നിങ്ങൾ പ്രയോജനം നേടുന്നുവോ?
1 പ്രശ്നങ്ങളെ തരണം ചെയ്ത് ഒരു സന്തുഷ്ട ജീവിതം എങ്ങനെ നയിക്കാം എന്നറിയാൻ ഇന്ന് കോടിക്കണക്കിനാളുകൾ ആഗ്രഹിക്കുന്നു. ജീവിതം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും എന്നറിയാൻ അവർ സ്വാശ്രയ പുസ്തകങ്ങളിലേക്കോ ആളുകളിലേക്കോ സംഘടനകളിലേക്കോ തിരിയുന്നു. അതിലൂടെ ലഭിച്ച പരിമിതമായ പ്രയോജനങ്ങൾ ചിലർ ചൂണ്ടിക്കാട്ടിയേക്കാം. എങ്കിലും, ഇന്നത്തെ ജീവിത ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, പൊതുവെ ആളുകൾ മാനുഷിക പ്രബോധന പരിപാടികളുടെ സഹായത്താൽ സമാധാനപൂർണവും സംതൃപ്തിദായകവുമായ ജീവിതം നയിക്കാൻ പഠിച്ചിരിക്കുന്നുവെന്നു പറയാൻ കഴിയുമോ? ഒരിക്കലുമില്ല!—1 കൊരി. 3:18-20.
2 എന്നാൽ, ശ്രദ്ധിക്കാൻ മനസ്സുവെക്കുന്ന ഏവർക്കും ഏറ്റവും സഹായകമായ നിർദേശങ്ങൾ നമ്മുടെ സ്രഷ്ടാവ് സൗജന്യമായി നൽകുന്നു. തന്റെ പഠിപ്പിക്കലിൽനിന്ന് എല്ലാവരും പ്രയോജനം നേടാൻ അവൻ ആഗ്രഹിക്കുന്നു. മനുഷ്യവർഗത്തെ നേരായ മാർഗത്തിൽ നയിക്കാൻ അവൻ തന്റെ വചനം നൽകിയിരിക്കുന്നു. കൂടാതെ, മുഴു ഭൂമിയിലും സുവാർത്ത പ്രഖ്യാപിക്കപ്പെടാൻ അവൻ ഇടയാക്കുകയും ചെയ്തിരിക്കുന്നു. (സങ്കീ. 19:7, 8; മത്താ. 24:14; 2 തിമൊ. 3:16) സന്തോഷപ്രദമായ യഥാർഥ ജീവിതം യഹോവയുടെ കല്പനകൾ ശ്രദ്ധിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.—യെശ. 48:17, 18.
3 ലോകത്തിലെ സ്വാശ്രയ പുസ്തകങ്ങളെക്കാളും വ്യക്തിത്വവികസന പരിപാടികളെക്കാളും ഏറെ ശ്രേഷ്ഠമാണ് യഹോവ നൽകുന്ന മാർഗനിർദേശം. അവന്റെ വചനത്തിൽ പറഞ്ഞിരിക്കുന്നതും അവന്റെ സംഘടന പഠിപ്പിക്കുന്നതുമായ കാര്യങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുന്നെങ്കിൽ, യഥാർഥ സഹായവും നിലനിൽക്കുന്ന പ്രയോജനങ്ങളും നമുക്കു നേടാനാകും.—1 പത്രൊ. 3:10-12.
