പുരുഷധനം കൊടുക്കൽ ആഫ്രിക്കൻ സംസ്കാരത്തിൽ
ബൈബിൾ കാലങ്ങളിലെപ്പോലെ, ഇന്നും ചില സംസ്കാരങ്ങളിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിക്കണമെങ്കിൽ പുരുഷധനം കൊടുക്കണം. തന്റെ ഭാവി അമ്മായിയപ്പനായ ലാബാനോടു യാക്കോബ് പറഞ്ഞു: “നിന്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം.” (ഉല്പത്തി 29:18) റാഹേലിനോടുള്ള സ്നേഹം നിമിത്തം യാക്കോബ് ഉയർന്ന വില കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു—ഏഴു വർഷത്തെ വേതനത്തിനു തുല്യമായ വില! ലാബാൻ ആ വാഗ്ദാനം സ്വീകരിച്ചെങ്കിലും അവൻ ഉപായത്തിൽ യാക്കോബിനെക്കൊണ്ട് മൂത്ത പുത്രി ലേയയെ വിവാഹം കഴിപ്പിക്കുകയാണ് ചെയ്തത്. തുടർന്നുള്ള ഇടപെടലുകളിലും ലാബാൻ യാക്കോബിനോട് വക്രത കാട്ടി. (ഉല്പത്തി 31:41) ഭൗതിക നേട്ടത്തിൽ കണ്ണുനട്ടുള്ള ലാബാന്റെ പ്രവർത്തനങ്ങൾ അവസാനം അവനുതന്നെ തിരിച്ചടിയായി, അവന്റെ പുത്രിമാർക്ക് അവനോടുണ്ടായിരുന്ന ആദരവു നഷ്ടപ്പെട്ടു. അവർ ചോദിച്ചു: “അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നതു? ഞങ്ങളെ വിററു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.”—ഉല്പത്തി 31:15.
സങ്കടകരമെന്നു പറയട്ടെ, ഭൗതികത്വ ചിന്തയുള്ള ഇന്നത്തെ ലോകത്തിൽ, അനേകം മാതാപിതാക്കളും ലാബാനെ പോലെയാണ്. ചിലരാണെങ്കിൽ അവനെക്കാളും മോശമാണ്. ഒരു ആഫ്രിക്കൻ പത്രം പറയുന്നത് അനുസരിച്ച്, ചില വിവാഹ കൂടിയാലോചനകൾ “അത്യാഗ്രഹികളായ പിതാക്കന്മാരുടെ ലാഭക്കൊതി തീർക്കാൻവേണ്ടി മാത്രമുള്ളതാണ്.” മറ്റൊരു ഘടകം സാമ്പത്തിക സമ്മർദമാണ്, അതിനാൽ ചില മാതാപിതാക്കൾ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് എളുപ്പം തലയൂരാനുള്ള ഒരു മാർഗമായി പുത്രിമാരെ വീക്ഷിക്കുന്നു.a
ഏറ്റവും കൂടുതൽ പണം വാഗ്ദാനം ചെയ്യുന്ന ആൾ വരുന്നതുവരെ പുത്രിമാരുടെ വിവാഹം നീട്ടിക്കൊണ്ടുപോകുന്ന ചില മാതാപിതാക്കളുമുണ്ട്. ഇത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. കിഴക്കേ ആഫ്രിക്കയിൽനിന്നുള്ള ഒരു വാർത്താലേഖകൻ എഴുതി: “നിർബന്ധബുദ്ധികളായ പെൺവീട്ടുകാർ ആവശ്യപ്പെടുന്ന കനത്ത പുരുഷധനം താങ്ങാനാവാതെ യുവജനങ്ങൾ ഒളിച്ചോടാൻ തീരുമാനിക്കുന്നു.” കനത്ത പുരുഷധനം ആവശ്യപ്പെടുന്നതു നിമിത്തം ഉളവാകുന്ന പ്രശ്നങ്ങളിലൊന്ന് ലൈംഗിക അധാർമികത ആണ്. ചില യുവാക്കൾ പണം കടംവാങ്ങി ഒരു ഭാര്യയെ തരപ്പെടുത്തുന്നു, പിന്നെ കടത്തിൽനിന്നു കരകയറാൻ പെടാപ്പാട് പെടുന്നു. ഒരു ദക്ഷിണാഫ്രിക്കൻ സാമൂഹ്യ പ്രവർത്തകൻ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “മാതാപിതാക്കൾ ന്യായബോധം പ്രകടമാക്കണം. അവർ വൻതുകകൾ ആവശ്യപ്പെടരുത്. നവദമ്പതികൾക്ക് തുടർന്നും ജീവിക്കാനുള്ളതാണ് . . . അതുകൊണ്ടു യുവാവിനെ എന്തിനു പാപ്പരാക്കണം?”
