപോലെതന്നെ നമുക്കും അനുഭവപ്പെടും. ദൈവവചനത്തോടുള്ള നമ്മുടെ സ്നേഹം വളരവേ, ആ വചനത്തിന്റെ ഉത്ഭൂതകനോടുള്ള നമ്മുടെ സ്നേഹവും വർധിക്കുന്നു. ദൈവത്തോടുള്ള ആഴമേറിയ സ്നേഹം നമ്മുടെ ജീവിതത്തിലെ ഒരു ശക്തമായ സ്വാധീനഘടകമായിത്തീരുന്നു. (ഉത്ത. 8:6, 7) അതു നമുക്ക് അവന്റെ സേവനത്തിൽ ‘തീവ്രശ്രമം ചെയ്യാൻ’ വേണ്ട ആത്മീയ വാഞ്ഛയും ബലവും പ്രദാനം ചെയ്യും.—ലൂക്കൊ. 13:24.
12 രണ്ടാമതായി, ബൈബിൾ പരിശുദ്ധാത്മാവിനാലാണ് ഉത്പാദിതമായിരിക്കുന്നത്. ദൈവവചനത്തിന്റെ ദിവസവുമുള്ള വായന പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ ഉറവു തുറന്നുതരുന്നു. ശരിയായതു ചെയ്യുന്നതിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ തക്കവണ്ണം ശക്തരായിരിക്കാൻ വിശ്വസ്ത ദാസന്മാരെ പ്രാപ്തരാക്കിയത് പരിശുദ്ധാത്മാവാണ്. അതേ പരിശുദ്ധാത്മാവുതന്നെ ഇന്നും എല്ലാവർക്കും ലഭ്യമാണ്. പക്ഷേ അതു നേടുന്നതിനും നിലനിർത്തുന്നതിനും നമ്മുടെ ജീവിതത്തെ സ്വാധീനിക്കാൻ അതിനെ അനുവദിക്കുന്നതിനും നമ്മുടെ ഭാഗത്തു ശ്രമം ആവശ്യമാണ്.
13 പിൻവരുന്ന വാക്കുകൾ നമ്മുടെ ചിന്തകളെ പ്രതിഫലിപ്പിക്കുന്നുവോ? “എനിക്കു വായിക്കുന്ന ശീലമില്ല.” “പഠിക്കുന്നതു ഭാരിച്ച വേലയാണെന്ന് എനിക്കു തോന്നുന്നു.” “എനിക്കു പഠിക്കാൻ കഴിവു കുറവായതിനാൽ വായനയിലും പഠനത്തിലും ഒട്ടും താത്പര്യമില്ല.” “തിരക്കുപിടിച്ച കാര്യങ്ങൾക്കിടയിൽ വായനയ്ക്കും പഠനത്തിനും വേണ്ടി സമയം നീക്കിവെക്കാൻ ബുദ്ധിമുട്ടാണ്.” “ഞാൻ നല്ല ലക്ഷ്യങ്ങളോടെ തുടങ്ങിവെക്കും, പക്ഷേ അപ്പോൾ മറ്റു സംഗതികൾ ഇടയിൽ കയറിവരും. അങ്ങനെ വായനയും പഠനവും മാറ്റിവെക്കേണ്ടിവരും.” നാം ഈ പ്രശ്നങ്ങളിൽ ഒന്നോ അതിലധികമോ ഉള്ളവരാണോ? അങ്ങനെയെങ്കിൽ നമുക്കെന്തു ചെയ്യാൻ കഴിയും? ചെയ്യേണ്ട ആദ്യത്തെ സംഗതി, യഹോവയോടുള്ള നമ്മുടെ ഹൃദയവികാരങ്ങൾ പരിശോധിക്കുക എന്നതാണ്? നമ്മെ വളരെ സ്നേഹിക്കുന്ന ഒരു അടുത്ത സുഹൃത്തിൽനിന്നോ ബന്ധുവിൽനിന്നോ നമുക്കൊരു കത്തു ലഭിച്ചാൽ അതു വായിക്കാൻ സമയമില്ലെന്നു നാം ന്യായവാദം ചെയ്യുമോ, വായന ഇഷ്ടമല്ലെന്നു പറഞ്ഞ് നാമതു തുറന്നു നോക്കാതിരിക്കുമോ? ഇല്ല. അതു പൊട്ടിച്ചു വായിക്കാൻ നമുക്ക് ആകാംക്ഷയുണ്ട്. നമ്മുടെ സ്വർഗീയ പിതാവു നമ്മോട് ആശയവിനിയമം ചെയ്യാൻ ഉപയോഗിക്കുന്ന ബൈബിളിനെ നാം മറ്റേതെങ്കിലും വിധത്തിൽ വീക്ഷിക്കണമോ?