4 സഭായോഗങ്ങളിൽനിന്നു പ്രയോജനം നേടുക: നമ്മെ തന്റെ വഴികൾ പഠിപ്പിക്കുന്നതിൽ യഹോവ ഇന്ന് അതീവ തത്പരനാണ്, അവന്റെ പ്രബോധനങ്ങൾക്കു ചെവി കൊടുക്കുന്നതിലൂടെ നമുക്കു പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. നമുക്കുള്ള അഞ്ച് പ്രതിവാര യോഗങ്ങൾ യഹോവയുടെ സ്നേഹപുരസ്സരമായ കരുതലിനു തെളിവു നൽകുന്നു. സഭായോഗങ്ങളിൽ സംബന്ധിക്കുമ്പോൾ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ പരിജ്ഞാനം വളരുന്നു. യഹോവയോടു പറ്റിനിന്നുകൊണ്ടു മോശമായ കാര്യങ്ങളിൽനിന്നു നമ്മെത്തന്നെ എങ്ങനെ രക്ഷിക്കാമെന്നു നാം പഠിക്കുന്നു. അങ്ങനെ നമ്മുടെ ഉത്സാഹം വർധിക്കുന്നു.
5 ഇനിയുമുണ്ട് പ്രയോജനങ്ങൾ. സഭായോഗങ്ങളിൽ ‘വിശാലരാകാൻ’ നമുക്കു സാധിക്കുന്നു. (2 കൊരി. 6:13) സഭയിലെ സഹോദരങ്ങളെ അടുത്തറിയുന്നത് ഇതിന്റെ ഭാഗമാണ്. പൗലൊസ് അപ്പൊസ്തലൻ റോമർക്കുള്ള തന്റെ ലേഖനത്തിൽ എഴുതിയതുപോലെ, പ്രോത്സാഹന കൈമാറ്റത്തിലൂടെ നമുക്കു പ്രയോജനം ലഭിക്കുന്നു. (റോമർ 1:11, 12, NW) എബ്രായർക്ക് എഴുതവെ, ക്രിസ്തീയ സഹവാസം ഉപേക്ഷിക്കുന്ന പതിവുണ്ടായിരുന്ന ചിലരെ അവൻ ശക്തമായി ബുദ്ധിയുപദേശിച്ചു.—എബ്രാ. 10:24, 25.
6 ജീവിതത്തിലെ യഥാർഥ സംതൃപ്തി മറ്റുള്ളവരുടെ ക്ഷേമത്തിൽ താത്പര്യം കാണിക്കുന്നതിനോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള മാർഗങ്ങൾ നാം തേടേണ്ടതുണ്ട്. അതിനുള്ള ഒരു അവസരമാണ് ക്രിസ്തീയ യോഗങ്ങൾ പ്രദാനം ചെയ്യുന്നത്. അതു നമുക്കും നാം ആരോടൊത്ത് ആരോഗ്യകരമായ സഹവാസം ആസ്വദിക്കുന്നുവോ അവർക്കും പ്രയോജനം ചെയ്യുന്നു. അതിനു നമ്മുടെ ഭാഗത്ത് ആവശ്യമായിരിക്കുന്ന ഒരു സംഗതിയാണ് യോഗങ്ങളിലെ ഹൃദ്യമായ പങ്കുപറ്റൽ.
7 തിമൊഥെയൊസിന് നൽകിയ പൗലൊസിന്റെ ബുദ്ധിയുപദേശത്തിലും സമാനമായ ഒരു ആശയം കാണാം: “ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക.” (1 തിമൊ. 4:7) പിൻവരുന്ന ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കുക: ‘ഞാൻ എന്നെത്തന്നെ അഭ്യസിപ്പിക്കുന്നുണ്ടോ? സഭായോഗങ്ങളിൽ കേൾക്കുന്ന കാര്യങ്ങളിൽനിന്നു പ്രയോജനം നേടാൻ ഞാൻ പഠിക്കുന്നുണ്ടോ?’ യോഗങ്ങളിൽ കേൾക്കുന്ന കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുകയും അവ ബാധകമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നെങ്കിൽ, നമ്മുടെ ഉത്തരം തീർച്ചയായും ഉവ്വ് എന്നായിരിക്കും. സഭയിൽ പഠിപ്പിക്കുന്ന സഹോദരന്മാരെയല്ല, വിശ്വാസക്കണ്ണുകൾകൊണ്ട് മഹോപദേഷ്ടാവായ യഹോവയെ കാണാൻ നമുക്കു സാധിക്കണം.—യെശ. 30:20.
