ദൈവവ്യവസ്ഥകൾ പഠിക്കാൻ ആളുകളെ സഹായിക്കുന്നതിന് ഒരു പുതിയ ഉപകരണം
“അതിന്റെ ലളിതവും നേരിട്ടുള്ളതും ദയാപൂർവകവുമായ സമീപനം പ്രതീക്ഷകൾക്കതീതമായ ഫലങ്ങൾ കൈവരുത്തും. സങ്കീർണമല്ലാത്തതും ഹൃദ്യവുമായ വിധത്തി ലാണു വിഷയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ‘ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട്’ എന്നു പറയാൻ ആത്മാർഥതയും അന്വേഷണത്വരയുമുള്ള ഏതൊരു വ്യക്തിയും പ്രേരിതനാകും.” (1 കൊരിന്ത്യർ 14:25) ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന പുതിയ ലഘുപത്രികയെക്കുറിച്ചു വിവരിക്കവേ തായ്ലണ്ടിലെ ഒരു യഹോവയുടെ സാക്ഷി പറഞ്ഞതാണ് അത്. 1996/97-ലെ “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ വാച്ച് ടവർ സൊസൈറ്റി പ്രകാശനം ചെയ്തതാണ് ആ ലഘുപത്രിക.
32 പേജുള്ള ഈ മുഴുവർണ ലഘുപത്രിക ബൈബിൾ പഠനപരിപാടിക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ്. ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകൾ അതിൽ അടങ്ങിയിരിക്കുന്നു. ലളിതമായ വാക്കുകളിൽ സംക്ഷിപ്തമായി അത് ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്നതിനെക്കുറിച്ചു വ്യക്തതയോടെ വിവരിക്കുന്നു. അതു മനസ്സിലാക്കുന്നതിൽ വായനക്കാർക്കു പ്രയാസമുണ്ടായിരിക്കുകയില്ല. ഈ പുതിയ ലഘുപത്രിക ഉപയോഗിച്ച് എങ്ങനെ ബൈബിളധ്യയനം നടത്താം?
ചോദ്യങ്ങൾ ഉപയോഗിക്കുക. ഓരോ പാഠത്തിന്റെയും തുടക്കത്തിൽ ചോദ്യങ്ങൾ കൊടുത്തിരിക്കുന്നു. ഓരോ ചോദ്യത്തിനുശേഷവും, ഉത്തരങ്ങൾ കണ്ടെത്താൻ കഴിയുന്ന ഖണ്ഡികകളുടെ നമ്പരുകൾ, വലയങ്ങൾക്കുള്ളിൽ കൊടുത്തിട്ടുണ്ട്. ഈ ചോദ്യങ്ങൾ പൂർവാവലോകന, പുനരവലോകന പഠിപ്പിക്കൽ സഹായിയായി ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, ഭവന ബൈബിളധ്യയനത്തിന്റെ തുടക്കത്തിൽ, വിദ്യാർഥിയുടെ ഉത്തരങ്ങൾ കിട്ടാൻ ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. ഉടനെതന്നെ തെറ്റായ ഉത്തരങ്ങൾ തിരുത്തുന്നതിനുപകരം, നിങ്ങൾക്ക് അധ്യയനം തുടരാവുന്നതാണ്. പാഠത്തിന്റെ അവസാനം, വിദ്യാർഥി ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിളിനു ചേർച്ചയിൽ നൽകുന്നുണ്ടോ എന്നറിയാൻ ആ ചോദ്യങ്ങൾ വീണ്ടും ചോദിക്കാവുന്നതാണ്.
