ആരെങ്കിലും വിളിക്കുമ്പോൾ നിങ്ങൾ ഉത്തരം നൽകുന്നുവോ?
ഷിനിച്ചി റേറാഹാറയാൽ പറയപ്പെട്ടത്
എന്റെ ജീവിതത്തിന്റെ ആദ്യഭാഗത്ത്, ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുകയോ അവനിലേക്കു മാർഗ്ഗനിർദ്ദേശത്തിനായി നോക്കുകയോ ചെയ്തില്ല. എന്റെ മുത്തശ്ശീമുത്തശ്ശൻമാർ ജപ്പാനിൽനിന്നു ഹവായിയിലേക്കു കുടിയേറിയവരും മാതാപിതാക്കൾ ബുദ്ധമതക്കാരുമായിരുന്നു. അവർ തങ്ങളുടെ വിശ്വാസത്തിൽ വളരെ സജീവരായിരുന്നില്ല, അതിനാൽ ഞാൻ വളർന്നുവന്നപ്പോൾ ദൈവത്തെപ്പററി കാര്യമായി ചിന്തിച്ചില്ല.
അതിനുശേഷം ഞാൻ പരിണാമത്തെപ്പററി പഠിക്കുകയും ദൈവത്തിൽ വിശ്വസിക്കുന്നത് എത്ര മൗഢ്യമാണെന്നു ചിന്തിക്കാനിടയാകുകയും ചെയ്തു. എന്നിരുന്നാലും, എന്റെ ഔപചാരിക വിദ്യാഭ്യാസം പുരോഗമിച്ചപ്പോൾ, ശാസ്ത്രക്ലാസുകൾ എന്നെ ജ്യോതിശ്ശാസ്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം എന്നിവ പരിചയപ്പെടുത്തി. രാത്രിയിൽ ഞാൻ ആകാശത്തേക്ക് ഉററുനോക്കുകയും നക്ഷത്രങ്ങളെല്ലാം അവിടെ എങ്ങനെ വന്നുവെന്ന് അത്ഭുതപ്പെടുകയും ചെയ്യാറുണ്ടായിരുന്നു. ഒരു നേർത്ത ശബ്ദം എന്റെ ഉള്ളിൽനിന്ന് ഇങ്ങനെ ചോദിക്കാൻ തുടങ്ങി: ‘ഇവയെയെല്ലാം നിയന്ത്രിക്കുന്ന ഒരു ദൈവമുണ്ടായിരിക്കുമോ?’ അവിടെ ആരെങ്കിലും ഉണ്ടായിരിക്കണം എന്ന് എനിക്കു തോന്നാനിടയായി. ‘ആരാണ് ഈ ദൈവം?’ എന്ന് എന്റെ ഹൃദയം വിളിച്ചു പറഞ്ഞുതുടങ്ങി.
ഹൈസ്കൂൾ പൂർത്തിയാക്കിയശേഷം, ഒരു മെക്കാനിക്കെന്ന നിലയിൽ അരിമദ്യശാലയിലെ എന്റെ ജോലിയിൽ മുഴുകിയിരുന്നതിനാൽ ദൈവത്തെപ്പററി ധ്യാനിക്കാൻ എനിക്ക് ഒട്ടും സമയം കിട്ടിയില്ല. താമസിയാതെ 1937-ൽ എന്റെ ഭാര്യയായിത്തീർന്ന മൊസൊക്കോയെ ഞാൻ കണ്ടുമുട്ടുകയും കാലക്രമത്തിൽ മൂന്നുകുട്ടികൾ ഉണ്ടായിരിക്കുന്നതിന്റെ അനുഗ്രഹം ഞങ്ങൾക്കു ലഭിക്കുകയും ചെയ്തു. മൊസൊക്കോ എന്തൊരു വിശ്വസ്ത സഹചാരിണിയും കഠിനവേലചെയ്യുന്ന അമ്മയുമാണെന്നു തെളിഞ്ഞു!
ഇപ്പോൾ എനിക്ക് ഒരു കുടുംബമുള്ളതിനാൽ ഞങ്ങളുടെ ഭാവിയെപ്പററി ഞാൻ ഗൗരവമായി ചിന്തിച്ചു. പിന്നെയും ഞാൻ പുറത്തുപോകാനും നക്ഷത്രങ്ങളെ വീക്ഷിക്കാനും തുടങ്ങി. ഒരു ദൈവമുണ്ടെന്ന് എനിക്കു ബോദ്ധ്യപ്പെട്ടു. ആ ദൈവം ആരാണെന്ന് അറിഞ്ഞിരുന്നില്ലെങ്കിലും ഞാൻ അവനെ വിളിച്ചപേക്ഷിക്കാൻ തുടങ്ങി. വീണ്ടുംവീണ്ടും ഞാൻ യാചിച്ചു: ‘നീ അവിടെ എവിടെയെങ്കിലും ഉണ്ടെങ്കിൽ, സന്തോഷത്തിൽ നടക്കാനുള്ള ഒരു വഴി കണ്ടെത്താൻ ദയവായി എന്റെ കുടുംബത്തെ സഹായിക്കണേ.’
എന്റെ വിളിക്ക് ഒടുവിൽ ഉത്തരം കിട്ടി
വിവാഹത്തിനുശേഷം ഞങ്ങൾ എന്റെ മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു, എന്നാൽ 1941-ൽ ഹവായിയിലെ ഹൈലോവിലേക്കു മാറി ഞങ്ങൾ സ്വന്തമായി താമസം തുടങ്ങി. ഞങ്ങൾ പുതിയ ഭവനത്തിൽ താമസമുറപ്പിച്ചശേഷം ഉടനെ, 1941 ഡിസംബർ 7-ാംതിയതി ജപ്പാൻകാർ പേൾ ഹാർബർ ആക്രമിച്ചു. അതു സംഘർഷത്തിന്റെ ഒരു സമയമായിരുന്നു, അതിനാൽ എല്ലാവരും ഭാവിയെപ്പററി ആകുലപ്പെട്ടു.