8 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും സേവനയോഗവും: ക്രിസ്തീയ ശുശ്രൂഷയിൽ ഫലപ്രദരായിരിക്കാൻ നമ്മെ സഹായിക്കുന്നവയാണ് ഈ യോഗങ്ങൾ. ക്രമമായ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് നിർദേശങ്ങളും ബുദ്ധിയുപദേശവും ലഭിക്കുന്ന ഒരു സ്കൂളാണ് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ. പ്രസംഗകരും ദൈവവചനത്തിന്റെ ഉപദേഷ്ടാക്കളും എന്ന നിലയിൽ തങ്ങളുടെ പുരോഗതി പ്രകടമാക്കാനുള്ള അവസരം അവർക്കുണ്ട്. എങ്കിലും, ഈ സ്കൂളിൽനിന്ന് പരമാവധി പ്രയോജനം നേടാൻ നിങ്ങൾ അതിൽ ചേരുകയും ഹാജരാകുകയും ക്രമമായി പങ്കുപറ്റുകയും ലഭിക്കുന്ന നിയമനങ്ങൾ നല്ലവണ്ണം തയ്യാറായി നിർവഹിക്കുകയും ചെയ്യേണ്ടതുണ്ട്. നൽകപ്പെടുന്ന ബുദ്ധിയുപദേശം സ്വീകരിക്കുന്നതും ബാധകമാക്കുന്നതും പുരോഗതി കൈവരിക്കാൻ നിങ്ങളെ സഹായിക്കും.
9 സേവനയോഗം, ക്രിസ്തീയ ശുശ്രൂഷയുടെ പ്രാധാന്യം നമുക്കു കാണിച്ചുതരുകയും ശിഷ്യരെ ഉളവാക്കുന്ന വേലയിൽ എങ്ങനെ പങ്കുപറ്റാമെന്നു നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ടു യോഗങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളിൽനിന്ന് നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും പൂർണ പ്രയോജനം നേടുന്നുണ്ടോ? ഒരു ക്രിസ്തീയ ദമ്പതികൾ ഇങ്ങനെ പറയുന്നു: “കുടുംബം ഒത്തൊരുമിച്ച് ദിനവാക്യം പരിചിന്തിക്കണമെന്ന് ഒരു സേവനയോഗത്തിൽ ഞങ്ങൾ പഠിച്ചു. ഞങ്ങൾക്ക് ആ ശീലമില്ലായിരുന്നു, എന്നാൽ ഇപ്പോഴുണ്ട്.” അവർ എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു? അവർ പറയുന്നു: “ഇപ്പോൾ ഭക്ഷണവേളയിൽ വാദപ്രതിവാദങ്ങളൊന്നും ഉണ്ടാകാറില്ല. മറിച്ച്, ഞങ്ങളുടെ സംഭാഷണം കൂടുതൽ ആസ്വാദ്യമായിത്തീർന്നു.” യോഗങ്ങളിൽനിന്ന് കൊച്ചുകുട്ടികൾക്കും പ്രയോജനം ലഭിക്കുമോ? ഉവ്വ്. ആ കുടുംബത്തിലെ മാതാവ് പറയുന്നു: “യോഗങ്ങൾ ഞങ്ങളുടെ കുട്ടികളെ ആഴത്തിൽ സ്പർശിക്കുന്നുണ്ടെന്നു വ്യക്തമാണ്. ഒരു ദിവസം ഞങ്ങളുടെ ആറു വയസ്സുള്ള മകൻ ചില നുണകൾ പറഞ്ഞതായി ഞങ്ങൾ മനസ്സിലാക്കി. എന്നാൽ ആ വാരത്തിലെ പ്രബോധനപ്രസംഗം നുണ പറയുന്നതിനെ കുറിച്ചായിരുന്നു. കുറ്റബോധം തോന്നിയ അവൻ പിതാവിന്റെ അടുത്ത് തലകുനിച്ചിരിക്കുകയായിരുന്നു. അവനു കാര്യം മനസ്സിലായി, പിന്നീട് അവൻ അത് ആവർത്തിച്ചിട്ടില്ല.”