പുരുഷധനം പറഞ്ഞുറപ്പിക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ ക്രിസ്തീയ മാതാപിതാക്കൾക്കു ന്യായബോധം പ്രകടിപ്പിക്കുന്നതിൽ മാതൃക വെക്കാൻ കഴിയുന്നതെങ്ങനെ? ഇത് ഗൗരവമുള്ള സംഗതിയാണ്, എന്തെന്നാൽ ബൈബിൾ കൽപ്പിക്കുന്നു: “നിങ്ങളുടെ ന്യായയുക്തത സകല മനുഷ്യരും അറിയട്ടെ.”—ഫിലിപ്പിയർ 4:5, NW.
ന്യായയുക്തമായ ബൈബിൾ തത്ത്വങ്ങൾ
ക്രിസ്തീയ മാതാപിതാക്കൾ പുരുഷധനം പറഞ്ഞുറപ്പിക്കാൻ തീരുമാനിക്കണമോ വേണ്ടയോ എന്നതു വ്യക്തിപരമാണ്. പറഞ്ഞുറപ്പിക്കാൻ തീരുമാനിക്കുന്നപക്ഷം, അത്തരം ചർച്ചകൾ ബൈബിൾ തത്ത്വങ്ങളോടുള്ള യോജിപ്പിൽ നടത്തപ്പെടണം. “നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ” എന്നു ദൈവവചനം പറയുന്നു. (എബ്രായർ 13:5) ഈ തത്ത്വം വിവാഹ ചർച്ചകളിൽ പ്രകടമാകുന്നില്ലെങ്കിൽ, ഒരു ക്രിസ്തീയ പിതാവ് നല്ല മാതൃകയല്ല വെക്കുന്നത്. ക്രിസ്തീയ സഭയിൽ ഉത്തരവാദിത്വ സ്ഥാനമുള്ള പുരുഷന്മാർ “ന്യായയുക്ത”രായിരിക്കേണ്ടതാണ്, ‘പണസ്നേഹ’മോ ‘സത്യസന്ധമല്ലാത്ത നേട്ടത്തിനായി അത്യാർത്തി’യോ പ്രകടമാക്കുന്നവർ ആയിരിക്കരുത്. (1 തിമൊഥെയൊസ് 3:3, 8, NW) അത്യാഗ്രഹത്തോടെയും അനുതാപരഹിതമായും കനത്ത പുരുഷധനം തട്ടിയെടുക്കുന്ന ഒരു ക്രിസ്ത്യാനിയെ സഭയിൽനിന്നു പുറത്താക്കുക പോലും ചെയ്യാവുന്നതാണ്.—1 കൊരിന്ത്യർ 5:11, 13; 6:9, 10.
അത്യാഗ്രഹം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെപ്രതി, ചില ഗവൺമെന്റുകൾ പൗരന്മാരെ ചൂഷണത്തിൽനിന്നു സംരക്ഷിക്കുന്നതിനുവേണ്ടി നിയമനിർമാണങ്ങൾ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയിൽ സ്ത്രീധനത്തിനുവേണ്ടി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തുന്നതോ സ്ത്രീധനം വാങ്ങുന്നതോ നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇന്ത്യയിൽ സത്യക്രിസ്ത്യാനികൾ ഈ നിയമം അനുസരിക്കുന്നു. പുരുഷധനമായി “വസ്തുവകകളോ പണമോ, അല്ലെങ്കിൽ രണ്ടുംകൂടിയോ കൊടുക്കാവുന്നതാണ്” എന്ന് ഒരു പശ്ചിമ ആഫ്രിക്കൻ രാജ്യമായ റ്റോഗൊയിലെ ഒരു നിയമം പ്രസ്താവിക്കുന്നു. പ്രസ്തുത നിയമം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എന്നാൽ പുരുഷധനം യാതൊരു കാരണവശാലും 10,000 F CFA-യിൽ (20 അമേരിക്കൻ ഡോളർ) കവിയാൻ പാടില്ല.” ക്രിസ്ത്യാനികൾ നിയമാനുസാരികളായ പൗരന്മാർ ആയിരിക്കണമെന്നു ബൈബിൾ ആവർത്തിച്ചു കൽപ്പിക്കുന്നു. (തീത്തൊസ് 3:1) ഗവൺമെന്റ് അത്തരമൊരു നിയമം നടപ്പാക്കുന്നില്ലെങ്കിലും, സത്യക്രിസ്ത്യാനി അത് അനുസരിക്കാൻ ആഗ്രഹിക്കും. അങ്ങനെ അയാൾ ദൈവമുമ്പാകെ ഒരു നല്ല മനസ്സാക്ഷി നിലനിർത്തും, മറ്റുള്ളവരെ ഇടറിക്കുകയുമില്ല.—റോമർ 13:1, 5; 1 കൊരിന്ത്യർ 10:32, 33.