പേൾ ഹാർബർ ആക്രമണത്തിന് ഒരു മാസത്തിനുശേഷം, ഞാൻ എന്റെ കാർ പോളീഷുചെയ്തുകൊണ്ടിരുന്നപ്പോൾ ഒരു മനുഷ്യൻ എന്നെ സമീപിച്ചു കുട്ടികൾ (Children) എന്ന ശീർഷകത്തോടുകൂടിയ ഒരു പുസ്തകം തന്നു. അദ്ദേഹം യഹോവയുടെ സാക്ഷികളുടെ ഒരു ശുശ്രൂഷകനായ റാൽഫ് ഗാരുട്ട് ആണെന്നു സ്വയം പരിചയപ്പെടുത്തി. അദ്ദേഹം പറഞ്ഞതെന്തെന്നു മനസ്സിലായില്ലെങ്കിലും ദൈവത്തിൽ തത്പരനായിരുന്നതുകൊണ്ടു ഞാൻ പുസ്തകം സ്വീകരിച്ചു. പിറെറ ആഴ്ച റാൽഫ് മടങ്ങിവന്ന് എനിക്ക് ഒരു ഭവന ബൈബിളദ്ധ്യയനം വാഗ്ദാനം ചെയ്തു. ബൈബിളിനെക്കുറിച്ചു കേട്ടിരുന്നെങ്കിലും ഞാൻ ഒരെണ്ണം യഥാർത്ഥത്തിൽ കാണുന്നത് ആദ്യമായിട്ടായിരുന്നു. ഞാൻ ബൈബിളദ്ധ്യയനം സ്വീകരിച്ചു, എന്റെ ഭാര്യയും അവളുടെ ഇളയ സഹോദരിയും അതിൽ പങ്കുചേർന്നു.
ബൈബിൾ ദൈവത്തിന്റെ വചനമാണെന്നുള്ള സത്യം യഥാർത്ഥമായി എന്നിൽ മതിപ്പുളവാക്കി. (2 തിമൊഥെയൊസ് 3:16, 17) യഹോവയ്ക്ക് ഒരു ഉദ്ദേശ്യമുണ്ടെന്നുള്ളത് അതിലും അത്ഭുതകരമായിരുന്നു. അവനായിരുന്നു ഞാൻ തിരഞ്ഞുകൊണ്ടിരുന്ന സ്രഷ്ടാവ്! (യെശയ്യാവു 45:18) നഷ്ടപ്പെട്ട ആദിയിലെ പറുദീസ ഈ ഭൂമിയിൽത്തന്നെ പുനഃസ്ഥാപിക്കുമെന്നും ഞങ്ങൾക്ക് അതിന്റെ ഭാഗമായിരിക്കാൻ കഴിയുമെന്നുമുള്ള അറിവു ഞങ്ങളെ കോരിത്തരിപ്പിച്ചു. (വെളിപ്പാടു 21:1-4) ഇതായിരുന്നു ദൈവത്തോടുള്ള എന്റെ വിളിയുടെ ഉത്തരം!
പുതുതായി കണ്ടെത്തിയ ഈ സത്യങ്ങളെപ്പററി ഞങ്ങൾ സർവ്വരോടും സംസാരിച്ചു. ഞങ്ങൾക്കു ഭ്രാന്താണെന്ന് എന്റെ മാതാപിതാക്കൾ വിചാരിച്ചു, എന്നാൽ അതു ഞങ്ങളെ നിരുത്സാഹപ്പെടുത്തിയില്ല. മൂന്നുമാസത്തെ തീവ്ര ബൈബിൾപഠനത്തിനുശേഷം, 1942 ഏപ്രിൽ 19-ാംതീയതി നമ്മുടെ ദൈവമായ യഹോവക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി ഞാനും എന്റെ ഭാര്യയും സ്നാപനമേററു. അപ്പോഴേക്കും ഞങ്ങളുടെ ബൈബിളദ്ധ്യയനത്തിൽ ചേർന്നിരുന്ന മൊസൊക്കോയുടെ ഇളയ സഹോദരി യോഷിയും അവളുടെ ഭർത്താവു ജെറിയും ഞങ്ങളോടൊപ്പം സ്നാപനമേററു. വിശുദ്ധ തിരുവെഴുത്തുകൾ സംബന്ധിച്ചു ഞങ്ങൾക്കു പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളുവെങ്കിലും അതു ദൈവത്തെ സേവിക്കുന്നതിന് ആഗ്രഹിക്കാൻ തക്കവണ്ണം ഞങ്ങളെ പ്രേരിപ്പിക്കുന്നതിനു മതിയായതായിരുന്നു.
