ദൈവത്തെ ആരാധിക്കാൻ മററള്ളവരെ സഹായിക്കുക
“ഏതെങ്കിലും അവിശ്വാസിയോ സാധാരണക്കാരനോ അകത്തു വരുന്നുവെങ്കിൽ, . . . അവന്റെ ഹൃദയരഹസ്യങ്ങൾ പ്രത്യക്ഷമാകുന്നു, തൻനിമിത്തം അവൻ കവിണ്ണുവീണ് ദൈവത്തെ ആരാധിക്കും.”—1 കൊരിന്ത്യർ 14:24, 25.
1-3. കൊരിന്തിലെ അനേകർ ദൈവാംഗീകാരം നേടാൻ സഹായിക്കപ്പെട്ടതെങ്ങനെ?
അപ്പോസ്തലനായ പൗലോസ് തന്റെ രണ്ടാമത്തെ മിഷനറി പര്യടനത്തിൽ ഒന്നര വർഷം കൊരിന്ത് നഗരത്തിൽ പാർത്തു. അവിടെ അവൻ “വചന സാക്ഷീകരണത്തിൽ തീവ്രമായി വ്യാപൃതനായിരുന്നു.” ഫലമെന്തായിരുന്നു? “കേട്ട കൊരിന്ത്യരിൽ അനേകർ വിശ്വസിക്കാനും സ്നാപനമേൽക്കാനും തുടങ്ങി.” (പ്രവൃത്തികൾ 18:5-11) അവർ “വിശുദ്ധീകരിക്കപ്പെട്ടവരും . . . , വിശുദ്ധരായിരിക്കാൻ വിളിക്കപ്പെട്ടവരും” ആയിത്തീർന്നു.—1 കൊരിന്ത്യർ 1:2.
2 പിന്നീട് അപ്പല്ലോസ് കൊരിന്ത് സന്ദർശിച്ചു. നേരത്തെ പ്രിസ്കില്ലായും അക്വിലായും സ്നാപനത്തിന്റെ സംഗതി ഉൾപ്പെടെ “ദൈവത്തിന്റെ വഴി കൂടുതൽ കൃത്യമായി” മനസ്സിലാക്കാൻ അവനെ സഹായിച്ചിരുന്നു. അവൻ അങ്ങനെ ദൈവത്തിന്റെ സൻമനസ്സോ അംഗീകാരമോ ഉണ്ടായിരുന്ന ഒരു ക്രിസ്ത്യാനിയായിത്തീർന്നു. (പ്രവൃത്തികൾ 18:24-19:7) ക്രമത്തിൽ അപ്പല്ലോസ് ഒരിക്കൽ ‘ഊമവിഗ്രഹങ്ങളുടെ അടുക്കലേക്ക് നയിക്കപ്പെട്ടിരുന്ന’ കൊരിന്ത്യരെ സഹായിച്ചു. (1 കൊരിന്ത്യർ 12:2) ഈ ആളുകൾക്ക് അവരുടെ ഭവനങ്ങളിൽ ബൈബിൾ പ്രബോധനങ്ങളെ കൊടുക്കപ്പെട്ടിരിക്കാൻ ഇടയുണ്ട്; ക്രിസ്തീയ യോഗങ്ങളിൽ ഹാജരാകുന്നതിനാലും അവർക്ക് പഠിക്കാൻ കഴിയുമായിരുന്നു.—പ്രവൃത്തികൾ 20:20; 1 കൊരിന്ത്യർ 14:22-24.
3 അനേകം മുൻ ‘അവിശ്വാസികളും സാധാരണക്കാരും’ സത്യാരാധനയിലേക്ക് ആകർഷിക്കപ്പെട്ടു എന്നതായിരുന്നു അത്തരം പഠിപ്പിക്കലിന്റെ ഫലം. സ്ത്രീപുരുഷൻമാർ സ്നാപനത്തിലേക്കും ദൈവാംഗീകാരത്തിലേക്കും പുരോഗമിക്കുന്നത് കാണുന്നത് എത്ര സംതൃപ്തിദായകമായിരുന്നിരിക്കണം! അത് ഇപ്പോഴും സംതൃപ്തിദായകമാണ്.
‘അവിശ്വാസികളെയും സാധാരണക്കാരെയും’ സഹായിക്കൽ
4. ഇന്ന് അനേകർ കൊരിന്തിലുണ്ടായിരുന്നവരെപ്പോലെ സഹായിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെങ്ങനെ?
4 ഇന്നത്തെ യഹോവയുടെ സാക്ഷികളും “സകല ജാതികളിലെയും ജനങ്ങളെ സ്നാപനപ്പെടുത്തി ശിഷ്യരാക്കാ”നുള്ള യേശുവിന്റെ കൽപ്പന അനുസരിക്കുന്നു. (മത്തായി 28:19, 20) സത്യത്തിന്റെ വിത്ത് സ്വീകാര്യക്ഷമമായ ഹൃദയങ്ങളിൽ നട്ടശേഷം അവർ മടങ്ങിച്ചെല്ലുകയും അവയെ നനക്കുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 3:5-9; മത്തായി 13:19, 23) ആളുകൾക്ക് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാനും ബൈബിൾ സത്യങ്ങൾ പഠിക്കാനും കഴിയത്തക്കവണ്ണം സാക്ഷികൾ പ്രതിവാര സൗജന്യ ഭവനബൈബിളദ്ധ്യയനങ്ങൾ നടത്തുന്നു. അങ്ങനെയുള്ള വ്യക്തികൾ യഹോവയുടെ സാക്ഷികളുടെ സ്ഥലത്തെ യോഗങ്ങൾക്ക് ഹാജരാകാനും ക്ഷണിക്കപ്പെടുന്നു, ഒന്നാം നൂററാണ്ടിലെ “അവിശ്വാസികൾ” കൊരിന്തിൽ ഹാജരായതുപോലെ തന്നെ. എന്നാൽ ബൈബിൾ പഠിക്കുകയും യോഗങ്ങൾക്ക് വരുകയും ചെയ്യുന്ന ആളുകളെ യഹോവയുടെ സാക്ഷികൾ എങ്ങനെ വീക്ഷിക്കണം?
5. ചില വ്യക്തികളുമായി ഇടപെടുന്നതിൽ ജാഗ്രതപുലർത്തുന്നതിന് എന്ത് തിരുവെഴുത്ത് അടിസ്ഥാനമുണ്ട്?