ചില സംസ്കാരങ്ങളിൽ, പുരുഷധനം പറഞ്ഞുറപ്പിക്കുന്ന വിധം മറ്റൊരു ബൈബിൾ തത്ത്വത്തെ ലംഘിച്ചേക്കാം. ബൈബിൾ പറയുന്നത് അനുസരിച്ച്, ഭവനത്തിന്റെ കാര്യങ്ങൾക്കു ചുക്കാൻ പിടിക്കുന്നതിനുള്ള ഉത്തരവാദിത്വം പിതാവിനാണ്. (1 കൊരിന്ത്യർ 11:3; കൊലൊസ്സ്യർ 3:18, 20) അതുകൊണ്ട്, സഭയിൽ ഉത്തരവാദിത്വ സ്ഥാനത്തുള്ളവർ ‘മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്ന’ പുരുഷന്മാർ ആയിരിക്കണം.—1 തിമൊഥെയൊസ് 3:12.
എന്നിരുന്നാലും, ചില സമുദായങ്ങളിൽ വിവാഹവുമായി ബന്ധപ്പെട്ട പ്രധാന ചർച്ചകൾ കുടുംബനാഥന്റെ ബന്ധുക്കളാകും നിർവഹിക്കുക. പുരുഷധനത്തിന്റെ ഒരു ഭാഗം ഈ ബന്ധുക്കൾ ആവശ്യപ്പെടും. ഇത് ക്രിസ്തീയ ഭവനങ്ങളിൽ ഒരു പരിശോധന വരുത്തുന്നു. ആചാരത്തിന്റെ പേരിൽ, ചില കുടുംബനാഥന്മാർ വലിയ പുരുഷധനം തട്ടിയെടുക്കാൻ അവിശ്വാസികളായ ബന്ധുക്കളെ അനുവദിക്കുന്നു. ഇത് ചിലപ്പോഴൊക്കെ ക്രിസ്തീയ പെൺകുട്ടി ഒരു അവിശ്വാസിയെ വിവാഹം ചെയ്യുന്നതിലേക്കു നയിച്ചിട്ടുണ്ട്. അത്, ക്രിസ്ത്യാനികൾ ‘കർത്താവിൽ മാത്രമേ’ വിവാഹം ആകാവൂ എന്ന ശാസനത്തിനു നേർവിപരീതമാണ്. (1 കൊരിന്ത്യർ 7:39) തന്റെ സ്വന്തം കുട്ടികളുടെ ആത്മീയത അപകടപ്പെടുത്തുന്ന തീരുമാനങ്ങൾ കൈക്കൊള്ളാൻ അവിശ്വാസികളായ ബന്ധുക്കളെ അനുവദിക്കുന്ന ഒരു കുടുംബനാഥനെ “സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനാ”യി വീക്ഷിക്കാനാവില്ല.—1 തിമൊഥെയൊസ് 3:4.
ദൈവഭയമുള്ളവനായിരുന്ന ഗോത്രപിതാവായ അബ്രാഹാമിന്റെ കാര്യത്തിലെന്ന പോലെ, തന്റെ കുട്ടികളിൽ ഒരാളുടെ വിവാഹ ചർച്ചകളിൽ ഒരു ക്രിസ്തീയ പിതാവ് നേരിട്ടു പങ്കെടുക്കുന്നില്ലെങ്കിലോ? (ഉല്പത്തി 24:2-4) ഇതു ചെയ്യാൻ മറ്റൊരാളെ ഏർപ്പാടാക്കുന്നെങ്കിൽ, ബൈബിളിന്റെ ന്യായയുക്തമായ തത്ത്വങ്ങൾക്കു ചേർച്ചയിലാണ് അയാൾ ചർച്ചകൾ നടത്തുന്നതെന്നു ക്രിസ്തീയ പിതാവ് ഉറപ്പുവരുത്തണം. കൂടാതെ, പുരുഷധനം ഉറപ്പിക്കുന്നതിനുള്ള ഏതൊരു നടപടിക്കും മുമ്പായി, ക്രിസ്തീയ മാതാപിതാക്കൾ ശ്രദ്ധാപൂർവം കാര്യങ്ങൾ പരിശോധിക്കുകയും ന്യായയുക്തമല്ലാത്ത ആചാരങ്ങളോ ആവശ്യങ്ങളോ തങ്ങളെ സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.—സദൃശവാക്യങ്ങൾ 22:3.