രണ്ടാം ലോകമഹായുദ്ധം അപ്പോഴും കൊടുമ്പിരിക്കൊണ്ടിരുന്നതിനാൽ, ഈ വ്യവസ്ഥിതിയുടെ അന്തം ആസന്നമാണെന്നു ഞാൻ നിരൂപിച്ചു. ഇതിനെപ്പററി ആളുകൾക്കു മുന്നറിയിപ്പു കൊടുക്കേണ്ടതിന്റെ ആവശ്യം എനിക്കും എന്റെ ഭാര്യക്കും തോന്നി. ഗാരുട്ടുദമ്പതികൾ ഈ കാര്യത്തിൽ ഞങ്ങളുടെ മാതൃകയായിരുന്നു. യഹോവയുടെ സാക്ഷികളിലെ മുഴുസമയ ശുശ്രൂഷകരായ പയനിയർമാരായി റാൽഫും അദ്ദേഹത്തിന്റെ ഭാര്യയും സേവിക്കുകയായിരുന്നു. ഞങ്ങളുടെ അവസ്ഥയെ റാൽഫിന്റേതുമായി ഞാൻ താരതമ്യപ്പെടുത്തി. അദ്ദേഹത്തിനു ഭാര്യയും നാലുകുട്ടികളും ഉണ്ടായിരുന്നു. എനിക്കു ഭാര്യയും മൂന്നുകുട്ടികളുമേ ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിന് അതു ചെയ്യാൻ കഴിഞ്ഞെങ്കിൽ എനിക്കും അതുചെയ്യാൻ കഴിയണം. അതിനാൽ സ്നാപനത്തിന്റെ പിറേറമാസം ഞങ്ങൾ പയനിയർസേവനത്തിന് അപേക്ഷിച്ചു.
പയനിയറായി സ്വീകരിക്കുന്നതിനുമുമ്പുതന്നെ, എന്റെ സ്ററീൽഗിത്താറും സാക്സോഫോണും വയലിനുമടക്കം ആവശ്യമില്ലാത്തതെല്ലാം ഞാൻ വിററുകളഞ്ഞു. ഞാൻ വലിയൊരു സംഗീതഭ്രമക്കാരനായിരുന്നുവെങ്കിലും എന്റെ ചെറുഹാർമോണിയം ഒഴിച്ച് എല്ലാം ഞാൻ ഉപേക്ഷിച്ചു. തന്നെയുമല്ല, അരിമദ്യശാലയിലെ എന്റെ ജോലി മേലാൽ ആകർഷകമായി തോന്നിയില്ല. (ഫിലിപ്പിയർ 3:8) ഞാൻ ഒരു ട്രെയിലർ നിർമ്മിച്ചു, എന്നിട്ട് എന്നെ ഉപയോഗിക്കാനുള്ള എന്റെ അപേക്ഷകൾക്കു യഹോവ ഉത്തരം നൽകുമോ എന്നു കാണാൻ കാത്തിരുന്നു. എനിക്ക് അധികം കാത്തിരിക്കേണ്ടിവന്നില്ല. ഞങ്ങളെ 1942 ജൂൺ 1-ാം തീയതിമുതൽ പയനിയർമാരായി സ്വീകരിച്ചു. ഞങ്ങൾ യഹോവയെ മുഴുസമയം സേവിക്കാൻതന്നെ പോയി. ഒരിക്കലും ആ തീരുമാനത്തെക്കുറിച്ചു പരിതപിക്കേണ്ടിവന്നിട്ടുമില്ല.
ഹവായിയിൽ പയനിയറിംഗ്
ഗാരുട്ടുദമ്പതികളോടൊത്തു ഞങ്ങൾ പ്രസിദ്ധ കാപ്പിത്തോട്ടപ്രദേശമായ കോണ ഉൾപ്പെടെയുള്ള വലിയ ദ്വീപും കോയുവും പ്രവർത്തിച്ചു. ആ നാളുകളിൽ ഗ്രാമഫോൺ ഉപയോഗിച്ചുകൊണ്ടു ഞങ്ങൾ പ്രവർത്തിച്ചു. അതു നല്ല ഭാരമുള്ളതായിരുന്നെങ്കിലും ഞങ്ങൾ അപ്പോഴും ചെറുപ്പക്കാരും ബലിഷ്ഠരും ആയിരുന്നു. അതുകൊണ്ടു ഗ്രാമഫോൺ ഒരു കൈയിലും പുസ്തകബാഗ് മറേറ കൈയിലും പിടിച്ചുകൊണ്ട്, കാപ്പിത്തോട്ടങ്ങളിലും മററു തോട്ടങ്ങളിലും മററ് എല്ലാടവുമുള്ള കേൾവിക്കാരിലേക്കു നയിക്കുന്ന ഏത് ഊടുവഴിയും ഞങ്ങൾ പിന്തുടർന്നു. പിന്നീടു മുഴുദ്വീപും പ്രവർത്തിച്ചതിനുശേഷം, വലിയ ദ്വീപിലുള്ള കൊഹാലയിൽ ഞങ്ങൾ നിയമിക്കപ്പെട്ടു. കോക്കേഷ്യക്കാർ, ഫിലിപ്പൈൻസുകാർ, ചൈനക്കാർ, ഹവായിക്കാർ, ജപ്പാൻകാർ, പോർച്ചുഗീസുകാർ എന്നിവർ അധിവസിച്ചിരുന്ന കരിമ്പിൻതോട്ടങ്ങളുടെ ഒരു ചെറിയ പ്രദേശമായിരുന്നു കൊഹാല. ഓരോ കൂട്ടത്തിനും അതിന്റേതായ ആചാരങ്ങളും സങ്കൽപ്പങ്ങളും അഭിരുചികളും മതങ്ങളും ഉണ്ടായിരുന്നു.