10 ശുശ്രൂഷ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ സേവനയോഗത്തിലൂടെ ലഭിക്കുന്നതിൽ താൻ സന്തുഷ്ടയാണെന്ന് ഒരു പയനിയർ സഹോദരി പറയുന്നു. കാരണമെന്താണ്? അവൾ പറയുന്നു: “ഞാൻ പലപ്പോഴും പുരോഗമനപരമായി ചിന്തിക്കാറില്ല. രാജ്യ ശുശ്രൂഷയിലെ ചില നിർദേശങ്ങൾ നമ്മുടെ കാര്യത്തിൽ ബാധകമാക്കാൻ കഴിയില്ല എന്നു ചിലപ്പോൾ ഞാൻ വിചാരിക്കാറുണ്ട്. എന്നാൽ സേവനയോഗ പരിപാടിയിലൂടെ, ഒരു പ്രത്യേക രീതി പരീക്ഷിച്ചുനോക്കാൻ നിർദേശം കിട്ടിക്കഴിഞ്ഞാൽ അത് എത്രയും പെട്ടെന്ന് പരീക്ഷിച്ചുനോക്കണം എന്ന ഒരേയൊരു ചിന്തയേ ഉള്ളൂ എനിക്ക്. അത് ശുശ്രൂഷയെ ആസ്വാദ്യമാക്കുന്നു!” ആദ്യ സന്ദർശനത്തിൽത്തന്നെ ബൈബിൾ അധ്യയനം തുടങ്ങാനുള്ള നിർദേശം ഏതാനും വാരക്കാലം പരീക്ഷിച്ചുനോക്കിയ അവൾക്ക്, സഹായത്തിനായി പ്രാർഥിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിക്ക് ആദ്യ സന്ദർശനത്തിൽത്തന്നെ അധ്യയനം ആരംഭിക്കാൻ കഴിഞ്ഞു.
11 നിങ്ങൾ നടത്തുന്ന വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ചുള്ള തിരുവെഴുത്തു ബുദ്ധിയുപദേശം അടങ്ങുന്ന ഒരു പ്രസംഗം കേൾക്കുമ്പോൾ, യഹോവ നിങ്ങളോടു നേരിട്ട് സംസാരിക്കുകയാണ് എന്നു നിങ്ങൾ മനസ്സിലാക്കുന്നുവോ? ഒരു സഹോദരന് അങ്ങനെ തോന്നി. അദ്ദേഹം പറഞ്ഞു: “ഈയിടെ ഞാൻ സംബന്ധിച്ച ഒരു സേവനയോഗത്തിൽ ക്രിസ്ത്യാനികൾക്ക് ഉചിതവും അനുചിതവുമായ വിനോദങ്ങളെ കുറിച്ച് ഒരു പ്രസംഗമുണ്ടായിരുന്നു. ടിവിയിൽ വരുന്ന ബോക്സിങ് കാണുന്ന ശീലം ഉണ്ടായിരുന്ന ഞാൻ ആ പ്രസംഗം കേട്ടശേഷം ബോക്സിങ് ക്രിസ്ത്യാനികൾക്കു ചേർന്ന ഒരു വിനോദമല്ല എന്നു മനസ്സിലാക്കി. അതിൽപ്പിന്നെ ഞാൻ അത്തരം പരിപാടികൾ കാണാറേയില്ല.” അതേ, അക്രമം പ്രിയപ്പെട്ടിരുന്ന ഈ സഹോദരൻ യഹോവയുടെ മാർഗനിർദേശത്തിനു ചെവി കൊടുത്തു.—സങ്കീ. 11:5, NW.