ക്രിസ്തീയ വിരുദ്ധ പ്രവണതകൾ ഒഴിവാക്കൽ
ബൈബിൾ അഹന്തയെയും “ജീവനത്തിന്റെ പ്രതാപ”പ്രകടനത്തെയും കുറ്റംവിധിക്കുന്നു. (1 യോഹന്നാൻ 2:16; സദൃശവാക്യങ്ങൾ 21:4) എങ്കിലും, ക്രിസ്തീയ സഭയുമായി ബന്ധപ്പെട്ട ചില വ്യക്തികൾ തങ്ങളുടെ വിവാഹ ചർച്ചകളിൽ ഈ പ്രവണതകൾ പ്രകടിപ്പിച്ചിരിക്കുന്നു. ചിലർ വൻ പുരുഷധനം കൊടുത്തെന്നോ കിട്ടിയെന്നോ കൊട്ടിഘോഷിച്ചുകൊണ്ട് ലോകത്തെ അനുകരിക്കുന്നു. അതേസമയം, വാച്ച് ടവർ സൊസൈറ്റിയുടെ ആഫ്രിക്കയിലെ ഒരു ബ്രാഞ്ച് ഓഫീസ് ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “പുരുഷധനം ആവശ്യപ്പെടുന്നതിൽ കുടുംബം ന്യായബോധം പ്രകടമാക്കിയപ്പോൾ ചില ഭർത്താക്കന്മാർ ആ ആദരവ് കാട്ടിയില്ല, അവർ ഭാര്യമാരെ വീക്ഷിച്ചത് കേവലം ഒരു ‘ആടി’ന്റെ വിലയ്ക്കു കിട്ടിയവരെന്ന മട്ടിലായിരുന്നു.”
വൻ പുരുഷധനത്തോടുള്ള അത്യാർത്തി ചില ക്രിസ്ത്യാനികളെ ദുരന്തത്തിലാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, വാച്ച് ടവർ സൊസൈറ്റിയുടെ മറ്റൊരു ബ്രാഞ്ച് ഓഫീസിൽനിന്നുള്ള ഈ റിപ്പോർട്ട് പരിചിന്തിക്കുക: “ഏകാകികളായ സഹോദരന്മാർക്കു വിവാഹിതരാകാനോ സഹോദരിമാർക്ക് ഇണയെ കണ്ടെത്താനോ പൊതുവേ ബുദ്ധിമുട്ടാണ്. തത്ഫലമായി ലൈംഗിക അധാർമികത നിമിത്തമുള്ള പുറത്താക്കലുകളുടെ എണ്ണം കൂടുകയാണ്. ചില സഹോദരന്മാർ സ്വർണമോ വൈരക്കല്ലോ തേടി ഖനികളിൽ പോകുന്നു. അതു വിറ്റ് വിവാഹത്തിനു വേണ്ടത്ര പണമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ഒന്നോ രണ്ടോ അതിലധികമോ വർഷം വേണ്ടിവന്നേക്കാം. സഹോദരങ്ങളും സഭയും ആയുള്ള സഹവാസം ഇല്ലാതെ അവരിൽ മിക്കവരും ആത്മീയമായി ദുർബലരായിത്തീരുന്നു.”
അത്തരം ഭവിഷ്യത്തുകൾ ഒഴിവാക്കുന്നതിൽ, ക്രിസ്തീയ മാതാപിതാക്കൾ സഭയിലെ പക്വതയുള്ളവരുടെ മാതൃക പിൻപറ്റണം. ഒരു പിതാവ് അല്ലായിരുന്നിട്ടും, പൗലൊസ് അപ്പൊസ്തലൻ സഹവിശ്വാസികളോട് ന്യായബോധത്തോടെ ഇടപെട്ടു. മറ്റുള്ളവരുടെമേൽ ഭാരിച്ച ചെലവുകൾ വരുത്താതിരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു. (പ്രവൃത്തികൾ 20:33) തീർച്ചയായും, പുരുഷധനം പറഞ്ഞുറപ്പിക്കുമ്പോൾ ക്രിസ്തീയ മാതാപിതാക്കൾ അവന്റെ നിസ്വാർഥ മാതൃക കണക്കിലെടുക്കണം. വാസ്തവത്തിൽ, പൗലൊസ് ഇങ്ങനെ എഴുതാൻ ദിവ്യനിശ്വസ്തനാക്കപ്പെട്ടു: “സഹോദരൻമാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ.”—ഫിലിപ്പിയർ 3:17.