പയനിയറിംഗ് തുടങ്ങിയതിനുശേഷം പിന്നീടൊരിക്കലും ഞാൻ ലൗകികജോലി ഏറെറടുത്തില്ല. കുറച്ചുകാലത്തേക്കു ഞങ്ങൾ എന്റെ സമ്പാദ്യംകൊണ്ടു ജീവിക്കുകയും ആവശ്യം വന്നപ്പോൾ ഞാൻ കുന്തം ഉപയോഗിച്ചുള്ള മീൻ വേട്ടയ്ക്കു പോകുകയും ചെയ്തു. അതിശയകരമായി, എല്ലായ്പോഴും കുറെ മത്സ്യവുമായാണു ഞാൻ വീട്ടിൽ വന്നത്. ഞങ്ങൾ കാട്ടിൽ കണ്ട പച്ചക്കറികളും വഴിയരികിൽ വളരുന്ന സസ്യങ്ങളും പറിച്ചു, അവ അത്താഴസമയത്തു ഞങ്ങളുടെ പ്ലേററുകളെ അലങ്കരിച്ചു. നാകംപൂശിയ തകരംകൊണ്ടു ഞാൻ ഒരു ബോർമ്മ നിർമ്മിക്കുകയും മൊസൊക്കോ റൊട്ടിയുണ്ടാക്കാൻ പഠിക്കുകയും ചെയ്തു. ഞാൻ കഴിച്ചിട്ടുള്ളതിലേക്കും ഏററവും നല്ല റൊട്ടി അതായിരുന്നു.
ഞങ്ങൾ 1943-ൽ ഹോണോലുലുവിൽ ഒരു ക്രിസ്തീയ കൺവെൻഷനു പോയപ്പോൾ, അന്നു ഹവായിയിൽ ബ്രാഞ്ച് മേൽവിചാരകനായിരുന്ന ഡോണൾഡ് ഹാസ്ലെററ് അങ്ങോട്ടു മാറാനും വാച്ച് ടവർ സൊസൈററിയുടെ ഗാരേജിന്റെ മുകളിൽ നിർമ്മിച്ച ചെറിയ മുറിയിൽ താമസിക്കാനും ഞങ്ങളെ ക്ഷണിച്ചു. ഞാൻ ബ്രാഞ്ച്സ്വത്തിന്റെ വാതിൽ കാവൽക്കാരനായി നിയമിക്കപ്പെടുകയും അടുത്ത അഞ്ചുവർഷം അവിടെനിന്നു പയനിയറിംഗു നടത്തിയത് ആസ്വദിക്കുകയും ചെയ്തു.
അപ്രതീക്ഷിതമായ ഒരു ക്ഷണം
വിദേശ സേവനത്തിനായി മിഷനറിമാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു സ്കൂൾ സൊസൈററി തുടങ്ങിയിട്ടുണ്ടെന്ന് 1943-ൽ ഞങ്ങൾ കേട്ടു. അതിൽ സംബന്ധിക്കാൻ ഞങ്ങൾ എത്രമാത്രം വാഞ്ചിച്ചു! എന്നാൽ കുട്ടികളോടുകൂടിയ കുടുംബങ്ങളെ ക്ഷണിച്ചിരുന്നില്ല, അതിനാൽ ഞങ്ങൾ അതിനെപ്പററി അധികം ചിന്തിച്ചില്ല. എന്നിരുന്നാലും, ജപ്പാനിൽ വിദേശസേവനം ഏറെറടുക്കാൻ സന്നദ്ധരായ ഹവായിക്കാർ ആരെങ്കിലുമുണ്ടോ എന്ന് അറിയാൻ സൊസൈററി ആഗ്രഹിക്കുന്നുവെന്ന് 1943-ൽ ഹാസ്ലെററ് സഹോദരൻ ഞങ്ങളോടു പറഞ്ഞു. എന്തു വിചാരിക്കുന്നുവെന്ന് അദ്ദേഹം ഞങ്ങളോടു ചോദിച്ചു, അപ്പോൾ യശയ്യാവിനെപ്പോലെ ഞാൻ പറഞ്ഞു: “അടിയനെ അയക്കേണമേ.” (യെശയ്യാവു 6:8) എന്റെ ഭാര്യ അതേവിധത്തിൽ വിചാരിച്ചു. ഞങ്ങൾക്കു യഹോവയുടെ വിളിക്ക് ഉത്തരം നൽകുന്നതിനെപ്പററി ശങ്കയില്ലായിരുന്നു.
അങ്ങനെ മിഷനറിമാരായി പരിശീലിപ്പിക്കപ്പെടാൻ വാച്ച് ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ പങ്കുപററുന്നതിനു ഞങ്ങളെ ക്ഷണിച്ചു. ആ ക്ഷണത്തിൽ ഞങ്ങളുടെ മൂന്നുകുട്ടികളെയും ഉൾപ്പെടുത്തിയിരുന്നു. ഡോണൾഡ് ഹാസ്ലെററ്, മേയ്ബൽ ഹാസ്ലെററ്, ജെറി റേറാമ, യോഷി റേറാമ, എൽസി ടാനിഗാവ എന്നിങ്ങനെ വേറെ അഞ്ചുപേരെയും ക്ഷണിച്ചു, എല്ലാവരും കൂടെ 1948-ലെ മഞ്ഞുകാലത്തു ന്യൂയോർക്കിലേക്കു തിരിച്ചു.
ബസ്സിൽ ഞങ്ങൾ ഭൂഖണ്ഡം കുറുകെ കടന്നു. മൂന്നുദിവസത്തെ ബസ്സ്യാത്രക്കുശേഷം ഞങ്ങളെല്ലാവരും ക്ഷീണിതരായിരുന്നു, അതിനാൽ ഞങ്ങളോടു തൽക്കാലം യാത്ര നിർത്താനും രാത്രിയിൽ ഹോട്ടലിൽ തങ്ങാനും ഹാസ്ലെററ് സഹോദരൻ നിർദ്ദേശിച്ചു. ഞങ്ങൾ ബസ്സിൽനിന്നിറങ്ങിയപ്പോൾ ഒരുവൻ ഞങ്ങളെ സമീപിച്ച് ഇങ്ങനെ ആക്രോശിച്ചു: “ജപ്പാൻകാർ! അവരെ വെടിവെക്കാൻ എന്റെ തോക്കെടുക്കാനായി ഞാൻ വീട്ടിലേക്കു പോവുകയാണ്!”