12 പരസ്യയോഗം, വീക്ഷാഗോപുര അധ്യയനം, സഭാ പുസ്തകാധ്യയനം: ഓരോ വാരവും നാം കേൾക്കുന്ന പരസ്യ പ്രസംഗങ്ങളിൽ വിവിധങ്ങളായ ബൈബിൾ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്. അവ ഏതൊക്കെ വിധങ്ങളിലാണ് നിങ്ങൾക്ക് പ്രയോജനം ചെയ്യുന്നത്? ഒരു ക്രിസ്തീയ ഭർത്താവ് തനിക്കു ലഭിച്ച പ്രയോജനങ്ങളെ കുറിച്ചു പറയുന്നു: “ആത്മാവിന്റെ ഫലങ്ങളെ കുറിച്ചുള്ളതായിരുന്നു ഒരു പരസ്യ പ്രസംഗം. പ്രസംഗകൻ, ആത്മാവിന്റെ ഫലങ്ങൾ വളർത്തിയെടുക്കുന്നതിന് താൻ നടത്തുന്ന ശ്രമത്തെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. അതായത്, ഓരോ ആഴ്ചയിലും അദ്ദേഹം ഒരു പ്രത്യേക ഗുണം തിരഞ്ഞെടുക്കുകയും അതിൽ അഭിവൃദ്ധി വരുത്തുന്നതിന് ശ്രമിക്കുകയും ചെയ്തിരുന്നുവത്രേ. ഓരോ വാരത്തിന്റെ ഒടുവിലും ദൈനംദിന കാര്യാദികളിൽ ആത്മാവിന്റെ പ്രത്യേക ഗുണം തനിക്ക് എത്രത്തോളം പ്രകടിപ്പിക്കാൻ കഴിഞ്ഞു എന്നതു സംബന്ധിച്ച് അദ്ദേഹം വിലയിരുത്തുമായിരുന്നു. തുടർന്ന് അടുത്ത ആഴ്ചയിൽ മറ്റൊരു ഗുണം വളർത്തിയെടുക്കാൻ അദ്ദേഹം ശ്രമിക്കുമായിരുന്നു. എനിക്കത് വളരെ ഇഷ്ടപ്പെട്ടു, ഞാനും അതുപോലെ ചെയ്യാൻ തുടങ്ങി.” പഠിച്ച കാര്യങ്ങൾ ബാധമാക്കുന്നതിന്റെ എത്ര നല്ല ദൃഷ്ടാന്തം!
13 ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളിൽ ബൈബിൾ തത്ത്വങ്ങൾ എങ്ങനെ ബാധകമാക്കാമെന്ന് വീക്ഷാഗോപുര അധ്യയനം നമ്മെ പഠിപ്പിക്കുന്നു. ജീവിതോത്കണ്ഠകൾ ഉള്ളപ്പോൾപ്പോലും മനസ്സും ഹൃദയവും ശാന്തമാക്കി നിറുത്താൻ ഇതു നമ്മെ സഹായിക്കുന്നു. ബൈബിൾ സത്യം സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും വീക്ഷാഗോപുര അധ്യയനത്തിലൂടെ നമുക്കു ലഭിക്കുന്നു. ഉദാഹരണത്തിന്, 1999 മേയ് 1 ലക്കം വീക്ഷാഗോപുരത്തിലെ, “ഇതെല്ലാം സംഭവിച്ചേ തീരൂ” “വായിക്കുന്നവൻ വിവേചന ഉപയോഗിക്കട്ടെ,” “ജാഗ്രതയും ശുഷ്കാന്തിയും ഉള്ളവർ ആയിരിപ്പിൻ!” എന്നീ ലേഖനങ്ങളിൽനിന്നു നാം പ്രയോജനം നേടിയില്ലേ? ഈ ലേഖനങ്ങൾ വ്യക്തിപരമായി നിങ്ങളെ എങ്ങനെയാണു ബാധിച്ചത്? ഭാവി സംബന്ധിച്ച യേശുവിന്റെ മുന്നറിയിപ്പു ഗൗരവമായെടുക്കുന്നു എന്ന് പ്രവൃത്തികളിലൂടെ നിങ്ങൾ തെളിയിക്കുന്നുണ്ടോ? ‘ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധ സ്ഥലത്ത് നിൽക്കുന്നതായി’ നാം കാണുന്ന സമയത്ത് ഉണ്ടാകാനിരിക്കുന്ന പരിശോധനകൾക്കായി നിങ്ങൾ ഇപ്പോൾത്തന്നെ ഒരുങ്ങുന്നുണ്ടോ? (മത്താ. 24:15-22) ഭൗതിക സ്വത്ത് വാരിക്കൂട്ടുന്നതല്ല മറിച്ച്, യഹോവയുടെ നാമത്തിന്റെ മഹത്ത്വീകരണമാണു പരമപ്രധാന സംഗതിയെന്നു നിങ്ങളുടെ ലക്ഷ്യങ്ങളും ജീവിതഗതിയും തെളിയിക്കുന്നുണ്ടോ? വീക്ഷാഗോപുര അധ്യയനത്തിലൂടെ നാം ഇപ്പോൾത്തന്നെ പ്രയോജനം നേടുന്നില്ലേ?