5 അവർ ദൈവത്തെ സമീപിക്കുന്നതുകാണുന്നതിൽ നാം സന്തോഷിക്കുന്നു. എന്നാലും, അവർ അപ്പോഴും സ്നാപനമേററ വിശ്വാസികളായിത്തീർന്നിട്ടില്ലെന്ന് നാം മനസ്സിൽ പിടിക്കുന്നു. മുൻലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രണ്ട് പാഠങ്ങളും മനസ്സിൽ കരുതുക. (1) ദൈവജനങ്ങളോടുകൂടെ കഴിയുകയും ചില നിയമങ്ങൾ അനുസരിക്കയും ചെയ്തിരുന്നെങ്കിലും പരിച്ഛേദനയേററ മതാനുസാരികളായി ആരാധനയിലെ സഹോദരൻമാർ ആകാതിരുന്ന വിദേശീയ കുടിപാർപ്പുകാരുടെ നേരെ യിസ്രായേല്യർ ജാഗ്രത പുലർത്തിയിരുന്നു. (2) ‘അവിശ്വാസികളോടും സാധാരണക്കാരോടും’ ഇടപെട്ടിരുന്ന കൊരിന്ത്യ ക്രിസ്ത്യാനികൾ പൗലോസിന്റെ ഈ വാക്കുകൾ നിമിത്തം ജാഗ്രതയുള്ളവരായിരുന്നു: “അവിശ്വാസികളുമായി ഇണയല്ലാത്തവിധം അമിക്കപ്പെടരുത്. എന്തെന്നാൽ നീതിക്കും അധർമ്മത്തിനും തമ്മിൽ എന്ത് കൂട്ടായ്മയാണുള്ളത്?”—2 കൊരിന്ത്യർ 6:14.
6. “അവിശ്വാസികൾക്ക്” യോഗങ്ങളാൽ എങ്ങനെ “ശാസിക്കപ്പെടാൻ” കഴിയും? അങ്ങനെയുള്ള ശാസനയുടെ സ്വഭാവമെന്താണ്?
6 അതുകൊണ്ട് നാം ‘അവിശ്വാസികളെയും സാധാരണക്കാരെയും’ സ്വാഗതം ചെയ്യുന്നുവെന്നിരിക്കെ അവർ അപ്പോഴും ദൈവത്തിന്റെ പ്രമാണങ്ങൾ പാലിക്കുന്നില്ലെന്ന് നമുക്കറിയാം. 1 കൊരിന്ത്യർ 14:24, 25-ൽ ബൈബിൾ സൂചിപ്പിക്കുന്നതുപോലെ അവർ പഠിക്കുന്ന കാര്യങ്ങളാൽ “സൂക്ഷ്മമായി പരിശോധിക്കപ്പെടുകയും” “ശാസിക്കപ്പെടുകയും” പോലും ചെയ്യേണ്ടതുണ്ടായിരിക്കാം. അങ്ങനെയുള്ള ശാസന നീതിന്യായപരമായ തരത്തിലുള്ളതല്ല. അവർ അപ്പോഴും സഭയുടെ സ്നാപനമേററ അംഗങ്ങളല്ലാത്തതുകൊണ്ട് അവർ സഭയിലെ നീതിന്യായക്കമ്മിററിയുടെ മുമ്പാകെ വിളിച്ചുവരുത്തപ്പെടുന്നില്ല. എന്നാൽ ഈ പുതിയവർ പഠിക്കുന്ന കാര്യങ്ങളുടെ ഒരു ഫലമെന്ന നിലയിൽ, സ്വാർത്ഥപരവും അധാർമ്മികവുമായ ഏതു വഴികളെയും ദൈവം കുററം വിധിക്കുന്നുവെന്ന് അവർക്ക് ബോദ്ധ്യപ്പെടുന്നു.
7. അനേകം അദ്ധ്യേതാക്കൾ കൂടുതലായി എന്ത് പുരോഗതി നേടാൻ ആഗ്രഹിക്കും, എന്തുകൊണ്ട്?
7 സ്നാപനമേൽക്കാത്ത അനേകർ, കാലക്രമത്തിൽ, താൽപ്പര്യമുള്ള പഠിതാക്കൾ എന്ന നിലയിൽ യോഗങ്ങൾക്ക് കേവലം ഹാജരാകുന്നതിൽപരമായി മുന്നോട്ട് പോകാൻ ആഗ്രഹിച്ചേക്കാം. യേശുവിന്റെ ഈ വാക്കുകൾ എന്തുകൊണ്ടെന്ന് പ്രകടമാക്കുന്നു. “ഒരു ശിഷ്യൻ അവന്റെ ഗുരുവിനു മീതെയല്ല, എന്നാൽ പൂർണ്ണമായി പഠിപ്പിക്കപ്പെടുന്ന ഏതൊരുവനും അവന്റെ ഗുരുവിനെപ്പോലെയായിരിക്കും.” (ലൂക്കോസ് 6:40) തന്റെ ഗുരു വയൽശുശ്രൂഷയെ മർമ്മപ്രധാനമെന്ന് വീക്ഷിക്കുന്നതായും അതിൽനിന്ന് സന്തോഷം അനുഭവിക്കുന്നതായും ബൈബിളദ്ധ്യേതാവിന് കാണാൻ കഴിയും. (മത്തായി 24:14) അതുകൊണ്ട്, ബൈബിൾ സത്യങ്ങൾ പഠിക്കയും യോഗങ്ങൾക്ക് ഹാജരാകയും ചെയ്തുകൊണ്ടിരുന്ന ഒരാൾ വിശ്വാസം വളരുന്നതോടെ ഈ വാക്കുകൾ കാര്യമായി എടുത്തേക്കാം: “സുവാർത്ത കൊണ്ടുവരുന്നവന്റെ, സമാധാനം പ്രസിദ്ധമാക്കുന്നവന്റെ, മെച്ചപ്പെട്ട ഒന്നിനെക്കുറിച്ചുള്ള സുവാർത്ത കൊണ്ടുവരുന്നവന്റെ, രക്ഷ പ്രസിദ്ധമാക്കുന്നവന്റെ, പാദങ്ങൾ പർവ്വതങ്ങളിൻമേൽ എത്ര മനോഹരമാകുന്നു.” (യെശയ്യാ 52:7; റോമർ 10:13-15) സ്നാപനമേററില്ലെങ്കിലും യഹോവയുടെ സാക്ഷികളുടെ സഭയോട് പററിനിന്നുകൊണ്ട് ഒരു രാജ്യപ്രഘോഷകനാകാൻ അയാൾ ആഗ്രഹിച്ചേക്കാം.
8, 9. (എ) ഒരു ബൈബിളദ്ധ്യേതാവ് പരസ്യശുശ്രൂഷയിൽ ഏർപ്പെടാൻ ആഗ്രഹിക്കുമ്പോൾ എന്തു ചെയ്യണം? (ബി) രണ്ട് മൂപ്പൻമാർ ഒരു ഭാവി പ്രസാധകനും അയാളെ പഠിപ്പിക്കുന്ന ആളുമായി കൂടിവരുമ്പോൾ അവർ എന്ത് ചെയ്യും? (സി) ഒരു പുതിയ പ്രസാധകൻ എന്ത് ഉത്തരവാദിത്തമാണ് കയ്യേൽക്കുന്നത്?