തിരുവെഴുത്തുകൾ എടുത്തുനോക്കുക. ഓരോ പാഠത്തിലും ബൈബിൾ സത്യങ്ങളുടെ ഹ്രസ്വമായ പ്രസ്താവനകൾക്കുശേഷം അവയ്ക്കു പിൻബലമേകുന്ന തിരുവെഴുത്തുകൾ കൊടുത്തിട്ടുണ്ട്. മിക്ക തിരുവെഴുത്തുകളും ഉദ്ധരിച്ചിരിക്കുകയല്ല, പരാമർശിച്ചിരിക്കുകയാണ്. അതുകൊണ്ട്, സ്വന്തം ബൈബിളിൽ ഈ പാഠഭാഗങ്ങൾ എടുത്തുനോക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുന്നത് പ്രധാനമാണ്. അയാൾ ദൈവവചനം വായിച്ച് അതേക്കുറിച്ചു ധ്യാനിക്കേണ്ടതുണ്ട്, എന്നാലേ അതു ജീവിതത്തിൽ ബാധകമാക്കാൻ അയാൾക്കു സാധിക്കുകയുള്ളൂ.—യോശുവ 1:8.
ചിത്രങ്ങൾ വിശേഷവത്കരിക്കുക. ഈ ലഘുപത്രികയിൽ ഫോട്ടോകളും ഛായാചിത്രങ്ങളുമായി മൊത്തം 50-ലധികം കലാസൃഷ്ടികളുണ്ട്. ദൃശ്യഭംഗിക്കു വേണ്ടി മാത്രമല്ല അവ നൽകിയിരിക്കുന്നത്, പഠിപ്പിക്കൽ സഹായികളായി ഉപയോഗിക്കാനും കൂടിയാണ്. ഉദാഹരണത്തിന്, അവസാനത്തെ രണ്ടു പാഠങ്ങളുടെ (ഓരോ പേജ് വീതം, എതിർപേജുകളിൽ) ശീർഷകങ്ങൾ “ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ മററുള്ളവരെ സഹായിക്കൽ,” “ദൈവത്തെ സേവിക്കാനുള്ള നിങ്ങളുടെ തീരുമാനം” എന്നിവയാണ്. രണ്ടു പേജുകളിലായി കൊടുത്തിരിക്കുന്ന ഫോട്ടോകൾ ഒരേ വ്യക്തിയുടെതന്നെ അനുക്രമമായ ആത്മീയ പുരോഗതി കാണിക്കുന്നതാണ്—അയാൾ അനൗപചാരിക സാക്ഷീകരണം നടത്തുന്നു, വീടുതോറുമുള്ള വേലയിൽ പങ്കെടുക്കുന്നു, സമർപ്പണം നടത്തുന്നു, ഒടുവിൽ സ്നാപനമേൽക്കുന്നു. ഈ ചിത്രങ്ങളിലേക്കു വിദ്യാർഥിയുടെ ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ട്, ദൈവത്തെ സേവിക്കുന്നതിന് ആവശ്യമായ പടികൾ കാണാൻ അയാളെ സഹായിക്കുക.
താത്പര്യക്കാരനായ ഒരു വ്യക്തിക്കു നന്നായി വായിക്കാൻ അല്ലെങ്കിൽ ഒട്ടുംതന്നെ വായിക്കാൻ അറിയില്ലെങ്കിലോ? സൊസൈറ്റി ഈ പുതിയ ലഘുപത്രിക ഒട്ടനവധി ഭാഷകളിലായി ഓഡിയോകാസെറ്റിൽ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ കാസെറ്റിൽ ലഘുപത്രികയിലെ പാഠഭാഗവും പരാമർശിച്ചിരിക്കുന്ന ധാരാളം തിരുവെഴുത്തുകളും അടങ്ങിയിരിക്കുന്നു. പിൻവരുന്നപ്രകാരമാണ് അതു ശബ്ദലേഖനം ചെയ്തിരിക്കുന്നത്: ഒന്നാമത് ചോദ്യം വായിക്കുന്നു, പിന്നീട് അതിന് ഉത്തരം നൽകുന്ന ഖണ്ഡിക (അല്ലെങ്കിൽ ഖണ്ഡികകൾ) വായിക്കുന്നു, ഒപ്പം പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളും. തുടർന്ന് അടുത്ത ചോദ്യം വായിക്കുന്നു, എന്നിട്ട് അതിന് ഉത്തരമായുള്ള പാഠഭാഗവും തിരുവെഴുത്തുകളും വായിക്കുന്നു. അതങ്ങനെ തുടരുന്നു. അധ്യയനത്തിനു വേണ്ടി തയ്യാറാകുമ്പോൾ വിദ്യാർഥിക്കു ശബ്ദലേഖനം ചെയ്തിരിക്കുന്നതു കേൾക്കാനാകും. അധ്യയനം നടത്തുമ്പോഴും ഈ കാസെറ്റ് ഉപയോഗിക്കാവുന്നതാണ്.
