യഹോവയുടെ മാർഗത്തിലുള്ള ജീവിതം പിന്തുടരാനുള്ള നമ്മുടെ ദൃഢനിശ്ചയം
1 “ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷനുകളുടെ ഒരു മുഖ്യ സവിശേഷത സമാപന പ്രസംഗത്തിൽ അംഗീകരിച്ച പ്രമേയം ആയിരുന്നു. “നാം ദൈവമാർഗത്തിലുള്ള ജീവിതമാണ് ഉത്തമ ജീവിതരീതി എന്നതിനോടു സർവാത്മനാ യോജിക്കുന്നു” എന്ന പ്രഖ്യാപനത്തോടെയാണ് അതു തുടങ്ങിയത്. നാം “ഉവ്വ്” എന്നു പറഞ്ഞുകൊണ്ട് അംഗീകരിച്ച ആ പ്രമേയത്തിലെ പ്രധാനപ്പെട്ട ചില ആശയങ്ങൾ ഓർമിക്കുക.
2 ലോകത്തിൽനിന്നുള്ള കളങ്കം ഏൽക്കാതെ യഹോവയുടെ മുമ്പാകെ ശുദ്ധരായി നിലകൊള്ളുക എന്നതു നമ്മുടെ ദൃഢനിശ്ചയമാണ്. നാം നമ്മുടെ ജീവിതത്തിൽ ദൈവഹിതത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നതിൽ തുടരും. അവന്റെ വചനമായ ബൈബിളിനെ നമ്മുടെ വഴികാട്ടിയായി ഉപയോഗിച്ചുകൊണ്ട്, ഇടത്തോട്ടോ വലത്തോട്ടോ വ്യതിചലിക്കാതെ, ദൈവമാർഗം ലോകത്തിന്റേതിനെക്കാൾ ശ്രേഷ്ഠമാണെന്നു നാം സ്ഥിരീകരിക്കും.
3 ലോകം പൊതുവേ ദൈവമാർഗത്തിലുള്ള ജീവിതത്തെ അവമതിക്കുകയും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുകയും ചെയ്യുന്നു. (യിരെ. 10:23) അതുകൊണ്ട്, “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്നു പറയുന്ന നമ്മുടെ മഹാ പ്രബോധകനായ യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിൽ നാം തുടരണം. (യെശ. 30:21) തിരുവെഴുത്തുകളിൽ വിശദീകരിച്ചിരിക്കുന്ന പ്രകാരം യഹോവയുടെ മാർഗത്തിലുള്ള ജീവിതം എല്ലാ വിധത്തിലും ഉത്കൃഷ്ടമാണ്. ആ മാർഗം പിന്തുടരാൻ, യഹോവയുടെ എല്ലാ പഠിപ്പിക്കലുകളിൽനിന്നും നാം പരമാവധി പ്രയോജനം നേടേണ്ടത് അത്യന്താപേക്ഷിതമാണ്.
4 യഹോവയുടെ ഉത്കൃഷ്ടമായ പഠിപ്പിക്കൽ പരിപാടി: ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യത്തെക്കുറിച്ചും ഏറ്റവും പ്രയോജനപ്രദമായ വിധത്തിൽ എങ്ങനെ ജീവിക്കാം എന്നതിനെക്കുറിച്ചും യഹോവ നമ്മെ പഠിപ്പിക്കുന്നു. മാനസികമായും ധാർമികമായും ആത്മീയമായും ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താവുന്നത് എങ്ങനെയെന്ന് അവൻ നമ്മെ പഠിപ്പിക്കുന്നു. സഹോദരങ്ങളോടും കുടുംബത്തോടും സഹമനുഷ്യരോടും സമാധാനത്തിൽ കഴിയാവുന്ന വിധത്തെക്കുറിച്ചും അവൻ പഠിപ്പിക്കുന്നു. അവൻ പ്രദാനം ചെയ്തിരിക്കുന്ന പാഠ്യപുസ്തകമായ ബൈബിളിലൂടെയും തന്റെ സംഘടനയിലൂടെയും അവൻ അപ്രകാരം ചെയ്യുന്നു.
5 ഇതിനോടുള്ള ബന്ധത്തിൽ നമ്മുടെ സഭായോഗങ്ങൾക്കു വളരെ പ്രാധാന്യമുണ്ട്. നാം അഞ്ചു യോഗങ്ങൾക്കും ക്രമമായി ഹാജരാകുകയും അതിൽ പങ്കുപറ്റുകയും ചെയ്യുമ്പോൾ, സുവാർത്തയുടെ ശുശ്രൂഷകരെന്ന നിലയിൽ സമഗ്രമായ പരിശീലനവും ക്രിസ്തീയ ജീവിതത്തിൽ നല്ല സമനിലയുള്ള വിദ്യാഭ്യാസവും നമുക്കു ലഭിക്കുന്നു. (2 തിമൊ. 3:16, 17) കൂടുതലായി, നമ്മുടെ മഹാ പ്രബോധകൻ സമ്മേളനങ്ങളിലൂടെയും കൺവെൻഷനുകളിലൂടെയും ദിവ്യാധിപത്യ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നു. നമ്മുടെ ആരോഗ്യവും സാഹചര്യങ്ങളും അനുവദിക്കുന്നിടത്തോളം ഒരു യോഗമോ ഒരു സെഷൻ പോലുമോ ഒരിക്കലും മുടക്കരുത് എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
6 സർവവും യഹോവയുടെ സ്തുതിയിലും നമ്മുടെ നിത്യ പ്രയോജനത്തിലും കലാശിക്കത്തക്ക വിധത്തിൽ വരുംനാളുകളിൽ ദൈവമാർഗത്തിലുള്ള ജീവിതം പിന്തുടരുന്നതിൽ നമുക്ക് ഉത്സാഹത്തോടെ തുടരാം!—യെശ. 48:17.