ന്യായയുക്തതയുടെ ദൃഷ്ടാന്തങ്ങൾ
വിവാഹ ചർച്ചകളുടെ കാര്യത്തിൽ, ന്യായയുക്തതയുടെ നല്ല മാതൃകകൾ വെച്ചിട്ടുള്ള അനേകം ക്രിസ്തീയ മാതാപിതാക്കൾ ഉണ്ട്. സോളമൻ ദ്വീപുകളിലൊന്നിൽ പാർക്കുന്ന മുഴുസമയ സുവിശേഷ പ്രവർത്തകരായ ജോസഫിന്റെയും ഭാര്യ മേയുടെയും കാര്യം പരിചിന്തിക്കുക.b പുരുഷധനം പറഞ്ഞുറപ്പിക്കുന്ന കാര്യത്തിൽ ചിലപ്പോഴൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാറുള്ള സ്ഥലമായതിനാൽ അത്തരം വിഷമതകൾ ഒഴിവാക്കുന്നതിനായി, ജോസഫും മേയും തങ്ങളുടെ പുത്രിയായ ഹെലന്റെ വിവാഹം അയൽദ്വീപിൽ വെച്ചു നടത്താൻ പരിപാടിയിട്ടു. മറ്റൊരു പുത്രിയായ എസ്ഥേറിന്റെ കാര്യത്തിലും അവർ അതുതന്നെ ചെയ്തു. തന്റെ മരുമകനായ പീറ്റർ ന്യായമായതിലും കുറച്ചു പുരുഷധനം തന്നാൽ മതിയെന്നും ജോസഫ് സമ്മതിച്ചു. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നു ചോദിച്ചപ്പോൾ ജോസഫ് വിശദമാക്കി: “ഒരു പയനിയർ ആയ എന്റെ മരുമകന്റെമേൽ ഭാരം കെട്ടിവെക്കാൻ ഞാൻ ആഗ്രഹിച്ചില്ല.”
ആഫ്രിക്കയിലെ അനേകം യഹോവയുടെ സാക്ഷികളും ന്യായയുക്തതയുടെ നല്ല മാതൃക വെച്ചിട്ടുണ്ട്. ചില മേഖലകളിൽ, യഥാർഥ പുരുഷധനം പറഞ്ഞുറപ്പിക്കുന്നതിനു മുമ്പുതന്നെ നല്ലൊരു തുക വിസ്തൃത കുടുംബത്തിലെ അംഗങ്ങൾക്കു കൊടുക്കാൻ പൊതുവേ പ്രതീക്ഷിക്കപ്പെടുന്നു. ഒരു വധുവിനെ ലഭിക്കണമെങ്കിൽ, തന്റെ പ്രതിശ്രുത വധുവിന്റെ ഇളയ സഹോദരന്റെ വിവാഹസമയത്ത് അവന്റെ പുരുഷധനം കൊടുക്കാമെന്നു വാഗ്ദാനം ചെയ്യാൻ വരൻ പ്രതീക്ഷിക്കപ്പെടുന്നു.
അതിനു നേർവിപരീതമായി, കൊസിയുടെയും ഭാര്യ മാറയുടെയും മാതൃക പരിചിന്തിക്കുക. അവരുടെ പുത്രി ബെബോക്കോയുടെ വിവാഹം യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരമേൽവിചാരകനുമായി നടന്നത് ഈയിടെയാണ്. വിവാഹത്തിനുമുമ്പ്, വൻ പുരുഷധനത്തിൽനിന്നുള്ള തങ്ങളുടെ ഓഹരിക്കുവേണ്ടി ബന്ധുക്കൾ മാതാപിതാക്കളുടെ മേൽ വലിയ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ, അവർ അത്തരം ആവശ്യങ്ങൾക്കു വഴങ്ങിയില്ല. പകരം, അവർ ചെയ്തത് ഭാവി മരുമകനുമായി കാര്യങ്ങൾ നേരിട്ടു ചർച്ചചെയ്യുകയാണ്. അവർ ഏറ്റവും ചെറിയ തുകയേ പുരുഷധനമായി ആവശ്യപ്പെട്ടുള്ളൂ, തന്നെയുമല്ല അതിൽ പകുതി പണം വിവാഹദിന ഒരുക്കങ്ങൾക്കുവേണ്ടി യുവദമ്പതികൾക്കു തിരിച്ചുകൊടുക്കുകയും ചെയ്തു.