14 ഓരോ വാരത്തിലും സഭാ പുസ്തകാധ്യയനത്തിലൂടെ എന്തുമാത്രം കാര്യങ്ങളാണു നാം പഠിക്കുന്നത്! ഇപ്പോൾ നാം പഠിക്കുന്നത് ബൈബിളിലെ ദാനീയേൽ പുസ്തകത്തെ കുറിച്ചാണ്. ആ ബൈബിൾ പുസ്തകം കഴിഞ്ഞ നാലു മാസമായി പഠിച്ചതിലൂടെ നമ്മുടെ വിശ്വാസം വാരംതോറും വളരുന്നതായി നാം കാണുന്നില്ലേ? യഹോവയുടെ പ്രിയ പ്രവാചകനായ ദാനീയേലിനെപ്പോലെ, സഹിച്ചുനിൽക്കാൻ കഴിയേണ്ടതിനു നാം നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയാണു ചെയ്യുന്നത്.
15 സന്തുഷ്ട ജീവിതം നയിക്കാൻ യഹോവ നമ്മെ പഠിപ്പിക്കുന്നു: യഹോവയുടെ കൽപ്പനകൾക്കു ശ്രദ്ധ കൊടുക്കുന്നതിനാൽ നമുക്കു മിക്ക പ്രശ്നങ്ങളും ഒഴിവാക്കാൻ കഴിയുന്നു. കൂടാതെ, സന്തുഷ്ട ജീവിതം നയിക്കാൻ നമുക്കു സാധിക്കുകയും ചെയ്യുന്നു. യഹോവയുടെ നിർദേശങ്ങൾ പിന്തുടരുന്ന നാം കേവലം നിരീക്ഷകരല്ല മറിച്ച്, അവന്റെ വേലയിൽ ഭാഗഭാക്കുകളായിത്തീരുകയാണ് ചെയ്യുന്നത്. ദൈവത്തിന്റെ വേല ചെയ്യുന്നവരാണു സന്തുഷ്ടർ.—1 കൊരി. 3:9; യാക്കോ. 1:25, NW.
16 സഭാ യോഗങ്ങളിൽ കേൾക്കുന്ന കാര്യങ്ങൾ എങ്ങനെ ബാധകമാക്കാമെന്നു നല്ലവണ്ണം ചിന്തിക്കുക. (യോഹ. 13:17) മുഴു ഹൃദയത്തോടെ, ഉത്സാഹപൂർവം ദൈവത്തെ സേവിക്കുക. അപ്പോൾ നിങ്ങളുടെ സന്തോഷം കവിഞ്ഞൊഴുകും. നിങ്ങളുടെ ജീവിതം കൂടുതൽ അർഥപൂർണവും ധന്യവുമായിത്തീരും. അതേ, നിങ്ങൾക്കുതന്നെ സമൃദ്ധമായ പ്രയോജനങ്ങൾ ലഭിക്കും.