“അവർ ജപ്പാൻകാരല്ല,” ഹാസ്ലെററ് സഹോദരൻ പറഞ്ഞു. “അവർ ഹവായിക്കാരാണ്. വ്യത്യാസം നിങ്ങൾക്കുതന്നെ തിരിച്ചറിയാൻ കഴിയുന്നില്ലേ?” അദ്ദേഹത്തിന്റെ സമർത്ഥമായ പ്രസ്താവത്താൽ ഞങ്ങൾ രക്ഷപ്പെട്ടു.
ഞങ്ങൾ യഥാർത്ഥത്തിൽ 11-ാം ഗിലെയാദ് ക്ലാസിന്റെ ഭാഗമായിരുന്നോ? അത് അത്ഭുതകരമായ ഒരു സ്വപ്നമായി തോന്നി. എന്നാൽ, അതിന്റെ യാഥാർത്ഥ്യം പെട്ടെന്നു പ്രകടമായി. ഞങ്ങളുടെ ക്ലാസിൽ, ജപ്പാനിൽ മിഷനറി സേവനം നടത്താൻ കഴിവുള്ളവരെ പരിശീലിപ്പിക്കുന്നതിനു വാച്ച് ടവർ സൊസൈററിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന നാഥാൻ എച്ച്. നോർ 25 പേരെ തിരഞ്ഞെടുത്തു. ഞാൻ ജപ്പാൻ വംശജനായിരുന്നതിനാലും ജപ്പാൻഭാഷ കുറെ സംസാരിച്ചിരുന്നതിനാലും വിദ്യാർത്ഥികളുടെ ഈ കൂട്ടത്തെ ആ ഭാഷ പഠിപ്പിക്കാൻ ഞാൻ നിയമിക്കപ്പെട്ടു. ഞാൻ ഭാഷയിൽ നിപുണനല്ലാഞ്ഞതിനാൽ ഇത് എളുപ്പമായിരുന്നില്ല; എങ്കിലും ഞങ്ങളെല്ലാം എങ്ങനെയോ അതിജീവിച്ചു!
അന്നു ഞങ്ങളുടെ മകൻ ലോയിക്കു പത്തു വയസ്സായിരുന്നു. പുത്രിമാരായ തെൽമക്കും സാലിക്കും യഥാക്രമം എട്ടും ആറും വയസ്സായിരുന്നു. ഞങ്ങൾ സ്കൂളിലായിരുന്നപ്പോൾ അവർക്കെന്തു സംഭവിച്ചു? അവരും സ്കൂളിൽ പോയി! ഒരു ബസ്സ് രാവിലെ അവരെ കൊണ്ടുപോവുകയും പിന്നീടു തിരിച്ചുകൊണ്ടാക്കുകയും ചെയ്തിരുന്നു. കുട്ടികൾ സ്കൂളിൽനിന്നു തിരിച്ചെത്തുമ്പോൾ, ലോയി സഹോദരൻമാരോടൊപ്പം സൊസൈററിയുടെ കൃഷിസ്ഥലത്തു ജോലിചെയ്തു. തെൽമയും സാലിയും അലക്കുശാലയിൽ തൂവാലകൾ മടക്കുന്ന ജോലി ചെയ്തു.
അറിയപ്പെടാത്തതിനായി മനസ്സിനെ ഒരുക്കുന്നു
ഗിലെയാദിൽനിന്ന് 1948 ഓഗസ്ററ് 1-ാം തീയതി ബിരുദം നേടിയപ്പോൾ, ഞങ്ങളുടെ നിയമനസ്ഥലത്ത് എത്തിച്ചേരാൻ ഞങ്ങൾക്കു വലിയ ഉത്സാഹമായിരുന്നു. ഹാസ്ലെററ് സഹോദരൻ, മിഷനറിമാർക്കു താമസിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കാനായി ഞങ്ങൾക്കുമുമ്പേ പോയി. അവസാനം, അദ്ദേഹം ടോക്യോയിൽ ഒരു രണ്ടുനിലവീടു കണ്ടെത്തുകയും 1949 ഓഗസ്ററ് 20-ാം തിയതി ഞങ്ങളുടെ കുടുംബം ഞങ്ങളുടെ ഭാവി ഭവനത്തിലേക്കു പുറപ്പെടുകയും ചെയ്തു.
ജപ്പാനിൽ എത്തുന്നതിനുമുമ്പ്, ഈ കിഴക്കൻ നാടിനെക്കുറിച്ചു ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു. ജപ്പാൻകാർ തങ്ങളുടെ മാനുഷപ്രഭുക്കൻമാരോടും ചക്രവർത്തിയോടും കാട്ടിയ കൂറിനെപ്പററി ഞാൻ പരിചിന്തിച്ചു. വളരെയധികം ജപ്പാൻകാർ ഈ മാനുഷ ഭരണാധികാരികൾക്കുവേണ്ടി തങ്ങളുടെ ജീവൻ അർപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത്, കൊമികൊസി വൈമാനികർ തങ്ങളുടെ വിമാനം ശത്രുപ്പടക്കപ്പലുകളുടെ ഉയർന്ന പുകക്കുഴൽ ലക്ഷ്യമാക്കി പറപ്പിച്ചു ചക്രവർത്തിക്കുവേണ്ടി മരിച്ചു. ജപ്പാൻകാർ മാനുഷ പ്രഭുക്കൻമാരോട് ഇത്രമാത്രം വിശ്വസ്തരായിരുന്നുവെങ്കിൽ, യഥാർത്ഥ പ്രഭുവായ യഹോവയെ കണ്ടെത്തിയാൽ അവർ എന്തുചെയ്യും എന്നു ഞാൻ ചിന്തിച്ചിരുന്നതായി ഓർക്കുന്നു.