അതേ രാജ്യത്തുനിന്നുള്ള മറ്റൊരു ഉദാഹരണം എടുക്കാം. ഈറ്റൊംഗോ എന്നു പേരായ ഒരു യുവസാക്ഷിയുടെ കുടുംബം ആദ്യം പുരുഷധനമായി ആവശ്യപ്പെട്ടത് ന്യായയുക്തമായ ഒരു തുക ആയിരുന്നു. എന്നാൽ ബന്ധുക്കൾ തുക കൂട്ടണമെന്നു ശഠിച്ചു. ചർച്ചയുടെ താളംതെറ്റുകയും ബന്ധുക്കൾ വിചാരിച്ചതുപോലെ കാര്യങ്ങൾ നീങ്ങുകയും ചെയ്യുമെന്നായപ്പോൾ ഈറ്റൊംഗോ ഇടപെട്ടു. ധൈര്യപ്രകൃതക്കാരി അല്ലായിരുന്നിട്ടും, അവൾ എഴുന്നേറ്റുനിന്ന് ആദരവോടെ തന്റെ ദൃഢനിശ്ചയം, അതായത് സാൻസ്സി എന്ന തീക്ഷ്ണതയുള്ള ക്രിസ്ത്യാനിയെ നിശ്ചയപ്രകാരംതന്നെ താൻ വിവാഹം കഴിക്കാൻ പോകുകയാണെന്നു പറഞ്ഞു. എന്നിട്ട് ധൈര്യസമേതം “മ്ബീ കെ” (അർഥം, “സംഗതി അത്രയേ ഉള്ളൂ”) എന്നു പറഞ്ഞിട്ട് ഇരുന്നു. അവളുടെ ക്രിസ്ത്യാനിയായ അമ്മ സമ്പെകോ അവളെ പിന്തുണച്ചു. അതോടെ ചർച്ച അവിടെ അവസാനിച്ചു. ആദ്യം നിശ്ചയിച്ചിരുന്നതുപോലെതന്നെ അവർ വിവാഹിതരാകുകയും ചെയ്തു.
സ്നേഹനിധികളായ ക്രിസ്തീയ മാതാപിതാക്കളുടെ താത്പര്യം കേവലം പുരുഷധനംകൊണ്ടുള്ള വ്യക്തിപരമായ പ്രയോജനങ്ങളിലല്ല. കാമറൂണിലെ ഒരു ഭർത്താവ് വിശദമാക്കുന്നു: “എന്റെ അമ്മാവിയമ്മ പറയുന്നത് ഞാൻ കൊടുക്കാൻ ഉദ്ദേശിച്ച പുരുഷധനം തന്റെ പുത്രിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി ഉപയോഗിച്ചാൽ മതിയെന്നാണ്.” സ്നേഹമുള്ള മാതാപിതാക്കൾ മക്കളുടെ ആത്മീയ ക്ഷേമത്തിലും താത്പര്യം കാണിക്കുന്നു. ഉദാഹരണത്തിന്, സിംബാബ്വേയിൽ പാർക്കുന്ന ഫാരായിയുടെയും റൂഡോയുടെയും കാര്യമെടുക്കുക. ദൈവരാജ്യ സുവാർത്ത പ്രസംഗവേലയിൽ ഏറെ സമയം ചെലവഴിക്കുന്ന ഇവർ വേതനമില്ലാത്തവരെങ്കിലും, രണ്ടു പുത്രിമാരുടെ വിവാഹം നടത്തിയത് നടപ്പുപ്രകാരമുള്ള പുരുഷധനത്തിന്റെ ഒരു ഭാഗംമാത്രം വാങ്ങിയിട്ടാണ്. കാരണം? യഥാർഥത്തിൽ യഹോവയെ സ്നേഹിക്കുന്ന പുരുഷന്മാരുമായുള്ള വിവാഹത്തിൽനിന്നു പുത്രിമാർ പ്രയോജനം അനുഭവിക്കാൻ അവർ ആഗ്രഹിച്ചു. “ഞങ്ങൾ കൂടുതൽ പ്രാധാന്യം കൽപ്പിച്ചത് ഞങ്ങളുടെ പുത്രിമാരുടെയും മരുമക്കളുടെയും ആത്മീയതയ്ക്കാണ്,” അവർ വിശദമാക്കി. എത്ര നവോന്മേഷപ്രദം! വിവാഹിതരായ തങ്ങളുടെ മക്കളുടെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിൽ സ്നേഹപുരസ്സരമായ താത്പര്യം പ്രകടമാക്കുന്ന ഭാര്യാഭർതൃ ബന്ധുക്കൾ അഭിനന്ദനാർഹരാണ്.