8 ബൈബിളദ്ധ്യയനം നടത്തുന്ന സാക്ഷി, ബൈബിളദ്ധ്യേതാവ് വയൽസേവനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നതായി കാണുമ്പോൾ അയാൾക്ക് അദ്ധ്യക്ഷമേൽവിചാരകനുമായി കാര്യങ്ങൾ ചർച്ചചെയ്യാൻ കഴിയും. അദ്ദേഹം, ആ ബൈബിളദ്ധ്യേതാവും അയാളെ പഠിപ്പിക്കുന്ന ആളുമായി കൂടിവരുന്നതിന് രണ്ട് മൂപ്പൻമാരെ ക്രമീകരിക്കാം. പുതിയ ഒരാൾ ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുമ്പോൾ മൂപ്പൻമാർക്ക് സന്തോഷമുണ്ട്. പുതിയ ആൾക്ക് സ്നാപനമേററവരും സത്യത്തിൽ കൂടുതൽ പുരോഗമിച്ചവരും ആയവരുടെ അതേ തോതിലുള്ള അറിവ് ഉണ്ടായിരിക്കാൻ അവർ പ്രതീക്ഷിക്കയില്ല. സ്നാപനമേററവരിൽനിന്ന് കൂടുതൽ ആവശ്യപ്പെടുന്നു. എന്നാലും പുതിയവർ സഭയോടൊത്ത് വയൽ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനുമുമ്പ് പുതിയ ആളിന് ബൈബിളുപദേശങ്ങൾ സംബന്ധിച്ച് കുറെ പരിജ്ഞാനമുണ്ടെന്നും അയാൾ തന്റെ ജീവിതത്തെ ദൈവത്തിന്റെ തത്വങ്ങളോട് പൊരുത്തപ്പെടുത്തിയിരിക്കുന്നുവെന്നും കാണാൻ മൂപ്പൻമാർ ആഗ്രഹിക്കും. അങ്ങനെ ഭാവി പ്രസാധകനും അദ്ധ്യയനം നടത്തുന്ന സാക്ഷിയുമായി രണ്ട് മൂപ്പൻമാർ കൂടിവരുന്നത് നല്ലകാരണങ്ങളാലാണ്.a
9 അദ്ധ്യേതാവ് വയൽശുശ്രൂഷക്ക് യോഗ്യത പ്രാപിക്കയും അതിൽ പങ്കെടുക്കയും ചെയ്യുമ്പോൾ അയാൾക്ക് വയൽസേവനറിപ്പോർട്ട് കൊടുക്കാവുന്നതാണെന്നും അയാളുടെ പേരിൽ ഒരു സഭാപ്രസാധകരേഖാകാർഡ് ഉണ്ടാക്കുന്നതാണെന്നും ആ രണ്ട് മൂപ്പൻമാർ അയാളെ അറിയിക്കും. ഇത് യഹോവയുടെ സാക്ഷികളുടെ ദിവ്യാധിപത്യ സ്ഥാപനത്തോടുള്ള അയാളുടെ ബന്ധത്തെയും അതിനോടുള്ള അയാളുടെ കീഴ്പ്പെടലിനെയും പ്രകടമാക്കും. (വയൽസേവന റിപ്പോർട്ട് കൊടുക്കുന്ന മറെറല്ലാവരെ സംബന്ധിച്ചും ഇത് സത്യമായിരിക്കും.) ഈ ചർച്ചയിൽ നമ്മുടെ ശുശ്രൂഷ നിർവ്വഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 98-ഉം 99-ഉം പേജുകളിൽ വിവരിച്ചിരിക്കുന്ന ബൈബിൾ ബുദ്ധിയുപദേശത്തെയും ഉൾപ്പെടുത്തേണ്ടതാണ്.b അതുകൊണ്ട് അദ്ധ്യേതാവിന് ആ പുസ്തകത്തിന്റെ ഒരു വ്യക്തിപരമായ പ്രതി വാങ്ങാനുള്ള ഉചിതമായ സമയവും ഇതായിരിക്കും.
10. (എ) സ്നാപനമേൽക്കാത്ത ഒരു പ്രസാധകന് എങ്ങനെ തുടർന്ന് പുരോഗമിക്കാൻ കഴിയും, ഏത് ലക്ഷ്യത്തോടെ? (ബി) “അംഗീകൃത സഹകാരി” എന്ന പദം സംബന്ധിച്ച് ഒരു പൊരുത്തപ്പെടുത്തൽ വരുത്തുന്നതെന്തുകൊണ്ട്? (അടിക്കുറിപ്പ് കാണുക.)
10 സ്നാപനമേൽക്കാത്ത ഒരു സുവാർത്താ പ്രസാധകനായി യോഗ്യത പ്രാപിച്ചിരിക്കുന്ന ഒരു വ്യക്തി ‘സൻമനസ്സുള്ള ഒരാൾ’ ആയിത്തീരുന്നതിലേക്കുള്ള ദിശയിൽ നീങ്ങിയിരിക്കുന്നു.c (ലൂക്കോസ് 2:14) അയാൾ സമർപ്പിതനും സ്നാപനമേററവനും അല്ലെങ്കിലും ഇപ്പോൾ അയാൾക്ക് “ദൈവവചനത്തെ ഘോഷിക്കുന്ന”വരായി ഭൂവ്യാപകമായുള്ള ദശലക്ഷക്കണക്കിന് പ്രവർത്തന നിരതരോട് ചേർന്ന് തന്റെ സാക്ഷ്യപ്രവർത്തനം ഇപ്പോൾ റിപ്പോർട്ട് ചെയ്യാൻ കഴിയും. (പ്രവൃത്തികൾ 13:5; 17:3; 26:22, 23) അയാൾ സ്നാപനമേൽക്കാത്ത ഒരു പുതിയ പ്രസാധകനാണെന്ന് സഭയിൽ ഒരു പ്രഖ്യാപനം നടത്താൻ കഴിയും. അയാൾ ബൈബിൾ പഠിക്കുന്നതിലും യോഗങ്ങളിൽ പങ്കെടുക്കുന്നതിലും താൻ പഠിക്കുന്നത് ബാധകമാക്കുന്നതിലും അത് മററുള്ളവർക്ക് പങ്കുവെക്കുന്നതിലും തുടരണം. അധികം താമസിയാതെ അയാൾ ക്രിസ്തീയ സ്നാപനത്തിന്റെ പടി സ്വീകരിക്കാൻ ആഗ്രഹിക്കും, അങ്ങനെ ദൈവത്താൽ അംഗീകരിക്കപ്പെട്ടവനും രക്ഷക്ക് ‘അടയാളമിടപ്പെട്ട’വനുമായിത്തീരും.—യെഹെസ്ക്കേൽ 9:4-6.
തെററചെയ്യുന്നവന് സഹായം
11. സ്നാപനമേററ ദുഷ്പ്രവൃത്തിക്കാരോട് സഭ എങ്ങനെ ഇടപെടുന്നു?
11 മുൻലേഖനത്തിൽ ഗുരുതരമായ പാപം ചെയ്യുന്ന, സ്നാപനമേററ ഏത് ക്രിസ്ത്യാനിക്കും സഹായം കൊടുക്കുന്നതിനുള്ള സഭയുടെ കരുതലുകളെക്കുറിച്ച് നാം ചർച്ചചെയ്തു. (എബ്രായർ 12:9-13) സ്നാപനമേററ ഒരു ദുഷ്പ്രവൃത്തിക്കാരന് അനുതാപമില്ലെങ്കിൽ സഭ അയാളെ പുറത്താക്കുകയും അനന്തരം അയാളുമായുള്ള ഏത് സഹവാസവും ഒഴിവാക്കുകയും ചെയ്യേണ്ടിവന്നേക്കാമെന്ന് ബൈബിളിൽ നിന്ന് നാം കണ്ടു. (1 കൊരിന്ത്യർ 5:11-13; 2 യോഹന്നാൻ 9-11; 2 തെസ്സലോനിക്യർ 2:11, 12) എന്നാൽ സ്നാപനമേൽക്കാത്ത ഒരു പ്രസാധകൻ ഗൗരവമായ തെററ് ചെയ്യുകയോ പാപം ചെയ്യുകയോ ചെയ്യുന്നുവെങ്കിൽ എന്ത് നടപടികൾ സ്വീകരിക്കാൻ കഴിയും?
