നാം അതു മുമ്പ് കേട്ടതല്ലേ?
1 തീർച്ചയായും! തന്റെ ജനത്തിന്റെ പ്രയോജനത്തിനായി അനവധി കാര്യങ്ങൾ യഹോവ തന്റെ വചനത്തിൽ ആവർത്തിക്കുന്നു. രാജ്യത്തിന്റെ വ്യത്യസ്ത വശങ്ങളെക്കുറിച്ചുള്ള പഠിപ്പിക്കലുകൾ യേശു മിക്കപ്പോഴും ആവർത്തിച്ചിരുന്നു. അവന്റെ അപ്പൊസ്തലന്മാർ സത്യത്തിൽ ഉറച്ച അടിസ്ഥാനമുള്ളവരുമൊത്ത് തുടർച്ചയായി ആത്മീയ കാര്യങ്ങൾ പുനഃപരിശോധിച്ചിരുന്നു.—റോമ. 15:16; 2 പത്രൊ. 1:12, 13; 3:1, 2.
2 നമ്മുടെ നാളുകളിൽ, സഭായോഗങ്ങളിലൂടെ പ്രധാനപ്പെട്ട വിഷയങ്ങൾ കൂടെക്കൂടെ പഠിക്കാനുള്ള ക്രമീകരണം യഹോവയുടെ സംഘടന ചെയ്തിരിക്കുന്നു. ചില പ്രസിദ്ധീകരണങ്ങൾ പലയാവർത്തി പഠിച്ചിരിക്കുന്നു. അതേ, നാം മുമ്പ് കേട്ടിട്ടുള്ള കാര്യങ്ങൾ കേൾക്കുന്നതു പ്രധാനമാണ്!
3 ആവർത്തനം ഒരു സുപ്രധാന ആവശ്യം നിറവേറ്റുന്നു: യഹോവയുടെ ഓർമിപ്പിക്കലുകൾ നമ്മുടെ ഗ്രാഹ്യത്തിന്റെ ആഴം വർധിപ്പിക്കുന്നു, നമ്മുടെ വീക്ഷണം വിശാലമാക്കുന്നു, ആത്മീയ ഗതിയിൽ തുടരാനുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ ബലിഷ്ഠമാക്കുന്നു. (സങ്കീ. 119:129, NW) ദൈവിക നിലവാരങ്ങളും തത്ത്വങ്ങളും പുനഃപരിശോധിക്കുന്നത് ഒരു കണ്ണാടിയിൽ നോക്കുന്നതുപോലെയാണ്. നമ്മെത്തന്നെ സൂക്ഷ്മമായി പരിശോധിക്കാനും ‘കേട്ടുമറക്കാനുള്ള’ ചായ്വിനെ ചെറുക്കാനും അതു നമ്മെ സഹായിക്കുന്നു.—യാക്കോ. 1:22-25.
4 സത്യത്തെ സംബന്ധിച്ച് നാം നമ്മെത്തന്നെ ഓർമപ്പെടുത്താത്ത പക്ഷം, മറ്റു കാര്യങ്ങൾ നമ്മുടെ ഹൃദയങ്ങളെ സ്വാധീനിക്കും. സാത്താന്റെ ലോകത്തിലെ ദുഷിപ്പിക്കുന്ന സ്വാധീനങ്ങളെ ചെറുത്തു നിൽക്കാൻ ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ നമ്മെ സഹായിക്കുന്നു. (സങ്കീ. 119:2, 3, 99, 133, NW; ഫിലി. 3:1) ദൈവോദ്ദേശ്യങ്ങളുടെ നിവൃത്തി സംബന്ധിച്ച് ലഭിക്കുന്ന നിരന്തര ഓർമിപ്പിക്കലുകൾ ‘ഉണർന്നിരിക്കാൻ’ നമുക്കു പ്രേരണയേകുന്നു. (മർക്കൊ. 13:32-37) തിരുവെഴുത്തു സത്യങ്ങളുടെ ആവർത്തനം നിത്യജീവനിലേക്കുള്ള പാതയിൽ നിലനിൽക്കാൻ നമ്മെ സഹായിക്കുന്നു.—സങ്കീ. 119:144.
5 വ്യക്തിപരമായി പ്രയോജനം അനുഭവിക്കാവുന്ന വിധം: ‘ദൈവത്തിന്റെ ഓർമിപ്പിക്കലുകൾക്ക് നാം നമ്മുടെ ഹൃദയങ്ങളെ ചായ്ക്കേ’ണ്ടതുണ്ട്. (സങ്കീ. 119:36, NW) പരിചയമുള്ള ഒരു വിഷയമാണ് സഭാ യോഗത്തിൽ പരിചിന്തിക്കാൻ പോകുന്നതെങ്കിൽ പോലും, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തു നോക്കുകയും പ്രസ്തുത വിവരം എങ്ങനെ ബാധകമാക്കാം എന്നതിനെക്കുറിച്ചു ചിന്തിക്കുകയും ചെയ്തുകൊണ്ട് നാം മുന്നമേ തയ്യാറാകണം. ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിലെ എഴുത്തുപുനരവലോകനത്തിനു തയ്യാറാകേണ്ട ആവശ്യമൊന്നുമില്ല എന്നു വിചാരിച്ചുകൊണ്ട് അതു വിട്ടുകളയരുത്. (ലൂക്കൊ. 8:18) മിക്കപ്പോഴും നമ്മുടെ യോഗങ്ങളിൽ അടിസ്ഥാന സത്യങ്ങൾ ആവർത്തിക്കപ്പെടുകയാണ് എന്ന കാരണത്താൽ അശ്രദ്ധരായിരിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല.—എബ്രാ. 5:11.
6 സങ്കീർത്തനക്കാരന്റെ ഈ മനോഭാവം നമുക്കും ഉണ്ടായിരിക്കാം: “ഞാൻ സർവ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ [“ഓർമിപ്പിക്കലുകൾ,” NW] വഴിയിൽ ആനന്ദിക്കുന്നു.” (സങ്കീ. 119:14) അതേ, മൂല്യവത്തായ ഈ കാര്യങ്ങൾ നാം മുമ്പ് കേട്ടിട്ടുണ്ട്, സാധ്യതയനുസരിച്ച്, ഇനിയും കേൾക്കും. എന്തുകൊണ്ട്?—കാരണം, നാം അവ കേൾക്കേണ്ടതുണ്ടെന്ന് യഹോവയ്ക്കറിയാം!