ന്യായയുക്തതയുടെ പ്രയോജനങ്ങൾ
സോളമൻ ദ്വീപുകളിലെ ജോസഫും മേയും പുത്രിമാരുടെ വിവാഹത്തിൽ ഔദാര്യവും ശ്രദ്ധയും പ്രകടമാക്കിയതിനാൽ അനുഗൃഹീതരായി. അങ്ങനെ, അവരുടെ മരുമക്കൾ കടത്തിലായില്ല. പകരം, രണ്ടു ദമ്പതികൾക്കും അനേക വർഷങ്ങളായി രാജ്യസന്ദേശം പ്രചരിപ്പിക്കുന്നതിൽ മുഴുസമയ പ്രവർത്തകരായി തുടരാൻ കഴിഞ്ഞിരിക്കുന്നു. പിന്നോട്ടു നോക്കിക്കൊണ്ട്, ജോസഫ് പറയുന്നു: “ഞാനും കുടുംബവും എടുത്ത തീരുമാനങ്ങൾ സമൃദ്ധമായ അനുഗ്രഹങ്ങളിൽ കലാശിച്ചിരിക്കുന്നു. ഇതു മനസ്സിലാക്കാത്തവരിൽനിന്ന് ചിലപ്പോഴൊക്കെ ഏറെ സമ്മർദം നേരിട്ടു എന്നതു സത്യംതന്നെ, എന്നാൽ എനിക്കു നല്ല മനസ്സാക്ഷിയുണ്ട്, എന്റെ മക്കൾ യഹോവയുടെ സേവനത്തിൽ തിരക്കോടെ ഏർപ്പെട്ടിരിക്കുന്നതും ബലിഷ്ഠരായിരിക്കുന്നതും കാണുമ്പോൾ സംതൃപ്തിയുമുണ്ട്. അവരും സന്തുഷ്ടരാണ്, ഞാനും ഭാര്യയും എന്നത്തെക്കാളും സന്തുഷ്ടരാണ്.”
മറ്റൊരു പ്രയോജനം ഭാര്യാഭർതൃ ബന്ധുക്കൾക്കിടയിലെ നല്ല ബന്ധമാണ്. ഉദാഹരണത്തിന്, വാച്ച് ടവർ സൊസൈറ്റിയുടെ സിംബാബ്വേ ബ്രാഞ്ചിൽ സ്വമേധയാ സേവകരായ സ്സോൻഡിയുടെയും സിബൂസീസോയുടെയും കാര്യം. രണ്ടുപേരുടെയും ഭാര്യമാർ ജഡിക സഹോദരിമാരാണ്. അവരുടെ അമ്മായിയപ്പനായ ദക്കരി ഒരു മുഴുസമയ സുവിശേഷ പ്രവർത്തകനാണ്, വേതനം പറ്റുന്നയാൾ അല്ല. പുരുഷധനം പറഞ്ഞുറപ്പിക്കുന്ന വേളയിൽ, അവരെക്കൊണ്ടാകുന്നത് തന്നാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. സ്സോൻഡിയും സിബൂസീസോയും പറയുന്നു: “ഞങ്ങൾക്കു ഞങ്ങളുടെ അമ്മായിയപ്പനെ വല്യ ഇഷ്ടമാണ്, അദ്ദേഹത്തിന് എന്ത് ആവശ്യംവന്നാലും ഞങ്ങളെക്കൊണ്ടാകുന്ന വിധം ഞങ്ങൾ സഹായിക്കും.”
അതേ, പുരുഷധന ചർച്ചാവേളയിൽ ന്യായയുക്തത പ്രകടമാക്കുന്നത് കുടുംബസന്തുഷ്ടി പരിപുഷ്ടിപ്പെടുത്തുന്നു. ഉദാഹരണത്തിന്, അത് നവദമ്പതികളെ കടത്തിലാക്കില്ല, അത് അവരെ വിവാഹ ജീവിതത്തോട് എളുപ്പം പൊരുത്തപ്പെടാൻ സഹായിക്കുന്നു. ഇത് അനേകം യുവദമ്പതികളെ പ്രസംഗ, ശിഷ്യരാക്കൽ പോലുള്ള അടിയന്തിര വേലകളിൽ മുഴുസമയ സേവകരായി പ്രവർത്തിക്കാനും അങ്ങനെ ആത്മീയ അനുഗ്രഹങ്ങൾ ആസ്വദിക്കാനും പ്രാപ്തരാക്കിയിരിക്കുന്നു. മാത്രമോ, ഇത് വിവാഹത്തിന്റെ സ്നേഹനിധിയായ കാരണഭൂതനായ യഹോവയാം ദൈവത്തിനു മഹത്ത്വവും കരേറ്റുന്നു.—മത്തായി 24:14; 28:19, 20.