ഞങ്ങൾ ജപ്പാനിൽ എത്തിയപ്പോൾ, അവിടെ വെറും ഏഴു മിഷനറിമാരും മുഴു ദേശത്തുമായി വിരലിലെണ്ണാവുന്നത്ര പ്രസാധകരും മാത്രമേ ഉണ്ടായിരുന്നുള്ളു. ഞങ്ങളെല്ലാവരും വേല തുടങ്ങുകയും ഞാൻ ഭാഷയിലുള്ള എന്റെ അറിവു മെച്ചപ്പെടുത്താൻ പ്രയത്നിക്കുകയും ചെയ്തു. അതിനാൽ, തങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തെ വിളിച്ചപേക്ഷിച്ചുകൊണ്ടിരുന്ന പലരോടുമൊത്തു ബൈബിളദ്ധ്യയനങ്ങൾ തുടങ്ങാൻ എനിക്കു സാധിച്ചു. ആ ആദ്യകാല ബൈബിൾ വിദ്യാർത്ഥികളിൽ പലരും ഇന്നുവരെ വിശ്വസ്തരായി തുടർന്നിരിക്കുന്നു.
ഞങ്ങളുടെ കുട്ടികൾസഹിതം മിഷനറി സേവനം
സംരക്ഷിക്കാനുള്ള മൂന്നു ചെറുകുട്ടികളുമായി ഞങ്ങൾക്ക് എങ്ങനെ മിഷനറി സേവനം നടത്താൻ സാധിച്ചു? കൊള്ളാം, യഹോവയായിരുന്നു അതിന്റെയെല്ലാം പിന്നിലുള്ള ശക്തി. ഞങ്ങൾക്കു സൊസൈററിയിൽനിന്ന് ഒരു ചെറിയ തുക ലഭിച്ചിരുന്നു, അതുപോലെ മൊസൊക്കോ കുട്ടികൾക്കുവേണ്ടി വസ്ത്രങ്ങൾ നിർമ്മിച്ചു. അതിനുപുറമെ എന്റെ മാതാപിതാക്കൻമാരിൽനിന്നു ഞങ്ങൾക്കു കുറെ സഹായം ലഭിച്ചിരുന്നു.
ജൂണിയർ ഹൈസ്കൂൾ പൂർത്തിയാക്കിയശേഷം ലോയി കുറച്ചുനാൾ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ ജപ്പാൻ ബ്രാഞ്ചിൽ സേവിച്ചു. എന്നിരുന്നാലും, ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സക്കായി ഹവായിയിലേക്കു തിരിച്ചുപോകാൻ അവൻ തീരുമാനിച്ചു. അവനും അവന്റെ ഭാര്യയും ഇപ്പോൾ കാലിഫോർണിയായിൽ വിശ്വസ്തരായി യഹോവയെ സേവിക്കുന്നു. നാലു പേരക്കുട്ടികളാൽ ഞങ്ങൾ അനുഗൃഹീതരാകാൻ അവന്റെ വിവാഹം ഇടയാക്കി. എല്ലാവരും സ്നാപനമേററവരാണ്. ഒരാൾ ഭാര്യയോടൊപ്പം യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനമായ ബ്രുക്ലിൻ ബെഥേലിൽ സേവിക്കുന്നു.
എന്റെ പുത്രിമാരായ തെൽമക്കും സാലിക്കും അവർ വളർന്നുവന്നപ്പോൾ മിഷനറി പദവി ലഭിച്ചു. തെൽമ ഇപ്പോൾ ടൊയാമ എന്ന നഗരത്തിൽ മിഷനറിയായി സേവിക്കുകയാണ്. സാലി ഒരു മിഷനറി സഹോദരനായ റോൺ ട്രോസ്ററിനെ വിവാഹം കഴിച്ചു, അവർ 25 വർഷത്തിലധികമായി ജപ്പാനിൽ മിഷനറിമാർ എന്ന നിലയിൽ സഞ്ചാരവേലയിൽ സേവിക്കുകയാണ്.
വടക്കുനിന്നു തെക്കോട്ട്
ടോക്യോയിൽ രണ്ടുവർഷം ചെലവഴിച്ചശേഷം, രണ്ടുവർഷത്തേക്കു ഞങ്ങളെ ഒസാക്കയിലേക്ക് അയച്ചു. ഞങ്ങളുടെ അടുത്ത നിയമനം വടക്കുള്ള സെൻഡൈയിൽ ഞങ്ങളെ എത്തിച്ചു. അവിടെ ഞങ്ങൾ ഏതാണ്ട് ആറു വർഷം സേവിച്ചു. ജപ്പാന്റെ വടക്കെ അററത്തുള്ള ദ്വീപായ ഹൊക്കയിഡൊയിലുള്ള നിയമനങ്ങൾക്കായി, സെൻഡൈയിലെ ആ വർഷങ്ങൾ ഞങ്ങളെ സജ്ജരാക്കി. ഹൊക്കയിഡൊയിൽ വച്ചായിരുന്നു ഞങ്ങളുടെ പുത്രിമാർക്കു മിഷനറി പദവി ലഭിച്ചത്. അവിടെവച്ചുതന്നെയായിരുന്നു ഞങ്ങൾക്കും ചിലപ്പോൾ പൂജ്യത്തിനുതാഴെ പോകുന്ന മഞ്ഞുകാല താപനിലയോടു പരിചയപ്പെടേണ്ടിവന്നത്. ഉഷ്ണമേഖലാപ്രദേശമായ ഹവായിക്കുശേഷം അത് ആകെപ്പാടെ ഒരു മാററമായിരുന്നു!