12. (എ) പാപം ചെയ്യുന്ന സ്നാപനമേൽക്കാത്ത പ്രസാധകർക്കും കരുണാപൂർവ്വകമായ സഹായം ലഭ്യമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ലൂക്കോസ് 12:48-ലെ തത്വത്തിന് ദുഷ്പ്രവൃത്തി സംബന്ധിച്ച ഉത്തരവാദിത്വത്തോട് ബന്ധമുണ്ടായിരിക്കാവുന്നതെങ്ങനെ?
12 സംശയങ്ങൾ വളർത്തിയവരോ ജഡത്തിന്റെ പാപങ്ങളിൽ വീണുപോയവരോ ആയ ക്രിസ്ത്യാനികൾക്ക് അനുതാപമുണ്ടെങ്കിൽ അവരോട് കരുണകാണിക്കണമെന്ന് യൂദാ ശക്തമായി ഉപദേശിച്ചു. (യൂദാ 22, 23; 2 കൊരിന്ത്യർ 7:10 കൂടെ കാണുക.) ആ സ്ഥിതിക്ക് തെററു ചെയ്ത സ്നാപനമേൽക്കാത്ത ഒരാൾ അനുതാപം പ്രകടിപ്പിക്കുന്നുവെങ്കിൽ കരുണ കാണിക്കുന്നത് അതിലുമേറെ ഉചിതമായിരിക്കയില്ലേ? (പ്രവൃത്തികൾ 3:19) ഉവ്വ്, എന്തുകൊണ്ടെന്നാൽ അയാളുടെ ആത്മീയ അടിത്തറ അത്ര ബലിഷ്ഠമല്ല, ക്രിസ്തീയ ജീവിതത്തിൽ അയാളുടെ പരിചയം കൂടുതൽ പരിമിതമാണ്. അയാൾ ചില കാര്യങ്ങൾ സംബന്ധിച്ച് ദൈവത്തിന്റെ ചിന്ത മനസ്സിലാക്കിയിട്ടില്ലായിരിക്കാം. അയാൾ മൂപ്പൻമാരുമായുള്ള സ്നാപനത്തിനു മുമ്പത്തെ ബൈബിൾ ചർച്ചകളുടെ പരമ്പരയിൽ പങ്കുപററയിട്ടില്ല, അയാൾ ജലനിമജ്ജനത്തിന്റെ ഗൗരവമുള്ള നടപടിക്ക് വിധേയനായിട്ടുമില്ല. മാത്രവുമല്ല “അധികം കൊടുക്കപ്പെട്ടവനോട് അധികം ആവശ്യപ്പെടും” എന്ന് യേശു പറഞ്ഞു. (ലൂക്കോസ് 12:48) അതുകൊണ്ട് സ്നാപനമേററവരിൽനിന്ന് ഏറെ പ്രതീക്ഷിക്കപ്പെടുന്നു. അവർക്ക് വർദ്ധിച്ച അറിവും അനുഗ്രഹങ്ങളും ഉള്ളതിനാൽ പ്രത്യേക ഉത്തരവാദിത്വമുണ്ട്.—യാക്കോബ് 4:17; ലൂക്കോസ് 15:1-7; 1 കൊരിന്ത്യർ 13:11.
13. സ്നാപനമേൽക്കാത്ത ഒരു പ്രസാധകൻ ഒരു തെററു ചെയ്യുന്നെങ്കിൽ മൂപ്പൻമാർ സഹായിക്കുന്നതിനുവേണ്ടി എന്തു ചെയ്യും?
13 പൗലോസിന്റെ ബുദ്ധ്യുപദേശത്തോട് ചേർച്ചയിൽ, അറിയാതെ ഏതെങ്കിലും തെററായ നടപടി സ്വീകരിക്കുന്ന സ്നാപനമേൽക്കാത്ത ഏത് പ്രസാധകനെയും സഹായിക്കാൻ ആത്മീയ യോഗ്യതയുള്ള സഹോദരൻമാർ ആഗ്രഹിക്കുന്നു. (ഗലാത്യർ 6:1 താരതമ്യപ്പെടുത്തുക.) തങ്ങളിൽപ്പെട്ട രണ്ട് മൂപ്പൻമാരോട് (ഒരുപക്ഷേ അയാളുമായി നേരത്തെ കൂടിവന്നവർ) അയാളെ പുന:സ്ഥിതീകരിക്കാൻ ശ്രമിക്കുന്നതിന് മൂപ്പൻമാർക്ക് ആവശ്യപ്പെടാൻ കഴിയും, അയാൾ സഹായിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ. കഠിനമായി ശാസിക്കാനുള്ള ആഗ്രഹത്തിൽനിന്നല്ല, കരുണാപൂർവ്വകമായ ഒരുവിധത്തിലും സൗമ്യതയുടെ ഒരാത്മാവിലും അവർ ഇത് ചെയ്യും. (സങ്കീർത്തനം 130:3) മിക്ക സന്ദർഭങ്ങളിലും അനുതാപം ഉളവാക്കുന്നതിനും അയാളെ ശരിയായ പാതയിൽ ആക്കുന്നതിനും തിരുവെഴുത്ത് പ്രബോധനവും പ്രായോഗികനിർദ്ദേശങ്ങളും മതിയാകും.
14, 15. (എ) ദുഷ്പ്രവൃത്തിക്കാരന് യഥാർത്ഥ അനുതാപം ഉണ്ടെങ്കിൽ എന്തു ചെയ്യാവുന്നതാണ്? (ബി) ചില കേസുകളിൽ, വിശദീകരണമായി ഏത് പരിമിത പ്രസ്താവന ചെയ്യാവുന്നതാണ്?
14 ഈ രണ്ട് മൂപ്പൻമാർ സ്നാപനമേൽക്കാത്ത ദുഷ്പ്രവൃത്തിക്കാരന്റെ സാഹചര്യത്തിന് ചേരുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കൊടുക്കും. ചില കേസുകളിൽ, തെററ് ചെയ്ത ആൾ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പങ്കെടുക്കാതിരിക്കാൻ അവർ ക്രമീകരിച്ചേക്കാം. അല്ലെങ്കിൽ മീററിംഗുകളിൽ ഉത്തരം പറയാൻ അനുവദിക്കപ്പെടാതിരിക്കാം. അതല്ലെങ്കിൽ അയാൾ കൂടുതൽ ആത്മീയ പുരോഗതി നേടുന്നതുവരെ സഭയോടുകൂടെ പരസ്യശുശ്രൂഷയിൽ പങ്കെടുക്കാതിരിക്കാൻ അവർ അയാളെ ഉപദേശിച്ചേക്കാം. പിന്നീട് അയാൾക്ക് വീണ്ടും വയൽ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണെന്ന് അവർക്ക് അയാളോട് പറയാവുന്നതാണ്. ദുഷ്പ്രവൃത്തി കുപ്രസിദ്ധി വരുത്തിക്കൂട്ടാതെയും ആട്ടിൻകൂട്ടത്തിന്റെ ശുദ്ധിക്ക് അപകടകരമായിത്തീരാതെയുമിരിക്കുന്നുവെങ്കിൽ ഏതെങ്കിലും അറിയിപ്പിനാൽ സഭയെ ജാഗരൂകരാക്കേണ്ട ആവശ്യമില്ല.