കൺവെൻഷനിൽ സംബന്ധിച്ചവർ ഈ പുതിയ ലഘുപത്രിക വയൽശുശ്രൂഷയിൽ ഉപയോഗിക്കാൻ ആകാംക്ഷയുള്ളവരായിരുന്നു. ഉദാഹരണത്തിന്, ഈ ലഘുപത്രിക കിട്ടി ഏതാനും ദിവസം കഴിഞ്ഞപ്പോൾ, ഐക്യനാടുകളിലെ രണ്ടു പയനിയർമാർ (മുഴുസമയ സുവിശേഷകർ) തങ്ങൾ സന്ദർശനം നടത്തിക്കൊണ്ടിരുന്ന ഒരു ദമ്പതികൾക്ക് അതു സമർപ്പിച്ചു. ആ ദമ്പതികൾ ഉള്ളടക്കപ്പട്ടികയിലൂടെ കണ്ണോടിച്ചു. “ദൈവം വെറുക്കുന്ന നടപടികൾ” എന്ന പാഠം അവരുടെ ശ്രദ്ധയാകർഷിച്ചു. “ദൈവത്തിന് ഒരിക്കലും വെറുക്കാനാവില്ലെന്ന്, അവൻ സ്നേഹനിർഭരനാണെന്ന് ആയിരുന്നു എന്നെ എപ്പോഴും പഠിപ്പിച്ചിരുന്നത്,” ആ യുവതി പറഞ്ഞു. “ഞാൻ ആദ്യം വായിക്കുന്നത് ഇതായിരിക്കും.” ആ രണ്ടു പയനിയർമാർ പിറ്റേ വാരത്തിൽ മടങ്ങിവന്നപ്പോൾ, ആ യുവതി ഇങ്ങനെ പറഞ്ഞു: “ഞാൻ ആ പുതിയ ലഘുപത്രിക വായിക്കുകയായിരുന്നു. നാം ചെയ്യേണ്ട സർവ കാര്യങ്ങളും ചെയ്യുക വളരെ പ്രയാസമാണ്. യഹോവ ഞങ്ങളിൽ സന്തുഷ്ടനല്ല—ഞങ്ങൾ വിവാഹിതരല്ല. പക്ഷേ, ഞങ്ങളൊരു തീരുമാനമെടുത്തുകഴിഞ്ഞു. അടുത്ത വെള്ളിയാഴ്ച വിവാഹിതരാകുന്നതിനുള്ള ക്രമീകരണങ്ങൾ ഞങ്ങൾ ചെയ്തിട്ടുണ്ട്.” പയനിയർ ദമ്പതികളെ പുണർന്നുകൊണ്ട് അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “ക്രമമായ അധ്യയനം ഇല്ലാത്തതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു, എന്നാൽ ഇപ്പോൾ വലിയൊരു ഭാരം ഒഴിഞ്ഞുകിട്ടിയതുപോലെയാണ്.”
നിശ്ചയമായും, ഈ പുതിയ ആവശ്യം ലഘുപത്രിക ഉപയോഗിക്കുക. ദൈവവ്യവസ്ഥകൾ പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനു നല്ലൊരു ഉപകരണമാണത്.
[17-ാം പേജിലെ ചിത്രം]
ഈ പുതിയ ലഘുപത്രിക നിങ്ങൾ എങ്ങനെ ഉപയോഗിക്കും?