അതിനുശേഷം, ഒരു ദിവസം സൊസൈററിയിൽനിന്നുള്ള ഒരെഴുത്തിന്റെ രൂപത്തിൽ ഒരു പുതിയ വിളി എന്റെ ചെവികളിൽ മുഴങ്ങി. അപ്പോഴും ഐക്യനാടുകളുടെ നിയന്ത്രണത്തിലായിരുന്ന ഓക്കിനാവയിൽ ഒരു ബ്രാഞ്ചാഫീസ് തുറക്കാൻ എഴുത്ത് എന്നോട് ആവശ്യപ്പെട്ടു. തണുപ്പുള്ള ജപ്പാന്റെ വടക്കേ അററത്തുനിന്ന് ഇപ്പോൾ ഏററവും തെക്കേ ജില്ലയായിത്തീർന്നിരിക്കുന്നിടത്തേക്കുള്ള മാററം വലിയൊരു വെല്ലുവിളി ഉയർത്തുമായിരുന്നു. ഞാൻ എന്തു ചെയ്യും? അപര്യാപ്തതയുടെ ഒരു തോന്നൽ ഉണ്ടായിരുന്നെങ്കിലും 1965 നവംബറിൽ ഞാൻ ഓക്കിനാവയിലെത്തി. പതിവുപോലെ എന്റെ വിശ്വസ്തഭാര്യ എന്നോടൊപ്പമുണ്ടായിരുന്നു. ഓക്കിനാവയിലെ ജീവിതം ജപ്പാനിലേതിനോടു സമാനമായിരിക്കുമോ? അവിടത്തെ സംസ്കാരം സംബന്ധിച്ചെന്ത്? യഹോവയുടെ രക്ഷാസന്ദേശത്തോട് ആളുകൾ പ്രതികരിക്കുമോ?
ഞങ്ങൾ ഓക്കിനാവയിൽ എത്തിയപ്പോൾ 200-ൽ താഴെ പ്രസാധകരേ അവിടെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ 2,000-ൽ അധികമുണ്ട്. ആദ്യകാലങ്ങളിൽ, ഞാൻ അംശകാല സർക്കിട്ട് മേൽവിചാരകനും അംശകാല ബ്രാഞ്ച് മേൽവിചാരകനും ആയിരുന്നു. ദ്വീപുകളിൽ എല്ലാടവും സഞ്ചരിച്ചത് അവിടെയുള്ള സഹോദരങ്ങളുമായി അടുത്ത ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ എന്നെ സഹായിച്ചു, അതുപോലെ അവരെ സേവിക്കാൻ കഴിഞ്ഞത് ഒരു പദവിയായി ഞാൻ കരുതുന്നു.
പ്രശ്നരഹിതം?
ഞങ്ങളുടെ മിഷനറി ജീവിതം ഒരുപ്രകാരത്തിലും പ്രശ്നങ്ങളില്ലാത്തതായിരുന്നില്ല. ഐക്യനാടുകളിൽ 1968-ലെ ഒഴിവുകാലം ചെലവഴിച്ചുകൊണ്ടിരിക്കുമ്പോൾ, മൊസൊക്കോ രോഗിണിയായിത്തീരുകയും ഒരു ശസ്ത്രക്രിയ വേണ്ടിവരുകയും ചെയ്തു. അവളുടെ കുടലിൽനിന്ന് ഒരു ട്യൂമർ നീക്കം ചെയ്യുകയും പിന്നീട് അവൾ പൂർണ്ണസുഖം പ്രാപിക്കുകയും ചെയ്തു. ഞങ്ങൾക്കു മെഡിക്കൽ ഇൻഷുറൻസ് ഇല്ലായിരുന്നു, ഞങ്ങളുടെ നിയമനത്തിലേക്കു തിരിച്ചുപോകാൻ ഒരുപക്ഷേ സാധിക്കാതെ വരുമോ എന്നു ഞങ്ങൾ ആശങ്കാകുലരായിരുന്നു. എന്നിരുന്നാലും, ഞങ്ങളെ അതിശയിപ്പിക്കുമാറ്, വിശ്വാസത്തിലുള്ള സുഹൃത്തുക്കൾ എല്ലാററിനുംവേണ്ടി കരുതി.
എന്നേപ്പററി പറഞ്ഞാൽ, പ്രമേഹരോഗികൾക്കുള്ള പ്രശ്നങ്ങളുമായിട്ടാണു ഞാൻ ഇന്നു ജീവിക്കുന്നത്. അന്ധനല്ലെങ്കിലും എന്റെ കാഴ്ചശക്തി വളരെ ക്ഷയിച്ചിരിക്കുന്നു. എന്നാൽ യഹോവയുടെ സ്നേഹദയയാൽ, വീക്ഷാഗോപുരത്തിന്റെയും, ഉണരുക!യുടെയും ടേപ്പ്റിക്കാർഡിംഗുകൾ ശ്രദ്ധിക്കുന്നതു മുഖാന്തരം എനിക്ക് ആത്മീയ പോഷണം ക്രമമായി സ്വീകരിക്കാൻ സാധിക്കുന്നുണ്ട്. വിശ്വാസത്തിലുള്ള സഹോദരൻമാരും സഹോദരിമാരും വിവിധ വിവരങ്ങൾ എന്നെ വയിച്ചുകേൾപ്പിച്ചുകൊണ്ടു സഹായിക്കുന്നു.