15 എന്നിരുന്നാലും ആ വ്യക്തിക്ക് യഥാർത്ഥ അനുതാപമുണ്ടെന്നും, എന്നാൽ ദുഷ്പ്രവൃത്തി വിപുലമായി അറിയപ്പെടുന്നുണ്ടെന്നും രണ്ട് മൂപ്പൻമാർ കണ്ടെത്തുന്നുവെങ്കിൽ എന്ത്? അല്ലെങ്കിൽ ദുഷ്പ്രവൃത്തി പിന്നീട് വിപുലമായി അറിയപ്പെടുന്നുവെങ്കിലെന്ത്? രണ്ട് സംഗതികളിലും അവർക്ക് സഭാസേവനക്കമ്മിററിയെ വിവരമറിയിക്കാൻ കഴിയും. അവർ പിൻവരുന്ന പ്രകാരം ഒരു ലളിതമായ അറിയിപ്പ് നൽകാൻ ക്രമീകരിക്കും: “ . . . ഉൾപ്പെടുന്ന ഒരു സംഗതി കൈകാര്യം ചെയ്യപ്പെട്ടു. അയാൾ [അവൾ] സ്നാപനമേൽക്കാത്ത ഒരു പ്രസാധകനായി സഭയോടൊത്ത് സേവിക്കുന്നതിൽ തുടരുന്നു.” അങ്ങനെയുള്ള എല്ലാ കാര്യങ്ങളിലും എന്നപോലെ മൂപ്പൻമാരുടെ സംഘത്തിന് ഉൾപ്പെട്ടിരിക്കുന്നതരം ദുഷ്പ്രവൃത്തിയെക്കുറിച്ചുള്ള ബുദ്ധ്യുപദേശം സഹിതം ഒരു തിരുവെഴുത്തു പ്രസംഗം ഭാവിയിൽ ഒരു ഘട്ടത്തിൽ നടത്തുന്നത് ബുദ്ധിപൂർവ്വകമായിരിക്കുമോ എന്ന് മൂപ്പൻമാരുടെ സംഘത്തിന് തീരുമാനിക്കാവുന്നതാണ്.
16, 17. (എ) ഏത് രണ്ട് സാഹചര്യങ്ങൾ ഒരു വ്യത്യസ്ത പ്രഖ്യാപനം നടത്തുന്നതിനുള്ള അടിസ്ഥാനമായിരിക്കാം? (ബി) ഈ പ്രഖ്യാപനത്തിന്റെ സ്വഭാവമെന്താണ്?
16 ചിലപ്പോഴൊക്കെ ഒരു ദുഷ്പ്രവൃത്തിക്കാരനായിരിക്കുന്ന സ്നാപനമേൽക്കാത്ത ഒരു പ്രസാധകൻ സ്നേഹപുരസ്സരമായ സഹായത്തോട് പ്രതികരിക്കുകയില്ല. അല്ലെങ്കിൽ സ്നാപനമേൽക്കാത്ത ഒരു പ്രസാധകൻ താൻ സ്നാപനത്തിലേക്ക് പുരോഗമിക്കുന്നതിൽ തുടരാനാഗ്രഹിക്കുന്നില്ലെന്ന് തീരുമാനിച്ചേക്കാം. താൻ ഒരു പ്രസാധകനായി തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് അയാൾ മൂപ്പൻമാരെ അറിയിക്കുന്നു. എന്തു ചെയ്യണം? യഥാർത്ഥത്തിൽ ദൈവത്താൽ അംഗീകരിക്കപ്പെട്ടവരായി തീർന്നിട്ടില്ലാത്ത അങ്ങനെയുള്ളവരുടെ കാര്യത്തിൽ പുറത്താക്കൽ നടപടി സ്വീകരിക്കുന്നില്ല. അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരുടെ പുറത്താക്കലിന്റെ ക്രമീകരണം ‘സഹോദരൻമാർ എന്ന് വിളിക്കപ്പെട്ട’ സ്നാപനമേററവർക്കാണ് ബാധകമാകുന്നത്. (1 കൊരിന്ത്യർ 5:11) എന്നിരുന്നാലും, ദുഷ്പ്രവൃത്തി അവഗണിക്കപ്പെടുന്നു എന്ന് ഇതിനർത്ഥമുണ്ടോ? ഇല്ല.
17 മൂപ്പൻമാർ ‘തങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാൻ’ ഉത്തരവാദിത്വമുള്ളവരാണ്. (1 പത്രോസ് 5:2) സഹായം കൊടുക്കുന്ന രണ്ട് മൂപ്പൻമാർ സ്നാപനമേൽക്കാത്ത ദുഷ്പ്രവൃത്തിക്കാരന് അനുതാപമില്ലെന്നും ഒരു പ്രസാധകനായിരിക്കാൻ അയോഗ്യനാണെന്നും തീരുമാനിക്കുന്നുവെങ്കിൽ അവർ ആ വ്യക്തിയെ അറിയിക്കും.d അല്ലെങ്കിൽ സ്നാപനമേൽക്കാത്ത ഏതെങ്കിലും ഒരാൾ താൻ മേലാൽ ഒരു പ്രസാധകനായി അംഗീകരിക്കപ്പെടാനാഗ്രഹിക്കുന്നില്ലെന്ന് മൂപ്പൻമാരോട് പറയുന്നുവെങ്കിൽ അവർ അയാളുടെ തീരുമാനത്തെ അംഗീകരിക്കും. രണ്ട് സംഗതിയിലും “ . . . മേലാൽ സുവാർത്തയുടെ ഒരു പ്രസാധകനായിരിക്കുന്നില്ല” എന്ന് സമുചിതമായ ഒരു സമയത്ത് സഭാ സേവനകമ്മിററി ഒരു ലളിതമായ അറിയിപ്പ് കൊടുക്കുന്നത് ഉചിതമാണ്.
18. (എ) അങ്ങനെയുള്ള ഒരു പ്രഖ്യാപനത്തിനുശേഷം എങ്ങനെ പ്രവർത്തിക്കണമെന്ന് വ്യക്തിപരമായി തീരുമാനിക്കുമ്പോൾ ക്രിസ്ത്യാനികൾ എന്ത് മനസ്സിൽ പിടിക്കും? (ബി) കഴിഞ്ഞകാലത്ത് ദുഷ്പ്രവൃത്തിക്ക് കുററക്കാരായിരിക്കുന്ന സ്നാപനമേൽക്കാത്തവരെ പൂർണ്ണമായും ഒഴിവാക്കേണ്ടതാവശ്യമാണോ?
