യഹോവയുടെ മുഖപക്ഷമില്ലായ്മ അനുകരിക്കുക
1 യഹോവ ആളുകളിൽ തത്പരനാണ്. തന്റെ ഇഷ്ടം ചെയ്യുന്ന ആരെയും അവൻ മുഖപക്ഷമില്ലാതെ സ്വീകരിക്കുന്നു. (പ്രവൃ. 10:34, 35) ആളുകളോടു പ്രസംഗിക്കവെ, യേശുവും സമാനമായ മുഖപക്ഷമില്ലായ്മ പ്രകടമാക്കി. (ലൂക്കൊ. 20:21) പിൻവരുന്ന പ്രകാരം എഴുതിയ പൗലൊസിനെപോലെ നാമും അവരുടെ മാതൃക അനുകരിക്കേണ്ടതുണ്ട്: “എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നല്കുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.”—റോമ. 10:12.
2 നാം കണ്ടുമുട്ടുന്ന ഏവരോടും ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്നതു ദൈവത്തിനു മഹത്ത്വം കൈവരുത്തുന്നു. വർഗം, സമൂഹത്തിലെ സ്ഥാനം, വിദ്യാഭ്യാസം, സാമ്പത്തിക നില എന്നിവ ഗണ്യമാക്കാതെ എല്ലാവരുമായും ഈ വിസ്മയകരമായ സന്ദേശം പങ്കുവെക്കുന്നതിൽ നാം തുടരണം. (റോമ. 10:11-13) ശ്രദ്ധിക്കുന്നവരോട്—സ്ത്രീകൾ, പുരുഷന്മാർ, ചെറുപ്പക്കാർ, പ്രായമായവർ എന്നിവരോടെല്ലാം—പ്രസംഗിക്കുക എന്നാണ് അതിനർഥം. ഓരോ വീട്ടുകാരനും സത്യം കേൾക്കാനുള്ള ഒരവസരം നൽകാനായി നാം എല്ലാ വീടുകളും സന്ദർശിക്കേണ്ടതുണ്ട്.
3 എല്ലാവരിലും താത്പര്യമെടുക്കുക: സാധിക്കുന്നത്ര ആളുകളെ കണ്ടുമുട്ടുക എന്നതാണു നമ്മുടെ ലക്ഷ്യം. ഇതു മനസ്സിൽ പിടിച്ചുകൊണ്ടു പ്രവർത്തിച്ച ചില പ്രസാധകർ ഡോക്ടർമാരുടെ ഓഫീസുകൾ, ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, സാമൂഹിക ക്ഷേമ ഓഫീസുകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ആളുകളോടു സാക്ഷീകരിക്കുന്നതിൽ വിജയം വരിച്ചിട്ടുണ്ട്. കൂടാതെ, പൊലീസ് ഉദ്യോഗസ്ഥർ, സ്കൂൾ അധികാരികൾ, ഉപദേഷ്ടാക്കൾ, ന്യായാധിപന്മാർ എന്നിവരോടും അവർ സാക്ഷീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ സന്ദർശിക്കുമ്പോൾ, അവർ ചെയ്യുന്ന പൊതുജനക്ഷേമപരമായ സേവനങ്ങളെ പ്രതി അവരോടു വിലമതിപ്പു പ്രകടിപ്പിക്കുന്നത് ഉചിതമാണ്. ആദരവുള്ളവർ ആയിരിക്കുക, അവരുടെ തൊഴിലിനെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും കുറിച്ചുള്ള കാലോചിത ലേഖനങ്ങൾ തിരഞ്ഞെടുക്കുക.
4 ഒരു സന്ദർഭത്തിൽ, ഓഫീസിൽ ആയിരുന്ന ന്യായാധിപനുമായി സംസാരിക്കാൻ ഒരു സഹോദരിക്കു സാധിച്ചു. ഒരു സജീവ ചർച്ചയ്ക്കു ശേഷം, അദ്ദേഹം ഇങ്ങനെ പറയാൻ പ്രേരിതനായി: “യഹോവയുടെ സാക്ഷികളെ സംബന്ധിച്ച് ഞാൻ ഇഷ്ടപ്പെടുന്നത് എന്താണെന്നറിയാമോ? അവർ പിൻപറ്റുന്ന ഈടുറ്റ തത്ത്വങ്ങൾ. അതിൽനിന്ന് അവർ അണുവിട വ്യതിചലിക്കാറില്ല.” അതേ, സ്വാധീനമുള്ള ഈ വ്യക്തിക്ക് നല്ല ഒരു സാക്ഷ്യം നൽകി.
5 നമുക്ക് ആളുകളുടെ ഹൃദയനില അറിയാൻ സാധിക്കില്ല. എന്നുവരികിലും, കണ്ടുമുട്ടുന്ന ഏവരോടും സംസാരിക്കുക വഴി, നമ്മുടെ വേലയെ നയിക്കാനുള്ള ദൈവത്തിന്റെ പ്രാപ്തിയിൽ നാം വിശ്വാസം പ്രകടമാക്കുകയായിരിക്കും ചെയ്യുന്നത്. മാത്രമല്ല, ഇതു മറ്റുള്ളവർക്കു പ്രത്യാശയുടെ സന്ദേശം കേൾക്കാനും അതിനോടു പ്രതികരിക്കാനുമുള്ള അവസരം നൽകുകയും ചെയ്യുന്നു. (1 തിമൊ. 2:3, 4) സാധ്യമാകുന്നത്ര ആളുകളുടെ അടുക്കൽ സുവാർത്ത എത്തിച്ചുകൊണ്ട് നമുക്ക് സമയം ജ്ഞാനപൂർവം ഉപയോഗിക്കുകയും യഹോവയുടെ മുഖപക്ഷമില്ലായ്മ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യാം.—റോമ. 2:11; എഫെ. 5:1, 2.