കാഴ്ചശക്തി ക്ഷയിച്ച എനിക്കു പരസ്യപ്രസംഗങ്ങൾ എങ്ങനെ തുടർന്നുനടത്താൻ കഴിയും? ആദ്യമൊക്കെ എന്റെ പ്രസംഗങ്ങൾ ടേപ്പുചെയ്ത് അവ മൈക്കിലൂടെ കേൾപ്പിക്കുമ്പോൾ ഞാൻ അഭിനയഭാഷ്യം നടത്തിയിരുന്നു. എന്നിരുന്നാലും എന്റെ പുത്രിയുടെ നിർദ്ദേശപ്രകാരം ഞാൻ ഇതിൽ പുരോഗതി വരുത്തി. ഇപ്പോൾ ഒരു ചെറുടേപ്പ് റിക്കാർഡർ ഉപയോഗിച്ച് എന്റെ പ്രസംഗങ്ങൾ റെക്കാർഡ് ചെയ്യുന്നു. അങ്ങനെ നേരത്തെ ടേപ്പുചെയ്ത പ്രസംഗം ഈയർഫോണുകളുടെ സഹായത്താൽ ശ്രദ്ധിച്ചുകൊണ്ടു ഞാൻ പ്രസംഗം നടത്തുന്നു.
യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിച്ചപ്പോൾ, ഒരിക്കലും യഹോവയെ വിളിച്ചപേക്ഷിക്കുന്നതു ഞങ്ങൾ ഉപേക്ഷിച്ചില്ല. കാലക്രമത്തിൽ, യഹോവ പ്രശ്നങ്ങൾ പരിഹരിച്ചതിൽനിന്നു കൈവന്ന അനുഗ്രഹങ്ങൾ, എല്ലായ്പോഴും പ്രശ്നങ്ങളേക്കാൾതന്നെ വലിയതായി തോന്നി. അവന്റെ സേവനത്തിൽ തുടരുക എന്നതാണു നമ്മുടെ കൃതജ്ഞത പ്രകടിപ്പിക്കാനുള്ള ഏകമാർഗ്ഗം.
ഓക്കിനാവയിലെ 23 വർഷങ്ങൾക്കുശേഷം, ഞങ്ങൾ ആദ്യമായി ജപ്പാനിൽ കാലുകുത്തിയപ്പോൾ സേവിച്ച അതേ ഭൂമിശാസ്ത്രപരമായ സ്ഥാനത്തേക്കു വീണ്ടും ഞങ്ങൾ നിയമിക്കപ്പെട്ടു. സൊസൈററിയുടെ പ്രധാന ഓഫീസും അതിന്റെ ഏററവും വലിയ മിഷനറി ഭവനവും, വളരെ വർഷങ്ങൾക്കുമുമ്പു ഹാസ്ലെററ് സഹോദരൻ വാങ്ങിയ ടോക്യോയിലെ ആദ്യത്തെ രണ്ടുനില കെട്ടിടം നിന്ന അതേ സ്ഥലത്താണ്.
മൊസൊക്കോയെയും എന്നെയും കൂടാതെ, ഞങ്ങളുടെ 11 ബന്ധുക്കളും ഇപ്പോൾ ജപ്പാനിൽ മിഷനറിമാരായി സേവിക്കുന്നു. ബൗദ്ധസംസ്കാരവും ഷിന്റോസംസ്കാരവും പ്രബലമായിരിക്കുന്ന ഈ നാട്ടിൽ യഹോവ കൈവരുത്തിയ വളർച്ച കാണാൻ സാധിച്ചത് ഒരു വലിയ പദവിയായി എല്ലാവരും കരുതുന്നു. ജപ്പാനിലെ വേലയ്ക്കു ചെറിയ തുടക്കമായിരുന്നു ഉണ്ടായിരുന്നത്, എങ്കിലും യഹോവയുടെ ശക്തി 1,67,000-ലധികം വരുന്ന സുവാർത്താപ്രസംഗകരുടെ ഒരു “മഹാജാതി”യെ രൂപപ്പെടുത്തിയിരിക്കുന്നു.—യെശയ്യാവു 60:22.
ഞാൻ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോൾ അവൻ എനിക്ക് ഉത്തരം നൽകി. അവൻ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ ഉവ്വ് എന്ന് ഉത്തരം നൽകി. ഞങ്ങൾ ചെയ്യേണ്ടിയിരുന്നതെന്താണോ അതു മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളു എന്നാണ് എനിക്കും എന്റെ ഭാര്യക്കും തോന്നുന്നത്. നിങ്ങളെസംബന്ധിച്ചെന്ത്? നിങ്ങളുടെ സ്രഷ്ടാവു വിളിക്കുമ്പോൾ നിങ്ങൾ ഉത്തരം നൽകുന്നുവോ?
[28-ാം പേജിലെ ചിത്രം കാണുക]
റേറാഹാറക്കാർ തങ്ങളുടെ പയനിയർ പങ്കാളികളോടൊപ്പം ഹാവായിയിൽ, 1942
[29-ാം പേജിലെ ചിത്രം കാണുക]
ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തിയെട്ടിൽ റേറാഹാറ കുട്ടികൾ ഗിലെയാദിൽ
[31-ാം പേജിലെ ചിത്രം കാണുക]
വിളിക്ക് ഉത്തരം നൽകിയതിൽ സന്തുഷ്ടരായ, ഷിനിച്ചി റേറാഹാറയും മൊസൊക്കോ റേറാഹാറയും മിഷനറി വേലയിൽ 43 വർഷം തികച്ചിരിക്കുന്നു