18 സാക്ഷികൾ അയാളെ പിന്നീട് എങ്ങനെ വീക്ഷിക്കും? ശരി, നേരത്തെ ഒരു ഘട്ടത്തിൽ അയാൾ യോഗങ്ങൾക്ക് ഹാജരായിരുന്ന ഒരു ‘അവിശ്വാസി’ ആയിരുന്നു. പിന്നീട് അയാൾ സുവാർത്തയുടെ ഒരു പ്രസാധകനാകാൻ ആഗ്രഹിക്കുകയും യോഗ്യതപ്രാപിക്കുകയും ചെയ്തു. മേലാൽ ഇത് വാസ്തവമായിരിക്കുന്നില്ല. അയാൾ അതുകൊണ്ട് വീണ്ടും ലോകത്തിലെ ഒരു ആൾ ആണ്. സാക്ഷികൾ അയാളോട് സംസാരിക്കുന്നതൊഴിവാക്കണമെന്ന് ബൈബിൾ ആവശ്യപ്പെടുന്നില്ല, എന്തുകൊണ്ടെന്നാൽ അയാൾ പുറത്താക്കപ്പെടുന്നില്ല.e അപ്പോഴും, യഹോവയെ ആരാധിക്കാത്ത ലോകത്തിലെ അത്തരമൊരു ആളിന്റെ കാര്യത്തിൽ ക്രിസ്ത്യാനികൾ ജാഗ്രത പാലിക്കും. യിസ്രായേല്യർ പരിച്ഛേദനയേൽക്കാത്ത വിദേശീയ കൂടിപാർപ്പുകാരോട് ചെയ്തതുപോലെതന്നെ. ഈ ജാഗ്രത ഏത് “അൽപ്പം പുളിമാവി”ൽനിന്നും അഥവാ ദുഷിപ്പിക്കുന്ന ഘടകത്തിൽ നിന്നും സഭയെ സംരക്ഷിക്കാൻ സഹായിക്കുന്നു. (1 കൊരിന്ത്യർ 5:6) പിന്നീട് ഏതെങ്കിലും ഒരു സമയത്ത് അയാളോടൊത്ത് ഒരു ബൈബിളദ്ധ്യയനം നടത്തണമെന്ന് അയാൾ യഥാർത്ഥമായ ആഗ്രഹം പ്രകടിപ്പിക്കുന്നുവെങ്കിൽ, മൂപ്പൻമാർക്ക് അത് ക്രമത്തിലാണെന്ന് തോന്നുകയും ചെയ്യുന്നുവെങ്കിൽ, ഒരുപക്ഷേ അത് യഹോവയെ അവന്റെ ജനത്തോടൊത്ത് ആരാധിക്കുന്നത് എന്തോരു പദവിയാണെന്ന് വിലമതിക്കാൻ അയാളെ സഹായിക്കും.—സങ്കീർത്തനം 100.
19.മൂപ്പൻമാർക്ക് ചില കേസുകളിൽ സ്വകാര്യമായി കൂടുതൽ സഹായം കൊടുക്കാവുന്നതെങ്ങനെ?
19 ഇത്തരമൊരാൾ ആട്ടിൻകൂട്ടത്തിന് ഒരു അസാധാരണ ഭീഷണിയാണെന്ന് മൂപ്പൻമാർ കാണുന്നുവെങ്കിൽ അവർക്ക് അപകടത്തിലായവർക്ക് സ്വകാര്യമായി മുന്നറിയിപ്പ് കൊടുക്കാവുന്നതാണ്. ദൃഷ്ടാന്തത്തിന്, മുൻപ്രസാധകൻ അമിതമദ്യപാനത്തിനോ ദുർമ്മാർഗ്ഗത്തിനോ വിധേയമായ ഒരു യുവാവായിരുന്നേക്കാം. അയാൾ മേലാൽ സ്നാപനമേററ ഒരു പ്രസാധകനല്ലെന്നുള്ള അറിയിപ്പ് ഗണ്യമാക്കാതെ അയാൾ സഭയിലെ യുവാക്കളോട് സാമൂഹ്യ സഹവാസം പുലർത്താൻ ശ്രമിച്ചേക്കാം. ആ സാഹചര്യത്തിൽ മൂപ്പൻമാർ അപകടത്തിലായവരുടെ മാതാപിതാക്കളോടും ഒരുപക്ഷേ ആ യുവാക്കളോടു തന്നെയും സ്വകാര്യമായി സംസാരിക്കും. (എബ്രായർ 12:15, 16; പ്രവൃത്തികൾ 20:28-30) ശിഥിലീകരണപ്രവണതയുള്ളവനോ അക്രമാസക്ത അപകടകാരിയോ, ആയ ഒരാളുടെ അപൂർവ്വ സംഗതിയിൽ, അയാൾക്ക് യോഗങ്ങളിൽ സ്വാഗതമില്ലെന്നും യോഗത്തിലേക്ക് പ്രവേശിക്കാനുള്ള ഏത് ശ്രമവും അതിലംഘനമായി കരുതപ്പെടുമെന്നും അയാളോട് പറയാൻ കഴിയും.
ദൈവത്തെ സേവിക്കാൻ പ്രായ പൂർത്തിയാകാത്തവരെ സഹായിക്കൽ
20. ക്രിസ്തീയ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് എന്ത് സഹായം കൊടുക്കുന്നു, എന്ത് ഫലത്തോടെ?
20 തങ്ങളുടെ മക്കളെ ദിവ്യസത്യത്തിന്റെ മാർഗ്ഗത്തിൽ പ്രബോധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം മാതാപിതാക്കൻമാർക്ക് ബൈബിൾ നൽകുന്നുണ്ട്. (ആവർത്തനം 6:4-9; 31:12, 13) അങ്ങനെ, യഹോവയുടെ സാക്ഷികൾ വാരംതോറുമുള്ള ഒരു ബൈബിളദ്ധ്യയനം നടത്താൻ ക്രിസ്തീയ കുടുംബങ്ങളെ ദീർഘനാൾ പ്രോൽസാഹിപ്പിച്ചിരിക്കുന്നു. തങ്ങളുടെ കുഞ്ഞുങ്ങൾ സമർപ്പണത്തിലേക്കും സ്നാപനത്തിലേക്കുംപുരോഗമിക്കാനും അങ്ങനെ ദൈവാംഗീകാരം നേടാനും ക്രിസ്തീയ മാതാപിതാക്കൾ അവരെ പ്രോൽസാഹിപ്പിക്കേണ്ടതാണ്. (സദൃശവാക്യങ്ങൾ 4:1-7) നാം സഭകളിൽ സന്തോഷകരമായ ഫലങ്ങൾ കാണുന്നു—യഹോവയെ സ്നേഹിക്കുന്നവരും അവനെ എന്നേക്കും ആരാധിക്കാൻ ആഗ്രഹിക്കുന്നവരുമായ മാതൃകായോഗ്യരായ കുട്ടികൾ ശതസഹസ്രക്കണക്കിനുണ്ട്.