[അടിക്കുറിപ്പുകൾ]
a ചില സംസ്കാരങ്ങളിൽ സംഗതി മറിച്ചാണ്. അവിടങ്ങളിൽ ഭർത്താവിന്റെ വീട്ടുകാർ വധുവിന്റെ മാതാപിതാക്കളിൽനിന്നു സ്ത്രീധനം പ്രതീക്ഷിക്കുന്നു.
b ഈ ലേഖനത്തിൽ പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[27-ാം പേജിലെ ചതുരം]
അവർ പുരുഷധനം തിരിച്ചുനൽകി
ചില സമുദായങ്ങളിൽ, പുരുഷധനം കുറഞ്ഞുപോയാൽ, വധുവും അവളുടെ മാതാപിതാക്കളും ആദരവോടെ വീക്ഷിക്കപ്പെടുന്നില്ല. അങ്ങനെ, അഹങ്കാരവും കുടുംബ പ്രതാപം പ്രകടിപ്പിക്കാനുള്ള ആഗ്രഹവും വലിയ തുക ആവശ്യപ്പെടാൻ കാരണമാകുന്നു. നൈജീരിയയിലെ, ലാഗൊസിലെ ഒരു കുടുംബം ഇതിനു നേർവിപരീതമായി, നവോന്മേഷപ്രദമായ ഒരു മാതൃക വെക്കുന്നു. അവരുടെ മരുമകൻ ഡെലെ വിശദമാക്കുന്നു:
“പരമ്പരാഗതമായ പുരുഷധന ചടങ്ങുമായി ബന്ധപ്പെട്ട, ചെലവേറിയ വസ്ത്രംമാറൽ ചടങ്ങുകൾപോലുള്ള പലവിധ ചെലവുകൾ എന്റെ ഭാര്യാവീട്ടുകാർ എനിക്ക് ഒഴിവാക്കിത്തന്നു. എന്റെ കുടുംബം പുരുഷധനം കൊടുത്തപ്പോൾപ്പോലും, അവരുടെ വക്താവ് ചോദിച്ചു: ‘നിങ്ങൾ ഈ പെൺകുട്ടിയെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നത് ആരായിട്ടാണ്, ഭാര്യയായിട്ടോ പുത്രിയായിട്ടോ?’ എന്റെ കുടുംബം ഒന്നടങ്കം മറുപടി പറഞ്ഞു: ‘ഞങ്ങൾ ഇവളെ പുത്രിയായിട്ട് എടുക്കാനാണ് ആഗ്രഹിക്കുന്നത്.’ അപ്പോൾ, കൊടുത്ത പുരുഷധനം അതേ കവറിൽത്തന്നെ ഞങ്ങൾക്കു തിരിച്ചുതരികയാണുണ്ടായത്.
“എന്റെ ഭാര്യവീട്ടുകാർ ഞങ്ങളുടെ വിവാഹം നടത്തിയ വിധത്തെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും വിലമതിപ്പു തോന്നുന്നു. അതുകൊണ്ടുതന്നെ എനിക്ക് അവരോടു വലിയ ആദരവാണ്. അവർ ശ്രേഷ്ഠമായ ആത്മീയ വീക്ഷണം പ്രകടമാക്കിയതിനാൽ എനിക്ക് അവർ എന്റെ ഏറ്റവും അടുത്ത ബന്ധുക്കളെപ്പോലെയാണ്. ഞാൻ എന്റെ ഭാര്യയെ വീക്ഷിക്കുന്ന വിധത്തെയും അത് ആഴമായി സ്വാധീനിച്ചിരിക്കുന്നു. അവളുടെ കുടുംബം എന്നോട് ഇടപെട്ട വിധം നിമിത്തം എനിക്ക് അവളോടു വലിയ വിലമതിപ്പാണ്. ഞങ്ങൾക്കിടയിൽ എന്തെങ്കിലും വിയോജിപ്പുകൾ ഉണ്ടാകുമ്പോൾ, ഞാൻ അതൊരു പ്രശ്നമായിത്തീരാൻ അനുവദിക്കാറില്ല. അവളുടെ കുടുംബത്തെ ഓർക്കുന്നതോടെ, വിയോജിപ്പിന്റെ വീര്യം കുറഞ്ഞുവരും.
“എന്റെയും അവളുടെയും കുടുംബങ്ങൾ സൗഹൃദ ബന്ധത്തിൽ സുദൃഢമായിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടുവർഷമായി. ഇപ്പോഴും എന്റെ പിതാവ് എന്റെ ഭാര്യവീട്ടിലേക്കു സമ്മാനങ്ങളും ഭക്ഷ്യവസ്തുക്കളും അയച്ചുകൊടുക്കുന്നു.”