14 സൊസൈറ്റിക്കോ മൂപ്പന്മാർക്കോ നമുക്കുവേണ്ടി ഒരു നിർബന്ധിത ബൈബിൾ വായനാ പട്ടിക വെക്കാൻ കഴിയുകയില്ല. കാരണം ഓരോ വ്യക്തിയുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ദൈവത്തോടുള്ള നമ്മുടെ സ്നേഹവും അതു കൂടുതൽ ആഴമുള്ളതാക്കാനുള്ള നമ്മുടെ ആഗ്രഹവും ബൈബിൾ വായനയും വ്യക്തിപരമായ പഠനവും നമ്മുടെ ദിനചര്യയുടെ ഭാഗമാക്കാൻ നമ്മെ പ്രേരിപ്പിക്കും. ഓരോ കുടുംബത്തലവനും, തന്റെ കുടുംബത്തിന്റെ ആത്മീയ താത്പര്യങ്ങൾക്കു വേണ്ടി കരുതുന്നതിന്റെയും കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെയും ഒരു സുപ്രധാന ഭാഗമായി ഇതിനെ കാണണം. മക്കളുടെ ഹൃദയത്തിൽ ദൈവത്തോടുള്ള സ്നേഹം ദിവസവും നട്ടുവളർത്തണമെന്ന് മാതാപിതാക്കൾക്കു ബുദ്ധ്യുപദേശം ലഭിച്ചിരുന്നു. (ആവ. 6:4-9) ദൈവം ആവശ്യപ്പെട്ട ഈ സംഗതി നിറവേറ്റുന്നതിനു ബൈബിൾ വായന നല്ലൊരു മാർഗമാണ്. ശരി ചെയ്യുന്നതിൽ ഒരിക്കലും വീഴ്ചവരുത്താതിരിക്കാൻ നമുക്കു സാധ്യമാകട്ടെ! ദൈവത്തോടും ക്രിസ്തുവിനോടുമുള്ള നമ്മുടെ സ്നേഹം ദിവസവും ബൈബിൾ വായിക്കുന്നതിൽ മുഴുകാൻ നമ്മെ പ്രേരിപ്പിക്കട്ടെ. (2 കൊരി. 5:14) മറ്റുള്ളവർ നമ്മുടെ ആത്മീയ പുരോഗതിയെ ദൈവത്തോടുള്ള സ്നേഹത്തിന്റെ ഒരു പ്രകടനമായി വീക്ഷിക്കും.—1 തിമൊ. 4:15.
15 പരിജ്ഞാനം പുസ്തകത്തിന്റെ 158, 159 പേജുകളിൽ ദൈനംദിന ബൈബിൾ വായനയെക്കുറിച്ചു പിൻവരുന്നതു പ്രസ്താവിക്കുന്നു: “നാം ആരോഗ്യദായകമായ ഭൗതികാഹാരത്തോടുള്ള അഭിരുചി നട്ടുവളർത്തേണ്ടതുപോലെ, ‘വചനമെന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛി’ക്കുന്നതിനു പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. ദൈവവചനം ദൈനംദിനം വായിച്ചുകൊണ്ട് ആത്മീയ ഭക്ഷണത്തിനു വേണ്ടിയുള്ള ഒരു അഭിരുചി നട്ടുവളർത്തുക. . . .നിങ്ങൾ ബൈബിളിൽ വായിക്കുന്നതു സംബന്ധിച്ചു ധ്യാനിക്കുക. . . . അതിന്റെ അർഥം വിവരങ്ങൾ സംബന്ധിച്ചു വിചിന്തനം ചെയ്യണമെന്നാണ്. . . .നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ നിങ്ങൾക്ക് ഇപ്പോൾത്തന്നെ അറിയാവുന്നതിനോടു ബന്ധിപ്പിച്ചുകൊണ്ട് ആത്മീയാഹാരത്തെ ദഹിപ്പിക്കാൻ കഴിയും. വിവരങ്ങൾ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നു പരിചിന്തിക്കുക, അല്ലെങ്കിൽ അതു യഹോവയുടെ ഗുണങ്ങളെയും ഇടപെടലുകളെയും കുറിച്ച് എന്തു വെളിപ്പെടുത്തുന്നുവെന്നു വിചിന്തനം ചെയ്യുക. അങ്ങനെ വ്യക്തിപരമായ പഠനത്തിലൂടെ നിങ്ങൾക്കു യഹോവ പ്രദാനംചെയ്യുന്ന ആത്മീയാഹാരം ഉൾക്കൊള്ളാനാകും. ഇതു നിങ്ങളെ ദൈവത്തോടു കൂടുതൽ അടുപ്പിക്കും, ദൈനംദിനപ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.”
16 അതുകൊണ്ട്, ഒരിക്കലും വ്യക്തിപരമായ പഠനത്തെ അവഗണിക്കരുത്; ആത്മീയ പുരോഗതിക്ക് അത് അത്യന്താപേക്ഷിതമാണ്. ആത്മീയ പുരോഗതി, ദൈവത്തിന്റെ വിസ്മയകരമായ പുതിയ ലോകത്തിലേക്കുള്ള അതിജീവനത്തിനും അത്യന്താപേക്ഷിതമാണ്. പുരോഗതി നേടാൻ ആഗ്രഹിക്കുന്ന അളവോളം നാം യഹോവയെയും നമ്മുടെ അയൽക്കാരനെയും സ്നേഹിക്കുന്നതിൽ തുടരുമാറാകട്ടെ. നമ്മുടെ വ്യക്തിപരമായ പഠനത്തിൽ ശുഷ്കാന്തി പ്രകടമാക്കിക്കൊണ്ട് ഈ പുരോഗതി കൈവരിക്കാനും നമുക്കേവർക്കും സാധിക്കുമാറാകട്ടെ.—സദൃ. 2:1-9.