യോഗങ്ങളിൽ നിന്ന് കൂടുതൽ സന്തോഷം ആർജിക്കാവുന്ന വിധം
1 നമ്മുടെ ആത്മീയ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണു യോഗങ്ങൾ. നമുക്ക് അവയിൽനിന്നു ലഭിക്കുന്ന സന്തോഷം, യോഗങ്ങൾക്കു മുമ്പും അവ നടക്കുന്ന സമയത്തും അവയ്ക്കു ശേഷവും നാം ചെയ്യുന്ന കാര്യങ്ങളോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. യോഗങ്ങളിൽ സംബന്ധിക്കുന്നതിന്റെ സന്തോഷം ഉയർന്ന അളവിൽ നിലനിർത്താൻ നമ്മെത്തന്നെയും മറ്റുള്ളവരെയും നമുക്ക് എങ്ങനെ സഹായിക്കാനാകും?
2 യോഗങ്ങൾക്കു മുമ്പ്: തയ്യാറാകൽ യോഗങ്ങളിൽനിന്നു നമുക്കു ലഭിക്കുന്ന ആസ്വാദനത്തെ നേരിട്ടു ബാധിക്കുന്നു. നന്നായി തയ്യാറായി വരുമ്പോൾ, ശ്രദ്ധിക്കാനും പരിപാടികളിൽ പങ്കെടുക്കാനും നാം കൂടുതൽ ചായ്വുള്ളവർ ആയിരിക്കും. കൂടാതെ, യോഗങ്ങളിൽ നമുക്കു ലഭിക്കുന്ന ഏതൊരു നിയമനവും നന്നായി തയ്യാറാകണം. നിർദേശപ്രകാരം വിവരങ്ങൾ കൃത്യമായി അവതരിപ്പിക്കുകയും സദസ്യരുടെ താത്പര്യം പിടിച്ചുനിർത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വേണം അതു ചെയ്യാൻ. നാം നന്നായി പരിശീലിക്കണം. സകലർക്കും പ്രയോജനകരമായ, സജീവവും കെട്ടുപണി ചെയ്യുന്നതുമായ യോഗങ്ങൾക്കു നാം സംഭാവന ചെയ്യുമ്പോൾ നമ്മുടെ വ്യക്തിപരമായ പുരോഗതി പ്രകടമാകും, നാം കൂടുതൽ സന്തോഷം അനുഭവിക്കുകയും ചെയ്യും.—1 തിമൊ. 4:15, 16.
3 യോഗങ്ങൾ നടക്കുമ്പോൾ: യോഗങ്ങളിൽ ഉത്തരങ്ങൾ പറയുന്നത് അവ കൂടുതലായി ആസ്വദിക്കാൻ നമ്മെ സഹായിക്കും. സദസ്യ പങ്കുപറ്റലിനായി നിർദേശിച്ചിരിക്കുന്ന ഭാഗങ്ങൾ സഭയിലെ എല്ലാവർക്കുമുള്ള വ്യക്തിഗത നിയമനങ്ങളായി വീക്ഷിക്കേണ്ടതാണ്. ഹ്രസ്വവും കുറിക്കു കൊള്ളുന്നതുമായ ഉത്തരങ്ങളാണ് സാധാരണ ഗതിയിൽ ഏറ്റവും ഫലപ്രദം. കെട്ടുപണി ചെയ്യുന്ന അനുഭവങ്ങൾ ഹ്രസ്വമായി വിവരിക്കുന്നത് വളരെ പ്രോത്സാഹജനകവും ഉന്മേഷപ്രദവും ആയിരുന്നേക്കാം. ഉചിതമായിരിക്കുമ്പോഴൊക്കെ പരിപാടികളിൽ അവ ഉൾപ്പെടുത്താൻ ശ്രമിക്കണം. (സദൃ. 15:23; പ്രവൃ. 15:3) യോഗത്തിൽ ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ, അതിനെ രസകരവും വാസ്തവികവും പ്രായോഗികവും ആക്കിത്തീർത്തുകൊണ്ട് ഉത്സാഹത്തോടും ബോധ്യത്തോടും കൂടെ നാം അതു ചെയ്യണം.
4 യോഗങ്ങൾക്കു ശേഷം: മറ്റുള്ളവരോടു ദയാപുരസ്സരം സംസാരിക്കുന്നതും അവരെ സൗഹൃദപരമായി അഭിവാദനം ചെയ്യുന്നതും യോഗങ്ങളിൽ പരിചിന്തിച്ച മുഖ്യമായ ചില ആശയങ്ങൾ അവരുമായി ചർച്ച ചെയ്യുന്നതുമെല്ലാം നമുക്കൊക്കെ പ്രയോജനം ചെയ്യുന്ന കാര്യങ്ങളാണ്. ചെറുപ്പക്കാരും പ്രായമുള്ളവരും പുതിയവരും പങ്കെടുക്കുന്നതു കാണുന്നതിലെ നമ്മുടെ സന്തോഷം പ്രകടിപ്പിക്കുന്നത് സഹോദരവർഗത്തോടുള്ള സ്നേഹത്തെ ആഴമുള്ളതാക്കും. യോഗങ്ങൾക്കു പതിവായി ഹാജരാകാത്തവരോട് വിമർശനാത്മകമായി സംസാരിക്കുന്നതിനു പകരം, യോഗങ്ങളിൽ സംബന്ധിക്കുന്നതിന്റെ സന്തോഷം അവരുമായി പങ്കുവെച്ചുകൊണ്ട് അവയിൽ സംബന്ധിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്.—എബ്രാ. 10:24, 25.
5 പരസ്പര പ്രോത്സാഹനത്തിനുള്ള ഈ സുപ്രധാന കരുതൽ നമുക്കു നഷ്ടപ്പെടുത്താതിരിക്കാം. (റോമ. 1:11, 12) മനസ്സാക്ഷിപൂർവം ആത്മാർഥമായ ശ്രമം ചെലുത്തിക്കൊണ്ട് ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതിന്റെ സന്തോഷം നമുക്കു നിലനിർത്താൻ കഴിയും.