21-23. (എ) മുഖ്യമായി, ഒരു പ്രായപൂർത്തിയാകാത്തയാളിന്റെ ദുഷ്പ്രവൃത്തി കൈകാര്യം ചെയ്യുന്നതെങ്ങനെ? (ബി) അങ്ങനെയുള്ള സാഹചര്യങ്ങളിൽ സഭാമൂപ്പൻമാർ എന്ത് ധർമ്മം നിറവേററുന്നു?
21 ആവശ്യമെന്ന് തോന്നുന്ന സ്നേഹപൂർവ്വകമായ ഏത് ശിക്ഷകളും അല്ലെങ്കിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിക്കൊണ്ട് തങ്ങളുടെ കുട്ടികൾക്ക് ശിക്ഷണവും ശാസനയും കൊടുക്കാനുള്ള മുഖ്യ ഉത്തരവാദിത്വവും ക്രിസ്തീയ മാതാപിതാക്കൾക്കുണ്ട്. (എഫേസ്യർ 6:4; എബ്രായർ 12:8, 9; സദൃശവാക്യങ്ങൾ 3:11, 12; 22:15) എന്നാൽ സ്നാപനമേൽക്കാത്ത ഒരു പ്രസാധകനെന്നനിലയിൽ സഹവസിച്ചുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ഗുരുതരമായ ഒരു ദുഷ്പ്രവൃത്തിയിൽ ഉൾപ്പെടുന്നുവെങ്കിൽ അത് ആട്ടിൻകൂട്ടത്തിന്റെ ‘ദേഹികളെ കാവൽ ചെയ്യുന്ന’ മൂപ്പൻമാർക്ക് ഉൽക്കണ്ഠാജനകമാണ്.—എബ്രായർ 13:17.
22 അടിസ്ഥാനപരമായി, അങ്ങനെയുള്ള ദുഷ്പ്രവൃത്തി ഈ ലേഖനത്തിൽ നേരത്തെ വിവരിച്ചതുപോലെ കൈകാര്യം ചെയ്യപ്പെടണം. സംഗതി പരിശോധിക്കുന്നതിന് രണ്ട് മൂപ്പൻമാർ നിയോഗിക്കപ്പെടാൻ കഴിയും. അവർക്ക് ആദ്യം, സംഭവിച്ചതെന്തെന്ന് മാതാപിതാക്കൻമാരുമായി (അല്ലെങ്കിൽ അവരിൽ ഒരാളുമായി) ചർച്ചചെയ്യാവുന്നതാണ്. കുട്ടിയുടെ മനോഭാവം എന്തെന്നും ഏത് തിരുത്തൽ നടപടി സ്വീകരിച്ചെന്നുംകൂടെ ചർച്ചചെയ്യാം. (ആവർത്തനം 21:18-21 താരതമ്യപ്പെടുത്തുക.) ക്രിസ്തീയ മാതാപിതാക്കൾ സാഹചര്യത്തെ നിയന്ത്രണാത്മകമാക്കിയിരിക്കുന്നുവെങ്കിൽ, മൂപ്പൻമാർക്ക് സഹായകമായ ബുദ്ധ്യുപദേശവും നിർദ്ദേശങ്ങളും സ്നേഹപൂർവ്വകമായ പ്രോൽസാഹനവും കൊടുക്കുന്നതിന് മാതാപിതാക്കൻമാരോട് ചിലപ്പോഴൊക്കെ കാര്യം തിരക്കാൻ കഴിയും.
23 ചില സമയങ്ങളിൽ വഴിപിഴച്ച കുട്ടിയും മാതാപിതാക്കൻമാരുമായി മൂപ്പൻമാർ കൂടിവരുന്നത് ഏററവും നല്ലതാണന്ന് മാതാപിതാക്കൻമാരുമായുള്ള ചർച്ച പ്രകടമാക്കുന്നു. കുട്ടികളുടെ പരിമിതികളും ചായ്വുകളും മനസ്സിൽ പിടിച്ചുകൊണ്ട് മേൽവിചാരകൻമാർ പ്രായക്കുറവുള്ള സ്നാപനമേൽക്കാത്ത പ്രസാധകനെ സൗമ്യതയോടെ പ്രബോധിപ്പിക്കാൻ ശ്രമിക്കും. (2 തിമൊഥെയോസ് 2:22-26) ചില കേസുകളിൽ കുട്ടി മേലാൽ ഒരു പ്രസാധകനായിരിക്കാൻ യോഗ്യനല്ലെന്നും സമുചിതമായ ഒരു പ്രഖ്യാപനം നടത്തേണ്ടതാണെന്നും വ്യക്തമായേക്കാം.
24. (എ) ഒരു പ്രായപൂർത്തിയാകാത്തയാൾ ഗൗരവമായ ദുഷ്പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നുവെങ്കിൽപോലും മാതാപിതാക്കൻമാർ എന്ത് ചെയ്യുന്നത് ഉചിതമാണ്, അവർക്ക് ഇത് എങ്ങനെ സാധിക്കാം? (ബി) പുറത്താക്കപ്പെട്ടിരിക്കുന്ന ഒരു പ്രായപൂർത്തിയാകാത്തയാളിന് ഇത് എങ്ങനെ ബാധകമാകും?
24 അതിനുശേഷം, തെററുചെയ്യുന്ന തങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടിക്കുവേണ്ടി മാതാപിതാക്കൾ എന്ത് ചെയ്യും? അവർ അപ്പോഴും കുട്ടിയോട് ഉത്തരവാദിത്വമുള്ളവരാണ്, സ്നാപനമേൽക്കാത്ത ഒരു പ്രസാധകനായിരിക്കാൻ അവൻ അയോഗ്യനോ സ്നാപനത്തിനുശേഷം ദുഷ്പ്രവൃത്തി നിമിത്തം പുറത്താക്കപ്പെട്ടിരിക്കുന്നവൻപോലുമോ ആയാലും ഇത് സത്യമാണ്. അവർ അവന് ആഹാരവും വസ്ത്രവും അഭയവും കൊടുക്കുന്നതിൽ തുടരുന്നതുപോലെ അവർ ദൈവവചനത്തിനു ചേർച്ചയായി അവന് പ്രബോധനവും ശിക്ഷണവും കൊടുക്കേണ്ട ആവശ്യമുണ്ട്. (സദൃശവാക്യങ്ങൾ 6:20-22; 29:17) അങ്ങനെ സ്നേഹമുള്ള മാതാപിതാക്കൻമാർക്ക് അവരുമായി ഒരു ഭവനബൈബിളദ്ധ്യയനം നടത്താൻ ക്രമീകരിക്കാവുന്നതാണ്, അവൻ പുറത്താക്കപ്പെട്ടിരിക്കുന്നുവെങ്കിൽ പോലും.f ഒരുപക്ഷേ, അവർ അവനുമായി അദ്ധ്യയനം നടത്തുന്നതിൽനിന്ന് അവന് ഏററവും അധികം തിരുത്തൽ പ്രയോജനം ലഭിക്കും. അല്ലെങ്കിൽ കുടുംബ അദ്ധ്യയന ക്രമീകരണത്തിൽ പങ്കുപററുന്നതിൽ അവന് തുടരാൻ കഴിയുമെന്ന് അവർക്ക് തീരുമാനിക്കാവുന്നതാണ്. അവൻ വഴിതെററിപ്പോയിരിക്കുന്നുവെങ്കിലും യേശുവിന്റെ ദൃഷ്ടാന്തത്തിലെ മുടിയനായ പുത്രനെപ്പോലെ യഹോവയിങ്കലേക്ക് മടങ്ങി വരുന്നത് കാണാൻ അവർ ആഗ്രഹിക്കുന്നു.—ലൂക്കോസ് 11:11-24.
25. ഇന്ന് “അവിശ്വാസികളി”ലേക്ക് സ്നേഹപുരസ്സരമായ താൽപര്യവും സഹായവും തിരിച്ചുവിടപ്പെടുന്നതെന്തുകൊണ്ട്?
25 നമ്മൾ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിന്റെ ലക്ഷ്യം, സത്യദൈവത്തിന്റെ സന്തുഷ്ട ആരാധകരായിത്തീരാൻ മററുള്ളവരെ സഹായിക്കുക എന്നതാണ്. കൊരിന്തിലെ ‘അവിശ്വാസികളും സാധാരണക്കാരും’ ‘“ദൈവം നിങ്ങളുടെയിടയിൽ യഥാർത്ഥത്തിലുണ്ട്” എന്നു പ്രഖ്യാപിച്ചുകൊണ്ട് കവിണ്ണുവീണ് ദൈവത്തെ ആരാധിക്കാൻ’ പ്രേരിതരായി. (1 കൊരിന്ത്യർ 14:25) കൂടുതൽ കൂടുതൽ ആളുകൾ ഇക്കാലത്ത് ദൈവത്തെ ആരാധിക്കാൻ വരുന്നത് കാണുന്നത് എന്തോരു സന്തോഷമാണ്! ഇത് ദൂതൻമാരുടെ പ്രഖ്യാപനത്തിന്റെ മഹത്തായ ഒരു നിവൃത്തിയാണ്: “മീതെ ഉന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സൻമനസ്സുള്ള മനുഷ്യരുടെയിടയിൽ [അല്ലെങ്കിൽ ദൈവാംഗീകാരമുള്ള മനുഷ്യരുടെയിടയിൽ] സമാധാനവും.”—ലൂക്കോസ് 2:14. (w88 11/15)
[അടിക്കുറിപ്പുകൾ]
a മൂപ്പൻമാരിൽ ഒരാൾ സഭാസേവനക്കമ്മിററിയിലെ അംഗമായിരിക്കണം. മറേറയാൾ അദ്ധേതാവിനോടോ അയാളെ പഠിപ്പിക്കുന്ന ആളോടോ ഏററവും അധികം പരിചയമുള്ള, സഭാപുസ്തകാദ്ധ്യയന നിർവ്വാഹകനെപ്പോലെയുള്ള മൂപ്പനായിരിക്കാവുന്നതാണ്.
b വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ 1985-ൽ പ്രസിദ്ധീകരിച്ചത്.
c മുമ്പ് വയൽ ശുശ്രൂഷക്ക് യോഗ്യത നേടിയ സ്നാപനമേൽക്കാത്ത ഒരാളെ “അംഗീകൃത സഹകാരി” എന്ന് വിളിച്ചിരുന്നു. എന്നിരുന്നാലും, വിശേഷിച്ച്, സാധുവായ ഒരു സമർപ്പണത്താലും ക്രിസ്തീയ സ്നാപനത്താലുമാണ് ദൈവാംഗീകാരം കൈവരുന്നതെന്നുള്ള ബൈബിൾ സൂചനയുടെ വീക്ഷണത്തിൽ, “സ്നാപനമേൽക്കാത്ത പ്രസാധകൻ” എന്നതാണ് കൂടുതൽ കൃത്യമായ പദം.
d വ്യക്തി ഈ തീരുമാനത്തിൽ അസംതൃപ്തനാണെങ്കിൽ അയാൾക്ക് (ഏഴു ദിവസത്തിനകം) കാര്യം പുനരവലോകനം ചെയ്യാൻ അപേക്ഷിക്കാവുന്നതാണ്.
e മുമ്പ് അനുതാപമില്ലാതെ പാപം ചെയ്ത സ്നാപനമേൽക്കാത്തവരെ പൂർണ്ണമായി ഒഴിവാക്കിയിരുന്നു. മുകളിൽ പൊരുത്തപ്പെടുത്തിയിരിക്കുന്നപ്രകാരം ഇത് ആവശ്യമായിരിക്കുന്നില്ലെങ്കിലും 1 കൊരിന്ത്യർ 15:33-ലെ ബുദ്ധ്യുപദേശം ഇപ്പോഴും അനുസരിക്കേണ്ടതാണ്.
f വീട്ടിൽനിന്ന് മാറി താമസിക്കുന്ന പുറത്താക്കപ്പെട്ട ബന്ധുക്കളോട് 1988 ഒക്ടോബർ 1-ലെ വീക്ഷാഗോപുരത്തിന്റെ 21-25 പേജുകളിലും 1982 ഫെബ്രുവരി 1-ലെ വീക്ഷാഗോപുരത്തിന്റെ പേജുകളിലും ചർച്ച ചെയ്തിരിക്കുന്ന തിരുവെഴുത്തു ബുദ്ധ്യുപദേശത്തിനു ചേർച്ചയിൽ ഇടപെടേണ്ടതാണ്.
നിങ്ങൾ ഓർമ്മിക്കുന്നുവോ?
□ യോഗങ്ങളിൽ ഹാജരാകുന്ന “അവിശ്വാസികളെ” സംബന്ധിച്ച ക്രിസ്ത്യാനികളുടെ വീക്ഷണമെന്താണ്?
□ ഒരു ബൈബിളദ്ധ്യേതാവ് വയൽസേവനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുമ്പോൾ മൂപ്പൻമാർ ഏത് നടപടികൾ അനുസരിക്കുന്നു, അദ്ധ്യേതാവ് ഏത് ഉത്തരവാദിത്വം കയ്യേൽക്കുന്നു?
□ സ്നാപനമേൽക്കാത്ത ഒരു പ്രസാധകൻ ഗുരുതരമായ ഒരു പാപം ചെയ്യുന്നുവെങ്കിൽ എന്ത് ചെയ്യപ്പെടുന്നു?
□ വീട്ടിൽ താമസിക്കുന്ന മൈനറായ കുട്ടികൾ ഗുരുതരമായി തെററുചെയ്യുന്നുവെങ്കിൽപോലും മാതാപിതാക്കൾക്കും മൂപ്പൻമാർക്കും അവരെ എങ്ങനെ സഹായിക്കാൻ കഴിയും?
[19-ാം പേജിലെ ചിത്രം]
സ്നാപനമേററിട്ടില്ലെങ്കിലും ഒരു പ്രസാധകനായിത്തീരുന്നത് ദൈവാംഗീകാരം നേടുന്നതിൽ പ്രാധാന്യവും ഉത്തരവാദിത്വവുമുള്ള ഒരു നടപടിയാണ്